ADVERTISEMENT

ഒരു സംരംഭകന് എങ്ങനെയൊക്കെ പണി കിട്ടും അഥവാ എങ്ങനെയൊക്കെ പണി കിട്ടാൻ സാധ്യതയുണ്ട് എന്നതിനെപ്പറ്റി ഒരു ക്ലാസാണ് ഇന്ന് തരാൻ ഉദ്ദേശിക്കുന്നത്. ചില കാര്യങ്ങളിലൊക്കെ ക്ലാരിറ്റി ഇന്നാണ് വന്നത് എന്നതുകൊണ്ടാണ് അൽപ്പം താമസിച്ചു പോയത്.

ഞങ്ങളുടെ ഫാമിനെതിരെ സ്ഥിരമായി പരാതി അയയ്ക്കുന്നത് ഹരിത റസിഡൻസ് അസോസിയേഷൻ എന്ന അസോസിയേഷന്റെ പ്രസിഡന്റാണ്. വിവരാവകാശ നിയമ പ്രകാരം അയാൾ രേഖകളെടുക്കും ആർക്കെതിരെയും പരാതി നൽകും. ഞങ്ങളുടെ കേസിൽ പിന്തുണയ്ക്ക് പ്രാദേശിക നേതാക്കളുമുണ്ട്. ഈ സംഘം മുൻപ് ഈ ഫാമിനെതിരെ ജില്ലാ കളക്ടർക്ക് അയച്ച ഒരു പരാതി പിന്നീട് ഞങ്ങൾക്കും വിവരാവകാശം വഴി കിട്ടിയത് പരാതികളുടെ ഒരു സാമ്പിൾ എന്ന നിലയ്ക്ക് ഞാൻ ഇവിടെ അറ്റാച്ച് ചെയ്യുന്നുണ്ട്.

വടക്കേ കിടങ്ങൂർ സുബ്രഹ്മണ്യ ക്ഷേത്രത്തിനു സമീപം ജീവിക്കുന്ന ആളുകൾ ചന്ദ്രമണി ഫാമിലെ ദുർഗന്ധം നിമിത്തം ജനലും വാതിലും തുറക്കാൻ പറ്റാതെയും പുറത്തിറങ്ങി നടക്കാൻ പറ്റാതെയും കഴിയുന്നു എന്നാണ് പരാതി. അത് ഞാനിവിടെ കൊടുത്തിട്ടുണ്ട്, രണ്ടാമതായി ഈ സുബ്രഹ്മണ്യ ക്ഷേത്രവും പരിസരവാസികളുടെ വീടും പിന്നെ ചന്ദ്രമണി ഫാമും ഗൂഗിൾ മാപ്പിൽ അടയാളപ്പെടുത്തിയത് കൂടി കൊടുത്തിട്ടുണ്ട്. അതൊന്നു സൂം ചെയ്തു നോക്കിയാൽ ഫാമും അമ്പലവും തമ്മിലുള്ള അകലം കാണാം. ഒരു ചെറിയ ഇറക്കമിറങ്ങി പാടവും കടന്നു പഞ്ചായത്ത് റോഡ് വഴി വളഞ്ഞു തിരിഞ്ഞു മുക്കാൽ കിലോമീറ്റർ പോയാൽ ഈ ക്ഷേത്രത്തിലെത്താം. ഗൂഗിൾ മാപ്പ് പ്രകാരം ഞങ്ങളുടെ ഫാം ഷെഡും ഈ ക്ഷേത്രവും തമ്മിലുള്ള ഏരിയൽ ഡിസ്റ്റൻസ് കൃത്യം 559 മീറ്റർ. ശക്തിയായി കാറ്റ് വീശുന്ന ഒരു പാടവും മുറിച്ചു കടന്നു അരകിലോമീറ്ററിലേറെ ആകാശത്തുകൂടി സഞ്ചരിച്ചു ഇവരെയൊക്കെ ശ്വാസം മുട്ടിക്കുന്ന തരം ദുർഗന്ധമാണ് ഫാമിൽനിന്നു പുറപ്പെടുന്നത് പോലും.

farm-notice-1
ഫാമും പരാതിക്കാരുടെ സ്ഥലവും തമ്മിലുള്ള ദൂരം

പരാതി അവിടെ നിൽക്കട്ടെ, ഒരു വെള്ള പേപ്പറുണ്ടെങ്കിൽ ആർക്കും വിവരാവകാശത്തിനു അപേക്ഷ നൽകാം ഒരു പേപ്പറും കൂടി ഉണ്ടെങ്കിൽ അത് വച്ച് വല്ലവന്റെയും വയറ്റിപ്പിഴപ്പു മുട്ടിക്കാൻ ഒരു പരാതിയും നൽകാം.

