കർഷകന്റെ കരച്ചിലിന്റെ ശബ്ദത്തോളം വരില്ല ഒരാനയുടെയും ചിന്നം വിളി, വൈറലായി കുറിപ്പ്

HIGHLIGHTS
  • യഥാർഥ മൃഗസ്നേഹികളെ നിങ്ങൾ കണ്ടിട്ടുണ്ടോ?
  • സർക്കാർ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല
banan
വന്യമൃഗങ്ങൾ നശിപ്പിച്ച വാഴത്തോട്ടം
SHARE

ഗർഭിണിയായ ആനയെ കൊന്നു, കൊടും ക്രൂരത, മനുഷ്യൻ എന്ന പരാജയം എന്നു തുടങ്ങിയുള്ള വാക്കുകൾ ഇന്നലെ മുതൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. കർഷകരെ പ്രതിക്കൂട്ടിലാക്കുന്ന വാചകങ്ങളാണ് ഇവയിൽ ഏറിയ പങ്കും. എന്നാൽ, കർഷകരെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ് താരരാജ് ബാബു എന്ന യുവാവ്. നിങ്ങൾ വസിക്കുന്ന ചുറ്റുപാടിൽനിന്ന് മലയോര ജനത വസിക്കുന്ന മലമടക്കുകളിലേക്ക് ഇറങ്ങിവന്ന്, ഞങ്ങളിൽ ഒരാളായി വസിച്ചശേഷം നിങ്ങളുടെ നിലപാട് ഇതുതന്നെയാണെങ്കിൽ മലയോര ജനത നിങ്ങളെ ശ്രവിക്കുമെന്ന് ‘മൃഗസ്നേഹികളോട്’ അദ്ദേഹം പറയുന്നു. അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂർണരൂപം ചുവടെ.

സമൂഹമാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്ന 'ഒരാന ചിത്രം'. ഒരു സത്യം പറയട്ടെ ആദ്യ കാഴ്ചയിൽ ഒരു വിഷമം ഉണ്ടായെങ്കിലും തെല്ലൊരു ആശ്വാസമാണ് ആ ചിത്രം എനിക്കു തരുന്നത്. രാവിലെ മുതൽ മനുഷ്യൻ എന്ന പരാജയം, കൊടും ക്രൂരതയുടെ നേർകാഴ്ച തുടങ്ങിയ വിഷയങ്ങളെപ്പറ്റി ഘോരഘോരം എഴുതുന്ന ‘മൃഗസ്നേഹികളോട്’ നിങ്ങൾക്കു മുൻപിൽ ഞാൻ ഒരു ഓഫർ വയ്ക്കാം. നിങ്ങൾ വസിക്കുന്ന ചുറ്റുപാടിൽനിന്നു ഞങ്ങൾ വസിക്കുന്ന മലമടക്കുകളിലേക്കു ‘ഇറങ്ങി’ വരുക. അതിനൊരു സ്ഥലം നിങ്ങൾക്ക് വേണമെന്നുണ്ടെങ്കിൽ എന്റെ പക്കലുണ്ട്. അതും പൊതുവിപണിയിലെ വിലയേക്കാൾ താഴ്ത്തി തരാനും തയാറാണ്. അങ്ങനെ നിങ്ങൾ ഞങ്ങളിൽ ഒരുവനായി സഹവസിച്ചിട്ടു, നിങ്ങളുടെ നിലപാട് ഇതു തന്നെ ആണെങ്കിൽ, മലയോര ജനത നിങ്ങളെ ശ്രവിക്കും. ഇത് ചെയ്തവൻ ആരായാലും അവന്റെ ഉദ്ദേശം എന്തുതന്നെ ആയാലും ആ പ്രദേശത്തെ ജനത്തിന്റെ മനസിൽ ചെറിയൊരു ആശ്വാസമുണ്ടായി എന്നാണ് എനിക്കു തോന്നുന്നത്.

യഥാർഥ മൃഗസ്നേഹികളെ നിങ്ങൾ കണ്ടിട്ടുണ്ടോ. സ്വന്തം മക്കളെപ്പോലെ അവന്റെ വളർത്തുമൃഗങ്ങളെ പരിപാലിക്കുന്നവൻ. കർഷകൻ എന്നാണ് അവന്റെ വിളിപ്പേര്. രാപകൽ ഇല്ലാതെ അധ്വാനിക്കും. ഒടുക്കം വിളവെടുക്കാനാവുമ്പോൾ കാട്ടുമൃഗങ്ങൾ ഇറങ്ങി അവന്റെ എല്ലാ സ്വപ്നങ്ങളെയും ചവിട്ടിമെതിക്കും. സർക്കാർ ആയിട്ട് ഇതിനു യാതൊരു നടപടിയും സ്വീകരിക്കുന്നില്ല. അതുകൊണ്ടാണ്, അതുകൊണ്ടു മാത്രമാണ് അവൻ ഇത്തരം പ്രവർത്തികൾക്കു മുതിരുന്നത്. ഗതികേടുകൊണ്ടാണ്. അവന്റെ കരച്ചിലിന്റെ ശബ്ദത്തോളം വരില്ല ഒരാനയുടെയും ചിന്നം വിളി...

English summary: Pregnant elephant dies in Kerala after consuming pineapple stuffed with crackers

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.