14 ചെറുനാരകങ്ങളിൽനിന്ന് 1 ലക്ഷം രൂപ വരുമാനവുമായി വേറിട്ട കൃഷി

HIGHLIGHTS
  • നാലാം വർഷം മുതൽ പരമാവധി വിളവ്
  • കിലോഗ്രാമിന് 100 രൂപ അടിസ്ഥാന വില
lemon
SHARE

മലയാളികൾ അധികം ചെന്നെത്താത്ത രാജ്യങ്ങളിലാണ് കോട്ടയം പാലാ പച്ചാത്തോട് കുമ്പളത്താനത്ത് ബാബു ജേക്കബ് ജോലി ചെയ്തിരുന്നത്; പോർച്ചുഗലിലും ഡെന്മാർക്കിലും. കേരളത്തിലെ കർഷകരാരും കൈവയ്ക്കാത്ത കൃഷിയിലാണ് ബാബു ഇപ്പോൾ ചെന്നെത്തിയിരിക്കുന്നതും; ചെറുനാരകക്കൃഷി.  

പ്രിന്റിങ് ടെക്നോളജി പഠിച്ച് 15 വർഷം വിദേശത്തായിരുന്ന ബാബു 2010ലാണ് ജോലി മതിയാക്കി മടങ്ങുന്നത്. പാരമ്പര്യകൃഷിയിനങ്ങളുമായി നീങ്ങുമ്പോഴാണ് ചെറുനാരകക്കൃഷിയുടെ സാധ്യത തെളിഞ്ഞുകിട്ടുന്നതെന്നു ബാബു. തറവാട്ടിൽ നിൽക്കുന്ന ചെറുനാരക മരം സമൃദ്ധമായി കായ്ക്കുന്നതു കണ്ടപ്പോൾ ഇതൊരു കൃഷിയാക്കിയാലെന്തെന്നായി.

തറവാട്ടിലെ ചെറുനാരകത്തിന്റെതന്നെ പതിവച്ചു വളർത്തിയ തൈകൾ നട്ടു പരിപാലിച്ചു. നാലു വർഷം പ്രായമെത്തിയ 14 നാരകങ്ങളിൽനിന്നായി ബാബു കഴിഞ്ഞ വർഷം വിളവെടുത്തു വിറ്റത് ഏതാണ്ട് 1000 കിലോ ചെറുനാരങ്ങ. നാടൻനാരങ്ങ എന്ന നിലയിൽ കിലോയ്ക്ക് 100 രൂപ അടിസ്ഥാനവിലയിട്ടായിരുന്നു വിൽപന. കഴിഞ്ഞ വർഷം വിപണിയിൽ ചെറുനാരങ്ങയ്ക്ക് ഉയർന്ന വിലയുണ്ടായിരുന്നതിനാൽ കിലോയ്ക്ക് 260 രൂപ വരെ ലഭിച്ച അവസരവുമുണ്ടായി. പതിവു കടകളും സ്വാശ്രയ മാർക്കറ്റുകളുമായിരുന്നു മുഖ്യ വിപണികൾ. തോട്ടത്തിൽനിന്നു തന്നെ നേരിട്ടു വാങ്ങിയവരും കുറവല്ല. 

എല്ലാക്കാലത്തും വിലയും വിപണിയുമുള്ള കാർഷികോൽപന്നമാണ് ചെറുനാരങ്ങ.  മിക്കവരുടെയും ധാരണ ചെറുനാരങ്ങ തമിഴ്നാട്ടിലും ആന്ധ്രയിലുമൊക്കെയേ വിളയൂ എന്നാണ്. അങ്ങനെയല്ല, കേരളത്തിലെ കാലാവസ്ഥയും ചെറുനാരകക്കൃഷിക്കു യോജിച്ചതു തന്നെയെന്നു ബാബു. തമിഴ്നാട്ടിലെ കാലാവസ്ഥയിൽ നാരകത്തിന് അധികം ഉയരം വയ്ക്കാറില്ല. എന്നാൽ കേരളത്തിൽ രണ്ടു വർഷം കൊണ്ടുതന്നെ ആൾപൊക്കമെത്തും. മുള്ളുകളുടെ ശല്യമില്ലാതെ വിളവെടുക്കാൻ അടിച്ചില്ലകൾ നീക്കുകയും വേണം.

lemon-1

ആദ്യ 14 നാരകങ്ങളിൽനിന്നു മികച്ച വിളവു ലഭിച്ചതോടെ ഒരേക്കറിൽ തനിവിളയായും നാരകക്കൃഷി ചെയ്തു ബാബു. ഏക്കറിന് 180–200 തൈകൾ വയ്ക്കാം. നാലാം വർഷം മുതൽ വിളവ്. ജൂൺ–ജൂലൈ, സെപ്റ്റംബർ–ഒക്ടോബർ എന്നിങ്ങനെ രണ്ടു സീസണുകളുണ്ടെങ്കിലും വർഷം മുഴുവൻ ഏറിയും കുറഞ്ഞും നാരങ്ങ ലഭിക്കും. നാലുവയസു പിന്നിടുന്നതോടെ ഒന്നിൽനിന്നു വർഷം ചുരുങ്ങിയത് 100 കിലോ വിളവു പ്രതീക്ഷിക്കാം. 

തമിഴ്നാട്ടിൽനിന്നെത്തുന്ന നാരങ്ങയുടെയത്ര നിറം കാണില്ലെങ്കിലും കൂടുതൽ നാരങ്ങാനീരും മണവും ഗുണവും നാടനുതന്നെ. നാടൻ ചെറുനാരകത്തിന്റെ തൈകളും ലഭ്യമാക്കുന്നുണ്ട് ഈ കർഷകൻ. പുതുതായി കൃഷിയിലേക്കു കടന്നുവരുന്നവരോട് ബാബുവിനു പറയാനുള്ളത് ഒറ്റക്കാര്യം, ‘കൃഷിയിനം ഏതുമാകട്ടെ, വിപണി ഉറപ്പുള്ള ഉൽപന്നം മാത്രം കൃഷി ചെയ്യുക; ചെറുനാരങ്ങ പോലെ’.

ഫോൺ: 9562549231

English summary: Lemon Farm Business Plan

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA