ADVERTISEMENT

തെരുവുവിളക്കിന്റെ ചുവട്ടിലിരുന്നു പഠിച്ച മഹാന്മാരുടെ ചരിത്രം സ്കൂൾ തലത്തിൽ പഠിക്കാനുണ്ട്. അത്തരം വ്യക്തികളുടെ ജീവിതത്തിൽനിന്നു ലഭിച്ച ഊർജത്തിൽ ജീവിതവിജയം നേടാൻ കഴിഞ്ഞവർ ഒട്ടേറെ പേർ നമുക്കു ചുറ്റുമുണ്ട്. കുട്ടിക്കാലത്ത് അനുഭവിക്കേണ്ടിവന്ന ബുദ്ധിമുട്ടുകളും അവയൊക്കെ എങ്ങനെ തരണം ചെയ്തുവെന്നും പങ്കുവയ്ക്കുകയാണ് വെറ്ററിനറി ഡോക്ടറായ അനുരാജ്. അദ്ദേഹത്തിന്റെ കുറിപ്പ് വായിക്കാം.

സ്കൂൾ കാലഘട്ടത്തിൽ, തെരുവു വിളക്കിന്റെ ചുവട്ടിലിരുന്ന് പഠിച്ചു വിജയത്തിലെത്തിയ മഹാന്മാരുടെ കഥകൾ തന്നിരുന്ന ഊർജം കുറച്ചൊന്നുമായിരുന്നില്ല. അതു കാരണം കറന്റ് ഇല്ലാത്ത ഒറ്റമുറി വീട്ടിലെ താമസം മഹാനാകുന്നതിന്റെ ആദ്യപടിയായി ഞാൻ കരുതിവച്ചിരുന്നു. മണ്ണെണ്ണ വിളക്കിൽ കരിഞ്ഞുപോയ തലമുടിമണങ്ങളുടെ ദിനങ്ങൾ! എന്റെ ഒൻപതാം തരം വരെ വീട്ടിൽ കറന്റ് ഉണ്ടായിരുന്നില്ല എന്നതാണോർമ്മ. നല്ലൊരു ടിവി വീട്ടിൽ എത്തുന്നത് 2009ൽ ഞാൻ പ്ലസ് ടു കഴിയുമ്പോൾ ആയിരുന്നു എന്ന് തോന്നുന്നു. ഒനിഡാ ബ്രാൻഡ് ഒരു കൊച്ചു കളർ ടിവി! അതിനു മുൻപേ അത്രയും നാൾ ടിവിയും വിസിആറും ഒക്കെ കണ്ടിരുന്നത് അയൽവീടുകളിൽനിന്നായിരുന്നു. ചുരുങ്ങിയത് അയൽപക്കത്തുള്ള 5 വീടുകളിലെങ്കിലും പലപ്പോഴായി ഞാൻ പോയിരുന്നു ടിവി കണ്ടിട്ടുണ്ട്. 

ഞായറാഴ്ചകളിലെ ദൂരദർശൻ സിനിമകൾ, വെള്ളിയാഴ്ചത്തെ ചിത്രഗീതം അങ്ങനെ എത്ര എത്ര പരിപാടികൾ. അധിക നേരം വച്ചാൽ ചീത്തയായി നശിച്ചു പോകുന്ന ടിവികളും കൊട്ടിയടയ്ക്കപ്പെടുന്ന വാതിലുകളും ഒക്കെ ഉണ്ടെങ്കിലും ഒരിക്കലും ഉപേക്ഷ പറയാതിരുന്ന ഒരിടം അയ്യപ്പൻ ചേട്ടന്റെയും ചന്ദ്രവല്ലി ചേച്ചിയുടെയും വീടായിരുന്നു. എന്റെ പത്രം വായനയും ക്രിക്കറ്റ് ഭ്രാന്തും വളരുന്നതിനു വലിയ ഒരു പങ്ക് ആ വീടിനുണ്ടായിരുന്നു. 

മൊബൈൽ ഫോണിന്റെ കഥയും അങ്ങനെയൊക്കെ തന്നെ. ആദ്യത്തെ ഫോൺ സെക്കൻഡ് ഹാൻഡ് ആയി അമ്മ വാങ്ങിത്തന്ന ഒന്നായിരുന്നു. പെങ്ങൾ ജോലിക്കാരി ആയശേഷം പെങ്ങളും പിന്നെ അളിയനും ഉറ്റ ചങ്ങാതിയുമൊക്കെ പലപ്പോഴായി വാങ്ങിത്തന്നിട്ടുള്ള ഫോണുകളാണ് ഇതുവരെ ഉപയോഗിച്ചിട്ടുള്ളത്. ഇപ്പോൾ കൈയ്യിൽ ഇരിക്കുന്ന ഫോൺ ഉൾപ്പെടെ!

2010ൽ എൻട്രൻസ് കഴിഞ്ഞ് വെറ്ററിനറി തിരഞ്ഞെടുക്കാൻ വലിയൊരു കാരണം അതിന്റെ പിന്നീടുള്ള ജോലി സാധ്യതയും 2500 രൂപയോളം മാത്രമുള്ള സെമസ്റ്റർ ഫീസും ആയിരുന്നു. ഒരുവിധം വളർന്നപ്പോൾ പലതിനോടും ആഗ്രഹങ്ങൾ ഉണ്ടായിട്ടും വാശികൾ നീണ്ടു പോകാഞ്ഞത് ജീവിത സാഹചര്യങ്ങൾ കൊണ്ടോക്കെ തന്നെ ആയിരിക്കും.

ഇത്രയും ആമുഖവും കഥകളും പറയുവാൻ ഉള്ള കാരണം, സ്മാർട്ട് ഫോണോ ടിവിയോ ഇല്ലാത്തതിനാൽ ഒരു പെൺകുട്ടി ആത്മഹത്യ ചെയ്തു എന്ന വാർത്ത കണ്ടിട്ടാണ്. ഈ കാരണത്താൽ ആത്മഹത്യ ചെയ്യുമോ എന്നൊന്നും പറയാൻ ഞാൻ ആളല്ല. മറിച്ച് ഈ വാർത്ത സത്യമെങ്കിൽ സ്മാർട്ട് ഫോണോ ടിവിയോ ഇല്ലെങ്കിൽ അതിനപ്പുറം ജീവിതമോ വിദ്യാഭ്യാസമോ ഇല്ല എന്നു ചിന്തിക്കാനും ജീവിതം അവസാനിപ്പിക്കാനും ഒരു കൗമാരക്കാരി നിർബന്ധിതയായി എങ്കിൽ പിന്നെ ഈ വികസന മാതൃകകളും സൂചികകളും വിദ്യാഭ്യാസമാതൃകകൾ കൊണ്ടും ഒക്കെ സമൂഹം എന്ന നിലയിൽ നാം എന്തു നേടി എന്നത് ചോദ്യമായി അവശേഷിക്കും. അട്ടപ്പാടിയിലെ ആദിവാസി ഭവന പദ്ധതികൾ പോലെ, കോൺക്രീറ്റ് ഭവനങ്ങളിൽ പട്ടിണി കിടക്കുന്ന ജനതയെ പോലെ, മാതൃകകൾ നമുക്കു മുന്നിൽ ഇങ്ങനെ ഒന്നിന് പിറകെ ഒന്നായി ഘോഷയാത്രകൾ തീർത്തുകൊണ്ടിരിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com