ADVERTISEMENT

കാലാവസ്ഥയിലെ മാറ്റങ്ങൾ നമ്മുടെ മേൽ പതിച്ചു തുടങ്ങിയിരിക്കുന്നു. കാലാവസ്ഥാ മാറ്റമേൽപിക്കുന്ന  കടുത്ത ആഘാതം ഏറ്റവുമധികം നേരിടേണ്ടി വരുന്നത് തെക്കൻ ഏഷ്യയിലെ പ്രത്യേകിച്ച് ഇന്ത്യയിലെ കാർഷിക മേഖലയ്ക്കായിരിക്കുമെന്നാണ് വിദഗ്ധപ്രവചനങ്ങൾ പറയുന്നത്. കാലാവസ്ഥാമാറ്റം മൂലം കാർഷികോൽപാദനത്തിൽ വൻ കുറവുണ്ടാകുമെന്നാണ് കണക്കുകൂട്ടൽ. ഉയരുന്ന അന്തരീക്ഷതാപനില, വെള്ളത്തിന്റെ ലഭ്യതയിലുള്ള അനിശ്ചിതത്വം, മണ്ണിന്റെ ഫലപുഷ്ടിയിലെ കുറവ്, വെള്ളപ്പൊക്കവും വരൾച്ചയും, പലതരത്തിലുള്ള കീടങ്ങളും രോഗങ്ങളും തുടങ്ങി പല മുഖങ്ങൾ സ്വീകരിച്ചാണ് കാലാവസ്ഥാ മാറ്റത്തിന്റെ വരവ്.

പ്രവചനാതീതമായി പെട്ടെന്നണ്ടാകുന്ന മാറ്റങ്ങൾ വിളകൾക്കൊപ്പം കന്നുകാലികളെയും മത്സ്യസമ്പത്തിനെയും ബാധിക്കും. കാർഷിക മേഖലയെ കാലാവസ്ഥാ മാറ്റമെന്ന ശത്രുവിൽ നിന്നും സംരക്ഷിക്കാൻ നമ്മുടെ കൈവശം ആയുധങ്ങൾ കുറവാണ്. അത്രമാത്രം വിചിത്ര രൂപങ്ങളിലാണ് അവന്റെ വരവ്. എങ്കിലും കാർഷിക ജൈവവൈവിധ്യവും നാട്ടറിവുകളും ചേർന്ന ഒരു പ്രതിരോധ സംവിധാനമാണ് കാലാവസ്ഥാ മാറ്റത്തിന്റെ പരിണതഫലങ്ങളെ ചെറുക്കാൻ നമുക്ക് സഹായകരമാകുകയെന്നാണ് വിദഗ്ധമതം. 'ജൈവവൈവിധ്യത്തെ ആഘോഷിക്കുക ' എന്ന മുഖ്യാശയം മുന്നോട്ടുവയ്ക്കുന്ന ലോക പരിസ്ഥിതി ദിനത്തിൽ, കാർഷിക ജൈവവൈവിധ്യമെന്ന ആശയവും നമുക്ക് ചിന്താവിഷയമാകുന്നു.

കാലാവസ്ഥാമാറ്റം: ജയിക്കുന്നവരും തോൽക്കുന്നവരും

ഇന്ത്യ ഉൾപ്പെടെയുള്ള തെക്കൻ ഏഷ്യൻ രാജ്യങ്ങൾ ഉർവരമായ മണ്ണിൽ വർഷം തോറും മൂന്നു വിളകൾ വരെ സാധാരണയായി കൃഷി ചെയ്യപ്പെടുന്നു. എന്നാൽ കാലാവസ്ഥയിൽ വരുന്ന മാറ്റങ്ങൾ മൂലം ഇവിടെയുള്ള പല സ്ഥലങ്ങളിലും വർഷത്തിൽ ഒരു വിള മാത്രം കൃഷി ചെയ്യാൻ കഴിയുന്ന സാഹചര്യമുണ്ടാകാം. അതേസമയം നിലവിൽ ഒരു വിള മാത്രം സാധ്യമാകുന്ന യൂറോപ്പിലെ പല സ്ഥലങ്ങളിലും വർഷത്തിൽ രണ്ടോ ചിലപ്പോൾ മൂന്നോ വിളകൾ കൃഷിയിറക്കാനുള്ള സാഹചര്യമുണ്ടാവുകയും ചെയ്യാം. ഇതാണ് കാലാവസ്ഥാമാറ്റത്തിന്റെ തലതിരിഞ്ഞ സാമാന്യ നീതി. ഏതു രാജ്യങ്ങളാണോ ഉയർന്ന മലിനീകരണത്തിലൂടെ ആഗോളതാപനത്തിനും കാലാവസ്ഥാമാറ്റത്തിനും വഴിമരുന്നിട്ടത്  അവർ, ചുരുങ്ങിയത്  കാർഷിക, ഭക്ഷ്യോൽപാദന മേഖലകളിലെങ്കിലും കാലാവസ്ഥാമാറ്റ യുദ്ധത്തിൽ വിജയിക്കുന്ന കാവ്യ അനീതി പല വിദഗ്ധരും പ്രവചിക്കുന്നുണ്ട്. 

അന്തരീക്ഷ താപനില ഉയരുന്നതുമൂലം 2080 -2100 ആകുമ്പോഴേക്കും വിളകളുടെ ഉൽപാദനത്തിൽ 10-40 ശതമാനം കുറവുണ്ടാകുമെന്നാണ് പഠനങ്ങൾ പറയുന്നത്. ഇന്ത്യയിൽ നടന്ന ചില പഠനങ്ങളനുസരിച്ച് അന്തരീക്ഷ താപനിലയിലുണ്ടാകുന്ന ഒരു ഡിഗ്രി സെൽഷ്യസ് വർധനമൂലം ഗോതമ്പിന്റെ ഉത്പാദനം 4-5 മില്യൺ ടൺ കുറയുമെന്നാണ്  കണക്കുകൂട്ടിയത്. ഗംഗാ സമതലത്തിലും ഫിലിപ്പൈൻസിലും നെല്ലുൽപാദനത്തിൽ കുറവു വരുന്നതായി മറ്റു ചില പഠനങ്ങളിൽ കാണുന്നു. 

കടുക്, പയർവർഗങ്ങൾ, തക്കാളി, ഉള്ളി, വെളുത്തുള്ളി തുടങ്ങിയ വിളകളിലും അന്തരീക്ഷ താപനില ഉയരുമ്പോൾ ഉൽപാദന നഷ്ടമുണ്ടാകുന്നതായി കണ്ടെത്തിയിട്ടുണ്ട്. അന്തരീക്ഷത്തിലെ കാർബൺ ഡയോക്സൈഡിന്റെ അളവു കൂടുമ്പോൾ ഗോതമ്പ്, നെല്ല്, സോയാബീൻ എന്നിവയിൽ പ്രകാശസംശ്ലേഷണവും വിളവും താൽക്കാലികമായി വർധിക്കുമെങ്കിലും, കാർബൺ ഡയോക്സൈഡിന്റെ അളവു കൂടുമ്പോൾ അന്തരീക്ഷ താപനിലയും കൂടുമെന്നതിനാൽ ആകെ മൊത്തം പ്രയോജനമൊന്നുമുണ്ടാകില്ലായെന്നും പറയുന്ന ഗവേഷണഫലങ്ങളുണ്ട്.

അറിവാണു നമ്മുടെ സമരായുധം

ഭക്ഷ്യസുരക്ഷയ്ക്കു ഭീഷണിയായി കാലാവസ്ഥാമാറ്റം കടന്നുവരുമ്പോൾ അതിനെ പ്രതിരോധിക്കാൻ നന്മുടെ കൈയിലുള്ള പ്രധാന ആയുധങ്ങളിലൊന്ന് കാർഷിക ജൈവൈവിധ്യവും അതുമായി ബന്ധപ്പെട്ട പരമ്പരാഗത തദ്ദേശീയ അറിവുകളുമാണ്. കാർഷിക ജൈവവൈവിധ്യമെന്നാൽ ഇവിടെ വ്യക്തമാക്കുന്നത് വിളകളുടെ ജനിതക വൈവിധ്യമാണ് (Genetic diversity). ഒരു കാർഷിക വിളയുടെ എത്ര ഇനങ്ങൾ നമുക്കുണ്ട് എന്നതിലുള്ള സമ്പന്നത. കൂടുതൽ ഇനങ്ങൾ ഉണ്ടായതു കൊണ്ടുമാത്രമായില്ല, ഓരോ ഇനത്തിന്റെയും സവിശേഷമായ പ്രത്യേകതകളേക്കുറിച്ചുള്ള അറിവും പ്രധാനമാണ്. ഒരോ വിളയുടെയും വൈവിധ്യമാർന്ന ഇനങ്ങളേക്കുറിച്ചുള്ള അറിവിന്റെ ഉടമകളാണ് നമ്മുടെ കർഷക, ഗോത്രസമൂഹങ്ങൾ. 

