ADVERTISEMENT

കന്നുകാലികളെ വളർത്തി ഉപജീവനം കഴിക്കുന്ന ഒരുപാട് കർഷകരുണ്ട്. അവരുടെ പശുവിന് എന്തെങ്കിലും സംഭവിച്ചാൽ ജീവിതം വഴിമുട്ടും. അതുകൊണ്ടുതന്നെ വെറ്ററിനറി ഡോക്ടർമാരെ ഏതു പാതിരാത്രിക്കുപോലും വിളിക്കാൻ കർഷകർ മടിക്കില്ല. അത്തരത്തിൽ കഴിഞ്ഞ ദിവസം കൈകാര്യം ചെയ്യേണ്ടിവന്ന ഒരു പശുവിനെക്കുറിച്ച് ഡോ. വിപിൻ പ്രകാശ് പങ്കുവച്ച കുറിപ്പ് വായിക്കാം.

ഇന്നത്തെ സംഭവമാണ്, സമയം രാത്രി 7 മണി. നല്ല മഴയും തണുപ്പും. ഇന്നലെ ബ്ലഡ് സാംപിൾ എടുത്ത പശു ഒന്ന് ഉപദ്രവിച്ച വേദന മറന്നു, പബ്ജി കളിച്ചുകൊണ്ടു കിടക്കുന്ന ഞാൻ, ഒരു ഫോൺകോൾ വരുന്നു.

‘സാറേ വേഗം ഒന്നു വരണം, പശുവിനു വയ്യ, ശ്വാസം മുട്ടലുണ്ട്. ഉമിനീർ ഒഴുകുന്നു, വയർ വീർത്തിരിക്കുന്നു, ആറാം മൈലിൽനിന്നാണ് വിളിക്കുന്നത്. വന്നേ തീരൂ.’

‘ചേട്ടാ ഞാൻ വരാം, പക്ഷേ ഈ മഴ, റെയിൻ കോട്ട് ഒക്കെ എവിടെയോ ആണ്, ഞായറാഴ്ച അല്ലേ, ജംഗ്ഷനിൽ ഓട്ടോ ഒന്നും ഇല്ല.’ 

നിസഹായതയോടെ അയാൾ വീണ്ടും പറഞ്ഞു, ‘എങ്ങനെ എങ്കിലും വരണം’ ഫോൺ വാങ്ങി അദ്ദേഹത്തിന്റെ ഭാര്യയും കടുത്ത അപേക്ഷ തുടർന്നു.

‘ശരി ഞാൻ വരാം. ആട്ടെ പശുവിനെ പുറത്തു വിടാറുണ്ടോ (വയനാട്ടിൽ പൊതുവെ പകൽ സമയങ്ങളിൽ പശുക്കളെ കാട്ടിൽ വിടും, ഉച്ചയ്ക്കും വൈകുന്നേരവും അവ തിരിച്ചു വരാറാണ് പതിവ്).

‘ഇല്ല, ഇവിടെത്തന്നെ ഉണ്ടായിരുന്നു.’

‘വല്ല കപ്പയുടെ ഇലയോ മറ്റോ കൊടുത്തോ? എന്തെങ്കിലും വിഷം ഉള്ളിൽ ചെല്ലാൻ സാധ്യത? അമിതമായി കഞ്ഞിവെള്ളം കൊടുത്തോ? ചക്ക?’

‘ഒന്നുമില്ല സാറേ. ഹാ പിന്നെ രണ്ടു പാഷൻ ഫ്രൂട്ട് തിന്നു, കുറച്ചു മുമ്പ്’

അപ്പോൾ അതാണ് കാര്യം. എനിക്ക് സംഗതി ഏറെക്കുറെ പിടികിട്ടി, CHOKE ആകാം (അന്നനാളത്തിൽ എന്തെങ്കിലും കുടുങ്ങുക). ബ്ലോക്ക് ആയിട്ട് റൂമനിൽ (Rumen) ഗ്യാസ് രൂപപ്പെടും. അത് ഡയഫ്രത്തിൽ (Diaphragm) തട്ടും. അങ്ങനെ ശ്വാസതടസം ഉണ്ടാകാം. ഉമിനീരും അമിതമായി ഉണ്ടാകാം.

‘ഒരു ഹോസ് (പൈപ്പ്) വേഗം എടുത്തു വെച്ചേക്കു, പാഷൻ ഫ്രൂട്ട് കുടുങ്ങിയതാകും, അത് നമുക്ക് ഹോസ് ഇട്ടു കുത്തി വയറ്റിലേക്ക് ഇടണം.’

ആ മനുഷ്യന്റെ നിസഹായത ഓർത്തു, രണ്ടും കൽപ്പിച്ച് ബൈക്ക് എടുത്ത് ഇറങ്ങി. നല്ല മഴയാണ്. 10-15 കിലോമീറ്റർ ഉണ്ട്. എന്തായാലും ഇറങ്ങിയേക്കാം. (ഉള്ളിൽ ധൂം BGM) പതുക്കെ പോകാം. തെന്നി വീണാൽ സീൻ ആണ് (safety first). മാത്രമല്ല, റൂം മേറ്റ് മേഘനാഥിന്റെ ബൈക്ക് ആണ്.

നല്ല തണുപ്പുണ്ട്. ഒരു ആവേശത്തിനു ജാക്കറ്റ് ഒന്നും ഇട്ടില്ല. അങ്ങനെ അവിടെ എത്തി. കുറച്ചു പേർ ഉണ്ട്. ഉടമസ്ഥൻ (ഫോൺ ചെയ്ത ആൾ) നന്നായി പേടിച്ചു നിൽക്കുകയാണ്. പശുവിനു CHOKEന്റെ എല്ലാ ലക്ഷണങ്ങളും ഉണ്ട്. ഹോസ് എടുത്തു,

‘ചേട്ടാ, പശുവിന്റെ നാവ് ഒന്നു പിടിക്കൂ, അദ്ദേഹം നാവു പിടിച്ചു തന്നു, ഹോസ് വരുന്നതു കണ്ടിട്ടാകണം പശു ഒന്നു വിരണ്ടു. കുറച്ചു ബലം പ്രയോഗിച്ചു. പശു തന്നെ, ആ പാഷൻ ഫ്രൂട്ട്, പുറത്തേക്കു തുപ്പി,

‘നമുക്ക് ഒരു 5 മിനിറ്റ് നോക്കാം.’ ഞാൻ പറഞ്ഞു.

പെട്ടെന്നു തന്നെ വയർ പൂർവസ്ഥിതിയിലായി. പശു തീറ്റ എടുക്കാനും തുടങ്ങി. ഇന്നേക്ക് താനും ഒരു കുഞ്ഞു ഡോക്ടർ ആയി എന്ന അഭിമാനത്തോടെ ചേട്ടൻ ഒരു നോട്ടം.

‘ഭാഗ്യം ചിലപ്പോൾ ഇങ്ങനെ സംഭവിക്കാം. ഇനി ഒന്നും പേടിക്കാൻ ഇല്ല കേട്ടോ’ എന്നും പറഞ്ഞു ഞാൻ വിടവാങ്ങി. നനഞ്ഞ ഡ്രസുമായി ആ തണുപ്പത്ത്‌ ഞാൻ തിരികെ എത്തി. നാളെ വല്ല ജലദോഷവും വന്നാൽ, കൊറോണ ടെസ്റ്റ് ചെയ്യേണ്ടി വരുമല്ലോ ഭഗവാനേ...

NB: മഴ ആയതിനാൽ എന്നത്തേയും പോലെ ഫോട്ടം ഒന്നും പിടിക്കാൻ പറ്റിയില്ല.

English summary: Service Story of a Veterinary Doctor

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com