ADVERTISEMENT

തന്റെ അധ്വാനത്തിന്റെ ഫലം സാമൂഹ്യവിരുദ്ധർ കൊള്ളയടിച്ചപ്പോൾ നിറകണ്ണുകളോടെ നോക്കി നിൽക്കാൻ മാത്രമേ കണ്ണമാലി സ്വദേശി മൈക്കിളിനു കഴിഞ്ഞുള്ളൂ. വളമംഗലം കളിത്തറയിലെ അദ്ദേഹം വളർത്തിവന്നിരുന്ന മത്സ്യങ്ങളെയാണ് നൂറുകണക്കിന് ആളുകൾ വന്ന് പിടിച്ചുകൊണ്ടുപോയത്. ഇനിയെന്ത് എന്ന വിഷമത്തിൽ ബുദ്ധിമുട്ടിയിരുന്ന അദ്ദേഹത്തെ കാണാനും തങ്ങൾ സ്വരൂപിച്ച തുക കൈമാറാനും ഒരു പറ്റം കർഷകരെത്തി. ബയോഫ്ലോക് ഇന്നൊവേറ്റീവ് ഗ്രൂപ്പ്, ബ്ലൂ റെവലൂഷൻ എന്നീ വാട്സാപ് കൂട്ടായ്മകളിലെ അംഗങ്ങളാണ് തങ്ങളാൽ കഴിയുന്ന സഹായം നൽകാനും ആശ്വാസമേകാനും മൈക്കിളിനെ തേടി വളമംഗലം കളിത്തറയിലെ അദ്ദേഹത്തിന്റെ കൃഷിയിടത്തിലെത്തിയത്. ഒപ്പം കൂട്ടായ്മയിലെ അംഗങ്ങൾ സ്വരൂപിച്ച 85,000 രൂപയുടെ ചെക്ക് മൈക്കിളിന് കൈമാറുകയും ചെയ്തു. 

13 വർഷംമുമ്പുണ്ടായ ബൈക്ക് അപകടമാണ് മൈക്കിളിന്റെ ജീവിതം മാറ്റിമറിച്ചത്. അപകടത്തേത്തുടർന്ന് വലതുകൈയുടെ സ്വാധീനം നഷ്ടപ്പെട്ടു. അപടകത്തിൽ പരിക്കേറ്റതിനു ലഭിച്ച ഇൻഷുറൻസ് തുകയായ 7.5 ലക്ഷം രൂപ ഉപയോഗിച്ചായിരുന്നു മത്സ്യക്കൃഷി തുടങ്ങിയത്. തൊഴിലാളികളെ വയ്ക്കാനുള്ള പണമില്ലാത്തതിനാൽ കൃഷിയിടത്തിലെ മുഴുവൻ പണിയും ചെയ്തിരുന്നത് ഒറ്റയ്ക്കായിരുന്നു. മത്സ്യങ്ങളെ ഇറക്കിയ ജലാശയത്തിനു സമീപം ചെറിയൊരു കൂര കെട്ടിയായിരുന്നു താമസം. ഇത്രയേറെ ബുദ്ധിമുട്ട് സഹിച്ച് വളർത്തിക്കൊണ്ടുവന്ന മത്സ്യങ്ങളാണ് കൊള്ള ചെയ്യപ്പെട്ടത്.

fish-farming-1

മേയ് 20നാണ് മൈക്കിളിന്റെ കൃഷിയിടത്തിൽ അതിക്രമമുണ്ടായത്. ഇക്കാര്യങ്ങൾ പത്ര–ദൃശ്യമാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും പ്രചരിച്ചതോടെയാണ് രണ്ട് വാട്സാപ് ഗ്രൂപ്പുകളും മൈക്കിളിന്റെ കഥ അറിയുന്നത്. അതിനുശേഷം ഗ്രൂപ്പിലെ അംഗമായ മനു സ്ഥലത്തെത്തി സംഭവത്തിന്റെ സത്യാവസ്ഥ തിരിച്ചറിഞ്ഞ് മൈക്കളിന് എന്തെങ്കിലും സഹായം ചെയ്തു നൽകണമെന്ന് അഭ്യർഥിച്ചു. അങ്ങനെയാണ് മൈക്കിളിനെ സഹായിക്കണം എന്ന ചിന്ത്ര ഗ്രൂപ്പുകളിൽ ചർച്ചയായതും അംഗങ്ങൾ തങ്ങളാൽ കഴിയുന്ന തുക ഗ്രൂപ്പ് അഡ്മിൻമാർക്ക് കൈമാറുകയും ചെയ്തതെന്ന് ബയോഫ്ലോക്ക് ഇന്നൊവേറ്റീവ് ഗ്രൂപ്പ് അഡ്മിന്മാരിലൊരാളായ ടിനു അലക്സാണ്ടർ ജോൺ പറഞ്ഞു. ബ്ലൂ റെവലൂഷൻ ഗ്രൂപ്പിന്റെ അഡ്മിന്മാരായ അൻഷാദ്, അൻവിൻ, ഉബൈദ് തുടങ്ങിയവരും ഇതിനു പിന്തുണ നൽകി.

മത്സ്യക്കൃഷിയുടെ പേരിൽ തട്ടിപ്പുകൾ ഇന്ന് കൂടുതലാണ്. തട്ടിപ്പുകൾക്കിരയായവർ രൂപീകരിച്ചതാണ് ബയോഫ്ലോക്ക് ഇന്നൊവേറ്റീവ് ഗ്രൂപ്പ് എന്ന് സാബു കല്ലുങ്കൻ പറയുന്നു. ആയിരങ്ങൾ ഫീസ് വാങ്ങി ബയോഫ്ലോക് മത്സ്യക്കൃഷി പഠിപ്പിക്കുന്ന ഏജൻസികൾ അവരുടെ ഉൽപന്നങ്ങൾ കർഷകർക്കു വിൽക്കുന്നതിന് കൂടുതൽ പ്രാധാന്യം നൽകുന്നു. എന്നാൽ, മത്സ്യങ്ങൾക്ക് എന്തെങ്കിലും അസുഖങ്ങളോ മറ്റോ വന്നാൽ അതിനുള്ള സഹായം ചെയ്തുതരാൻ കൂട്ടാക്കുന്നില്ല. അങ്ങനെ വഞ്ചിതരായവർ ഒന്നിച്ചുചേർന്ന് ഈ ഗ്രൂപ്പിലൂടെ തങ്ങളുടെ അറിവുകളും അനുഭവങ്ങളും പങ്കുവച്ച് മത്സ്യക്കൃഷിയുമായി മുന്നോട്ടുപോകുന്നുവെന്നും അദ്ദേഹം പറയുന്നു.

കാർഷികമേഖലയിലെ തട്ടിപ്പുകളെ ചോദ്യം ചെയ്യുകയാണ് ബ്ലൂ റെവലൂഷന്റെയും പ്രവർത്തന ലക്ഷ്യം. നൂതന കൃഷിരീതി ആവിഷ്കരിക്കുമ്പോൾ അതിന്റെ സാധ്യതകൾ പഠിച്ച് കർഷകർക്ക് ഉപകാരപ്പെടുന്നതാണോ അല്ലയോ എന്ന് ഈ ഗ്രൂപ്പ് വിലയിരുത്തുന്നുവെന്ന് ബ്ലൂ റെവലൂഷന്റെ അഡ്മിന്മാരിലൊരാളായ ഉബൈദ്. ഏതാനും നാളുകൾക്ക് മുൻപ് വന്ന പെൻപാക്ക് എന്ന മത്സ്യക്കൃഷിരീതി പരാജയമാണെന്ന് സ്ഥാപിച്ച ഗ്രൂപ്പാണ് ബ്ലൂ റെവലൂഷൻ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com