ADVERTISEMENT

പിടികൂടിയ മൂർഖന്റെ കടിയേറ്റിട്ടും കാഴ്ച്ചക്കാർക്കു വേണ്ടി പാമ്പിനെ പ്രദർശിപ്പിക്കുന്നതിനിടെ കുഴഞ്ഞു വീണു പാമ്പുപിടിത്തക്കാരനായ യുവാവ് മരിച്ചു. കഴിഞ്ഞ 11 വർഷമായി ഈ രംഗത്തുള്ള വ്യക്തിയാണ് മരിച്ചത്. മുൻപ് 12 തവണ ഇയാൾക്ക് പാമ്പു കടിയേൽക്കുകയും പലപ്പോഴും ഗുരുതരാവസ്ഥയിലാവുകയും ചെയ്തിട്ടുണ്ട്...

ഈയൊരു വാർത്ത വായിച്ചു കഴിഞ്ഞാൽ എന്താണ് നമുക്ക് ബോധ്യപ്പെടേണ്ടത്? കടിയേറ്റിട്ടും സ്വജീവൻ അപകടത്തിലാണ് എന്നറിഞ്ഞിട്ടും ആശുപത്രിയിൽ എത്തേണ്ടുന്ന ഓരോ നിമിഷവും വിലപ്പെട്ടതാണെന്ന് അറിയാമായിരുന്നിട്ടും അയാൾ കാഴ്ച്ചക്കാർക്ക് മുന്നിൽ തന്റെ ധൈര്യവും വീരവും ഒട്ടും ചോർത്താതെ നിറുത്തി പ്രകടനം തുടരുകയായിരുന്നു. കാഴ്ച്ചക്കാർക്കു വേണ്ടിയാണ് ഈ പ്രകടനപരത. കാഴ്ച്ചക്കാർ ഇതൊക്കെ ആഘാഷിക്കുന്നിടത്തോളം കാലം അതു തുടരും. പാമ്പ് മനുഷ്യരുടെ മനസിൽ ഭയപ്പാടുണ്ടാക്കുന്ന ഒരു ജീവിയായതിനാൽ തന്നെ അതിനെ അനായാസമായി കൈകാര്യം ചെയ്യുന്ന ഒരു വ്യക്തിക്ക് കിട്ടുന്ന വീരാരാധനയുടെ ഇരയാണ് വാസ്തവത്തിൽ ഈ യുവാവ്. പലപ്പോഴും മനുഷ്യരെ സംബന്ധിച്ച് അവർക്ക് ലഭിക്കുന്ന ആരാധന, സാമ്പത്തിക മെച്ചത്തെക്കാളും എന്തിനേറെ ചിലപ്പോൾ സ്വന്തം ജീവനെക്കാളും പ്രധാനമായി മാറും. അതുകൊണ്ടാണല്ലോ മുൻപ് 12 വട്ടം പാമ്പ് കടിയേറ്റ്, പലപ്പോഴും ഗുരുതരാവസ്ഥയിൽ ആയിട്ടും ഈ യുവാവ് അതേ രീതി തന്നെ വീണ്ടും പിന്തുടരുന്നത്. 