ആ ടൈപ്പ് പരാതിയുടെയും കഴമ്പില്ലാത്ത ചില ആരോപണങ്ങളുടെയും പേരിലാണ് ഞങ്ങൾക്ക് ഈ മേയ് മാസം 19നു സ്റ്റോപ് മെമ്മോ കിട്ടിയത്. പൂട്ടാനുള്ള നോട്ടീസ് തപാലിൽ അയയ്ക്കുകയായിരുന്നില്ല, തുറവൂർ ഗ്രാമ പഞ്ചായത്ത് ഉദ്യോഗസ്ഥർ നേരിട്ട് കൊണ്ടുവന്നു തരികയായിരുന്നു.

ഈ സ്റ്റോപ് മെമ്മോ കണ്ട് ആദ്യം ഞെട്ടിയൊന്നുമില്ല, കാരണം ഹൈക്കോടതിയിൽ ഒരു റിട്ട് പെറ്റിഷൻ കൊടുത്താൽ അതിന്റെ വഴിക്കു പോകുന്നതേയുള്ളൂ ഈ സ്റ്റോപ് മെമ്മോയും അതിൽ പറഞ്ഞിരിക്കുന്ന ആരോപണങ്ങളും. മാത്രമല്ല, ഇക്കാര്യത്തിൽ വേണമെങ്കിൽ ട്രൈബ്യൂണലിനെയും സമീപിക്കാം. നൂറു ശതമാനം വ്യാജ ആരോപണങ്ങളുടെ ബലത്തിൽ സകല നടപടി ക്രമങ്ങളും തെറ്റിച്ചു നൽകിയ സ്റ്റോപ് മെമ്മോയാണ്. അതുകൊണ്ടു വലിയ ഭയാശങ്കകൾ ഒന്നുമില്ലാതെ പിറ്റേദിവസം തന്നെ പോയി ഒരു വക്കീലിനെ കണ്ടു.

farm-notice
ഒരു പരാതി

അവിടെയാണ് ആദ്യത്തെ പ്രശ്നം തുടങ്ങുന്നത്, ഞങ്ങൾക്ക് കിട്ടിയ സ്റ്റോപ്പ് മെമ്മോയിൽ ഫാം പൂട്ടാൻ കാരണമായി, ഔദ്യോഗിക ഭാഷയിൽ പറഞ്ഞാൽ സൂചനയായി നൽകിയിരിക്കുന്നത് മൂന്നു സംഗതികളാണ്. 18-03-2020നു മനുഷ്യാവകാശ കമ്മീഷൻ ഞങ്ങളുടെ ഫാമിനെതിരെ നൽകിയ ഒരു കത്ത്, 15-05-2020നു തുറവൂർ പഞ്ചായത്ത് മെഡിക്കൽ ഓഫീസർ ഞങ്ങൾക്കെതിരെ പഞ്ചായത്തിന് നൽകിയ ഒരു റിപ്പോർട്ട്, പിന്നെ 30-12-2019നു തുറവൂർ ഗ്രാമപഞ്ചായത്ത് കമ്മിറ്റി എടുത്ത ഒരു തീരുമാനം. പക്ഷേ മേൽപ്പറഞ്ഞ രണ്ടു ഏജൻസികൾ നൽകിയ കത്തിന്റെയും റിപ്പോർട്ടിന്റെയും അടിസ്ഥാനത്തിലാണ് നടപടിയെങ്കിലും പഞ്ചായത്ത് സെക്രട്ടറി ഈ സ്റ്റോപ് മെമ്മോയുടെ കോപ്പി അവർക്ക് അയച്ചിട്ടില്ല. പകരം പൊലൂഷൻ കൺട്രോൾ ബോർഡ് എൻവിറോണ്മെന്റ് എഞ്ചിനീയർക്കും അങ്കമാലി പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർക്കും മാത്രമാണ് മെമ്മോയുടെ പകർപ്പ് അയച്ചിരിക്കുന്നത്. നാലു മാസമായി പൊലൂഷൻ കൺട്രോൾ ബോർഡിന്റെ പരിഗണനയിലിരിക്കുന്ന ഞങ്ങളുടെ അപേക്ഷ മുടക്കുകയും ഫാം ഒഴിപ്പിക്കാൻ പോലീസ് സഹായം തേടുകയുമാണ് സെക്രട്ടറിയുടെ ഉദ്ദേശം എന്ന് ഇതിൽനിന്നും വ്യക്തമാണ്.

ഈ മൂന്നു രേഖകളുടെയും പകർപ്പ് ഞങ്ങളുടെ കയ്യിലും ഉണ്ടെങ്കിലേ ഞങ്ങൾക്ക് റിട്ട് പെറ്റിഷൻ സമർപ്പിക്കാൻ കഴിയൂ. എന്തു സൂചനകൾ വച്ചാണോ പഞ്ചായത്ത് സെക്രട്ടറി ഞങ്ങൾക്ക് സ്റ്റോപ്പ്‌ മെമ്മോ അയച്ചത് ആ സൂചനകളുടെ പകർപ്പ് കോടതിക്കു നൽകണം, എങ്കിലേ അത് ചലഞ്ച് ചെയ്യാൻ കഴിയൂ.

ഈ മൂന്നു രേഖകളും ഞങ്ങളുടെ പക്കലില്ല, മേൽപ്പറഞ്ഞ മനുഷ്യാവകാശ കമ്മീഷനോ മെഡിക്കൽ ഓഫീസറോ ഒരിക്കൽ പോലും ഫാമിൽ പരിശോധനയ്ക്കു വന്നതായോ ഹിയറിങ്ങിനു വിളിച്ചതായോ ഒരു നോട്ടീസ് തന്നതായോ ഇതെല്ലം പോട്ടെ, എന്താ പരാതി എന്ന് ഒന്ന് ഫോണിലെങ്കിലും വിളിച്ചതായോ ഞങ്ങൾക്ക് അറിവില്ല. അതുകൊണ്ടു തന്നെ എന്താണ് അവർ കണ്ടെത്തിയതെന്നും ഞങ്ങൾക്ക് യാതൊരു പിടിയുമില്ല. അതിനാൽ മേൽപ്പറഞ്ഞ ഡോക്യുമെന്റുകൾ കിട്ടാൻ ഞങ്ങൾ വിവരാവകാശ നിയമപ്രകാരം പഞ്ചായത്തിൽ അപേക്ഷ നൽകി. പക്ഷേ, നിയമ പ്രകാരം രേഖകൾ നൽകാൻ ഉദ്യോഗസ്ഥന് മുപ്പതു ദിവസം സമയമുണ്ടല്ലോ, ഇപ്പോൾ തിരക്കാണ്, കുറച്ചു ദിവസം കഴിയട്ടെ, എന്നായിരുന്നു സെക്രട്ടറിയുടെ മറുപടി.

അതായത്, ഈ കേസിൽ ഞങ്ങൾക്ക് കോടതിയിൽ പോകാനുള്ള വഴി താൽക്കാലികമായി സെക്രട്ടറി അടച്ചു.

ഇനി എന്ത് ചെയ്യണം എന്നറിയാതെ അടുത്ത രണ്ടു ദിവസം കൂടി കടന്നുപോയി. ഇതിനിടയിൽ ആലുവാ ഗസ്റ്റ് ഹൗസിൽ പോയി കൃഷിമന്ത്രിയെ കണ്ടു, കാര്യങ്ങൾ പറഞ്ഞു, ഒരു നിവേദനം കൊടുത്തു. അദ്ദേഹം അപ്പോൾ തന്നെ പഞ്ചായത്ത് സെക്രട്ടറിയേയും പൊലൂഷൻ കൺട്രോൾ ബോർഡിലെ ഉദ്യോഗസ്ഥരെയും വിളിക്കുകയും നീതിയുക്തമായി മാത്രം വേണം ഇക്കാര്യത്തിൽ നടപടികൾ ഉണ്ടാവാൻ എന്ന് നിർദ്ദേശിക്കുകയും ചെയ്തു.

അപ്പോഴേക്കും നോട്ടീസ് ലഭിച്ചിട്ട് ഏഴു ദിവസമായി. കൃത്യം ഏഴാം ദിവസം വൈകുന്നേരം ഫാമിൽ പോലീസ് വന്നു. ഒരു സബ് ഇൻസ്പെക്ടറും ഒരു സിവിൽ പോലീസ് ഓഫീസറും. ഫാം ഒഴിയാൻ നോട്ടീസ് കിട്ടിയിട്ടും എന്താ ഒഴിയാത്തത് എന്നാണ് അവർക്കു ചോദിക്കാനുണ്ടായിരുന്നത്. ഇത് അന്യായമായ ഒഴിപ്പിക്കലാണ്, അതുകൊണ്ടു ഞങ്ങൾ നിയമനടപടികൾക്കു പോകുകയാണ് എന്ന് ഞാൻ മറുപടി പറഞ്ഞു. അവർ ഫാമൊന്നു ചുറ്റിനടന്നു കണ്ടു. നാളെ രാവിലെ വന്നു സർക്കിൾ ഇൻസ്പെക്ടറെ കാണണമെന്ന് പറഞ്ഞ് അവർ മടങ്ങി.

പോലീസുകാർ പോയതോടെ വിവരമറിഞ്ഞു ചില സിപിഐഎം പ്രവർത്തകർ ഫാമിൽ വന്നു. അവർ ഫാം ചുറ്റി നടന്നു കാണുകയും ഈ വിഷയത്തിൽ പഞ്ചായത്ത് സെക്രട്ടറിയും പരാതിക്കാരും ചേർന്ന് നടത്തുന്ന കള്ളക്കളികളെപ്പറ്റി ബോധ്യമാവുകയും ചെയ്തതോടെ അവരുടെ നേതാക്കളെ വിഷയം ധരിപ്പിച്ചു. പിറ്റേ ദിവസം രാവിലെ ഒൻപതിന് സിപിഐഎം ഏരിയാ സെക്രട്ടറി നാലഞ്ചു പ്രവർത്തകരോടൊപ്പം ഫാമിൽ വന്നു. ഒരുമണിക്കൂറോളം അവിടെ ചെലവഴിച്ചു ഞങ്ങൾ ചെയ്തുകൊണ്ടിരിക്കുന്നതും ചെയ്യാൻ പോകുന്നതുമായ കാര്യങ്ങൾ ശ്രദ്ധയോടെ കേട്ടു. പരാതികളൊക്കെ വ്യാജമാണെന്ന് ബോധ്യം വന്ന അദ്ദേഹം ഞങ്ങൾക്ക് സകല പിന്തുണയും വാഗ്ദാനം ചെയ്തു.

പത്തു മണിക്ക് ഞാൻ സർക്കിൾ ഇൻസ്‌പെക്ടറെ കാണാൻ പോയി, അവിടെ ഞാൻ മാത്രമല്ല, രണ്ടു പരാതിക്കാരും വന്നിരുന്നു. കഴിയുമെങ്കിൽ ഫാം പൂട്ടാതെ ഒരു കോമ്പ്രമൈസ് ആണ് അദ്ദേഹം ശ്രമിച്ചതെന്ന് തോന്നുന്നൂ. പക്ഷേ, പരാതിക്കാർ ഇത് പൂട്ടിക്കും എന്ന വാശിയിലായിരുന്നു. ഞങ്ങളുടെ ഫാമിനോട് ചേർന്ന് ഭാർഗവി നിലയം പോലെ ഒരു വലിയ കെട്ടിടം കിടപ്പുണ്ട്, ഏകദേശം പതിനയ്യായിരം ച.അടി വരുന്ന ഒരു കെട്ടിടം കുറെ നാളായി അടഞ്ഞുകിടന്നു ചിതലരിക്കുന്നു. അത് നാലഞ്ചു കൊല്ലം മുൻപ് ഏതോ വ്യവസായ യൂണിറ്റ് ആയിരുന്നെന്നും അവനെ ഞങ്ങൾ ഇവിടുന്നു ഓടിച്ചതാണെന്നുമുള്ള പരാതിക്കാരുടെ വീര കഥകൾ ആ സിഐയുടെ മുന്നിലിരുന്നു ഞാൻ കേട്ടു. ഇവരെയും ഞങ്ങൾ ഓടിക്കും എന്ന് പരസ്യമായാണ് അവർ പറയുന്നത്.

ഇവരുടെ വെല്ലുവിളി കേട്ടൊന്നുമല്ല ഞാൻ ശരിക്കും ഞെട്ടിയത്. ഞങ്ങൾ വിവരാവകാശം വച്ച് അപേക്ഷിച്ചിട്ടും കിട്ടാത്ത ഞങ്ങൾക്കെതിരെയുള്ള മെഡിക്കൽ ഓഫീസറുടെയും മനുഷ്യാവകാശ കമ്മീഷന്റെയും റിപ്പോർട്ടുകൾ പരാതിക്കാരുടെ കയ്യിൽ കണ്ടപ്പോഴാണ് ഇത് വെറുമൊരു സർക്കാർ നടപടിയല്ല, മികച്ച ആസൂത്രണത്തോടെ നടത്തുന്ന ഒരു ഓപ്പറേഷനാണ് എന്ന് മനസിലാക്കിയത്. പരാതിക്കാർ അവരുടെ കയ്യിലുള്ള മെഡിക്കൽ ഓഫീസറുടെ റിപ്പോർട്ട് സിഐയെ വായിച്ചു കേൾപ്പിക്കുന്നു, മനുഷ്യാവകാശ കമ്മീഷൻ അയച്ച കത്ത് കാണിച്ചു കൊടുക്കുന്നു കണ്ടോ സാറേ, ഇവർക്കെതിരെ ഇങ്ങനെ റിപ്പോർട്ടുകൾ ഉണ്ട്, പഞ്ചായത്ത് സ്റ്റോപ് മെമ്മോ നൽകിയിട്ടുണ്ട്, ഇവരെ ഇന്ന് തന്നെ ഒഴിപ്പിക്കണം സാറേ, എന്ന് ആവശ്യപ്പെടുന്നു. അതിനിടെ ഇവരെ ഏഴു ദിവസം കൊണ്ട് ഒഴിപ്പിക്കാമെന്നു പഞ്ചായത്ത് സെക്രട്ടറി വാക്കു തന്നതായും ഒരാൾ അവകാശപ്പെടുന്നു.

ആ പോലീസ് ഓഫീസർ എന്റെ നേരെ നോക്കി നിങ്ങൾ നിയമപരമായി നീങ്ങുകയാണെങ്കിൽ അത് പെട്ടെന്ന് ചെയ്യൂ, പഞ്ചായത്ത് സെക്രട്ടറി നിങ്ങളെ ഒഴിപ്പിക്കാൻ പോലീസ് സഹായം ആവശ്യപ്പെട്ടാൽ എനിക്ക് ഫോഴ്‌സിനെ വിട്ടു കൊടുത്തെ പറ്റൂ എന്ന് പറയുന്നു. ആ ഓഫീസർക്ക് അതിൽ കൂടുതൽ ഒന്നും ചെയ്യാൻ കഴിയില്ല എന്ന് മനസിലാക്കി ഞാൻ അവിടെനിന്നും പോന്നു.

ഇതിനിടെ ഇവിടുത്തെ സിപിഐഎം പ്രാദേശിക ഘടകം ഇടതുപക്ഷം ഭരിക്കുന്ന പഞ്ചായത്ത് സമിതിയെ ഈ വിഷയം ശ്രദ്ധയിൽ പെടുത്തി. അതിനെ തുടർന്ന് പഞ്ചായത്ത് പ്രസിഡന്റും ഏതാനും മെംബർമാരും ഫാം സന്ദർശിച്ചു. ഫാമിലെ കാര്യങ്ങൾ കണ്ടു മനസിലാക്കിയ അവർ കുറച്ചു നിർദ്ദേശങ്ങൾ ഒക്കെ നൽകി ഈ ഫാം പൂട്ടിക്കാൻ എന്തായാലും പഞ്ചായത്ത് തീരുമാനമെടുക്കില്ല എന്ന് അറിയിച്ചിട്ട് മടങ്ങി.

അതിനു ശേഷം കഴിഞ്ഞ പത്താം തീയതി, തുറവൂർ ഗ്രാമപഞ്ചായത്ത് ഈ ഫാമിന്റെ സ്റ്റോപ് മെമ്മോ പിൻവലിച്ചതായി തീരുമാനമെടുത്തു. ഞങ്ങൾ നൽകിയിരിക്കുന്ന ലൈസൻസ് അപേക്ഷ പരിഗണിക്കാൻ സെക്രട്ടറിയെ ചുമതലപ്പെടുത്തുകയും ചെയ്തു. അത് അനൗദ്യോഗികമായി ഭരണസമിതി അംഗങ്ങൾ ഞങ്ങളെ അറിയിക്കുകയും ചെയ്തു.

പക്ഷേ, കൃത്യം അന്ന് തന്നെ ഞങ്ങൾക്ക് പൊലൂഷൻ കൺട്രോൾ ബോർഡ് ഒരു കത്തയയ്ക്കുന്നു. ബോർഡിലെ തന്നെ ഒരു ഉദ്യോഗസ്ഥന്റെ നിർദ്ദേശപ്രകാരം ഒരു ലക്ഷത്തോളം രൂപ മുടക്കി ഈ മേയിൽ ലോക് ഡൗൺ കഴിഞ്ഞ ഉടൻ തന്നെ ഞങ്ങൾ ഫാമിന്റെ പിൻവശം പത്തടി ഉയരത്തിലും നൂറ്റി നാൽപതടി നീളത്തിലും റൂഫിങ് ഷീറ്റ് ഉപയോഗിച്ച് മറച്ചിരുന്നു, അതിനു മുന്നിലൂടെ ഇരുമ്പു പൈപ്പ് കൊണ്ട് ഒരു വേലിയും സ്ഥാപിച്ചു. പക്ഷേ, അതൊന്നും പോരാ, തറ മുഴുവൻ കോൺക്രീറ്റ്, ഫാം ഷെഡിനു ചുറ്റും ഉയരത്തിൽ ഇഷ്ടിക അല്ലെങ്കിൽ സോളിഡ് ബ്ലോക്ക് മതിൽ ഇവ വേണം എന്ന് ബോർഡ് നൽകിയ കത്തിൽ ആവശ്യപ്പെടുന്നു. അതിന്റെ ഒരു കോപ്പി പഞ്ചായത്ത് സെക്രട്ടറിക്കും അയച്ചിട്ടുണ്ട്. ഈ പറഞ്ഞ നിർമ്മാണങ്ങൾ നടത്താൻ നിന്നാൽ മിനിമം പത്തുലക്ഷം രൂപയ്ക്കു മേലെ ചെലവ് വരുന്ന ഏർപ്പാടാണിത്. മാത്രമല്ല ബോർഡ് നൽകിയിരിക്കുന്ന പതിനഞ്ചു ദിവസം കൊണ്ട് ഇത് ചെയ്തു തീർക്കാനുമാവില്ല. അതോടെ ഈ കളിയിൽ ഞങ്ങൾ തോൽക്കും എന്ന് ഉറപ്പായി.

പന്ത് വീണ്ടും സെക്രട്ടറിയുടെ കോർട്ടിലായി, പഞ്ചായത്ത് തീരുമാനമൊക്കെയുണ്ട് പക്ഷേ നിങ്ങളുടെ പുതിയ ലൈസൻസ് നൽകണമെങ്കിൽ പൊലൂഷൻ കൺട്രോൾ ബോർഡ് ഇപ്പോൾ പറഞ്ഞ പണികൾ പൂർത്തിയാക്കി അവരുടെ കണ്സെന്റും വാങ്ങി വരണമെന്ന് സെക്രട്ടറി പറയുന്നു.

ഈ സ്റ്റേജിലാണ് ഞങ്ങൾ ഈ ഫാമൊക്കെ പൊളിച്ചു സ്ഥലം വിട്ടാലോ എന്ന് ആലോചിക്കുന്നത്. ഇനിയിവിടെ അങ്കത്തട്ടും ആരോമൽ ചേകവരും കളിക്കാൻ ഞങ്ങൾക്ക് സമയമോ കഴിവോ ഇല്ലായിരുന്നു. നിരാശനായ ഞാൻ ഈ വിഷയം ഫേസ്ബുക്കിലിട്ടു, അതോടെ സംസ്ഥാനത്തെ രണ്ടു സീനിയർ ഐഎഎസ് ഉദ്യോഗസ്ഥന്മാർ ഞങ്ങളുടെ രണ്ടു സുഹൃത്തുക്കളുടെ അഭ്യർഥനപ്രകാരം ഈ വിഷയത്തിൽ ഇടപെട്ടു. ഒരു ചാനലിന്റെ ശ്രമഫലമായി വ്യവസായ മന്ത്രി ഇ.പി. ജയരാജൻ ഈ വിഷയം മനസിലാക്കുകയും അദ്ദേഹത്തിന്റെ പിന്തുണ വാഗ്ദാനം ചെയ്യുകയും ചെയ്തു. തിരുവനന്തപുരത്ത് പോയി മൃഗസംരക്ഷണ വകുപ്പ് മന്ത്രിയെയും തദ്ദേഹ സ്വയം ഭരണ വകുപ്പ് മന്ത്രിയെയും നേരിൽ കാണുകയും അവർ ഈ വിഷയം ശ്രദ്ധാപൂർവം കേട്ട് ഞങ്ങൾക്കനുകൂലമായ നടപടികൾക്കായി നിദ്ദേശിക്കുകയും ചെയ്തു. കൂടാതെ മുഖ്യമന്ത്രിയുടെ ആഫീസിലും പരാതി നൽകി. ഇന്നലെ കളക്ടറെ കണ്ടു, പരാതികളുടെ സത്യാവസ്ഥയെപ്പറ്റി അന്വേഷിക്കാൻ കളക്ടർ തഹസിൽദാർക്ക് നിർദ്ദേശം നൽകി, ഇന്ന് തഹസിൽദാരും വില്ലേജ് ഓഫീസറും ഫാം സന്ദർശിച്ചു, പരാതിക്കാരോടും സംസാരിച്ചു. അവർ കണ്ടെത്തിയ കാര്യങ്ങൾ ഇനി കളക്ടർക്ക് റിപ്പോർട്ട് ആയി നൽകും.

ഇത്രയൊക്കെ കഴിഞ്ഞു ഇരിക്കുന്ന ഇരിപ്പാണ്, ഇതുവരെ ലൈസൻസ് കിട്ടിയിട്ടില്ല, PCB കണ്സെന്റും ലഭിച്ചിട്ടില്ല. പക്ഷേ കാര്യങ്ങൾ ഇപ്പോൾ ക്ലിയറാണ്. കൃത്യം ഒരു മാസം നെട്ടോട്ടമോടിയെങ്കിലും പണി ഏതു വഴിയാണ് വന്നതെന്ന് ഇപ്പോൾ ഞങ്ങൾക്ക് കൃത്യമായി മനസിലായി.

ഞങ്ങൾക്കെതിരേ പഞ്ചായത്തിന് റിപ്പോർട്ട് നൽകിയ, ഞങ്ങളുടെ ഫാം സന്ദർശിച്ച് ഇവിടെ അതി ഗുരുതരവും മനുഷ്യജീവന് ഭീഷണിയുമായ തരത്തിൽ മലിനീകരണമുണ്ടെന്നു കണ്ടെത്തി ഉടനടി അടച്ചുപൂട്ടാനും ഞങ്ങൾക്കെതിരെ നിയമനടപടികൾ എടുക്കാനും ശക്തമായ ഭാഷയിൽ റിപ്പോർട്ടിലൂടെ നിർദ്ദേശിച്ച മെഡിക്കൽ ഓഫീസർ ശരിക്കും ഞങ്ങളുടെ ഫാമോ പരിസര പ്രദേശമോ പോലും സന്ദർശിച്ചിട്ടില്ല എന്നാണ് ഇപ്പോൾ അറിയുന്നത്. ഏതോ ഒരു ഹെൽത്ത് ഇൻസ്‌പെക്ടർ കൊടുത്ത വിവരങ്ങൾ ആ ഡോക്ടർ റിപ്പോർട്ടാക്കി പഞ്ചായത്തിന് കൊടുത്തതാണ് പോലും. ഈ റിപ്പോർട്ട് ഉണ്ടാക്കുന്ന ഡാമേജിനെപ്പറ്റി ആ ഡോക്ടർ ബോധവാനായിരുന്നില്ല. അതിനു ശേഷം ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ മറ്റൊരു യഥാർത്ഥ പരിശോധനയിൽ ഈ റിപ്പോർട്ടിലുള്ള പ്രശ്നങ്ങളൊന്നും ഫാമിലില്ല എന്ന് മനസിലായെന്നും അത് പിന്നീട് പഞ്ചായത്തിനെ അറിയിച്ചെന്നും ഒക്കെ ആ ഡോക്ടർ പറയുന്നു. ആ പരിശോധന യഥാർഥത്തിൽ നടന്നതാണ്, പത്തോൻപതാം തീയതി സ്റ്റോപ്പ്‌ മെമ്മോ കിട്ടിയതിനു ശേഷം ഇരുപത്തൊന്നാം തീയതി ആരോഗ്യവകുപ്പിലെ രണ്ടു ഹെൽത്ത് ഇൻസ്‌പെക്ടർമാർ ഫാം പരിശോധിക്കുകയും കാറ്റത്ത് ഇളകിപ്പോയ വളക്കുഴിയുടെ മേൽക്കൂര പത്ത് ദിവസത്തിനകം പുനഃസ്ഥാപിക്കണം എന്ന് നിർദ്ദേശിച്ചു അതിനായി ഒരു നോട്ടീസ് നൽകുകയും ചെയ്തതാണ്. ആ നോട്ടീസ് ഞങ്ങളുടെ കയ്യിലുണ്ട്, അതിന്റെ കോപ്പിയിൽ ഇവിടുന്നു ഫാം മാനേജർ സൈൻ ചെയ്തു കൊടുത്തിട്ടുമുണ്ട്. അങ്ങനെ ഞങ്ങൾക്ക് അനുകൂലമായി ആ മെഡിക്കൽ ഓഫീസർ രണ്ടാമത് ഒരു റിപ്പോർട്ട് നൽകിയെങ്കിൽ അത് പഞ്ചായത്ത് സെക്രട്ടറി പൂഴ്ത്തിവച്ചിരിക്കുകയാണ്. എന്തായാലും ആദ്യ റിപ്പോർട്ട് ഉണ്ടാക്കിയ ഡാമേജ് ചെറുതല്ല. നോർമൽ കേസിൽ ഒരു സംരംഭകൻ രണ്ടുതവണ ആത്മഹത്യ ചെയ്യാനുള്ള സാഹചര്യമാണ് ആ റിപ്പോർട്ട് ഉണ്ടാക്കിയത്.

ഇതേപോലെ മനുഷ്യാവകാശ കമ്മീഷനെയും തെറ്റിദ്ധരിപ്പിച്ചു വാങ്ങിയതാണ് അവിടന്നു കിട്ടിയ കത്ത്. ആ കത്തിൽ പൊലൂഷൻ കൺട്രോൾ ബോർഡിനെപ്പറ്റി ഒരു പരാമർശമുണ്ട്. അസഹ്യമായ മലിനീകരണം നിമിത്തം ഞങ്ങളുടെ ഫാമിന് നൽകിയ നിലവിലുള്ള കൺസന്റ് റദ്ദാക്കാനുള്ള നടപടികൾ പൊലൂഷൻ കൺട്രോൾ ബോർഡിലെ എൻവിറോണ്മെന്റൽ എൻജിനീയർ ആരംഭിച്ചിട്ടുണ്ട് എന്നാണ് ആ കത്തിൽ പറയുന്നത്. ഒന്നുകിൽ പരാതിക്കാർ മനുഷ്യാവകാശ കമ്മീഷനെ അത്തരത്തിൽ തെറ്റിദ്ധരിപ്പിച്ചു, അല്ലെങ്കിൽ എൻവിറോണ്മെന്റൽ എൻജിനീയർ തന്നെ ഇത് മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചിട്ടുണ്ട്. രണ്ടാമത്തെ കാര്യമാണ് സംഭവിച്ചതെങ്കിൽ രണ്ടു മാസത്തിനു ശേഷം മേയ് മാസം പത്താം തീയതി തറ മുഴുവൻ കോൺക്രീറ്റ് ഇടാനും ഭിത്തികെട്ടാനും ആവശ്യപ്പെട്ടു നൽകിയ കത്ത് എന്തിനു വേണ്ടി എന്ന ചോദ്യം അവശേഷിക്കുന്നു. മനുഷ്യാവകാശ കമ്മീഷൻ ഫാം പൂട്ടണം എന്ന ഉത്തരവല്ല, അവിടെ ഗുരുതരമായ മലിനീകരണമുണ്ടെങ്കിൽ അത് നിർത്താനുള്ള നടപടികൾ എടുക്കണം എന്ന് നിർദ്ദേശിക്കുകയാണ് ചെയ്തിരിക്കുന്നത്. ആ കത്ത് പ്രകാരമുള്ള അന്വേഷണമായാണ് മേൽപറഞ്ഞ ഡോക്ടറുടെ റിപ്പോർട്ട് കാണിച്ചിരിക്കുന്നത്. രണ്ടും കൂടി ചേർത്ത് വച്ചപ്പോൾ ഞങ്ങളുടെ ഫാം പൂട്ടാൻ കാരണം റെഡി.

അതായത് ഇവിടെ നടന്നത് ഒരു സാധാരണ സർക്കാർ നടപടിയല്ല, ഒരു കൂട്ടക്കൊലയ്ക്കുള്ള കൃത്യമായ പ്ലാൻ ആയിരുന്നു. കേരളത്തിൽ അധികം ബന്ധങ്ങളില്ലാത്ത, ഈ സാംരംഭം കൊണ്ട് ജീവിക്കാം എന്ന് കരുതിയ ഒരു സാധാരണ മനുഷ്യൻ ആയിരുന്നു ഞങ്ങളുടെ സ്ഥാനത്തെങ്കിൽ ആദ്യം മെമ്മോ വരും, അതിനു മറുപടി കൊടുത്താലും ഇല്ലെങ്കിലും ഏഴാം ദിവസം പോലീസ് സഹായത്തോടെ ഒഴിപ്പിക്കും, പശുക്കളെ പഞ്ചായത്തിന്റെ ഫണ്ടിലേക്കോ മറ്റോ മാറ്റും. ജീവിതം തകർന്ന സംരംഭകൻ പോയി ആത്മഹത്യ ചെയ്യും. അതാവും നടന്നിട്ടുണ്ടാവുക.

സംരംഭകർക്ക്‌ ഇപ്പോൾ സർക്കാരിന്റെ പിന്തുണയുണ്ട്, സർക്കാരിന്റെ നയവും അതാണ്, പക്ഷേ പ്രായോഗികതലത്തിൽ വരുമ്പോൾ ഇതേപോലുള്ള ഉദ്യോഗസ്ഥ, വിവരാവകാശ, അന്നം മുടക്കി കൂട്ടുകെട്ടുകളെ കൂടി നേരിടേണ്ടിവരും ഓരോ സംരംഭകനും.

ഇക്കാര്യത്തിൽ സർക്കാർ അടിയന്തിരമായി ഒരു ഇൻവെസ്റ്റർ പ്രൊട്ടക്ഷൻ പോളിസി ഉണ്ടാക്കേണ്ടതുണ്ട്. ഒരു പ്രസ്ഥാനത്തിനെതിരെ വരുന്ന ഓരോ പരാതിയും നിഷ്പക്ഷമായി വിവിധ തലങ്ങളിൽ അന്വേഷിക്കപ്പെടണം. പരാതി സത്യമാണെങ്കിൽ സ്ഥാപനമുടമയ്ക്കു എതിരെയും വ്യാജമാണെങ്കിൽ പരാതിക്കാരന് എതിരെയും നടപടി ഉറപ്പാക്കണം.

ഒരു സ്ഥാപനം തുടങ്ങാൻ ലക്ഷക്കണക്കിന് രൂപയും കൃത്യമായ പ്ലാനിങ്ങും കഠിനമായ അധ്വാനവും വേണം. ഒരു കള്ള പരാതിയയയ്ക്കാൻ മുപ്പത്തഞ്ചു പൈസയുടെ പേപ്പറും അൽപ്പം ദുഷ്ടബുദ്ധിയും മാത്രം മതി.

ഇക്കാര്യം ഭരണ സംവിധാനങ്ങൾ മനസിലാക്കണം. ഇല്ലെങ്കിൽ ഇനിയും ഇവിടെ സംരംഭകരുടെ രക്തം വീഴും.

English summary: Challenges Faced by the Kerala Dairy Farmers

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com