ADVERTISEMENT

കേരള ഗവൺമെന്റ് വെറ്ററിനറി ഓഫീസേഴ്സ് അസോസിയേഷൻ  (കെജിവിഒഎ) നടത്തുന്ന ‘നാട്ടിലൊരു മരം, വീട്ടിലൊരു മരം’ കാമ്പയിന്റെ ഭാഗമായി മരം നട്ടപ്പോൾ മനസിൽ ഓടിയെത്തിയ ചില ഓർമകൾ കോഴിക്കോട്‌ ജില്ലയിലെ നൊച്ചാട്‌ പഞ്ചായത്തിലെ വെറ്ററിനറി സർജൻ ഡോ. വിജിത സി. കൃഷ്ണൻ പങ്കുവയ്ക്കുന്നു.

അച്ചാച്ചന്റെ പറമ്പ് വിവിധ തരം മാമ്പഴ ജനുസുകളുടെ കലവറയാണ്. തെക്കേയറ്റത്തെ തത്തക്കൊത്തനും, കിണറിനടുത്തെ കുറുക്കൻമാവും, കയറി വരുന്ന പടിക്കലേക്കു ചാഞ്ഞ് ഗോമാവും, വടക്കേയറ്റത്ത് ദേവകിയേടത്തിയുടെ പറമ്പിലേക്കു ചാഞ്ഞ് കിളിച്ചുണ്ടൻ മാവും, പറമ്പിന്റെ നടുക്കുള്ള മുത്തശ്ശി ഒളൂർ മാവും, നീണ്ടു മെലിഞ്ഞ നീലംമാവും, പഴയ കിണറിന്റെ സ്ഥാനത്തെ മൽഗോവയും.... അങ്ങനെ സ്ഥാനപ്പേരും, മാങ്ങാപ്പേരും ചേർത്തു പറഞ്ഞ് വീട്ടിലുള്ളൊരു അംഗത്തെപ്പോലെ ഓരോ മാവും 'നെല്ലിയുള്ള പറമ്പ്' എന്ന ആ വീട്ടുപേരിനെ നിരന്തരം കളിയാക്കി കൊണ്ടിരുന്നു.

മാങ്ങാക്കാലമാവുമ്പോൾ അച്ചാച്ചന് പതിവുപോലെ രാത്രീത്തെ ഗോതമ്പു കഞ്ഞിക്കു പകരം കഴിക്കാനായി മാങ്ങയരിഞ്ഞിട്ടു കൊടുക്കും. മാങ്ങയരിയുന്നത് അച്ചാച്ചന്റെ നെടുംതൂണുകളായ 5 പെൺമക്കളിൽ ആരെങ്കിലുമായിരിക്കും. ഒരു പ്ലേറ്റുനിറയെ മാങ്ങയരിഞ്ഞിട്ട് മുകളിൽ കുരുമുളകു പൊടിയും ഉപ്പും പയറ്റിയിടും (വിതറിയിടും). കഥ കേൾക്കുന്നതിനിടെ എന്തിനാണമ്മേ പഴുത്ത മാങ്ങയപ്പാടെ കഴിക്കുന്നതല്ലേ രുചി, ഉപ്പും കുരുമുളകും ഇടുമ്പോൾ അതിന്റെ സ്വാഭാവികമായ രുചി പോവില്ലേയെന്ന എന്റെ ചോദ്യത്തിന് പുതിയൊരറിവ് പറഞ്ഞു തരുന്ന മട്ടിൽ അമ്മ തിരുത്തും, -ഇന്നത്തെപ്പോലെ മാങ്ങയുടെ വില വിവരം ചോദിച്ചറിഞ്ഞ് കഷ്ടിച്ച് 1-2 കിലോ മാങ്ങ 6 പേർക്ക് കഴിക്കാൻ വാങ്ങുന്ന പോലെയല്ല അന്ന് അച്ചാച്ചന്റ കഴിപ്പ്. 2-2.5 കിലോ ഒറ്റയടിക്ക് കഴിക്കുമ്പോൾ ദഹനക്കേടുണ്ടാവും അത് പരിഹരിക്കാനാണീ കുരുമുളക് - ഉപ്പ് പ്രയോഗം. അമ്മ പറഞ്ഞതു കേട്ട് തലയാട്ടുമ്പോൾ പഴുത്ത മാങ്ങയരിയുമ്പോഴുള്ള മണം പരന്നെന്റെ നാവിൽ നീരുറവ പൊട്ടിയൊലിക്കും.

അമ്മയെ കല്യാണം കഴിച്ചയച്ചപ്പോൾ അച്ചാച്ചൻ കൊടുത്ത സ്വർണത്തോടൊപ്പം ആ വീട്ടിൽനിന്ന് അമ്മ കൊണ്ടുപോയത് സ്വർണത്തേക്കാൾ വിലമതിക്കുന്ന ഒരു മാവിൻ തൈയുമാണ്. ഭർത്തൃവീട്ടിൽ മുൻവശത്തെ കിണറിനരികിലായി തൈ നട്ടു. നടുമ്പോൾ മുറ്റത്തേക്ക് മാങ്ങകൾ തൂങ്ങിയാടുന്നത് സ്വപ്നം കണ്ടിരിക്കണം അമ്മയപ്പോൾ.