ആരാധനയുടെ ആ മായിക വലയത്തിൽപ്പെട്ട അവരെ ബോധവൽക്കരിക്കുക പ്രയാസമാണ്. ഇത്തരം നിരവധി പാമ്പുപിടിത്ത അപകടങ്ങളുടെ ആവർത്തനത്തിനു ശേഷം ഇപ്പോൾ പ്രത്യേക പരിശീലനം നേടിയവർക്ക് മാത്രം ലൈസൻസ് നൽകി ഈ മേഖല ക്രമീകരിക്കാൻ വനം - വന്യജീവി വകുപ്പിന്റെ സ്വാഗതാർഹമായ തീരുമാനം ഉണ്ടായിരിക്കുകയാണ്. പാമ്പുകളെ കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച് മാർഗ നിർദ്ദേശങ്ങളും വകുപ്പ് പുറത്തിറക്കുമെന്ന് അറിയുന്നു. എന്നാൽ ഈ കാര്യത്തിൽ ഒരു പൊതുജന അവബോധം കൂടി ഉയർന്നു വന്ന്, വകതിരിവോടെ സമൂഹവും മാധ്യമങ്ങളും ഈ പ്രകടനങ്ങളെ നിരുത്സാഹപ്പെടുത്തുക കൂടി ചെയ്താലേ വകുപ്പിന്റെ ഈ ശ്രമം പൂർണ ഫലപ്രാപ്തിയിൽ എത്തുകയുള്ളൂ. കഴിഞ്ഞ 11 വർഷമായി ഈ രംഗത്തുള്ള വ്യക്തിക്കാണ് തുടർച്ചയായി ഈ കടിയേൽക്കുന്നത് എന്ന് കൂടി കാണുമ്പോൾ നിശ്ചയമായും മനസിലാക്കാനാവുന്നത് അയാൾ പാമ്പുകളെ കൈകാര്യം ചെയ്യുന്നതിലോ അവയുടെ അറിവിലോ ഒരു വിദഗ്ധനല്ലായെന്നതാണ്. അപകടങ്ങളില്ലാതെ ഒരു വൈദഗ്ധ്യം പ്രകടിപ്പിക്കുന്നവനാവണമല്ലോ വിദഗ്ധൻ. അല്ലാത്തവരെല്ലാം പാമ്പ് സാഹസികർ മാത്രമാണ്. മാത്രവുമല്ല ഇത്തരം 'സാഹസികർ' നടത്തുന്ന പാമ്പ് ബോധവൽക്കരണം പലപ്പോഴും പാമ്പുകൾക്കും സമൂഹത്തിനും ഗുണത്തെക്കാളേറെ ദോഷകരമാവുകയും ചെയ്യും.

ഈ സാഹചര്യത്തിൽ എങ്ങനെയാവണം സ്നേക്ക് റെസ്ക്യൂ, എന്ത് കൊണ്ട് അതിൽ ഒരു ശാസ്ത്രീയ സമീപനം വേണം എന്ന കാര്യം പരിശോധിക്കാം.

പാമ്പുകൾ ഉൾപ്പടെയുള്ള വന്യജീവികളെ ( wild animals) കൈകാര്യം ചെയ്യേണ്ടത് വളർത്തു മൃഗങ്ങളെ (domestic animals) കൈകാര്യം ചെയ്യുന്നതിൽനിന്നും തീർത്തും വിഭിന്നമായാണ്. ദീർഘകാലത്തെ ഇണക്കുക (domestication) എന്ന പ്രക്രിയയിലൂടെ പരിണാമപരമായി തന്നെ മനുഷ്യരോടുള്ള ആഭിമുഖ്യത്തിൽ സ്വഭാവത്തിൽ മാറ്റം വന്നിട്ടുള്ള ജീവി വിഭാഗങ്ങളാണ് നമ്മുടെ വളർത്തു മൃഗങ്ങളായ നായ, പൂച്ച, ആട്, പശു, പന്നി എന്നിവയെല്ലാം. ഈ ജീവികളെല്ലാം അവയുടെ സാമൂഹ്യ ജീവിതത്തിന്റെ ഭാഗമായി ആ സ്പീഷീസിലെ തന്നെ മറ്റംഗങ്ങളെ ഉൾക്കൊള്ളുന്ന ആ സാമൂഹിക പരിധിയിലേയ്ക്ക് (social distance) മനുഷ്യനെയും ഏറെക്കുറേ ഉൾപ്പെടുത്തിയിട്ടുണ്ട്. അതിനാൽ തന്നെയാണ് കൂടുതൽ ഇണങ്ങുകയും പരിചിതരാവുകയും ചെയ്യുമ്പോൾ ഈ ജീവികളുടെ വ്യക്തിപരമായ പരിധിയിലേക്ക് (personal distance) കടക്കാനും അവയെ ലാളിക്കാനും മനുഷ്യർക്ക് സാധ്യമാകുന്നത്. ആ ലാളനം ആസ്വദിക്കാനും അതേ രീതിയിൽ തിരിച്ച് പ്രതികരിക്കാനും ഈ ജീവികൾക്ക് ആകുന്നു. 

എന്നാൽ അതു പോലെയല്ല വന്യജീവികളുടെ കാര്യം. നിലനിൽപ്പിന്റെ ഭാഗമായി മനുഷ്യരോട് നിശ്ചിത അകലം (critical distance) പാലിക്കുന്ന രീതിയിലാണ് പരിണാമപരമായി അവയിൽ ഉരുത്തിരിഞ്ഞ സ്വഭാവഘടന. ആ അകലം കടന്ന് മനുഷ്യൻ അടുത്തെത്തിയാൽ രക്ഷപ്പെടാൻ വഴിയുണ്ടെങ്കിൽ ഓടിയൊളിക്കുക (flight) അല്ലാത്തപക്ഷം പൊരുതുക, ആക്രമിക്കുക (fight) എന്നതാണ് അവയുടെ സ്വഭാവരീതി. മനുഷ്യന്റെ സാമീപ്യവും കൈകാര്യം ചെയ്യലും വലിയ സമ്മർദ്ദമാണ് (stress) പാമ്പ് ഉൾപ്പടെയുള്ള വന്യജീവികളിൽ ഉണ്ടാക്കുന്നത്. അതിനാൽ അവയ്ക്ക് ഹാനികരമാവുന്ന സമ്മർദ്ദങ്ങളും അവയുടെ സ്വഭാവരീതികളും പരിഗണിച്ചാണ് പാമ്പ് ഉൾപ്പടെയുള്ള വന്യജീവികളുടെ ശാസ്ത്രീയമായ കൈകാര്യം ചെയ്യൽ (handling), നിയന്ത്രണ രീതികൾ (restraint) എന്നിവ രൂപപ്പെടുത്തിയെടുത്തത്. അതോടൊപ്പം അവയുടെ ശാരീരിക പ്രത്യേകതകളും (anatomical peculiarities), അതിന്റെ ശേഷിയും ന്യൂനതകളും പരിഗണിക്കുന്നുണ്ട്. 

ഏതുതരം വന്യജീവി കൈകാര്യം ചെയ്യലിന്റെയും അടിസ്ഥാന തത്വം കുറഞ്ഞ നിയന്ത്രണം ഉത്തമമായ നിയന്ത്രണം എന്നതാണ് (minimum restraint is the best restraint). അതോടൊപ്പം തന്നെ പ്രധാനമായ മൂന്ന് സംഗതികളുമുണ്ട്.

  1. കൈകാര്യം ചെയ്യൽ രീതി അതു നടത്തുന്ന മനുഷ്യനെ സംബന്ധിച്ച് സുരക്ഷിതമാവണം.
  2. കൈകാര്യം ചെയ്യൽ ആ വന്യജീവിയുടെ പരമാവധി സുരക്ഷിതത്വം ഉറപ്പാക്കുന്നതാവണം.
  3. ഉദ്ദേശിക്കുന്ന കാര്യം ഈ കൈകാര്യം ചെയ്യലിലൂടെ സാധ്യമാവണം.

ഇത് സാധ്യമാക്കുന്ന രീതിയിലാണ് പല വന്യമൃഗങ്ങൾക്കുമായി അവയെ പിടിക്കുന്നതിനും നിയന്ത്രിക്കുന്നതിനും ശാസ്ത്രീയവും മാനുഷികവുമായ രീതികളും അതിനുപയോഗിക്കാവുന്ന പലതരം നിയന്ത്രണ ഉപകരണങ്ങളും (restraining tools) രൂപപ്പെടുത്തിയിരിക്കുന്നത്. അത്തരത്തിൽ പാമ്പുകളെ നിയന്ത്രിച്ച് രക്ഷപ്പെടുത്തുവാൻ ഉപയോഗിക്കുന്ന ഉപകരണങ്ങളാണ് അതിനായുള്ള തുണി സഞ്ചി (cloth bag), പാമ്പ് കോരി (snake hook), പാമ്പിൻ കുരുക്ക് (snake noose), പാമ്പ് പിടി (snake tongs) എന്നിവ. വിവിധ തരം പാമ്പുകളുടെ വേഗത്തിലും പ്രതികരണത്തിലും സ്വഭാവ രീതികളിലുമുള്ള വ്യത്യാസമനുസരിച്ചും പിടിക്കുന്ന സമയത്തെ സാഹചര്യം പരിഗണിച്ചുമാണ് ഇവയിൽ ഏതൊക്കെ പ്രയോഗത്തിൽ വരുത്തണമെന്ന് തീരുമാനിക്കേണ്ടത്. എന്തായാലും കൈകാര്യം ചെയ്യുന്നയാളിന്റെയും പരിസരത്തുള്ളവരുടെയും പാമ്പിന്റെയും സുരക്ഷിതത്വം പരിഗണിച്ചും അതേ സമയം പാമ്പിനുണ്ടാവുന്ന സമ്മർദ്ദം (stress) ലഘൂകരിച്ചുമാവണം പ്രവർത്തനം. 

tools
പാമ്പുകളെ കൈകാര്യം ചെയ്യാനുള്ള ഉപകരണങ്ങൾ

വിഷമുള്ളവയായാലും ഇല്ലാത്തവയായാലും പരമാവധി കൈയുടെ നേരിട്ടുള്ള ഉപയോഗം പരിമിതപ്പെടുത്തി മുകളിൽ പറഞ്ഞ ഉപകരണങ്ങളുടെ സഹായത്തോടെ ശാരീരിക അകലം പാലിച്ചാവണം പ്രവർത്തനം. ഒരു പാമ്പിനെ ചികിത്സയ്ക്ക് വിധേയമാക്കുമ്പോഴോ മുറിവിന് മരുന്നു വയ്ക്കുമ്പോഴോ വേണ്ടി വരുന്ന കൈകാര്യ രീതിയല്ല അവയെ ഒരിടത്തുനിന്ന് രക്ഷിച്ച് മറ്റൊരിടത്തേയ്ക്കു വിടുതൽ ചെയ്യുമ്പോൾ വേണ്ടത്. കൈകാര്യം ചെയ്യലിൽ നിയന്ത്രണവും സമ്മർദ്ദവും ഏറ്റവും കുറച്ച് മാത്രം പ്രയോഗിച്ച് പൂർത്തിയാക്കാവുന്ന ഒരു പ്രക്രിയയാണ് സ്നേക്ക് റെസ്ക്യു. പാമ്പിന്റെ സ്വാഭാവികമായ തുടർ ജീവനം ഉറപ്പാക്കുവാൻ ഇത് സഹായിക്കുന്നു. അതിനുമപ്പുറമുള്ള നിയന്ത്രണവും അഭ്യാസവും വന്യജീവി സംരക്ഷണ നിയമത്തിന്റെ (wildlife protection act) അന്തസത്തയ്ക്ക് വിരുദ്ധവുമാണ്.

ഒരു പാമ്പിനെ രക്ഷിക്കേണ്ടി വരുന്ന സാഹചര്യത്തിൽ പാമ്പുപിടിത്തത്തിൽ സവിശേഷ അറിവും വൈദഗ്ധ്യവും ഉള്ളവരല്ലാതെ മറ്റാരും അതിനെ പിടിക്കാൻ ഒരു ആദ്യ ശ്രമത്തിനു മുതിരരുത്. വിദഗ്ധൻ എത്തുന്നതു വരെയും പാമ്പ് സ്വയം സുരക്ഷിതം എന്നു കരുതി ഇരിക്കുന്നയിടത്ത് അതിനെ ശല്യപ്പെടുത്തരുത്. കൂടുതൽ കാഴ്ച്ചക്കാർ വന്നെത്തി നോക്കുന്നതും പരിസരത്തെ കാൽപെരുമാറ്റവും ഒഴിവാക്കേണ്ടതാണ്. പാമ്പ് അവിടം വിട്ട് പോകുന്നുണ്ടോ എന്ന കാര്യം മാത്രം ശ്രദ്ധിച്ചാൽ മതി. കൂടുതൽ അങ്കലാപ്പുണ്ടാക്കിയാൽ പാമ്പ് സ്വയം പ്രതിരോധത്തിന് തയ്യാറായി ആക്രമണോത്സുകമാകാൻ സാധ്യതയേറും. ഇത് അതിനെ കൈകാര്യം ചെയ്യൽ കൂടുതൽ ബുദ്ധിമുട്ടിലാക്കും.

കൈകാര്യം ചെയ്യലും കയ്യുടെ ഉപയോഗവും പരമാവധി കുറയ്ക്കാനാണ് വിദഗ്ധർ ഉപകരണങ്ങൾ പ്രയോഗമാക്കേണ്ടത്. ഇതിനൊപ്പം ആ ജീവിയുടെ സ്വഭാവ പ്രത്യേകതകളും കൈകാര്യം ചെയ്യലിന് അനുകൂലമായി വിനിയോഗിക്കാം. അതായത് മനുഷ്യനെ നേരിടുമ്പോൾ പരമാവധി നമ്മളെ ഒഴിവാക്കി രക്ഷപ്പെട്ട് എവിടെയെങ്കിലും ഒളിക്കാനുള്ള പാമ്പിന്റെ വ്യഗ്രതയെ സമർഥമായി ഉപയോഗിച്ച് എളുപ്പം നമുക്കവയെ നിലത്ത് ഒരുക്കിയിരിക്കുന്ന തുണി സഞ്ചിയിലേക്ക് നയിക്കാനാവും. ഇതിലേക്ക് അവയെ നയിക്കാൻ പാമ്പ് കോരി (snake hook) ഉപകരിക്കും. മുഴുവൻ ശരീരവും സഞ്ചിക്കുള്ളിലായാൽ കോരി വച്ചു തന്നെ വായ് ഭാഗം അടച്ചുപിടിച്ച് സഞ്ചിവായ് മൂടിക്കെട്ടി സുരക്ഷിതമായി മറ്റൊരിടത്ത് എത്തിച്ച് തുറന്നു വിടുകയും ചെയ്യാം. ഇതിൽ പാമ്പിന്റെ ശരീരത്തിൽ ഒട്ടും സ്പർശിക്കേണ്ടതായി വരുന്നില്ല. എന്നാൽ ചില സാഹചര്യത്തിൽ ഈ രീതി നടപ്പാക്കാൻ ബുദ്ധിമുട്ടുള്ളപ്പോൾ പാമ്പ് കോരിയുടെ സഹായത്തോടെ പാമ്പിന്റെ ശരീരത്തിന്റെ പിൻഭാഗം ഉയർത്തി അതുവഴി അവയുടെ വാലിൽ കൈകൊണ്ട് പിടിച്ച് നിയന്ത്രിച്ച്, കോരിയിൽ ശരീരത്തിന്റെ നടുഭാഗം താങ്ങിയെടുത്തും പാമ്പിനെ സഞ്ചിയിലേക്ക് മാറ്റാം. വിദഗ്ധനായ ഒരാൾക്ക് കൃത്യമായും ഈ രണ്ട് രീതികളിലൂടെ ഒരു പാമ്പിനെ തുണി സഞ്ചിയിലേക്ക് മിക്ക അവസരങ്ങളിലും മാറ്റാനാകും. ഈ രണ്ടു രീതികളും പ്രായോഗിക്കമല്ലാതെ വരുമ്പോൾ മാത്രമാണ് കൂടുതൽ ബലം പാമ്പിന്റെ ശരീരത്തിൽ പ്രയോഗിക്കുന്ന പാമ്പ് പിടിയോ (snake tongs), പാമ്പ് കുരുക്കോ (snake noose) വളരെ കരുതലോടെ ഉപയോഗിക്കേണ്ടതായി വരിക. പാമ്പിനെ മുറിവേൽപ്പിക്കാതെ ആവശ്യത്തിന് ബലം മാത്രം പ്രയോഗിച്ച് നിയന്ത്രിച്ച് വേണം ഇവ ഉപയോഗിക്കാൻ. പാമ്പിനെ ഇങ്ങനെ പിടിച്ചാൽ ഉടൻ തന്നെ തുണി സഞ്ചിയിലേക്ക് മാറ്റി അവയെ സുരക്ഷിതമാക്കേണ്ടതുമുണ്ട്. എന്നാൽ ഉപകരണങ്ങളൊന്നുമില്ലാതെ വെറും കയ്യുപയോഗിച്ചുള്ള അഭ്യാസങ്ങൾ പാമ്പിനും മനുഷ്യനും ഏറെ അപകടകരമാണ്.

മറ്റൊരു കാര്യം ശ്രദ്ധിക്കേണ്ടത് പാമ്പിന്റെ സ്വഭാവ വിശേഷതകൾ നമുക്കോ, ശാരീരിക പ്രത്യേകതകൾ അവയ്ക്കോ ഈ പ്രവർത്തനത്തിനിടയിൽ അപകടം വരുത്തുന്നില്ല എന്നതാണ്. പാമ്പുകളുടെ സ്വഭാവം പ്രധാനമായും ചോദനാപരമായ (instinctive) പ്രതികരണങ്ങൾ മാത്രമാണ്. അതിനാൽ തന്നെ അവയുടെ പ്രതികരണവും ആക്രമണോത്സുകതയും പലപ്പോഴും പ്രവചനാതീതമാണ്. സസ്തനികളിൽ സാധ്യമാകുന്നതു പോലെ അവയുടെ ഭാവവും പ്രകടനവും കണ്ട് പാമ്പിന്റെ അടുത്ത നിമിഷത്തിലെ പ്രതികരണം ഗണിക്കാനുമാവില്ല. കൈ ഉപയോഗിച്ച് പാമ്പിന്റെ വാലിൽ പിടിച്ചുയർത്തി ശരീരം മറ്റൊരു താങ്ങുമില്ലാതെ തൂക്കിയിടുമ്പോൾ പാമ്പുകൾ പലപ്പോഴും ശക്തമായി പിടയുകയും മുകളിലേക്ക് ഉയരാൻ ശ്രമിക്കുകയും ചെയ്യും. നിലത്തിഴയുകയും എല്ലാ വശങ്ങളിലേയ്ക്കും തിരിയുകയും ചെയ്യാൻ പാകത്തിന് രൂപപ്പെട്ടിരിക്കുന്നതിനാൽ തന്നെ പാമ്പിന്റെ നട്ടെല്ലിലെ കശേരുക്കൾ (vertebrae) തമ്മിലുമുള്ള ബന്ധന ഘടകങ്ങൾ തികച്ചും ലോലമാണ്. അതിനെ ശക്തമായി ഉലയ്ക്കുന്നത് അവയ്ക്ക് സാരമായ പരിക്കുണ്ടാക്കുന്നു. അതിനാൽ തന്നെയാണ് പാമ്പിനെ അപകടപ്പെടുത്താൻ കീരിയും മറ്റും അവയെ കടിച്ച് ശക്തമായി കുടഞ്ഞ് നിലത്തേക്ക് എറിയുന്നതും. കൈ കൊണ്ടുള്ള ഇത്തരം പലതരം അഭ്യാസങ്ങൾ വഴിയും പാമ്പിന്റെ നട്ടെല്ലിന് ഇളക്കം സംഭവിക്കാൻ സാധ്യതയേറിയതിനാൽ അത് അപകടകരം തന്നെയാണ്. ഇത് കൂടാതെ ഇണക്കത്തിന്റെ (taming) യാതൊരു സാധ്യതയുമില്ലാത്ത പാമ്പിനെ സാഹസികമായി ഉമ്മ വയ്ക്കുന്നതും അവയെ കളിപ്പിക്കുന്നതും പാമ്പിന്റെ സമ്മർദ്ദം വർധിപ്പിക്കുന്നു. നമ്മുടെ സാഹസിക താൽപര്യങ്ങൾക്ക് പാമ്പിനെ ഒരു ഉപകരണമാക്കി കൊണ്ടുള്ള ഇത്തരം സ്നേഹവായ്പ് പ്രകടനങ്ങൾ തികഞ്ഞ ജന്തുദ്രോഹം മാത്രമാണ്.

ഒരു വന്യജീവിയെ അതിന്റെ സവിശേഷ വന്യതയും സ്വഭാവവും മാനിച്ച് കൈകാര്യം ചെയ്യുന്നതാകണം അതിനോടുള്ള കരുതൽ. അല്ലാതെയുള്ള പ്രകടനങ്ങളിലൂടെ സമൂഹത്തിൽ ഉയർത്തപ്പെടുന്ന ആരാധനാ മൂല്യം പലരെയും ഈ തെറ്റായ വഴിയിലേക്ക് ആകർഷിക്കും. കർണ്ണാടകയിലെ അഗുംമ്പെ റെയ്ൻ ഫോറസ്റ്റ് റിസർച്ച് സ്റ്റേഷനിലെ ഫീൽഡ് ഡയറക്ടർ അജയ് ഗിരി ഉൾപ്പടെയുള്ള പല വിദഗ്ധരും രാജവെമ്പാലയുൾപ്പടെയുള്ള നിരവധി പാമ്പുകളെ ശാസ്ത്രീയമായി റെസ്ക്യൂ ചെയ്ത് സുരക്ഷിതമായി തിരിച്ചുവിടുന്ന പ്രവർത്തനങ്ങൾ മാതൃകാപരമായി കാലങ്ങളായി നടപ്പിലാക്കി വരുന്നുണ്ട്. പാമ്പിനോടുള്ള സ്നേഹം അവയോട് പുലർത്തേണ്ടുന്ന മാന്യമായ അകലമാണ് എന്ന തിരിച്ചറിവിലൂടെയുള്ള അത്തരം മാതൃകയിലാവണം ഇവിടത്തെയും സ്നേക്ക് റെസ്ക്യൂ. പാമ്പിനോടുള്ള അതിരുകവിഞ്ഞ ഭയമോ പാമ്പുപിടിത്തക്കാരോടുള്ള ആരാധനയോ അല്ല, പാമ്പിനോട് അകലം പാലിച്ച് അവയെ മാനിച്ചുള്ള സഹവർത്തിത്വമാണ് നമുക്കാവശ്യം.

English summary: Safety Precautions with Snakes

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com