ADVERTISEMENT

ജോയി ചേട്ടന്റെ വീട്ടിൽ കിടാരിയെ ഇൻസെമിനേറ്റ് ചെയ്യാനെത്തിയതായിരുന്നു ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ അൻവർ. കലി തുള്ളി മുരളുന്ന നായയുടെ കാലിലെ വലിയൊരു തേങ്ങ പോലൊരു സാധനം കണ്ട് അൻവർ ആദ്യമൊന്ന് അമ്പരന്നു.

അമ്പരപ്പു മാറിയപ്പോൾ ഫോട്ടോ എടുത്ത് അയച്ചു തന്നു. പുറകെ തന്നെ എത്തി ജോയി ചേട്ടന്റെ ഫോൺ വിളി. ഇവനെ യാത്ര ചെയ്യിക്കാൻ അത്ര ധൈര്യം ജോയി ചേട്ടനില്ലാത്തതിനാൽ ഞാൻ അദ്ദേഹത്തിന്റെ വീട്ടിലെത്തി. പൊളി സാധനം, പൊളി സാനം എന്നൊക്കെ പിള്ളേര് പറയുന്നതെന്താണന്ന് അറിയണമെങ്കിൽ റോക്കിയെ കാണണം. കണ്ടാലേ അറിയാം അവന്റെ ശൗര്യം. 101 % കടി ഉറപ്പ്. സർജറി തീരുമാനിക്കുന്നതിനു മുന്നെ ഒന്നു തൊട്ട് പരിശോധിക്കണം. റിസ്ക്കില്ലാത്ത ജോലിയാണന്ന് ചില അഭിപ്രായങ്ങൾ ഇടയ്ക്ക് കേൾക്കാറുണ്ടെങ്കിലും ഒന്നുതൊട്ട് പരിശോധിക്കാൻ പോയിട്ട് ആ ഏരിയയിലേക്ക് അടുക്കാൻ പോലും പറ്റാത്ത അവസ്ഥ. അനസ്തേഷ്യ കൊടുത്താൽ മാത്രമേ അവനെ തൊടാൻ പറ്റൂ എന്നു മനസിലാക്കിയ ഞാൻ ആ ശ്രമം തൽക്കാലത്തേക്കു വേണ്ടെന്നുവച്ചു.

ഈ ഓപ്പറേഷൻ ഒക്കെ നടത്തിയാൽ നായയ്ക്ക് എന്തെങ്കിലും പറ്റിപ്പോകുമോ? അനസ്തേഷ്യ പ്രശ്നമാകമോ? ഇത് ചെയ്യണമെങ്കിൽ എവിടെ വരെ പോകണം? ഇതൊക്കെയാണ് ജോയി ചേട്ടന്റെ പേടികൾ. ഇപ്പോ റോക്കിക്ക് നടക്കാനും ഓടാനുമൊന്നും മേലാണ്ടായിരിക്കുന്നു. മോളുടെ പൂത്തോട്ടയിലുള്ള കൂട്ടുകാരിയുടെ വീട്ടിൽ പോയി കൊണ്ടുവന്നതാണ് 4 വർഷം മുന്നെ. കടിയനാണെങ്കിലും റോക്കിക്ക് ഭയങ്കര സ്നേഹമാണ് ജോയി ചേട്ടനോടും ചേച്ചിയോടും. വീട്ടിൽ എല്ലാവരും തന്നെ ഒന്നു രണ്ട് റൗണ്ട് പേവിഷബാധ പോസ്റ്റ് ബൈറ്റ് കുത്തിവയ്പുകൾ എടുത്തിട്ടുള്ളതൊന്നും ഒരു വിഷയമേയല്ല. റോക്കിയുടെ അടുത്ത കടി എനിക്കായിരിക്കും. കടി കൊള്ളാൻ ഞാനും മനസുകൊണ്ട് തയാറെടുത്തു.

കാര്യങ്ങൾ വിശദമായി പറഞ്ഞ് കഴിഞ്ഞപ്പോൾ ജോയി ചേട്ടന്റെ പേടിയൊക്കെ പമ്പ കടന്നു. അദ്ദേഹം എന്തിനും റെഡിയായി.

ഞങ്ങളുടെ ഏറ്റവും അടുത്ത് ഓപ്പറേഷൻ തിയറ്റർ ഉള്ളത് മൃഗസംരക്ഷണ വകുപ്പിന്റെ മൂവാറ്റുപുഴ വെറ്ററിനറി പോളിക്ലിനിക്കിലാണ്. സീനിയർ വെറ്ററിനറി സർജൻ ഡോ. പി.എസ്. ഷമീം അബൂബക്കരർ സാറിനെ വിളിച്ചപ്പോൾ അനുമതി മാത്രമല്ല ഇച്ചിരി മോട്ടിവേഷനും കൂടി കിട്ടി. അങ്ങനെ ആ കുടക്കീഴിൽ ഡോ. കൃഷ്ണദാസും ഞാനും കൂടി സർജറി പ്ലാൻ ചെയ്തു. പശുക്കളിൽ ഇങ്ങനത്തെ സർജറികൾ ഒക്കെ ചെയ്തിട്ടുണ്ടെങ്കിലും നായയിൽ ഇതാദ്യമാണ് ഞങ്ങൾ ചെയ്യാൻ തയാറെടുക്കുന്നത്.

rocky-1
സർജറിക്കു ശേഷം

പല പഞ്ചായത്തുകളിൽ ജോലി ചെയ്യുന്നവരായതുകൊണ്ട് ഒരവധി ദിവസത്തിനായി ഞങ്ങൾ കാത്തിരുന്നു. അങ്ങനെ കഴിഞ്ഞ ശനിയാഴ്ച്ച സർജറി ഫിക്സ് ചെയ്തു. അപ്പോഴേക്കും ഡോ. രാജേഷും എമർജൻസി വെറ്റ് ഡോ. ക്ലിന്റ് സണ്ണിയും ഇന്റേണി ഡോ. അമലും എത്തിച്ചേർന്നു. സാധാരണ ഫീൽഡിൽ രോഗിയെ പ്രിപ്പയർ ചെയ്യുന്നതു മുതൽ അവസാനം ബാൻഡേജ് ചെയ്യുന്നത് വരെ പണിയെടുക്കുക ഒരു തലച്ചോറും രണ്ടു കൈകളും മാത്രമായിരിക്കും. മൂവാറ്റുപുഴയിൽ തന്നെയുള്ള ഇത്രയും ഡോക്ടർമാർ വെറ്ററിനറി പോളിക്ലിനിക്കിൽ ഒരുമിച്ച് ചേർന്നപ്പോൾ കാര്യങ്ങൾ കുറച്ച് കൂടി കളറായി.

2 കിലോ തൂക്കമുള്ള മുഴ പോയപ്പോൾ റോക്കി വീണ്ടും മിടുക്കനായി. മയക്കലും മുഴ എടുത്തു കളഞ്ഞതുമൊന്നും അത്ര പിടിച്ചിട്ടില്ല എന്ന് പ്രഖ്യാപിച്ചുകൊണ്ട് പിന്നേം ജോയിച്ചേട്ടന്റെ കൈ കടിച്ച് റൊട്ടിയാക്കി. പാവം ജോയ് ചേട്ടൻ പിന്നേം പിന്നേം അവനെ സ്നേഹിച്ചുകൊണ്ട് എറണാകുളം ജനറൽ ആശുപത്രിയിലും കടയിരുപ്പ് ആശുപത്രിയിലും ആയി പോസ്റ്റ്ബൈറ്റ് വാക്സിനേഷൻ എടുത്തു നടക്കുമ്പോൾ റോക്കി വീട്ടിൽ കൂൾ കൂൾ...

English summary: Tumors of the Skin in Dogs

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com