സവിശേഷ ഗുണമുള്ള ഒരു പുതിയ ഇനം കൃത്രിമപ്രജനനത്തിലൂടെ വികസിപ്പിച്ചെടുക്കാൻ ഉദ്യമിക്കുന്ന ഒരു ഗവേഷകൻ ആദ്യം തിരയുന്നത് ഇത്തരം അറിവുകളായിരിക്കും. ഒരു കാർഷികവിളയുടെ സ്വാഭാവിക ജനിതക സമൃദ്ധിയിൽ ഏതിനമാണ് വെള്ളപ്പൊക്കത്തെയും ഉണക്കിനെയും ചെറുക്കുന്നത്, ഏതാണ് നേരത്തെ അല്ലെങ്കിൽ വൈകി മൂപ്പെത്തുന്നത് തുടങ്ങി ഏതിനമാണ് പ്രത്യേക രോഗങ്ങൾക്ക് വശംവദരാകുന്നത് അല്ലെങ്കിൽ രോഗകീടങ്ങളെ ചെറുക്കുന്നത് വരെയുള്ള അറിവുകൾ കർഷകർ കൈമാറുന്ന പരമ്പരാഗത സ്വത്താണ്. 

അവഗണനയാൽ പലതും നശിച്ചുപോയെങ്കിലും വിളകളുടെ ജനിതക വൈവിധ്യത്തിൽ നാമിപ്പോഴും സമ്പന്നമാണ്. നെല്ലിന്റെ ജന്മദേശമായ ഭാരതത്തിൽ ഒരു കാലത്ത് 3 ലക്ഷത്തോളം നെല്ലിനങ്ങൾ ഉണ്ടായിരുന്നതായി കണക്കാക്കപ്പെടുന്നു. എണ്ണത്തിൽ കുറവുണ്ടായെങ്കിലും രാജ്യത്തിന്റെ പല ഭാഗങ്ങളിലുള്ള കർഷകസമൂഹങ്ങൾ ഇന്നും നെല്ലിനങ്ങളെ നഷ്ടപ്പെടാതെ സൂക്ഷിക്കുന്നുണ്ട്. ദേശീയ, അന്തർദേശീയ ജീൻ ബാങ്കുകളിലും വൈവിധ്യമാർന്ന ഇനങ്ങളുടെ ശേഖരമുണ്ടെന്നതും സന്തോഷമുളവാക്കുന്നതാണ്. ഇതുപോലെ ചോളത്തിന്റെ സ്വന്തം നാടായ മെക്സിക്കോയിലും അവയുടെ നുറുകണക്കിന് ഇനങ്ങൾ കാണപ്പെടുന്നു. 

ഓരോ ഇനവും അമൂല്യമായ സവിശേഷ ഗുണങ്ങളാൽ അനുഗ്രഹിക്കപ്പെട്ടവയുമാണ്. ഈ ഗുണങ്ങളാവും കാലാവസ്ഥാമാറ്റമുയർത്തുന്ന വെല്ലുവിളികൾ അതിജീവിക്കാൻ നമ്മുടെ മുഖ്യ പിൻബലം. പ്രക്ഷുബ്ധമായ കാലാവസ്ഥയുണ്ടാക്കുന്ന കടുത്തതും പല വേഷധാരികളായതുമായ സമ്മർദ്ദങ്ങളെ അതിജീവിക്കാൻ ഓരോ കാർഷികവിളയ്ക്കും ലഭിച്ചിരിക്കുന്ന വിലമതിക്കാനാവാത്ത ആയുധമാണ് അവയുടെ ജനിതക വൈവിധ്യം. ചൈനയിൽ ജനിച്ച സോയാബീനിന്റെ  ജനിതക വൈവിധ്യം ഉപയോഗപ്പെടുത്തി കാലാവസ്ഥാ മാറ്റ പ്രശ്നങ്ങളെ നേരിടാൻ കെൽപ്പുള്ള പുത്തൻ ഇനങ്ങൾ വികസിപ്പിച്ചെടുക്കാൻ കഴിയും. ഇന്നു നമ്മൾ ഇറാക്കെന്നു വിളിക്കുന്ന മധ്യ ഏഷ്യയിലെ, ടൈഗ്രിസ് - യൂഫ്രട്ടീസ് നദീതടത്തിലാണ് ഗോതമ്പിന്റെ ജന്മമെന്നാണ് കരുതപ്പെടുന്നത്. ഇവിടെ കാണപ്പെടുന്ന പ്രാദേശിക ഗോതമ്പിനങ്ങൾ ഉപയോഗിച്ചായിരിക്കും തദ്ദേശീയകർഷക സമൂഹം വെള്ളപ്പൊക്കവും, കടുത്ത വേനലും പുത്തൻ കൃമികീടങ്ങളെയും രോഗങ്ങളെയും നേരിടാൻ ശ്രമിക്കുന്നത്. മേൽപ്പറഞ്ഞ കാലാവസ്ഥാ ക്ഷോഭങ്ങളെയും രോഗബാധയേയും നേരിടാൻ അനുരൂപപ്പെട്ട ഇനങ്ങളാണ് ആ പ്രദേശത്ത് കാലങ്ങൾ കൊണ്ട് വികസിച്ചു വന്നിട്ടുള്ളത്.

പൊരുതിക്കയറിയ വിളകളും കർഷകരും

എങ്ങനെയാണ് സമൃദ്ധമായൊരു വിളജനിതക വൈവിധ്യത്താൽ നമ്മൾ അനുഗ്രഹിക്കപ്പെട്ടത്? ആരാണ് ഇവയുടെ സൃഷ്ടാവും പരിപാലകനും? ഉത്തരമിതാണ് നമ്മുടെ കർഷകസമൂഹം. സഹസ്രാബ്ദങ്ങളായി കൃഷിക്കാർ ഇത്തരം ആപൽഘട്ടങ്ങളോട് നേർക്കുനേർ പടപൊരുതുന്നവരാണ്. രോഗബാധകളും കീട ആക്രമണങ്ങളും കത്തുന്ന ചൂടും വേനലും മഴയും വെള്ളപ്പൊക്കവും തുടങ്ങി ഉപ്പുരസവും അമ്ലതയും മാറിമറിയുന്ന മണ്ണും ഉൾപ്പെടെയുള്ള പ്രതികൂലങ്ങൾ കണ്ട അനേക തലമുറകൾ. ഓരോ ആപൽഘട്ടത്തിലും കർഷകർ ഒരു കാര്യം മനസിൽ കുറിച്ചിട്ടിരുന്നു. ഏതു തരത്തിലുള്ള കുഴപ്പങ്ങളിലും വാണവരും വീണവരുമുണ്ടായിരുന്നു. ചിലയിനങ്ങൾ നശിച്ചപ്പോൾ, മറ്റു ചിലത് അതിജീവിച്ചിരുന്നു. ഇത്തരം ഇനങ്ങളെ കാത്തു സൂക്ഷിക്കാനുള്ള ജ്ഞാനം കൃഷിക്കാരന് ജന്മസിദ്ധമാണെന്നു വേണം കരുതാൻ. ഭാവിയിൽ ആവർത്തിക്കാവുന്ന ദുരന്തങ്ങളെ മുന്നിൽക്കണ്ട് അവർ വിത്തിനങ്ങളെ തലമുറകൾക്കായി പത്തായത്തിൽ സൂക്ഷിച്ചുകൊണ്ടിരിക്കുന്നു.

നേരത്തെ അല്ലെങ്കിൽ വൈകി അതുമല്ലെങ്കിൽ ഇടക്കാല സമയത്ത് മൂപ്പെത്തുന്ന വിത്തുകൾ അവർ സൂക്ഷിച്ചു. ബിഹാറിലും മറ്റും കാണപ്പെടുന്ന വെള്ളത്തിൽ മുങ്ങിക്കിടന്നു വളരുന്ന നെല്ലിനങ്ങളുടെ വിത്തുകൾ അവർ സ്വന്തമാക്കി. സുന്ദർബനിലെ ഉപ്പുവെള്ളത്തിൽ വളരുന്ന, രാജസ്ഥാനിലെ ചുടു മണലിലും  ലഡാക്കിലെ ശീത മരുഭൂവിലും  വളരാൻ കഴിവുള്ള വൈവിധ്യമാർന്ന വിളയിനങ്ങളെ നമുക്ക് സമ്മാനിച്ചത് കർഷകസമൂഹം കൈമാറി വന്ന ഈ അറിവും ജനിതകശേഖരവുമാണ്. കർഷകർ പരമ്പരാഗതമായി പിൻതുടർന്നു വരുന്ന ബഹുവിള കൃഷിരീതിയുടെ ശാസ്ത്രീയ അടിസ്ഥാനം അതിശയപ്പെടുത്തുന്നതാണ്. ചൈനയിൽ നടത്തിയ ഒരു പഠനമനുസരിച്ച് ജനിതക വൈവിധ്യമാണ് രോഗബാധയെ നിയന്ത്രിക്കുന്നതിൽ മുഖ്യമെന്ന് കണ്ടെത്തിയിട്ടുണ്ട്. പല ഇനത്തിലുള്ള നെല്ല് കൃഷി ചെയ്യപ്പെട്ട പാടത്ത് രോഗബാധയിൽ കാര്യമായ കുറവാണുണ്ടായത്. ഇത് വർഷങ്ങളായി ആവർത്തിച്ചപ്പോൾ പൂർണമായും രോഗവിമുക്തമായ  കൃഷിയിടമായി അതു മാറിയെന്നും പ്രസ്തുത പoനം പറയുന്നു. കാലാവസ്ഥാമാറ്റം ഏതു രൂപത്തിൽ നമ്മുടെ മേൽ പതിച്ചാലും അവയോരോന്നിനെയും അതിജീവിക്കുന്ന വിളയിനങ്ങൾ വികസിപ്പിച്ചെടുക്കാനുള്ള ജനിതക വൈവിധ്യം നമ്മുടെ സ്വന്തമായുണ്ട്. ജനിതക വൈവിധ്യത്തിന്റെ ഈ അക്ഷയപാത്രത്തിലാവണം ഗവേഷകർ പരിഹാരം തേടി തിരയേണ്ടത്.

മാറുന്ന രോഗകീടങ്ങളുടെ മുഖം

വിള ചക്രത്തിൽ മാത്രമല്ല കാലാവസ്ഥാമാറ്റം പിടിമുറുക്കാൻ പോകുന്നത്. പുതിയ കീടങ്ങളും രോഗബാധകളും വരും, അല്ല അവ വന്നുകൊണ്ടിരിക്കുന്നു. നിലവിലുള്ള നമ്മുടെ പ്രതിരോധ സംവിധാനങ്ങളെ കാറ്റിൽപ്പറത്തി നിനയാത്ത നേരത്തും രൂപത്തിലും അവ വരും. തങ്ങളുടെ വിളകളെ ആക്രമിക്കുന്ന കീട രോഗബാധകളേക്കുറിച്ചും ആഗമന സമയത്തേക്കുറിച്ചും കർഷകൻ പലപ്പോഴും ബോധവാനായിരിക്കും. സംയോജിത കീടനിയന്ത്രണ തന്ത്രങ്ങളിൽ അവൻ നിപുണനായിരിക്കും. എന്നാൽ പലപ്പോഴും ആവശ്യത്തിലും അനാവശ്യത്തിലും കീടനാശിനികളാൽ കൃഷിഭൂമി മലിനപ്പെടുത്തുവാനുള്ള ഉപദേശമാണ് ഔദ്യോഗിക കൃഷി സംവിധാനങ്ങൾ നൽകാറുള്ളത്. എന്നാൽ നിയതമായ ഔദ്യോഗിക രേഖകൾ പറയുന്ന സമയം തെറ്റിച്ചാണ് കാലാവസ്ഥാമാറ്റം രോഗബാധകളെ കൊണ്ടുവരുന്നത്. കാലം തെറ്റി പെയ്യുന്ന മഴ നൽകുന്ന ഈർപ്പത്തിൽ പൂപ്പൽ വാട്ടം പോലെയുള്ള അതിഥികൾ അപ്രതീക്ഷിത സമയത്തെത്തുന്നു. അനിശ്ചിതാവസ്ഥയും പ്രവചനാതീതത്വവുമാണ് കാലാവസ്ഥാ മാറ്റത്തിന്റെ മുഖമുദ്ര. അതിനാൽ പ്രതിരോധവും ദുഷ്കരമാകുന്നു. രോഗ കീടങ്ങളുടെ വൈവിധ്യവും നമ്മുടെ അൽപമായ അറിവും ഒരുങ്ങിയിരിക്കാൻ നമ്മെ സഹായിക്കുന്നില്ല. ആധുനിക സാങ്കേതിക വിദ്യയും ഗവേഷണങ്ങളും ചേർത്തുവച്ചുകൊണ്ടുള്ള ഒരു മുന്നറിയിപ്പ് സംവിധാനം കാലാവസ്ഥാമാറ്റം മൂലമുള്ള രോഗങ്ങളുടെ സമയം തെറ്റിയ വരവിനെ ചെറുക്കാൻ ആവശ്യമാണ്. ഒപ്പം നാട്ടറിവിലൂന്നിയ സംയോജിത കീടനിയന്ത്രണ രീതികൾ തിരിച്ചെത്തുകയും വേണം. ഷഡ്പദങ്ങളിലെ വൈവിധ്യം ഉപയോഗിച്ചാൽ ഓരോ രോഗ കീടത്തിനും സ്വാഭാവിക ശത്രുവിനെ പ്രകൃതിയിൽനിന്നു തന്നെ കണ്ടെത്താനാവും.

വിടില്ല  മൃഗങ്ങളെയും

സ്വന്തമായി കൃഷി ഭൂമിയില്ലാത്ത കർഷകത്തൊഴിലാളിക്ക് അധിക വരുമാനം നൽകുന്ന മേഖലയാണ് മൃഗസംരക്ഷണം. പാലുൽപാദനം കൂട്ടാൻ നാം ഉപയോഗിച്ചു വരുന്ന വിദേശയിനം പശുക്കൾ കാലാവസ്ഥാ മാറ്റത്തിന്റെ മുൻപിൽ പലപ്പോഴും നിസഹായരാണ്. ഉയർന്ന ചൂടും ആർദ്രതയും അവരെ സന്മർദ്ദത്തിലാക്കും. സമ്മർദ്ദം അവരുടെ ഉൽപാദനത്തിൽ കുറവുണ്ടാകും. നാൽപതു ശതമാനം വരെയുള്ള ഉൽപാദന നഷ്ടമാണ് ഇത്തരം പശുക്കളിൽ കാലാവസ്ഥാമാറ്റം മൂലമുണ്ടാകാവുന്നത്. മാത്രമല്ല കടുത്ത ചൂടിൽ കൂടുതലായി ആവശ്യം വരുന്ന കുടിവെള്ളം പശുക്കൾക്ക് ലഭ്യമാക്കാൻ കഴിയുന്ന സ്ഥിതിവിശേഷമല്ല രാജ്യത്തിന്റെ വരണ്ട മേഖലകളിലുള്ളത്. ഇവിടെയും ഇന്ത്യയുടെ സമൃദ്ധമായ വളർത്തുമൃഗ വൈവിധ്യം പുത്തൻ സാധ്യതകൾ തുറന്നിടുന്നു. ഉയർന്ന താപനിലയെ ചെറുത്തു നിൽക്കാൻ, കുറച്ചു വെള്ളത്തിൽ ജീവിതം കഴിച്ചുകൂട്ടാൻ ശീലിച്ച ഇവ രോഗ പ്രതിരോധശേഷിയിലും മുൻപിലാണ്. ജനിതക തിരഞ്ഞെടുപ്പിനുള്ള സാധ്യതകൾ തുറന്നിടുന്ന വളർത്തുമൃഗ വൈവിധ്യം ഉപയോഗപ്പെടുത്തുകയാണ് കാലാവസ്ഥാ മാറ്റത്തിന്റെ മുന്നിലുള്ള പ്രതിരോധതന്ത്രം.

ജനിതക വൈവിധ്യം അതിജീവനത്തിന്റെ യുദ്ധത്തിലെ മുഖ്യായുധങ്ങളിലൊന്നാണ്. കാലാവസ്ഥാ മാറ്റത്തിന്റെ ദൂഷ്യ ഫലങ്ങൾ ഏറെ അനുഭവിക്കേണ്ടി വരുമെന്ന് കരുതപ്പെടുന ഇന്ത്യയേപ്പോലുള്ള രാജ്യങ്ങൾ വൈവിധ്യ സമ്പന്നവുമാണ്. ജനിതക വൈവിധ്യമാണ് ഓരോ ജീവജാതിയേയും അതിജീവനത്തിന് പ്രപ്തമാക്കുന്നത്. സഹസ്രാബ്ദങ്ങളായി കർഷകർ വിപൽഘട്ടങ്ങളെ നേരിട്ടതും ഈ ആയുധം നൽകിയ അറിവുപയോഗിച്ചാണ്. ഭാവിയിലും ആഘോഷിക്കപ്പെടേണ്ടത്, കാർഷിക ജൈവവൈവിധ്യമെന്ന നമ്മുടെ അമൂല്യമായ സ്വത്താവണം. അതോർമപ്പെടുത്തട്ടെ ഈ വർഷത്തെ ലോക പരിസ്ഥിതിദിനം.

English summary: Importance of Agro Biodiversity

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com