ADVERTISEMENT

പാലക്കാട്ട് ഗർഭിണിയായ ആനയെ കൊന്നതിന്റെ പേരിൽ സോഷ്യൽ മീഡിയ വഴി കർഷകർ വ്യാപകമായ ആക്രമണത്തിനിരയായി. ഇതേത്തുടർന്ന് ഒട്ടേറെ കർഷകർ തങ്ങളുടെ പ്രശ്നങ്ങൾ തുറന്നുകാട്ടി രംഗത്തെത്തുകയും ചെയ്തു. അത്തരത്തിൽ സോഷ്യൽ മീഡിയയിൽ കർഷകരെ കുറ്റപ്പെടുത്തിക്കൊണ്ടുള്ള പോസ്റ്റുകൾ പങ്കുവച്ചവർക്ക് തുറന്ന കത്തെഴുതിയിരിക്കുകയാണ് കണ്ണൂർ സ്വദേശി സിജോ ജോസഫ്. അദ്ദേഹത്തിന്റെ കത്തിന്റെ പൂർണ രൂപം വായിക്കാം.

പ്രിയ സുഹൃത്തുക്കളെ,

എന്റെ നാട് ആശാൻകവല, കണ്ണൂർ ജില്ലയിലെ ഒരു മലയോര ഗ്രാമം.

നഗരങ്ങളിലെ ഫ്ലാറ്റുകളിൽ ഇരുന്നു പൂച്ചയെ താലോലിച്ചുകൊണ്ടു മൃഗസ്നേഹത്തെക്കുറിച്ചു ഘോരഘോരം പ്രസംഗിക്കുമ്പോൾ, വ്ളോഗ് എഴുതുമ്പോൾ ഒന്നോർമിക്കുക. ഞങ്ങളെ പോലെ ഗ്രാമങ്ങളിൽ വസിക്കുന്നവർക്ക് മൃഗമെന്നാൽ പൂച്ച മാത്രമല്ല. എന്റെ ഗ്രാമത്തിലെ മിക്ക വീട്ടിലും പശുവും ആടും പന്നിയും മുയലും താറാവും കോഴിയും നായയും പൂച്ചയും ഒക്കെയുണ്ട്. ഇവയെയൊക്കെ വീട്ടിലെ ഒരംഗത്തെ പോലെ തന്നെയാണ് ഞങ്ങൾ കാണുന്നതും, പരിപാലിക്കുന്നതും... നല്ല നാടൻ പേരിട്ടു തന്നെയാണ് ഇവയെയൊക്കെ വിളിക്കുന്നതും. പശുവിന്റെയും ആടിന്റേയും പ്രസവമെടുക്കുമ്പോൾ മണിക്കൂറുകളോളം ദിവസങ്ങളോളം തൊഴുത്തുകളിൽ കഴിയുന്നവരാണ് അവയെ ശുശ്രൂഷിക്കുന്നവരാണ് ഞങ്ങളുടെ മാതാപിതാക്കൾ. അതുകൊണ്ട് മലയോര കർഷകനെ മൃഗസ്നേഹം പഠിപ്പിക്കാൻ ആരും തുനിഞ്ഞിറങ്ങരുതേ. കാരണം നിങ്ങളുടെ മൃഗസ്നേഹം ഓൺലൈനിൽ ഡ്രൈവിങ്ങും സ്വിമ്മിങ്ങും പഠിക്കുന്നതിനു തുല്യമാണ്...

മലയോര കർഷകർ വനം കൈയേറിയതു കൊണ്ടാണ് മൃഗങ്ങൾ കൃഷിസ്ഥലങ്ങളിലേക്ക് ഇറങ്ങി വരുന്നതെന്നു ന്യായീകരിക്കുന്നവരോട്, നഗരങ്ങളിലെ മണിമാളികകളിലിരുന്ന് വിടുവായത്തം പറയാതെ ഇവിടേക്കു വരൂ... കൈയേറ്റം ചൂണ്ടിക്കാണിക്കൂ... കേസ് കൊടുക്കൂ... ഇവിടെ ഒരു വ്യവസ്ഥാപിത സർക്കാരില്ലേ? വനം വകുപ്പും, റെവന്യൂ വകുപ്പും ഇല്ലേ? 

എന്റെ ഗ്രാമത്തിലെ ഓരോ കർഷകനും കൃഷി ചെയ്യുന്നത് പട്ടയവും, മുന്നാധാരവും, പിന്നാധാരവും തുടങ്ങി എല്ലാ രേഖകളുമുള്ള, വർഷാവർഷം കരമടയ്ക്കുന്ന മണ്ണിലാണ്. കയ്യേറ്റങ്ങൾ നടക്കുന്നുണ്ടെങ്കിൽ അതിനു പിന്നിൽ പാവം കർഷകരല്ല, മറിച്ച് രാഷ്ട്രീയ, ഭരണ സ്വാധീനമുള്ള വൻ മാഫിയകൾ ആണ്. അതിനെതിരെ പ്രതികരിക്കാൻ ഇവിടെ ഒരാൾക്കും നാവുയരില്ല. കാരണം എല്ലാവർക്കും സ്വന്തം ജീവനാണ് വലുത്. 

ഒരു ദിവസത്തെ ഔട്ടിങ്ങിനായി നിങ്ങൾ ഗ്രാമങ്ങളിലേക്കു വരുമ്പോൾ, കൺകുളിർക്കെ ഹരിതാഭ കാണുമ്പോൾ അത്ഭുതപ്പെടാറില്ലേ, ‘Wow what a wonderful scenery!’ എന്ന്.

അതിനു സാധിക്കുന്നത് കർഷകന്റെ വിയർപ്പ് ആ മണ്ണിൽ വീണിട്ടുള്ളതുകൊണ്ടാണ്. ഞങ്ങൾ മരങ്ങൾ പിഴുതെറിഞ്ഞു ഫ്ലാറ്റുകളും വില്ലകളും പണിയാത്തതു കൊണ്ടാണ്. ഒരു ദിവസത്തെ ഔട്ടിങ്ങിൽ നിങ്ങൾ കാണുന്ന അത്ര സുഖകരമല്ല ഇവിടുത്തെ ജീവിതം.

ഇനി വന്യജീവികളിലേക്ക് വരാം..

പ്രിയ കോഹ്ലി, രോഹിത് നിങ്ങൾ രാജ്യതലസ്ഥാനങ്ങളിൽനിന്ന് രാജ്യതലസ്ഥാനങ്ങളിലേക്ക്, വൻ നഗരങ്ങളിൽനിന്ന് വൻ നഗരങ്ങിലേക്ക് പറന്നിറങ്ങുമ്പോൾ, പരിശീലനത്തിന്റെ ഇടവേളകൾ ആസ്വാദ്യകരമാക്കാൻ സന്ദർശിക്കുന്ന മൃഗശാലയിലെ കഴുത്തിലെ നെയിംസ്ലിപ്പിൽ ശാസ്ത്രനാമങ്ങൾ എഴുതിത്തൂക്കിയ മൃഗങ്ങൾ അല്ല യഥാർഥ വന്യമൃഗങ്ങൾ. ഇനി നിങ്ങൾ ഒരു യഥാർഥ മൃഗസ്നേഹിയാണെങ്കിൽ കൂട്ടിലടയ്ക്കപ്പെട്ട അവയുടെ സ്വാതന്ത്ര്യത്തിനു വേണ്ടി കണ്ണീരൊഴുക്കൂ... പ്രതികരിക്കൂ...

മൃഗങ്ങളുടെ കൺകണ്ട ദൈവമായി സ്വയം അവരോധിച്ചിരിക്കുന്ന മാഡം ഡൽഹിയിലെ ഫ്ലാറ്റിൽനിന്നും ഇറങ്ങി സ്വന്തം മണ്ഡലമായ സുൽത്താൻപുരിലെ ഗ്രാമങ്ങളിലേക്കെങ്കിലും ചെല്ലൂ. അപ്പോൾ നിങ്ങൾക്ക് കാണാം കുരങ്ങുകൾ എങ്ങനെ കർഷകർക്ക് ശല്യമായി മാറുന്നുവെന്ന്.

പ്രിയ സിനിമ, കായിക താരങ്ങളെ, കീടനാശിനികളുടെ പരസ്യങ്ങളിൽ വെളുക്കെ ചിരിച്ച് അഭിനയിക്കുന്നത് നിങ്ങളല്ലേ? കൃഷിസ്ഥലങ്ങളിൽ കീടനാശിനികൾ തളിക്കുമ്പോൾ എന്തേ നിങ്ങൾ പ്രതികരിക്കുന്നില്ല? കീടങ്ങൾക്ക് ഗർഭം ഉണ്ടോയെന്നു പരിശോധിച്ചിട്ടാണോ അവയെ കൊല്ലുന്നത്? നിങ്ങൾ പറയുന്ന ഈ അവകാശം കീടങ്ങൾക്കുമില്ലേ? 

നിങ്ങൾ പുസ്തകങ്ങളിൽ വായിച്ചിട്ടുള്ള തല കുനിച്ചു നടക്കുന്ന പന്നികൾ അല്ല ഞങ്ങൾ നേരിടുന്ന കാട്ടുപന്നികൾ. കൂട്ടമായി ഇറങ്ങി ചേനയും ചേമ്പും കാച്ചിലും കപ്പയും കുത്തി നശിപ്പിക്കുന്ന, റബർ മരത്തിന്റെ തൊലി ഉരിയുന്ന, റബർ തൈകൾ ഒടിച്ചു കളയുന്ന, തേങ്ങാ പൊട്ടിച്ചു തിന്നുന്ന, രണ്ടു, മൂന്നു മീറ്റർ ഉയരത്തിലുള്ള ചക്ക തേറ്റ കൊണ്ടു കുത്തിച്ചാടിക്കുന്ന, വാഴയും പച്ചക്കറികളും നശിപ്പിക്കുന്ന കാട്ടുപന്നികൾ, കാട്ടാനകൾ... അവയെ സ്നേഹിക്കാൻ ഞങ്ങൾക്കാവില്ല... കാരണം മേൽപ്പറഞ്ഞതൊക്കെ ഞങ്ങളുടെ മാതാപിതാക്കളുടെ, പൂർവികരുടെ വിയർപ്പിന്റെ ഫലങ്ങളാണ്.

pig

വീടിന്റെ മേൽക്കൂര തകർന്നു കേഴ വീടിനുള്ളിലേക്ക് ചാടുമ്പോഴുള്ള അവസ്ഥ നേരിട്ട് കണ്ടനുഭവിച്ചവരാണ് ഞങ്ങൾ. പുല്ലരിയാൻ പോകുന്ന സ്ത്രീക്കു മുന്നിൽ രാജവെമ്പാല വരുമ്പോഴുള്ള അവസ്ഥ അനുഭവിച്ചവരാണ് ഞങ്ങൾ. ഇരുചക്ര വാഹനത്തിനു മുന്നിലൂടെ കുറുക്കൻ ലക്ഷ്യമില്ലാതോടുന്നത് കാണുന്നവരാണ് ഞങ്ങൾ. കാട്ടുപന്നികൂട്ടങ്ങൾ വീട്ടുമുറ്റത്തു നട്ട ചെടികൾ വരെ നശിപ്പിക്കുന്നതു നേരിട്ട് കാണുന്നവരാണ് ഞങ്ങൾ. എന്റെ ഗ്രാമത്തിൽ റബർ ടാപ്പിങ്ങിനിറങ്ങുന്നവരോടു ചോദിച്ചാലറിയാം എത്രയോ തവണ വന്യമൃഗങ്ങളെ മുഖാഭിമുഖം കണ്ടുവെന്ന്. ഇതൊന്നും വനത്തിലല്ല കേട്ടോ. ഞങ്ങൾ കരമടയ്ക്കുന്ന, കൃഷിഭൂമിയെന്നു സർക്കാർ രേഖകളിലുള്ള ഞങ്ങളുടെ നാട്ടിലാണ്.

പ്രിയ മേനക ഗാന്ധി, നിങ്ങൾ ഒരു ലോക്സഭാംഗമല്ലേ? നിങ്ങൾ കൂടി അംഗമായ സഭയല്ലേ നിയമങ്ങൾ നിർമിക്കുന്നത്. നിങ്ങളുടെ മൃഗസ്നേഹവും പ്രകൃതി സ്നേഹവും യഥാർഥമാണെങ്കിൽ നിയമനിർമാണത്തിലൂടെ വൻകിട മാഫിയകളുടെ അനധികൃത കയ്യേറ്റങ്ങൾ ഒഴിപ്പിക്കൂ, ക്വാറികൾ അടപ്പിക്കൂ, നീർത്തടങ്ങൾ നികത്തിയുള്ള റോഡ് നിർമാണവും കെട്ടിട നിർമാണവും അവസാനിപ്പിക്കൂ... അതിനൊന്നും മുതിരാതെ പ്രതികരണശേഷി നഷ്ടപ്പെട്ട കർഷകന്റെ നെഞ്ചത്തു കയറി താണ്ഡവമാടി ഞാൻ ഇവിടെയൊക്കെയുണ്ടെന്ന് മാലോകരെ അറിയിക്കാൻ ശ്രമിക്കാതിരിക്കുക.

ഞങ്ങൾ ഞങ്ങളുടെ മണ്ണിൽ കൃഷി ചെയ്യുന്ന വിളകൾ സംരക്ഷിക്കാൻ ഞങ്ങൾക്ക് അവകാശമില്ലേ? ഉണ്ട്... എന്നു തന്നെയാണ് ഉത്തരം. ആനയ്ക്ക് ആനയുടെ കുട്ടി എന്നതുപോലെതന്നെ ഞങ്ങൾക്ക് ഞങ്ങളുടെ മക്കളും പ്രധാനപ്പെട്ടതാണ്. അവരെ വന്യമൃഗങ്ങളിൽനിന്ന് സംരക്ഷിക്കുകയെന്നത് ഞങ്ങളുടെ ബാധ്യതയാണ്. ഇതൊക്കെ മനസിലാകണമെങ്കിൽ ‘മനുഷ്യനായി ജനിക്കണം.’

അതുകൊണ്ടു നിലനിൽപ്പിനായുള്ള പോരാട്ടം മലയോരകർഷകൻ ഇനിയും തുടരുകതന്നെ ചെയ്യും. വർഷങ്ങളുടെ അധ്വാനം കൊണ്ടുണ്ടാക്കിയതെല്ലാം വന്യമൃഗങ്ങൾ ചവിട്ടിമെതിച്ചു കടന്നു പോകുമ്പോൾ നോക്കി നിൽക്കാൻ, പ്രതിരോധം തീർക്കാതിരിക്കാൻ ഞങ്ങൾക്കാവില്ല.

(വർഗ്ഗീയതയെ എന്റെ മണ്ണിൽ വിതയ്ക്കാൻ ശ്രമിക്കുന്നവരുടെ അറിവിലേക്കായി ഒരു കാര്യം കൂടി. ഞങ്ങൾ കർഷകർക്ക് ഹിന്ദുവെന്നോ, ക്രിസ്ത്യനെന്നോ, മുസ്ലീമെന്നോ വ്യത്യാസമില്ല. ആയതിനാൽ വർഗീയ പരിപ്പ് ഞങ്ങളുടെ മണ്ണിൽ വിളയില്ല, ഞങ്ങൾ അത് വിതയ്ക്കില്ല, അത് വേവുകയുമില്ല. കളകൾക്കൊപ്പം കൂട്ടി ഞങ്ങൾ അതിനെ അഗ്നിക്കിരയാക്കും.)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com