ADVERTISEMENT

വനത്തോടു ചേർന്നുള്ള ഭൂമിയിൽ കൃഷി ചെയ്യുന്ന കർഷകർ ഇന്ന് ജീവിക്കാനുള്ള നെട്ടോട്ടത്തിലാണ്. മണ്ണിൽ പണിയെടുത്ത് എതെങ്കിലും വിള വളർത്തിയാൽ വിളവെടുക്കാൻ വരുന്നത് വന്യജീവികളായിരിക്കും. കുരങ്ങും പന്നിയും മുള്ളനും പാക്കാനും നരിയും എല്ലാം ഓരോ കർഷകന്റെയും അധ്വാനം വിളവെടുക്കാനായി കാത്തിരിക്കുന്നു. അതിനൊപ്പം കർഷകരെ കുറ്റപ്പെടുത്താൻ ചിലർ ശ്രമിക്കുന്നു. മലയോര കർഷകരുടെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി രംഗത്തെത്തിയിരിക്കുകയാണ് ഇടുക്കി പാണ്ടിപ്പാറ സ്വദേശി വില്ലീസ് സിറിയക്. നാട്ടിൻപുറങ്ങളിലുള്ളവർക്ക് ഇടുക്കിക്കാരോടുള്ള മനോഭാവവും അദ്ദേഹം തന്റെ കുറിപ്പിൽ പങ്കുവച്ചിട്ടുണ്ട്.

ഹൊ ഇതിനകത്ത് വന്യമൃഗം വന്നില്ലേലേ അത്ഭുതമുള്ളല്ലോടാവ്വേ എന്ന് ആരും ചിന്തിക്കണ്ട. ഇത് ഇങ്ങനെ ആയിട്ട് ഒന്നര പതിറ്റാണ്ട് ആവുന്നു. കുരുമുളക്, കാപ്പി, ഏലം, ഗ്രാമ്പു, ജാതി, തെങ്ങ്, കവുങ്ങ് എന്നുതുടങ്ങി ഈ ഭൂമിയിൽ വിളയാത്തതായിട്ട് ഒന്നുമുണ്ടായിരുന്നില്ല. എന്തിന്, ഓറഞ്ചു ചെടികൾ വരെ കായ്ച്ചുകൊണ്ട് നിന്ന ഭൂമിയാണ്...

ഭൂമിയുടെ അവകാശികൾ (അതാണല്ലോ കാട്ടുമൃഗങ്ങളുടെ ഓമനപ്പേര് ) എത്തിയപ്പോൾ അതിക്രമിച്ചു കടന്ന് ഭൂമി വെട്ടിപ്പിടിച്ച മ്മക്ക് പിന്മാറേണ്ടി വന്നു. ഇഷ്ടമുണ്ടായിട്ടല്ല. പക്ഷ‌േ, നിവൃത്തിയില്ല. (നിവൃത്തികേടിന്റെ പരിണിത ഫലമാണ് കൂട്ടായ്മകളുടെ ഉദയം).

pig-1

വാഴ വച്ചാൽ ആദ്യ കൂമ്പ് വരുമ്പോൾ പൂർവികർ വന്ന് കൂമ്പ് നുള്ളും. കപ്പയിട്ടാൽ വേരു പിടിച്ചാൽ പന്നിയും മുള്ളതും വന്ന് നൂഡിൽസ് ഉണ്ടാക്കി തിന്നും. എന്തായാലും ആന മാത്രം ഇല്ല. ഒന്ന് രണ്ട് എണ്ണത്തിനെ കിട്ടിയാരുന്നേൽ കോറം തികയ്ക്കാമായിരുന്നു. 

ഏലത്തിനു ചുവടു തെളിച്ച് വളമിട്ടാൽ പിറ്റേ ദിവസം വായുവിൽ നിൽക്കും ചെടി. ചുവട്ടിലെ മണ്ണിരയെ നൂഡിൽസ് ആക്കാൻ പന്നി ശ്രമിക്കുന്നതാണ് കാരണം. തെങ്ങിൻ തൈ വച്ചാൽ, കോക്കനട്ട് മിൽക്ക് ഷെയ്ക്ക് പന്നി കുടിക്കും. കാപ്പിക്കുരു കളറ് മാറിയാൽ മരപ്പെട്ടി കാപ്പുച്ചിനോ ഉണ്ടാക്കിക്കൊള്ളും. കോഴിയെ വളർത്തിയാൽ പാക്കാനും കുറുക്കനും. 

അപ്പോൾ പ്രിയമുള്ള കൂട്ടുകാരെ, എന്റെ അരികിൽ വിളച്ചിലിറക്കരുത്. സ്വന്തമായി വനം ഉള്ള ഒരാളാ ഞാൻ. ന്യൂക്ലിയർ ബോംബ് ഉള്ള ഭരണാധികാരിയുടെ ഗമ എനിക്കുണ്ട്. കൂടുതൽ വിളച്ചിലെടുത്താൽ ചുമ്മാ ഒരു നൂൽക്കമ്പിയിൽ ചിതലു പോലെ നടക്കുന്ന പന്നിയെ ഒരെണ്ണത്തിനെ കുരുക്കി നിങ്ങടെ പറമ്പിന്റെ അതിരിൽ കൊണ്ടിട്ടാൽ നിങ്ങള് പിന്നെ വെട്ടം കാണില്ല. ഒറപ്പാ. ജാഗ്രതൈ.

ഫോട്ടോകൾക്ക് ഒരു വർഷത്തെ പഴക്കം കഷ്ടി. വനവൽകരണത്തിന്റെ കാര്യത്തിൽ ഒരിഞ്ച് പുറകോട്ടില്ല. അതു‌കൊണ്ട് ഇതിലും മാരകമാണ് ഇന്നത്തെ അവസ്ഥ. കാണാൻ ശേഷി ഇല്ലാത്തതുകൊണ്ട് പോകാറില്ല അങ്ങോട്ട് കഴിവതും. വല്ലവരുടെയും കീഴിൽനിന്ന് കിട്ടുന്ന ശമ്പളം വാങ്ങി എങ്ങനൊക്കെയോ അങ്ങ് ജീവിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com