ADVERTISEMENT

വന്യജീവികളുടെ അതിക്രമം മൂലം പ്രതിസന്ധിയിലായ കർഷകർക്ക് പിന്തുണ നൽകാതെ വന്യജീവികൾക്കുവേണ്ടി കർഷകരെ പ്രതിക്കൂട്ടിലാക്കുന്ന പ്രവണതയാണ് ഇന്നു സമൂഹത്തിലുള്ളത്. അസംഘടിത മേഖലയിലാണ് കർഷകർ. അതുകൊണ്ടുതന്നെ കർഷകർ സംഘടിക്കേണ്ടതിന്റെയും ഒറ്റെക്കാട്ടായി നിൽക്കേണ്ടതിന്റെയും ആവശ്യകത ഉയർന്നുവരുന്നുണ്ട്. കർഷർക്കുവേണ്ടി കർഷകർ ഉണരണം എന്നാണ് പട്ടാമ്പി സ്വദേശി മുഹമ്മദ് മാസ്റ്റർ പറയുന്നത്. ആനയൊഴികെ കർഷകരുടെ ശത്രുക്കളായ മറ്റെല്ലാ ജീവികളും ഇന്ന് കാട്ടില്ലലല്ല വസിക്കുന്നതെന്ന് അദ്ദേഹം പറയുന്നു. അദ്ദേഹം പങ്കുവച്ച കുറിപ്പ് വായിക്കാം...

കൊറോണാനന്തര കാലത്ത് കൊടും പട്ടിണി പ്രവചിക്കപ്പെട്ട പശ്ചാത്തലത്തിൽ കുറച്ചെങ്കിലും അതിജീവനം സാധ്യമാകുക കൃഷിയിലൂടെയും കൃഷിയനുബന്ധ പദ്ധതികളിലൂടെയുമാണ്. മറ്റു മേഖലകൾക്കൊക്കെ ഇപ്പോൾ രണ്ടാം സ്ഥാനമെയുള്ളു. വ്യവസായ വാണിജ്യ മേഖലകളെല്ലാം മാന്ദ്യം നേരിട്ടു കഴിഞ്ഞു. എന്ന് കരകേറാനാകുമെന്ന് ആർക്കും ഒരെത്തും പിടിയുമില്ല. ആയിരക്കണക്കിൽ തൊഴിലവസരങ്ങളാണ് ഇതുമൂലം സാധാരക്കാർക്കു നഷ്ടമായത്.

എന്നാൽ, കൃഷി ആകർഷകമായാൽ ഭക്ഷ്യോൽപാദന വർധനയ്ക്കു പുറമേ എണ്ണമറ്റ തൊഴിലവസരങ്ങളുടെ അക്ഷയഖനി കൂടിയാണത്. മുമ്പ് കൃഷി ചെയ്തിരുന്നതും ഇപ്പോൾ കാടു പിടിച്ച് കിടക്കുന്നതുമായ ഹെക്ടർ കണക്കിന് പാടവും പറമ്പും സംസ്ഥാനത്തുടനീളം കിടപ്പുണ്ട്. അവയെല്ലാം ഉപയോഗപ്പെടുത്തി കൃഷിയിറക്കാനായാൽ വിളവിനു പുറമെ എണ്ണമറ്റ തൊഴിലവസരങ്ങളും ലഭിക്കും.

സർക്കാർ കൃഷി പ്രോത്സാഹനത്തിന് ചില പദ്ധതികളൊക്കെ ആവിഷ്കരിച്ചിട്ടുണ്ട്. നെല്ലിന് താങ്ങുവില പ്രഖ്യാപിച്ചും സൗജന്യ നിരക്കിൽ വിത്തും വളങ്ങളും നൽകിയും ഒക്കെയായി. എന്നാൽ നിലവിലെ സ്ഥിതിയിൽ ഇതുകൊണ്ടൊന്നും കാർഷികരംഗം മുന്നോട്ടു പോവില്ല. നാടും കാടും വ്യത്യാസമില്ലാതെ വന്യ ജീവികളിൽ നിന്നു നേരിടുന്ന ഭീഷണിയാണ് പ്രശ്നം. ആന, പന്നി, കുരങ്ങ്, മയിൽ എന്നിവയുടെ സാന്നിധ്യമുള്ളിടത്ത് കൃഷി ആലോചിക്കുകയേ വേണ്ട. ആനകൾ കാടിറങ്ങി വരുമ്പോൾ ബാക്കിയുള്ളവ നാട്ടുമ്പുറത്തു തന്നെ പെറ്റുപെരുകുന്നു.

വിത്തും വളവുമൊക്കെ എവിടുന്നെങ്കിലും സംഘടിപ്പിക്കാൻ കർഷകർക്കു കഴിയും. എന്നാൽ വന്യജീവി നിയന്ത്രണം സർക്കാരിനു മാത്രം കഴിയുന്ന കാര്യമാണ്. ഏറ്റവും കൂടുതൽ കൃഷിയുള്ള മലയോര മേഖലകളിൽ കൃഷി അസാധ്യമായിരിക്കയാണ്. കർഷകർ കൃഷി മതിയാക്കി നിലം തരിശിട്ടിരിക്കയാണ് പലയിടത്തും. നാട്ടുമ്പുറങ്ങളിൽ ആനശല്യമില്ല എന്നതൊഴിച്ചാൽ ബാക്കിയെല്ലാമുണ്ട്.

ഈ ജീവികളെ ഫലപ്രദമായി നിയന്ത്രിക്കാൻ സർക്കാർ ഇടപെടുന്നില്ലെങ്കിൽ കാർഷികാഭിവൃദ്ധി ലക്ഷ്യമാക്കി എത്ര കോടികളൊഴുക്കിയാലും അത് പാഴാവുകയേയുള്ളു.

പ്രതീക്ഷയുടെ നേരിയ വെട്ടം ദൃശ്യമാണ്. ഒറ്റപ്പെട്ട ചില മേഖലകളിലെങ്കിലും കർഷകർ ഈ ആവശ്യം നേടിയെടുക്കുന്നതിനായി പ്രക്ഷോഭത്തിനൊരുങ്ങുന്ന വാർത്തകൾ വരുന്നുണ്ട്. അതു പോരാ, അധികാരികളുടെ കണ്ണുതുറപ്പിക്കുമാറ് ശക്തമായ കർഷക പ്രക്ഷോഭങ്ങൾ കേരളത്തിലങ്ങോളമിങ്ങോളം ഉയർന്നു വരേണ്ടതുണ്ട്.

കൃഷിയെന്തെന്നറിയാത്ത, കർഷകന്റെ പ്രശ്നങ്ങളറിയാത്ത, നഗരങ്ങളിലെ ബഹുനില കെട്ടിടങ്ങളിൽ സുഖവാസത്തിൽ കഴിയുന്ന അഭിനവ മൃഗസ്നേഹികളോട്: കർഷകർ ചോര നീരാക്കി അധ്വാനിച്ച് വിളയിക്കുന്നതാണ് നിങ്ങളുടെയും ആഹാരം. കൃഷിയില്ലെങ്കിൽ പൂത്ത പണമുണ്ടായിട്ടു കാര്യമില്ല. നിങ്ങളും നിലനിൽക്കണമെങ്കിൽ കൃഷിയും കർഷകനും നിലനിൽക്കണം. അതിനാൽ കാലഹരണപ്പെട്ട മൃഗസ്നേഹവുമായി എഴുന്നെള്ളരുത്.

ഇപ്പറഞ്ഞതൊന്നും വനത്തിൽ സ്വൈരവിഹാരം നടത്തുന്ന വന്യജീവികളെപ്പറ്റിയല്ല. അവയുടെ ഒരു രോമത്തിനു പോലും ഒരു കോട്ടവും തട്ടരുത്.

എത്ര നേരത്തെ അധികൃതർ കണ്ണു തുറക്കുന്നുവോ അത്രയും നല്ലത്!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com