കാട്ടുപന്നി കണക്കറ്റു പെരുകുന്നത് മനുഷ്യനു മാത്രമല്ല ഭീഷണിയാവുന്നത്; സ്റ്റാൻലി ജോർജ് പറയുന്നു

HIGHLIGHTS
  • കാട്ടുപന്നി വനത്തില്‍നിന്ന് നാട്ടിലേക്കിറങ്ങി വരുന്നതുമാത്രമല്ല
  • ഭക്ഷ്യോല്‍പ്പാദനം പാവനമായ ഒരു കര്‍മ്മമാണ്
wild-boar-1
SHARE

ഭക്ഷ്യ സുരക്ഷ, കൃഷി, പരിസ്ഥിതി... ഇക്കാര്യങ്ങളില്‍ സമഗ്രമായ ഒരു വീക്ഷണവും പ്ലാനിങ്ങും പ്രായോഗികമായ ഒരു ഇടപെടലും അടിയന്തിരമായി വേണ്ടിയിരിക്കുന്നു.

പാരിസ്ഥിതി വിഷയങ്ങളില്‍ വേണ്ടത്ര പരിജ്ഞാനമില്ലാത്തതു കൊണ്ടും പ്രായോഗികമായ അനുഭവ സമ്പത്തില്ലാത്തതു കൊണ്ടും നിയമങ്ങളും അഭിപ്രായങ്ങളും ഉപരിപ്ലവമായി ചിലര്‍ രൂപീകരിക്കുന്നത് വലിയ അപകടത്തിലേക്കാണു കേരളത്തെ കൊണ്ടു പോകുന്നത്. ചില നിരീക്ഷണങ്ങള്‍...

1. കേരളത്തില്‍ നെല്‍ കൃഷി ചെയ്യാന്‍ പറ്റിയ ഇടങ്ങള്‍ പരിമിതമാണ്. മൂന്നു കോടി ജനങ്ങളെ തീറ്റിപ്പോറ്റാന്‍ നികത്തിയ വയലുകള്‍ തിരിച്ചുപിടിച്ചാലും തീര്‍ത്തും അപര്യാപ്തമാണ്. ഭക്ഷ്യ സുരക്ഷയ്ക്ക് കപ്പ, കാച്ചില്‍, ചേന ചേമ്പ് തുടങ്ങിയ കിഴങ്ങു വര്‍ഗങ്ങളും കൂടിയേ തീരൂ എന്ന് പണ്ടേ തിരിച്ചറിഞ്ഞതാണ്. കിഴങ്ങു വര്‍ഗങ്ങള്‍ക്ക് വെള്ളം നെല്ലിനെ അപേക്ഷിച്ചു വളരെ കുറവു മതി. ഒരു കിലോ നെല്ലിന് 3000 ലീറ്റര്‍ വെള്ളം വേണമെന്നാണ് കണക്ക്. അപ്പോള്‍ ജലാവശ്യം കുറഞ്ഞ കിഴങ്ങു വര്‍ഗങ്ങള്‍, ചെറു ധാന്യങ്ങള്‍ തുടങ്ങിയത് ഭക്ഷണ ശീലങ്ങളുടെ ഭാഗമായില്ലെങ്കില്‍ കുടിവെള്ളം ബുദ്ധിമുട്ടിലാകും.

2. കേരളത്തിലെ വനങ്ങള്‍ കിഴക്കന്‍ പ്രദേശങ്ങളില്‍ ചിതറി കൃഷിയിടങ്ങളുമായി ഇടകലര്‍ന്നാണ് കിടക്കുന്നത്. വനങ്ങളോടു ചേര്‍ന്ന സ്ഥലങ്ങളില്‍ ജീവിക്കുന്ന കര്‍ഷകര്‍ ദുരിതത്തിലാണ്. ഭൂമിക്കു മുകളിലെ ഫലങ്ങള്‍ മാവ്, തേങ്ങ, വാഴ, ചക്ക, നെല്ല് ഒക്കെ കുരങ്ങും ആനയും നശിപ്പിക്കും. ഭൂമിക്കടിയിലാണെങ്കില്‍ കാട്ടുപന്നിയും.

3. റബറിന് വിലയുണ്ടായിരുന്ന കാലത്ത് കുറെയൊക്കെ കര്‍ഷകര്‍ വിള നാശങ്ങള്‍ സഹിച്ചു. വിലയിടിവോടെ പല കര്‍ഷകരും ആത്മഹത്യയുടെ വക്കിലാണ്. മറ്റു വിളകളിലേക്കു മാറാമെന്നുവച്ചാല്‍ വന്യമൃഗങ്ങളുടെ ആക്രമണവും.

4. നഗരവാസികളും പല പരിസ്ഥിതിവാദികളും കരുതുന്നപോലെ കാട്ടുപന്നി വനത്തില്‍നിന്ന് നാട്ടിലേക്കിറങ്ങി വരുന്നതുമാത്രമല്ല, വനത്തിനു പുറത്താണ് അവ കൂടുതലായി തങ്ങുന്നതും പെരുകുന്നതും. പൂര്‍ണമായി വന്യജീവിയെന്നു പറയാനാവില്ല.

5. കാട്ടുപന്നി കണക്കറ്റു പെരുകുന്നത് മനുഷ്യനു മാത്രമല്ല ഭീഷണിയാവുന്നത്, വനത്തിലെ മറ്റു ജീവ ജാലങ്ങള്‍ക്കും ഭീഷണിയാണ്. പ്രത്യേകിച്ച് ആന, മാന്‍ തുടങ്ങിയ പല ജീവികള്‍ക്കും വേണ്ട ഭക്ഷണം ഈ ശാപ്പാട്ടു രാമന്മാര്‍ തിന്നു തീര്‍ക്കും. കാട്ടുപന്നിയെ നിയന്ത്രിക്കാന്‍ പ്രായോഗിക നടപടികള്‍ എടുക്കുകയാണ് വേണ്ടത്.

6. സുസ്ഥിരമായ ഒരു forest ecosystem ത്തിന് താങ്ങാവുന്ന വിവിധയിനം ജീവജാലങ്ങളുടെ സമ്മിശ്രമായ ഒരു carrying capacity യുണ്ട്. അത് നിലനിര്‍ത്തുകയാണ് വനം വകുപ്പിന്റെ പ്രാഥമികമായ കടമ. അതില്‍ തന്നെ പ്രധാനം അധിനിവേശ സസ്യങ്ങളുടെ നിയന്ത്രണമാണ്. ഈ കടന്നു കയറ്റം വഴിയാണ് സ്വാഭാവിക വനങ്ങള്‍ നശിക്കുന്നതും മൃഗങ്ങള്‍ക്കു വേണ്ട ഭക്ഷണം ഇല്ലാതാവുന്നതും മൃഗങ്ങള്‍ ഭക്ഷണം തേടി കൃഷിയിടങ്ങളിലേക്ക് ഇറങ്ങുന്നതും.

7. കാട്ടുപന്നിയെ നിയന്ത്രിച്ചാല്‍ ആനയും കുരങ്ങും കര്‍ഷകര്‍ക്ക് അത്ര വലിയ ഭീഷണിയല്ല. മരങ്ങളും കിഴങ്ങു വർഗങ്ങളും കുരുമുളകും വഴി മലയോര മേഖലയില്‍ പിടിച്ചു നില്‍ക്കാനാവും.

8. വനം മന്ത്രിയുടെ നേതൃത്വത്തില്‍ കര്‍ഷകരും ഫോറസ്റ്റ് ഉദ്യോഗസ്ഥരും പരിസ്ഥിതിശാസ്ത്രജ്ഞരും ചേര്‍ന്ന് ചര്‍ച്ച നടത്തി ഒരു പ്രായോഗിക പദ്ധതി രൂപപ്പെടുത്തണം. മലയോര മേഖലയില്‍നിന്ന് കൃഷികൊണ്ടു ജീവിക്കുന്ന പരിസ്ഥിതിപ്രവര്‍ത്തകരെയും ചര്‍ച്ചയില്‍ പങ്കെടുപ്പിക്കാം. ആ മേഖലയില്‍നിന്നുള്ള മാധ്യമ പ്രവര്‍ത്തകരും പൊതു പ്രവര്‍ത്തകരും വേണം.

9. കര്‍ഷകര്‍ക്കും വനവാസികള്‍ക്കും പാരിസ്ഥിതി നിയമങ്ങളില്‍ ഇളവു വേണം. കൃഷ്ണമൃഗത്തെ വേട്ടയാടുന്ന സല്‍മാന്‍ ഖാനെ പോലെയുള്ളവര്‍ക്ക് കര്‍ശന നിയമമാവാം. നിലനില്‍പ്പിനായുള്ള പ്രതിരോധത്തെ വേറിട്ടു കാണണം.

10. ഭക്ഷ്യോല്‍പ്പാദനം പാവനമായ ഒരു കര്‍മ്മമാണ്. അതില്‍ ഏര്‍പ്പെടുന്നവരെ സംരക്ഷിക്കുന്നതും നില നിര്‍ത്തുന്നതും പൊതു സമൂഹത്തിന്‍റെ കടമയാണ്.

11. രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും കോടതിയും കവികളും ആക്ടിവിസ്റ്റുകളും നഗരങ്ങളിലായതു കൊണ്ട് ഗ്രാമങ്ങളിലുള്ളവരുടെ പ്രയാസങ്ങളോടു കണ്ണടയ്ക്കും. നഗരവാസികള്‍ ഒരു 150 വര്‍ഷം മുമ്പ് അവര്‍ താമസിക്കുന്ന പുരയിടം വനമായിരുന്നോ വയലായിരുന്നോ എന്ന് അന്വേഷിച്ചാല്‍ ചില ബോധ്യങ്ങള്‍ ഉണ്ടാവും.

പരിസ്ഥിതി പ്രശ്നങ്ങളെയും കാര്‍ഷിക പ്രതിസന്ധികളെയും വെറും കാല്‍പ്പനികമായും രാഷ്ട്രീയമായും വെറും അക്കാദമിക്കായും വർഗീയമായും കാണുന്നതാണ് നമ്മുടെ ദുരന്തം.

കൃഷിഭൂമിയിലെ പ്രായോഗികവും സൂക്ഷ്മവുമായ ഇടപെടലുകളിലാണ് ഭക്ഷ്യ സുരക്ഷയും ജലസുരക്ഷയും  വൃക്ഷ സമ്പത്തും പ്രളയ നിയന്ത്രണവും സമ്പദ് ഘടനയും എല്ലാം ഇരിക്കുന്നത്. താര്‍ക്കികന്മാരും ഭക്തന്മാരും അധികാര മോഹികളും ആര്‍ത്തിക്കാരും വിധേയന്മാരും നയിക്കുന്ന ഒരു ചിന്താ ലോകത്തിന് നേരമ്പോക്കിനപ്പുറം സർഗാത്മകമായി പ്രതിസന്ധികളേ നേരിടാനുള്ള സര്‍ഗാത്മകതയില്ല. ഈ വഴിമുടക്കികളെ മറികടന്നാല്‍ കേരളത്തിനുള്ള സാധ്യതകള്‍ അനന്തമാണു താനും.

English summary: Wild Boars are Ruining Ecosystem

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA