പാലു വിറ്റു കിട്ടുന്ന കാശ് വക്കീലിനും കോടതിച്ചെലവിനുമായി കളയാനാണെങ്കിൽ പിന്നെ എന്തിനാണ് ഇത് നടത്തുന്നത്?

HIGHLIGHTS
  • അവസാന ശ്വാസം വരെ പൊരുതാൻ ഇത് യുദ്ധമൊന്നുമല്ല
  • ഒരു സംരംഭം തുടങ്ങുമ്പോൾ പലകാര്യങ്ങളും ശ്രദ്ധിക്കണം
Dairy-farm-1
SHARE

ലൈസൻസ് ചട്ടങ്ങളുടെയും നിയമ പ്രശ്നത്തിന്റെയും പേരിൽ ഫാം അടച്ചുപൂട്ടേണ്ടിവരുന്ന  കെ. സുരേഷ് എന്ന ക്ഷീരകർഷകന്റെ കുറിപ്പ് ഇന്നലെ കർഷകശ്രീ ഓൺലൈനിൽ പങ്കുവച്ചിരുന്നു. അദ്ദേഹത്തിന്റെ ഫാമിന് എന്താണ് സംഭവിച്ചതെന്ന് വിശദീകരിക്കുന്ന കുറിപ്പ് ചുവടെ...

എന്താണ് ശരിക്കും സംഭവിച്ചത്? നമ്മളൊരു സംരംഭം തുടങ്ങിയാൽ സർക്കാർ വകുപ്പുകൾ എന്ത് കുഴപ്പമാണ് ഉണ്ടാക്കുന്നതെന്ന് ചിലരൊക്കെ ചോദിക്കുന്നു.

ഒന്നു രണ്ടു ചെറിയ ഉദാഹരണങ്ങൾ പറയാം.

ഞങ്ങൾക്ക് ആദ്യത്തെ സ്റ്റോപ് മെമ്മോ പഞ്ചായത്തിൽനിന്ന് കിട്ടുന്നത് ഫാം ശരിക്കും തുടങ്ങുന്നതിനു മുൻപാണ്. നിങ്ങൾ എന്ത് നിർത്താനാണ് ആവശ്യപ്പെടുന്നത് എന്ന് ഞാനന്ന് ചോദിക്കുകയും ചെയ്തു. ഞങ്ങൾ സ്ഥലം വാടകയ്‌ക്കെടുത്ത് ആകെ രണ്ടു പശുക്കളെയും കൊണ്ടുവന്നു. അപ്പോഴേക്കും പരാതി പോയി ഫാം നിർത്താൻ പഞ്ചായത്ത് സ്റ്റോപ് മെമ്മോയും കിട്ടി. അനധികൃത ഫാം ആണ് എന്ന് ആരോപിച്ചാണ് മെമ്മോ തന്നത്. തമാശ എന്താണെന്നു വച്ചാൽ അന്ന് ഈ ഫാമിന് ഒരു ഡീംഡ് ലൈസൻസും പതിനഞ്ചു പശുക്കളെയും അയ്യായിരം കോഴികളെയും വളർത്താനുള്ള പൊലൂഷൻ കൺട്രോൾ ബോർഡിന്റെ കണ് സന്റും ഫയർ ആൻഡ് റെസ്ക്യൂ എൻഒസിയും ആരോഗ്യ വകുപ്പിന്റെ സാനിറ്റേഷൻ സർട്ടിഫിക്കറ്റും ഉള്ളതുമാണ്. പിന്നെന്തു അനധികൃത?

ഞാൻ പിറ്റേദിവസം തന്നെ മുഖ്യമന്ത്രിക്ക് പരാതി കൊടുത്തു.

അതിനു ശേഷം വീണ്ടും അടുത്ത വർഷത്തേക്കുള്ള ലൈസൻസിന് അപേക്ഷയും കൊടുത്തു. അതോടൊപ്പം പൊലൂഷൻ കൺട്രോൾ ബോർഡിൽ കൂടുതൽ പശുക്കളെ വളർത്താൻ അനുമതിക്കായി പുതിയ കൺസന്റ്‌ നൽകാനും അപേക്ഷിച്ചു. പിന്നെ ഞങ്ങൾ നടന്ന നടത്തം നേരെ നടന്നിരുന്നെങ്കിൽ നാല് തവണ ചൈനയിൽ പോയിട്ട് വരാമായിരുന്നു.

ആ ഹൊറർ സ്റ്റോറിയൊക്കെ ഞാൻ പിന്നീട് പറയാം.

കഴിഞ്ഞ മേയ് മാസം 19–നാണ് ഫാം പൂട്ടാൻ ഫൈനൽ മെമ്മോ ലഭിക്കുന്നത്. അതിനു കാരണമായി പറഞ്ഞത് വളരെ വിചിത്രമായ കാരണങ്ങളും.

പഞ്ചായത്ത് ആവർത്തിച്ചു ആവശ്യപ്പെട്ടിട്ടും ഞങ്ങൾ യാതൊരു മലിനീകരണ നിയന്ത്രണ സംവിധാനങ്ങളും ഏർപ്പെടുത്താതെ ഫാം നടത്തുന്നു എന്നാണ് ഒന്ന്. വാസ്തവത്തിൽ പഞ്ചായത്തീരാജ് ഫാം ലൈസൻസ് ചട്ട പ്രകാരം ഒരു ഫാം നടത്തണമെങ്കിൽ ബയോഗ്യാസ് പ്ലാന്റ്, വളക്കുഴി, ശേഖരണക്കുഴി, കമ്പോസ്റ്റ് കുഴി എന്നിവ വേണം. അത്രയേയുള്ളൂ. ഇതൊക്കെ ആദ്യമേ തന്നെ അവിടെയുണ്ട്, ഇവയുടെ ഡീറ്റയിൽസ് ഉൾപ്പെട്ട വിശദമായ സ്കെച്ചും പഞ്ചായത്തിൽ കഴിഞ്ഞ വർഷം നവംബറിൽ തന്നെ സമർപ്പിച്ചിട്ടുണ്ട്. ഒന്ന് വന്നു നോക്കിയാൽ ആർക്കും കാണാവുന്നതുമാണ്.

രണ്ടാമതായി ആരോഗ്യവകുപ്പ് ഞങ്ങൾക്കെതിരെ നൽകി എന്ന് പറയുന്ന ഒരു റിപ്പോർട്ട് ആണ്. ഒരു മെഡിക്കൽ ഓഫീസർ കഴിഞ്ഞ ലോക്ക് ഡൗൺ കാലത്ത് ഞങ്ങളുടെ ഫാം പരിശോധിച്ചുവെന്നും അവിടെ വൃത്തിഹീനമായ സാഹചര്യത്തിൽ തൊണ്ണൂറു പശുക്കളെ കണ്ടുവെന്നും പതിനാലു മീറ്ററിനുള്ളിൽ ഫാമിന് സമീപം താമസ വീടുകൾ ഉണ്ടെന്നും ആ വീടുകളുടെ മുന്നിൽ ഈ ഫാമിൽ നിന്നുള്ള മാലിന്യങ്ങൾ ഒഴുകി തളം കെട്ടി നിൽക്കുന്നുവെന്നുമാണ് റിപ്പോർട്ട്. ഫാം ഉടനടി അടച്ചു പൂട്ടണമെന്നും ഉടമയ്‌ക്കെതിരെ നടപടി എടുക്കണമെന്നും കൂടി ആ റിപ്പോർട്ടിൽ നിർദ്ദേശിക്കുന്നു.

ഒന്നാമതായി അങ്ങനെ ഒരു പരിശോധന അവിടെ നടന്നില്ല, രണ്ടാമതായി ഞങ്ങളുടെ ഫാമിൽ തൊണ്ണൂറ് പശുക്കളില്ല, ആകെ നാൽപത്തതിരണ്ടു പശുക്കളാണുള്ളത്. തൊണ്ണൂറു പശുക്കളെ വളർത്താൻ അനുമതി ചോദിച്ചിട്ടുണ്ടെങ്കിലും അതിനുള്ള തൊഴുത്തോ സൗകര്യങ്ങളോ പണിതിട്ടില്ല. മൂന്നാമത് ഇന്നലെ പൊലൂഷൻ കൺട്രോൾ ബോർഡിൽനിന്നും ലഭിച്ച ഒരു കത്തിൽ നിങ്ങളുടെ ഫാമിന്റെ അതിരിൽ നിന്നും ഇരുപത്തെട്ടു മീറ്റർ ദൂരത്തിൽ ഒരു വീടുണ്ട് എന്ന് പരിശോധനയിൽ ബോധ്യപ്പെട്ടതായി പറയുന്നുണ്ട്. അത് സത്യമാണ്, അവർ വന്നു അളന്നിട്ടു പോയതാണ്. പക്ഷേ അതിൽ നിയമവിരുദ്ധതയൊന്നുമില്ല താനും. പൊലൂഷൻ കൺട്രോൾ ബോർഡിന്റെ ചട്ടങ്ങൾ പ്രകാരം ഇരുപത്തഞ്ചു മീറ്ററിനുള്ളിൽ വീടുകൾ ഉണ്ടാവരുത് എന്ന് പറയുന്നുവെന്നാണ് അന്ന് അളവെടുക്കാൻ വന്ന ഉദ്യോഗസ്ഥൻ ഞങ്ങളെ അറിയിച്ചത്. അതും ആകെ ഒരേയൊരു വീടാണുള്ളത്. പക്ഷേ മേൽപ്പറഞ്ഞ മെഡിക്കൽ ഓഫീസർ പതിനാലു മീറ്ററിനുള്ളിൽ ധാരാളം വീടുകൾ കണ്ടു എന്നാണ് റിപ്പോർട്ടിൽ പറഞ്ഞത്.

ആ റിപ്പോർട്ട് പ്രകാരം പഞ്ചായത്ത് ഫാം അടച്ചുപൂട്ടാൻ നോട്ടീസ് തന്നു, ഞങ്ങൾക്കെതിരെ ഉണ്ടെന്നു പറയുന്ന റിപ്പോർട്ടുകളൊന്നും ഞങ്ങൾ കണ്ടിരുന്നില്ല, അവ വിവരാവകാശനിയമപ്രകാരം അപേക്ഷിച്ചപ്പോൾ മുപ്പതു ദിവസം സമയമുണ്ടല്ലോ പിന്നീട് തരാം എന്നാണ് സെക്രട്ടറി പറഞ്ഞത്. ഞങ്ങൾ കോടതിയിൽ പോകുന്നത് പരമാവധി വൈകിപ്പിക്കാനും പോലീസ് സഹായത്തോടെ ഫാം ഉടനടി ഒഴിപ്പിക്കാനുമായിരുന്നു ശ്രമം എന്ന് വ്യക്തമാണ്. കൃത്യം ഏഴാം ദിവസം പോലീസ് വരികയും ചെയ്തു.

ഈ ഫാമിന്റെ തൊട്ടുമുന്നിൽ ഒരു സിപിഎം ഓഫീസ് ആണ്. പോലീസും ബഹളവുമൊക്കെ കണ്ടപ്പോൾ അവർ വന്നു അന്വേഷിച്ചു. കടുത്ത അനീതിയാണ് നടക്കുന്നതെന്ന് ബോധ്യപ്പെട്ടപ്പോൾ അവർ ഞങ്ങളെ പിന്തുണയ്ക്കുകയും ചെയ്തു. അടുത്ത ദിവസം പാർട്ടിയുടെ പ്രാദേശിക നേതാക്കൾ ഫാം സന്ദർശിച്ചു, അവരുടെ ഇടപെടൽ നിമിത്തം ബലം പ്രയോഗിച്ചുള്ള ഒഴിപ്പിക്കൽ ഉണ്ടായില്ല. ഇതിനിടെ കൃഷിമന്ത്രിക്കു നേരിൽ കണ്ടു നിവേദനം കൊടുത്തിരുന്നു. അദ്ദേഹവും ഉടനടി വിഷയത്തിൽ ഇടപെട്ടു. ഇതെല്ലം മൂലം പഞ്ചായത്ത് ഭരണസമിതി ഈ വിഷയം ചർച്ച ചെയ്യുകയും ഞങ്ങൾക്ക് ലൈസൻസ് നൽകാൻ തീരുമാനമെടുക്കുകയും ചെയ്തു എന്നാണ് ഞങ്ങൾ മനസിലാക്കിയിട്ടുള്ളത്. പക്ഷേ അതേപ്പറ്റി ഔദ്യോദികമായി അറിയിപ്പൊന്നും ഇതുവരെ ലഭിച്ചിട്ടില്ല.

ഇതിനിടെ ഇന്നലെ പൊലൂഷൻ കൺട്രോൾ ബോർഡിന്റെ അടുത്ത കത്ത് വന്നു. ഞങ്ങൾ പശുക്കളെ മേയ്ക്കാൻ അഴിച്ചു വിടുന്ന ആറായിരം ചതുരശ്ര അടി സ്ഥലം പതിനഞ്ചു ദിവസത്തിനുള്ളിൽ കോൺക്രീറ്റ് ചെയ്യണമെന്നും ഇരുപതടി ഉയരവും നാലായിരത്തി എണ്ണൂറ് ച.അടി വിസ്തൃതിയുമുള്ള തൊഴുത്ത് മേൽക്കൂരയ്‌ക്കൊപ്പം ഇഷ്ടിക കെട്ടി മറയ്ക്കണമെന്നുമാണ് പുതിയ നിർദ്ദേശം. ഇതുവരെ ലഭിച്ചതിൽ ഏറ്റവും വിചിത്രമായ നിർദ്ദേശമാണ് ഇപ്പോൾ കിട്ടിയത്. മുപ്പതു പശുക്കൾക്കായി ഞങ്ങൾ നിർമിച്ച ആ തൊഴുത്തിനു വേണ്ടി ഇനിയൊരു പത്തു ലക്ഷം രൂപ കൂടി മുടക്കി പശുക്കൾക്ക് എല്ലാ വിധത്തിലും ഹാനികരമായ കോൺക്രീറ്റ് തറ ഉണ്ടാക്കണമെന്നാണ് പറയുന്നത്. ഇത് ചെയ്തിട്ട് പറ, അതുകഴിഞ്ഞു അടുത്ത പണി തരാം എന്ന ലൈനാണ്.

ഇങ്ങനൊക്കെ പ്രോത്സാഹനം കിട്ടിയാൽ ആരാണെങ്കിലും ലഗേജുമെടുത്ത് സ്ഥലം വിട്ടുപോകും.

കേരളത്തിൽ സംരംഭങ്ങൾ തുടങ്ങാനും നടത്താനും പ്രയാസമാണ് എന്നത് എനിക്കൊരു മോശം അനുഭവം ഉണ്ടായതുകൊണ്ട് മാത്രം വികാരപരമായി പറഞ്ഞതല്ല. അനുഭവങ്ങളുടെ വെളിച്ചത്തിൽ കഴിയുന്നത്ര ആലോചിച്ചിട്ടാണ് പറയുന്നത്.

ഇവിടെ നാളത്തെ കേരളാ, നാളത്തെ കേരളാ എന്ന് ലോട്ടറിക്കാർ വിളിച്ചു പറഞ്ഞു നടക്കുന്നതല്ലാതെ നാളത്തെ കേരളം എങ്ങനിരിക്കും എന്ന് ഗൗരവമായി ആരെങ്കിലും ആലോചിക്കുന്നുണ്ടെന്നു തോന്നുന്നില്ല. കൊറോണ മാറിയാൽ വീണ്ടും ഗൾഫിൽ പോകാം എന്നൊക്കെയുള്ള സ്വപ്നങ്ങളിലാണ് ശരാശരി മലയാളി ഇപ്പോഴും. സംരംഭങ്ങൾ തുടങ്ങാനുള്ള പാകം ഇവിടെ ഇനിയും വന്നിട്ടില്ല. കേരളത്തിനു കഴിഞ്ഞ മൂന്നു നാല് ദശകങ്ങളായി ഒരു രാസപരിണാമം സംഭവിച്ചിട്ടുണ്ട്. നിക്ഷേപ വിരുദ്ധത രക്തത്തിൽ അലിഞ്ഞുപോയി. തൊലിപ്പുറത്തെ ചികിത്സ കൊണ്ടൊന്നും അത് മാറില്ല.

ചുറ്റും നോക്കുമ്പോൾ കാര്യങ്ങൾ ഒട്ടും ശുഭമല്ല. മൂന്നുമാസമായി ഗൾഫിൽ പോയ മക്കൾ കാശയച്ചു തരുന്നില്ല, അത്യാവശ്യം ഗോൾഡ് പണയം വച്ച് കാര്യങ്ങൾ നടത്തുന്നു. ഇഎംഐ ഉണ്ട്, വീട്ടുചെലവുകൾ, ചികിത്സ ഇതിനൊക്കെ മുട്ട് വന്നു തുടങ്ങി എന്ന് ആശങ്കയോടെ പറയുന്ന ഒന്നും രണ്ടും ആളുകളെയല്ല കഴിഞ്ഞ കുറച്ചു ദിവസമായി കാണുന്നത്. സർക്കാർ പാക്കേജുകളുടെയും സൗജന്യങ്ങളുടെയുമൊക്കെ കാലം കഴിഞ്ഞു. പല വീടും പട്ടിണിയിലോട്ടു തന്നെയാണ് പോയിക്കൊണ്ടിരിക്കുന്നത്.

കിലോയ്ക്ക് മുപ്പതു രൂപയ്ക്കു മേലെ ഹോൾസെയിൽ വിലയുണ്ടായിരുന്ന പൈനാപ്പിളാണ് റോഡരികിൽ പത്തു രൂപ പോലും കിട്ടാതെ കിടന്നു ചീഞ്ഞു നശിക്കുന്നത്. ഒരു കിലോ പൈനാപ്പിൾ ഉൽപാദിപ്പിക്കാൻ ഇരുപതു രൂപയ്ക്കു മേൽ ചെലവുണ്ട്. അങ്ങനെ ഉൽപാദിപ്പിച്ച മുതലാണ് അഞ്ചു പൈസയ്ക്കു ഉപകാരമില്ലാത്ത നശിച്ചു പോയത്. വാഴക്കുളത്ത് ഈ കൃഷി ചെയ്തിരുന്ന പലരും ഇതോടെ ഈ തൊഴിൽ നിർത്തി. പൈനാപ്പിൾ കൃഷി നിർത്തിയെന്നു പറയുന്നത് അത്ര നിസാര സംഭവമല്ല. കർഷകർ മാത്രമല്ല, വണ്ടിയോടിക്കുന്നവരും കച്ചവടം ചെയ്യുന്നവരും ഇതിൽ നിന്നും മൂല്യവർധിത സാധനങ്ങൾ ഉണ്ടാക്കി വിൽക്കുന്നവരും ഒക്കെയായി ലക്ഷക്കണക്കിന് ആളുകളെയാണ് ഇത് ബാധിക്കാൻ പോകുന്നത്. ഒരുപാട് പേർക്ക് തൊഴിൽ നഷ്ടപ്പെടും.

സ്വകാര്യ കമ്പനികളൊക്കെ ആളുകളെ പിരിച്ചുവിടാൻ തുടങ്ങി. ആളെ ഇരുത്തി ഭക്ഷണം കൊടുക്കാൻ അനുവാദമുണ്ടെങ്കിലും ഹോട്ടലിലൊന്നും ആളില്ല. അതുകൊണ്ടു പലരും തുറന്നിട്ടില്ല. ആലപ്പുഴയിലെയും മൂന്നാറിലെയും വയനാട്ടിലെയുമെല്ലാം ഹോം സ്റ്റേകളും റിസോർട്ടുകളും കേട്ടുവള്ളങ്ങളുമെല്ലാം അടഞ്ഞു കിടന്നു നശിക്കുന്നു. ഇനിയൊരു പ്രളയം കൂടെ വന്നാൽ അതിന്റെ നാശം പൂർണമാവും. സിനിമയില്ല, കല്യാണമില്ല. വണ്ടികളൊക്കെ സൈഡാക്കിയിട്ടിരിക്കുന്നു. ഡ്രൈവർമാർക്ക് പണിയില്ല.

അവസാനത്തെ കച്ചിത്തുരുമ്പെന്ന നിലയിൽ പലതും പലരും ആലോചിക്കുന്നുണ്ട്. അതിലൊന്നാണ് ഫാമുകൾ എന്നാണ് ഞാൻ മനസിലാക്കുന്നത്. പലരും ഉപദേശം ചോദിക്കുന്നുണ്ട്. 

ഒരു വ്യവസായം തുടങ്ങുന്നത് ലാഭമുണ്ടാക്കാനാണ്. അതുകൊണ്ടു തന്നെ എളുപ്പം തുടങ്ങാനും തടസമില്ലാതെ നടത്തിക്കൊണ്ടു പോകാനും സാഹചര്യമുള്ളിടത്ത് തുടങ്ങുന്നതാണ് നല്ലത്. അവസാന ശ്വാസം വരെ പൊരുതാൻ ഇത് യുദ്ധമൊന്നുമല്ല. ഡെയറി ഫാമൊക്കെ നടത്തിക്കൊണ്ടു പോകാൻ കേസ് നടത്തേണ്ടിവരും. അങ്ങനെയാണ് കേരളത്തിൽ പല ഫാമും ഇപ്പോൾ നടക്കുന്നത്. പാല് വിറ്റു കിട്ടുന്ന കാശ് വക്കീലിനും കോടതിച്ചെലവിനുമായി കളയാനാണെങ്കിൽ പിന്നെ എന്തിനാണ് ഇത് നടത്തുന്നത്?

ലൈസൻസില്ലാതെ തുടങ്ങാം എന്ന് ഗവൺമെന്റ് പറയുന്നുണ്ട്. പക്ഷേ അത് ബുദ്ധിയല്ല. ഇപ്പോൾ ജില്ലാ വ്യവസായ കേന്ദ്രത്തിൽ ചെന്ന് ഒരു അപേക്ഷ നൽകിയാൽ കൈപ്പറ്റ് രശീത് കിട്ടും. അതുകൊണ്ടു വ്യവസായം തുടങ്ങാം എന്നാണ് ചട്ടം. പക്ഷേ പരമാവധി മൂന്നു വർഷമേ അങ്ങനെ നടത്താൻ കഴിയൂ. മൂന്നു വർഷം കഴിഞ്ഞാൽ ലൈസൻസ് വേണം. അതിനു ഇതേപോലെ കിടന്ന് അലയണം. അതിനിടെ ചിലപ്പോൾ നിങ്ങളുടെ സ്ഥാപനം വലുതായിരിക്കും. അങ്ങനെ വരുമ്പോൾ ലൈസൻസ് കിട്ടാൻ എളുപ്പമാവുകയല്ല, പ്രയാസമാവുകയാണ് ചെയ്യുക. ഉദ്യോഗസ്ഥർക്കൊക്കെ പിന്നെ മുടിഞ്ഞ നെഗോസ്യേഷൻ പവറായിരിക്കും. തുടക്കത്തിലേ പൂട്ടുന്നതിന്റെ നൂറിരട്ടി ഡാമേജായിരിക്കും തുടങ്ങി മൂന്നു കൊല്ലം കഴിയുമ്പോൾ പൂട്ടേണ്ടി വന്നാൽ. അതുകൊണ്ടു ആവുന്നിടത്ത് നിന്നൊക്കെ ലൈസൻസും എന്നോസിയും വാങ്ങി എന്തെങ്കിലും തുടങ്ങുന്നതാണ് ആരോഗ്യത്തിനു നല്ലത്.

ഇവിടെ ഒരു സ്ഥാപനത്തിൽ കയറിവന്നു ഇടങ്കോലിടാനും പൂട്ടിക്കാനും അധികാരമുള്ള ധാരാളം വകുപ്പുകളും ഡിപ്പാർട്ട്മെന്റുകളുമുണ്ട്. ഒരു ഡിപ്പാർട്ട്മെന്റ് പറഞ്ഞിട്ട് മതില് കെട്ടിക്കും മറ്റൊരു ഡിപ്പാർട്ടമെന്റ് വന്നു അത് പൊളിച്ചു കളയിക്കും. ഇങ്ങനെയൊക്കെയാണ് കാര്യങ്ങൾ. പല ഡിപ്പാർട്മെന്റുകളും നോട്ടീസുമായി വന്നു കഴിയുമ്പോഴായിരിക്കും ഇങ്ങനെയൊക്കെ ആളുകളുണ്ട് എന്നും വകുപ്പുകളുണ്ട് എന്നും നിങ്ങൾ മനസിലാക്കാൻ പോകുന്നത്. ഈ ഉദ്യോഗസ്ഥരിൽ തന്നെ ഡൊമൈൻ നോളേജ് ഉള്ളവർ വളരെ കുറവായിരിക്കും. നിങ്ങൾ ചെയ്യുന്ന വ്യവസായത്തെ പറ്റി യാതൊരു ധാരണയുമില്ലാത്ത ഒരു ഉദ്യോഗസ്ഥൻ പറയുന്നതനുസരിച്ചു നിങ്ങൾക്ക് നിങ്ങടെ ബിസിനസ് ലൈൻ തന്നെ മാറേണ്ടിവരും. അതായത് അങ്ങേരു പറയുന്നത് കേട്ടാൽ നിങ്ങൾ സ്ഥാപനം നഷ്ടത്തിലായി പൂട്ടേണ്ടിവരും, കേട്ടില്ലെങ്കിൽ നോട്ടീസ് നൽകി പൂട്ടിക്കും.

ഇവിടെ പരാതിക്കാരും ഉദ്യോഗസ്ഥരും ചേർന്ന് ഒരു അവിശുദ്ധ ബന്ധമുണ്ട്. പരാതി നൂറു ശതമാനം വ്യാജമാണെങ്കിൽ പോലും പരാതിക്കാരനെ വിളിച്ചു സെറ്റിൽ ചെയ്യാനാണ് ചില ഉദ്യോഗസ്ഥർ സംരംഭകനോട് നിർദ്ദേശിക്കുക. ഇത് അവർ തമ്മിൽ ജോയിന്റായി നടത്തുന്ന ഒരു വ്യവസായമാണ്. മൊത്തത്തിൽ ഇവിടെ കൃഷിയും വ്യവസായവും ഒക്കെ പൂട്ടിയാലും അതിലൊന്നും കാശുമുടക്കിയവനല്ലാതെ ആർക്കും യാതൊരു നഷ്ടബോധവുമില്ല എന്നും കൂടി ഓർത്തോളണം.

ഒരു സംരംഭം തുടങ്ങുമ്പോൾ പലകാര്യങ്ങളും ശ്രദ്ധിക്കണം. റിസോഴ്‌സസ്, മാർക്കറ്റ്, സപ്പോർട്ട് സിസ്റ്റം ഇതൊക്കെ ഏറ്റവും നന്നായി ലഭിക്കുന്നിടത്ത് തുടങ്ങുന്നതാണ് നല്ലത്. 

മാർക്കറ്റിന്റെ കാര്യത്തിൽ കേരളം ബെസ്റ്റാണ്. ആട്ടിൽകാട്ടം പൊതിഞ്ഞു ആയുർവേദ ഗുളികയാണെന്നു പറഞ്ഞു വിറ്റാലും വാങ്ങാനാളുണ്ട്. ബാക്കിയൊക്കെ പരിതാപകരമാണ്. അതുകൊണ്ടു കേരളത്തിന് വെളിയിൽ ഉണ്ടാക്കി കേരളത്തിൽ കൊണ്ടുവന്നു വിൽക്കാൻ നോക്കുന്നതാണ് എങ്ങനെ ചിന്തിച്ചാലും ലാഭം.

കേരളത്തിനു വെളിയിൽ നിയമമില്ലാത്ത ലാൻഡൊന്നുമല്ല. അവിടെയും നിയമങ്ങളും നിബന്ധനകളുമൊക്കെയുണ്ട്, കയറി വന്നു പിരിവു നടത്തുന്ന രാഷ്ട്രീയക്കാരുമുണ്ട്. പക്ഷേ അവരൊന്നും സംരംഭകരുടെ പുക കണ്ടേ പോകൂ എന്ന ഒറ്റ ഉദ്ദേശത്തോടെ വരുന്നവരല്ല എന്നതാണ് എന്റെ അനുഭവം. തമിഴ്‌നാട്ടിലും കർണാടകത്തിലും ബിസിനസ് ചെയ്തിട്ടുള്ള അനുഭവം വച്ച് പറയുന്നതാണ്.

ഇല്ലെങ്കിൽ കയ്യിലുള്ള കാശ് കുറേശെ ചെലവാക്കി ജീവിക്കുക. ഒരു സംരംഭം തുടങ്ങണമെങ്കിൽ മിനിമം പത്തു ലക്ഷം രൂപയെങ്കിലും വേണം. ആ കാശ് പൊളിയാത്ത ഏതെങ്കിലും ബാങ്കിലിട്ടു പലിശ വാങ്ങിയാൽ വലിയ ബുദ്ധിമുട്ടില്ലാതെ ജീവിക്കാം. വേണമെങ്കിൽ അയൽ വക്കത്തുകാരൻ വല്ലതും തുടങ്ങിയാൽ അയാൾക്കെതിരെ പരാതിയും കൊടുക്കാം.

വരവേൽപ്പ് സിനിമയൊക്കെ ഒരുപാട് പൊലിപ്പിച്ചു കാണിച്ചതാണെന്ന് ഞാനും ഒരുകാലത്ത് വിശ്വസിച്ചിരുന്നതാണ്. പക്ഷേ യാഥാർഥ്യം അതിന്റെയൊക്കെ അപ്പുറമാണെന്ന് അനുഭവംകൊണ്ട് മനസിലാക്കി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA