ADVERTISEMENT

കഴിഞ്ഞ ദിവസം ആശുപത്രിയിൽ എത്തിയപ്പോൾ ആശുപത്രിക്കു മുന്നിൽ ആരോ ഒരു സർപ്രൈസ് സമ്മാനം വെച്ചിരിക്കുന്നു. ഒരു കാർഡ് ബോർഡ് പെട്ടി. മഴയൊക്കെ നനയാതെ വളരെ ശ്രദ്ധാപൂർവം വാതിലിനോടു ചേർത്തുവച്ചിരിക്കുകയായിരുന്നു. നന്മ മരിച്ചിട്ടില്ലെന്ന് തിരിച്ചറിഞ്ഞ നിമിഷം. 

തുറന്നു.

അതിൽ നനഞ്ഞ തുണിക്കുള്ളിൽ പുഴുവരിച്ചൊരു ജെറ്റ് ബ്ലാക്ക് നിറത്തിൽ ഏകദേശം 25 ദിവസം മാത്രം പ്രായമുള്ള സുന്ദരൻ നായക്കുട്ടി. ആളെ കണ്ടതോടെ വാ പൂട്ടാതെയുള്ള കരച്ചിൽ തുടങ്ങിക്കഴിഞ്ഞു.

രാവിലെ തന്നെ പണിയാണല്ലോ എന്നോർത്തെങ്കിലും ഒരു മണിക്കൂർ എല്ലാരുംകൂടി ആഞ്ഞു ശ്രമിച്ചപ്പോഴേക്കും ആളു കുളിച്ചു കുട്ടപ്പനായി. പുഴുവും ചെള്ളും പേനുമൊക്കെ പോയി. കുളിയൊക്കെ കഴിഞ്ഞപ്പോൾ ഒന്നു ചൂടാവാൻ മെല്ലെ റോഡിലേക്കു വച്ചതോടെ മരുന്നു വാങ്ങാൻ വന്നവരൊക്കെ വന്നതെന്തിനാണെന്നു പോലും മറന്ന് കുഞ്ഞനെ നോക്കി നിൽപ്പായി. ആളുകളുടെ എണ്ണം കൂടിത്തുടങ്ങിയതോടെ നന്മ മരിച്ചിട്ടില്ലെന്ന് ഉറപ്പായി. കോവിഡ് 86 ആയി സാമൂഹിക അകലം പാലിക്കൂ എന്ന് എല്ലാരേം ഓർമിപ്പിക്കാൻ പാടുപെടുന്ന ശാന്ത ചേച്ചിയും കല ചേച്ചിയും.

ഇളം ചൂടുള്ള പാൽ ഗുമുഗുമാന്ന് അകത്താക്കിയതോടെ ആള് കൂടുതൽ ഉഷാറായി. അപ്പോഴേക്കും കാവുംപടിയിൽനിന്നു മരങ്ങാട്ട് ജയൻ ചേട്ടൻ എത്തി. ഓട്ടോയൊക്കെ ആയിട്ടാ വന്നിരിക്കുന്നത്. ഇപ്പത്തന്നെ കൊണ്ടു പോവണം. രണ്ട് കുഞ്ഞു മുറിവുകളുണ്ട് കുഞ്ഞന്റെ പുറത്ത്. അതൊന്നും ചേട്ടന് നോ പ്രോബ്ലം , എങ്ങനെയെങ്കിലും അവനെ ഒന്നു കിട്ടിയാ മാത്രം മതി, നന്നായി നോക്കിക്കൊള്ളാമെന്ന്.

ഒറ്റ രാത്രിയിൽ മാറി മറിഞ്ഞ ജീവിതം. ഒരു രാത്രി ഒറ്റയ്ക്ക് മൃഗാശുപത്രി വരാന്തയിലുറങ്ങി, ഇനി ഒരു വീടിന്റെ സ്നേഹലാളനയിലേക്ക് അവരുടെ കാവലാളായി യാത്രയായ കുഞ്ഞന് ആശംസകൾ.

English summary: Stray Puppy gets a New Home

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com