മുട്ടയിടുമോ കേരളം? മുട്ടയ്ക്കു ഡിമാൻഡ് കൂടുമ്പോഴും നേട്ടം ലഭിക്കാതെ കർഷകർ

HIGHLIGHTS
  • മുട്ടയുൽപാദനത്തിൽ സ്വയംപര്യാപ്തതാശ്രമം കൊള്ളാം
  • കേരളത്തിലെ വാർഷിക മുട്ടയുൽപാദനം ശരാശരി 216
hen
SHARE

തകൃതിയായി നടക്കുന്നുണ്ട് കോഴിയും കൂടും വിതരണം. ആണ്ടിൽ മുന്നൂറിനു മുകളിൽ മുട്ടയിടുന്ന കോഴി യിനവും ഹൈടെക് കമ്പിവലക്കൂടും ചേരുന്ന, പതിനായിരങ്ങൾ വില വരുന്ന, യൂണിറ്റുകൾ വിതരണം ചെയ്ത് മുട്ടവിപ്ലവത്തിനുള്ള ഊർജിതശ്രമത്തിലാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സഹകരണബാങ്കുകളുമെല്ലാം. മുട്ട വോട്ടാകുമെന്ന വിശ്വാസത്തിൽ ജനപ്രതിനിധികളും സഹകാരികളെ സന്തോഷിപ്പിക്കാൻ സഹകരണബാങ്കുകളും മത്സരിക്കുന്ന കാഴ്ച. ഇത്രയൊക്കെ ഉത്സാഹിച്ചിട്ടും മുട്ടയുൽപാദനത്തിൽ മുന്നേറാൻ കഴിയാത്തത് എന്തുകൊണ്ട്? പദ്ധതികളിലാണ് നമുക്കു കമ്പം, പ്രയോജനത്തിലല്ല, അതുതന്നെ കാര്യം. 

ഇന്ത്യയിലെ വാർഷിക മുട്ടയുൽപാദനം ഇപ്പോൾ ഏകദേശം 9520 കോടിയാണ്. ആകെ ഉൽപാദനത്തിന്റെ 18.7 ശതമാനം വിഹിതം നൽകി മുട്ടയുൽപാദനത്തിൽ മുന്നിൽ നിൽക്കുന്നത് ആന്ധ്രപ്രദേശ്. 18.3 ശതമാനവുമായി രണ്ടാം സ്ഥാനത്ത് തമിഴ്നാട്. 10–ാം സ്ഥാനത്തേയുള്ളൂ കേരളം. രാജ്യത്തെ ആകെ മുട്ടയുൽപാദനത്തിന്റെ 2.5 ശതമാനം മാത്രമാണു നമ്മുടെ സംഭാവന. 

സംസ്ഥാന ആസൂത്രണവകുപ്പ് പുറത്തിറക്കിയ പുതിയ സാമ്പത്തിക അവലോകന റിപ്പോർട്ട് പ്രകാരം കേരളത്തിലെ മുട്ടയുൽപാദനത്തിന്റെ സമീപകാല കണക്ക് ഇങ്ങനെ: 2014–15ൽ 250 കോടി മുട്ട, 2015–16ൽ 244 കോടി, 2016–17ൽ 234 കോടി, 2017–18ൽ നേരിയ വർധനയോടെ 234.8 കോടി. ഈ കണക്കു കൾ പറയും നമ്മുടെ മുട്ടക്കോഴി വിതരണത്തിന്റെ നിഷ്ഫലത. രാജ്യത്തെ ആകെ മുട്ടക്കോഴികളുടെ 3.3 ശതമാനം മാത്രമാണ് കേരളത്തിലെ കോഴിസംഖ്യ. തമിഴ്നാട്, ആന്ധ്ര എന്നിവിടങ്ങളിൽനിന്നു ദിവസവും ലക്ഷക്കണക്കിനു മുട്ടയെത്തുന്നതുകൊണ്ടു മാത്രം പോഷകാഹാരക്കുറവില്ലാതെ ഒരുവിധം പിടിച്ചു നിൽ ക്കുകയാണ് മലയാളികൾ.

നമ്മുടെ കോഴികളുടെ വാർഷിക മുട്ടയുൽപാദന ശരാശരി നോക്കിയാൽ അവരത്ര മോശമല്ലെന്നു മനസിലാവും. ദേശീയതലത്തിൽ വാർഷിക മുട്ടയുൽപാദനം ശരാശരി 225. കേരളത്തിൽ 216. കേരളത്തിലെ മുട്ടക്കോഴികളിൽ 74 ശതമാനവും ഉയർന്ന ഉൽപാദനശേഷിയുള്ള സങ്കരയിനങ്ങൾതന്നെ. ബാക്കി ദേശിയും.  കേരളം മുട്ടക്കോഴിവളർത്തലിന് അനുകൂലമെന്നു സാരം. മുട്ടയ്ക്കും മാംസത്തിനും യോജിച്ച ബിവി 380, ഗ്രാമലക്ഷ്മി, ഗ്രാമശ്രീ തുടങ്ങിയ സങ്കരയിനങ്ങള്‍ക്ക് നല്ല ഉല്‍പാദനവുമുണ്ട്. 

വെല്ലുവിളികൾ

തൊഴിൽതേടി ഗൾഫിൽപോക്കും നഗരവൽക്കരണവും കൃഷിക്കു പ്രതികൂലമായപ്പോൾ ഗ്രാമങ്ങളിലെ മു ട്ടക്കോഴിവളർത്തലും ചുരുങ്ങി. അങ്ങനെ തൊണ്ണൂറുകളിലാണ് മുട്ടയ്ക്കും ഇറച്ചിക്കും നമ്മള്‍ അയൽനാടുകളെ ആശ്രയിച്ചു തുടങ്ങിയത്. താമസിയാതെ അയൽനാടന്‍ കുത്തകകളുടെ കൈകളിലായി  മുട്ടവിപണി. ജനകീയാസൂത്രണപദ്ധതി മുതൽ തുടങ്ങുന്നു നമ്മുടെ നാട്ടിലെ ഊർജിത കോഴിവിതരണത്തിന്റെ ചരിത്രം. എന്നാല്‍ മുട്ടക്കോഴികളുടെ എണ്ണം വർഷംതോറും കുറയുന്നതല്ലാതെ കൂടുന്നില്ല. 

മുട്ടയുൽപാദനത്തിൽ സ്വയംപര്യാപ്തതാശ്രമം കൊള്ളാം. അതു സാധ്യവുമാണ്. എന്നാലതിന് കോഴി–കൂട് വിതരണം മാത്രം പോരാ. 3–4 രൂപയ്ക്കു മുട്ടയെത്തിക്കാൻ തമിഴ്നാട്ടിലെയും ആന്ധ്രയിലെയും വൻകിട വ്യാപാരികളുള്ളപ്പോൾ ഇവിടെ വിപണിയിൽനിന്നു സമീകൃതാഹാരം വലിയ വിലയ്ക്കു വാങ്ങി നൽകി  കോഴിയെ വളർത്തിയാൽ മുതലാവുമോ? എന്നാല്‍ വ്യാവസായികാടിസ്ഥാനത്തിലുള്ള മുട്ടയുൽപാദ നത്തിനായി ഉരുത്തിരിച്ചെടുത്ത കോഴികളെ വീടുകളിൽ സാധാരണപോലെ വളർത്തിയാലും  ലാഭം വരി ല്ലെന്നുറപ്പ്.  

ലക്ഷക്കണക്കിനു കോഴികളെ ഒന്നിച്ചു വളർത്തുന്നതുകൊണ്ടാണ് അയൽനാടുകളിലെ സംരംഭങ്ങള്‍  ലാഭ കരമാകുന്നത്. എന്നാല്‍ ഈ രീതി കേരളത്തിൽ ക്ലച്ച് പിടിക്കുമെന്നു കരുതുക വയ്യ. ഉയർന്ന ജനസാന്ദ്ര ത, ഈർപ്പം കൂടിയ കാലാവസ്ഥ എന്നിവയ്ക്കൊപ്പം കൂടിയ കൂലിച്ചെലവ്, അയൽസംസ്ഥാനങ്ങളിൽ നിന്നു കുറഞ്ഞ വിലയ്ക്കു മുട്ടലഭ്യത തുടങ്ങി പ്രതികൂല ഘടകങ്ങൾ ഏറെ. 

അടുക്കളമുറ്റത്തെ വളർത്തൽ 

അടുക്കളമുറ്റത്തെ കോഴിവളർത്തൽ തന്നെ നമുക്കു യോജിച്ചത്. അടുക്കളയിലെ അവശിഷ്ടങ്ങളും ചുറ്റു വട്ടത്തു കിട്ടുന്ന ആഹാരവും നല്‍കി തീറ്റച്ചെലവു കുറഞ്ഞ പരിപാലനരീതിയാണ് പ്രായോഗികം.  ഇവയ്ക്കു വായുവും വെളിച്ചവും കയറുന്നതും ശത്രുക്കളിൽനിന്ന് രക്ഷ ലഭിക്കുന്നതുമായ കൂടു മതി. നഗരങ്ങളിൽ ഗാർഹികാവശ്യത്തിനു വളർത്തുമ്പോൾ കമ്പിയഴിക്കൂടുകളും. 

കോഴിക്കൂടുവിതരണത്തിന് ഉത്സാഹിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സഹകരണ ബാങ്കുക ളുമെല്ലാം  ചെലവു കുറഞ്ഞ വളർത്തൽ പ്രോത്സാഹിപ്പിക്കുക, മുട്ട സംഭരിച്ച് മുഖ്യധാരാ വിപണിയിലെത്തിക്കാന്‍ സംവിധാനമുണ്ടാക്കുക എന്നിവയിലും ശ്രദ്ധയൂന്നണം. ചില മൃഗാശുപത്രികളും കുടുംബശ്രീ യൂണിറ്റുകളും ശ്രമിക്കുന്നുണ്ട്.  പക്ഷേ,  അതിനു ജില്ല, സംസ്ഥാന തലങ്ങളില്‍  സംഘടിത സ്വഭാവം കൈവരണം.  

  റബർത്തോട്ടത്തിൽ കോഴികളെ തുറന്നുവിട്ടു വളർത്തുന്ന ഫ്രീ റെയ്ഞ്ച് രീതിക്കും നല്ല സാധ്യതയുണ്ട്.  റബർ കര്‍ഷകര്‍ക്ക് അധികവരുമാനത്തിനുള്ള മാർഗം കൂടിയാകും അത്. കോഴിക്കാഷ്ഠം മണ്ണിനെ ഫല ഭൂയിഷ്ഠമാക്കുമെന്നതും കളശല്യം ഒഴിവാകുമെന്നതും അനുബന്ധ നേട്ടം. ഇതുകാരണം മരം ടാപ്പിങ്ങിനുള്ള വളർച്ച നേരത്തേ നേടുമെന്നും പാലുൽപാദനം വർധിക്കുമെന്നും നിരീക്ഷണമുണ്ട്. പ്രതിരോധ ശേഷി കൂടിയ കോഴിയിനങ്ങളാണ് ഇങ്ങനെ വളർത്താൻ യോജ്യം. 

ഒറ്റപ്പെട്ട മുട്ട ഉല്‍പാദകർക്കു ശാസ്ത്രീയ പരിപാലനത്തിലൂടെ ഉൽപാദനം വർധിപ്പിക്കാനും സംഘടിതമായി വിപണിയില്‍ പ്രവേശിക്കാനും കഴിഞ്ഞാൽ അതു സ്വയംപര്യാപ്തതയ്ക്കും വഴിയൊരുക്കും.  വെറ്ററിനറി സർവകലാശാലയും  മൃഗസംരക്ഷണവകുപ്പും പൗൾട്രി വികസന കോർപറേഷനുമെല്ലാം ശ്രദ്ധിക്കേണ്ടത് ഈ വഴിക്കാണ്. 

English summary: Importance of Backyard poultry Farming

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA