ADVERTISEMENT

ഫുഡ്‌ സേഫ്റ്റി ഡിപ്പാർട്ട്മെന്റിലെ ഒരു ഓഫീസർ വിളിച്ചിരുന്നു. എറണാകുളം ഭാഗത്തു വളരെ വിലക്കുറവിൽ ലഭിക്കുന്ന കോഴി/താറാവ് മുട്ടകളെപ്പറ്റി അറിയാൻ ആശ്ചര്യത്തോടെയാണ് വിളിച്ചത്. മുട്ടയുടെ പ്രധാന കേന്ദ്രമായ തമിഴ്‌നാട്ടിലെ നാമക്കലിൽ പോലും വ്യാവസായികാടിസ്ഥാനത്തിലുള്ള കോഴി വളർത്തലിലൂടെ ഒരു മുട്ട ഉൽപാദിപ്പിക്കാൻ 3.5 രൂപ ചെലവാണ്. കേരളത്തിലാവുമ്പോൾ അത് 4.5 മുതൽ 5 വരെ രൂപയാകും. അപ്പോൾ വൻ തോതിൽ വിലക്കുറവിനു കേരളത്തിൽ മുട്ടകൾ വിൽക്കപ്പെടുന്നുണ്ടെങ്കിൽ അതിന്റെ പിന്നിൽ തട്ടിപ്പില്ലാതിരിക്കാനുള്ള സാധ്യത കുറവാണ്. ഇത്തരം ഒരു തട്ടിപ്പ് 2018 ഡിസംബറിൽ വെളിപ്പെട്ടതോടെ തുടർന്നുള്ള കർശന പരിശോധനകൾ മൂലവും ഈ പരിപാടി കുറേ കാലമായി കേൾക്കാറില്ലായിരുന്നു. അന്ന് ഞാൻ പ്രസ്തുത വിഷയത്തിൽ എഴുതിയ ലേഖനം നിങ്ങൾക്കായി ഒന്ന് കൂടെ പങ്ക് വയ്ക്കുന്നു. ശ്രദ്ധിച്ചു വായിക്കുമല്ലോ...

‘രക്തം നിറഞ്ഞ പാതി വിരിഞ്ഞ മുട്ടകൾ കേക്ക് ഉണ്ടാക്കാൻ വിപണിയിൽ’ ബ്രേക്കിംഗ് ന്യൂസ് ആണ്. സംഗതി ഉള്ളതാണോ എന്നുള്ള അന്വേഷണങ്ങൾ സ്വാഭാവികം. തമിഴ്നാട്ടിലെ ഹാച്ചറികളിൽനിന്ന് ഒഴിവാക്കുന്ന പാതി വിരിഞ്ഞ മുട്ടകളാണ് വിപണിയിൽ വിറ്റഴിയുന്നതെന്നും വാർത്തയിലുണ്ട്. 1.5 രൂപയ്ക്കു വിപണിയിൽ മുട്ടകൾ കിട്ടാനുണ്ടെന്ന് പറയപ്പെടുമ്പോൾ, കോഴിയിലെ ഹോർമോൺ, മന്ത് സ്രവം എന്ന കഴമ്പില്ലാത്ത പഴങ്കഥയല്ലിതെന്നും സംഗതി അൽപം സീരിയസ് ആണെന്നും സംശയിക്കണം. സാധാരണ ഗതിയിൽ ഹാച്ചറിയിലെ ഒരു ഡബിൾ സെറ്ററിൽ ഏതാണ്ട് 30,000 മുട്ടകളാണ് വിരിയിക്കാനായി വയ്ക്കുന്നത്. ഹാച്ചറിയുടെ വലുപ്പത്തിനനുസരിച് സെറ്ററുകളുടെ എണ്ണവും കൂടും. 

ലാഭത്തിൽ ഓടുന്ന ഒരു ഹാച്ചറിയെ സംബന്ധിച്ചിടത്തോളം ഇതിൽ ഏകദേശം 10-20 % വരെ മുട്ടകൾ infertile & early dead എന്ന ഗണത്തിൽപ്പെട്ട് ഒഴിവാക്കപ്പെടുന്നു. മുട്ടകളെ വെളിച്ചത്തിനു എതിരെ കടത്തി വിട്ടു, ക്യാൻഡ്‌ലിംഗ് എന്ന പ്രക്രിയ വഴിയാണ് ഇത്തരം മുട്ടകളെ നീക്കം ചെയ്യുന്നത്. ഇത് ചില ഹാച്ചറികളിൽ 7 ആം ദിവസമോ 18 ആം ദിവസമോ നടത്തി വരുന്നു. തുടർന്ന് ഭ്രൂണമുള്ള മുട്ടകളാണ് അവസാന 3 ദിവസം ഹാച്ചറിലേക്ക് മാറ്റുന്നത്. ഇതിൽ 10 ശതമാനത്തോളം വിവിധ കാരണങ്ങൾ കൊണ്ട് വിരിയാതെ പോവുകയും, അങ്ങനെ ഏകദേശം 70-80 ശതമാനത്തിലേറേ കുഞ്ഞുങ്ങളാണ് സാധാരണ ഗതിയിൽ ഒരു ഹാച്ചറിയിൽ നിന്നും വിരിഞ്ഞിറങ്ങുന്നത്. ബീജസങ്കലനം നടക്കാത്ത മുട്ടകളും വിരിയാത്ത മുട്ടകളും മുട്ടത്തോടും ഹാച്ചറി വേസ്റ്റ് ആണ്. ഇത്തരത്തിലുള്ള ഹാച്ചറി വെസ്റ്റിന്റെ ഭാഗമായതും, ഏഴാം ദിവസം ക്യാൻഡ്‌ലിംഗ് നടത്തി പുറന്തള്ളുന്നതുമായ മുട്ടകളാണോ അനധികൃതമായി വിപണിയിൽ എത്തിയിരിക്കുന്നത് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. 

ബീജസങ്കലനം നടന്നിട്ടുള്ളതും 2 ദിവസമെങ്കിലും ഇൻക്യൂബേഷൻ നടന്നിട്ടുള്ളതുമായ മുട്ടകളിൽ മാത്രമാണ് blood glands രൂപപ്പെടുന്നത്. അല്ലാത്തവ സാധാരണ മുട്ട പോലെ തന്നെ തോന്നിക്കും. ലാഭത്തിനു വേണ്ടി വിഷം തീറ്റിക്കുന്ന മനുഷ്യ സംസ്കാരത്തിൽ ഇത്തരത്തിൽ ധാർമികം അല്ലാത്ത പ്രവൃത്തിയുടെ സാധ്യതകൾ തള്ളിക്കളയാനാവില്ല. നമുക്ക് ചെയ്യാവുന്ന മിനിമം ചില കാര്യങ്ങളുണ്ട്. കർഷകർക്കു വേണ്ടി 5 രൂപയെങ്കിലും ചെലവാക്കി മുട്ട വാങ്ങുക. 1.5- 2 രൂപയ്ക്ക് ഭക്ഷ്യയോഗ്യമായ നല്ല മുട്ടകൾ കിട്ടില്ല എന്നുള്ള യാഥാർഥ്യം ഉൾക്കൊള്ളുക. സംശയ സാഹചര്യത്തിൽ കാണപ്പെടുന്ന മുട്ടകൾ ലഭിക്കുന്ന പക്ഷം ബന്ധപ്പെട്ട ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥരെ വിവരമറിയിച്ച് തുടർപരിശോധനകൾക്കു വിധേയമാക്കുക. എല്ലാ ഭക്ഷ്യ മേഖലകളിലേക്കും വ്യാപിക്കുന്ന മായം ചേർക്കലിന്റെ ഒരു വ്യത്യസ്ത പതിപ്പായിരിക്കണം ഇതും!!!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com