മാവിന് ഇലകൾ തളിർക്കും മുമ്പ് ചപ്പ് കൂട്ടി മാവിനടിയിൽ കീടങ്ങളെ കൊല്ലാനായി തീയിടുന്നത് മാവ് പൂക്കന്നതിനു മുമ്പുള്ള മുന്നൊരുക്കങ്ങളാണ്. എത്ര മാങ്ങയുണ്ടായാലും എല്ലാ മാവിലെയും നിശ്ചിത മാങ്ങകൾ അച്ചാച്ചൻ പറിക്കാതെ വയ്ക്കും. നമ്മളെപ്പോലെ ഭൂമിയിലെ അവകാശികളായ കാക്കയ്ക്കും, കിളികൾക്കും വവ്വാലുകൾക്കും വിശപ്പടക്കാനായി. കുറച്ച് മാങ്ങകൾ അച്ചാച്ചന്റ ഹോട്ടലിൽ തൊട്ടുകൂട്ടാനായി അച്ചാറായും പഴുത്ത മാങ്ങകൾ മാമ്പഴ പുളിശേരിയായും രൂപാന്തരം പ്രാപിച്ചു. ആ രുചിക്കൂട്ടുകളെല്ലാം ഹോട്ടലിലെ സ്ഥിരം പറ്റുകാരായ കൽപത്തൂർ സ്കൂളിലെ അധ്യാപകരുടെ രസമുകുളങ്ങളെ ത്രസിപ്പിച്ചു. അങ്ങനെ ഈ അധ്യാപകവൃന്ദങ്ങളുമായുള്ള കൂട്ടുകെട്ടുകൊണ്ട് സ്കൂളിൽ പോകാത്ത അച്ചാച്ചന്റെ ഭാഷയിൽ നല്ല അച്ചടി മലയാളവും ധാരാളം അറിവുകളും ഭക്ഷണം വിളമ്പുന്നതോടൊപ്പം അച്ചാച്ചൻ വാങ്ങിക്കൂട്ടി. ഒരുതരം കൊടുക്കൽ വാങ്ങലുകൾ. 

അങ്ങനെ വർഷമേറെ കഴിഞ്ഞിട്ടും മാവു പൂത്തില്ല. പക്ഷേ തീയിടൽ മുന്നൊരുക്കങ്ങൾ വർഷാവർഷം മുറയ്ക്ക് അമ്മ നടത്തി. അങ്ങനെ ‌അച്ചാച്ചന്റെ മാങ്ങ മാഹാത്മ്യക്കഥകൾക്ക് മങ്ങലേറ്റു തുടങ്ങിയോയെന്ന് തോന്നി തുടങ്ങിയ കാലം. ‘സമയമാകുമ്പോൾ മാവു പൂത്തോളും’ എന്ന അമ്മയുടെ പ്രസ്ഥാവന എന്റെ മുഖത്ത് നോക്കിയിട്ടായിരുന്നു. ഞാനാ വീട്ടിൽ മരുമകളായി എത്തിയിട്ട് 547 ദിവസത്തോളമായി. infertility clinics ലേക്കുള്ള അഡ്രസ് ചോദിച്ചുവച്ചിരിക്കുന്ന സമയം. അമ്മയുടെ ആ നോട്ടമെന്നിൽ നീറ്റലുണ്ടാക്കി.

മാസങ്ങൾ കഴിഞ്ഞു...

മാവാണോ ഞാനാണോ ആദ്യം പൂത്തതെന്ന് ഓർമയില്ല. ഓർമയുള്ളതിത്ര മാത്രം - കന്നി ഗർഭത്തിന്റെ വ്യാകുണുകൾക്ക് നിറം പകരാൻ മാങ്ങാ പുളിയും കൂട്ടുണ്ടായിരുന്നു എന്നു മാത്രം. 

അമ്മ സ്വപ്നം കണ്ടപ്പോലെ മുറ്റത്തേക്ക് ചാഞ്ഞ കൊമ്പിൽ എനിക്ക് എത്തിപ്പിടിക്കാനെന്നവണ്ണം നിറയെ മാങ്ങാക്കുലകൾ. ഒരു ഗർഭകാലം മുഴുവൻ കഴിച്ചാലും തീരാത്തത്ര മാങ്ങകൾ.

എന്റെ കന്നി കനി ഐച്ചുമോൾ പഴുത്ത മാങ്ങയേക്കാൾ ആർത്തിയോടെ പച്ച മാങ്ങ ഉപ്പും കൂട്ടി കഴിക്കുമ്പോൾ എന്റെയുള്ളിൽ അവളുടെ ജനനത്തോടെയറ്റുപോയ പൊക്കിൾക്കൊടി അവളെയെന്നോടടുപ്പിക്കും പോലെ... പിന്നെയേറെ സ്നേഹത്തോടെ ഒരു കണ്ണിമാങ്ങാ വലുപ്പത്തിൽ അവളെന്റെ ഗർഭപാത്രത്തിൽ ഇടം പിടിച്ച നാൾ മുതൽ ഞാൻതന്നെയൊരു വസന്തമായി. തേന്മാവിൻ വസന്തം!

നാളെയെനിക്കൊരു മാവിൻതൈ നടണം...

ഐച്ചു നാളെ കല്യാണം കഴിക്കുകയോ കഴിക്കാതിരിക്കുകയോ ചെയ്യും. മക്കളെ ഉണ്ടാക്കുകയോ ഉണ്ടാക്കാതിരിക്കുകയോ ചെയ്യും.

അതൊക്കെയവളുടെ ഇഷ്ടങ്ങൾ... ന്യൂ ജെൻ അല്ലേ....

പക്ഷേ അവളുടെ ഓർമയിൽ... പല രുചികളും അന്വേഷിച്ചു പോകുമ്പോൾ... ഒരു മാങ്ങാ രുചിയെങ്കിലും ഈ അമ്മയ്ക്ക് നൽകാനാകുമെന്ന ചിന്തയിൽ ജീവിതത്തിലാദ്യമായി ഞാനുമൊരു മാവു നട്ടു...

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com