ADVERTISEMENT

കാട്ടുപന്നി നിയന്ത്രണത്തിന്റെ ശാസ്ത്രീയ വശം

കോവിഡ്–19 മഹാമാരിയും ലോക് ഡൗണും മൂലം കാർഷിക മേഖലയിൽ സംഭവിച്ച തകർച്ചയുടെ പ്രത്യാഘാതങ്ങൾ കൂടുതൽ പ്രകടമാകുമെന്ന് നിരവധി മുന്നറിയിപ്പുകൾ വന്നുകൊണ്ടിരിക്കുകയാണല്ലോ. ഈ പശ്ചാത്തലത്തിൽ ത്രിതല പഞ്ചായത്ത് സംവിധാനങ്ങൾ മുഖേന സംസ്ഥാനമൊട്ടാകെ കാർഷിക ഉൽപാദനം വർധിപ്പിക്കുന്നതിനുള്ള നടപടികളും നിർദ്ദേശങ്ങളും വിവിധ സർക്കാർ തലങ്ങളിൽനിന്നു വന്നു തുടങ്ങിയിട്ടുണ്ട്. വിളവർധനവിനെ സംബന്ധിച്ച ചർച്ചകൾക്കൊപ്പം തന്നെ എക്കാലവും സംസ്ഥാനത്ത് ഉയർന്നുവന്നിട്ടുള്ളതാണ് വിള നശിപ്പിക്കുന്ന വന്യജീവികളുടെ നിയന്ത്രണം സംബന്ധിച്ച തർക്കങ്ങളും. കാട്ടുപന്നി നിയന്ത്രണവുമായി ബന്ധപ്പെട്ട്, തീവ്ര പരിസ്ഥിതി സ്നേഹികളും കാർഷികമേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരും തമ്മിൽ നടക്കുന്ന വാഗ്‌വാദങ്ങളാണ് നിലവിലെ സോഷ്യൽ മീഡിയാ കാഴ്ച. ഈ അവസരത്തിൽ കേരളത്തിലെ കാട്ടുപന്നി ആക്രമണങ്ങൾ സംബന്ധിച്ച യാഥാർഥ്യങ്ങളും നിയന്ത്രണ മാർഗങ്ങളുടെ ശാസ്ത്രീയ വശങ്ങളും പരിശോധിച്ച് പോകേണ്ടതുണ്ട്.

കാട്ടുപന്നികൾ, സവിശേഷതകൾ

ലോകത്താകമാനം തന്നെ വ്യാപിച്ചു കിടക്കുന്ന സസ്തനി വിഭാഗമാണ് Sus scrofa എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്ന കാട്ടുപന്നികൾ (wild boar). ആറു മുതൽ 23 എണ്ണം വരെയുള്ള ഗ്രൂപ്പുകൾ ആയാണ് ഇവ സഞ്ചരിക്കുന്നത്. പെൺപന്നികൾ ഏഴാം മാസത്തിലും ആൺ പന്നികൾ ഒൻപതാം മാസത്തിലും പൂർണ ലൈംഗിക വളർച്ച കൈവരിക്കുന്നു. വർഷത്തിലുടനീളം പ്രജനനം നടത്താൻ ശേഷിയുള്ളവയാണ് ഇവ. ഓരോ ഗർഭകാലവും 115 ദിവസം നീണ്ടു നിൽക്കുകയും ഓരോ പ്രസവത്തിലും 2 മുതൽ 8 വരെ കുഞ്ഞുങ്ങൾക്ക് വരെ ജന്മം നൽകുകയും ചെയ്യുന്നു. ആഹാര സമൃദ്ധമായ പരിതസ്ഥിതിയിൽ ജീവിക്കുന്നവയാണ്‌ കൂടുതൽ കുഞ്ഞുങ്ങൾക്ക് ജന്മം നൽകുന്നതെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നുണ്ട്.

അപാര ഘ്രാണശേഷിയും, നീണ്ടു നിൽക്കുന്ന കോമ്പല്ലുകളും (Canie tooth) കൃഷിയിടങ്ങൾ എളുപ്പത്തിൽ തിരഞ്ഞുപിടിക്കാനും ഉഴുതുമറിച്ച് ആഹാരം കണ്ടെത്താനും ഇവയെ സഹായിക്കുന്നു.

കാർഷിക മേഖലയിലെ നാശനഷ്ടങ്ങൾക്കു പിന്നിൽ

കാട്ടുപന്നികളുടെ ആഹാര ക്രമത്തിൽ 90 ശതമാനവും സസ്യങ്ങളാണ്. ഇതിനു പുറമേ, മറ്റു ചെറു ജീവജാലങ്ങളെയും ഇവ ഭക്ഷിക്കുന്നു. വനപ്രദേശങ്ങളോട് ചേർന്നു നിൽക്കുന്ന മേഖലകളിലാണ് കാട്ടുപന്നികൾ കൂടുതൽ നാശനഷ്ടങ്ങൾ വിതയ്ക്കുന്നത്. അതുകൊണ്ടു തന്നെ, കേരള സംസ്ഥാനത്തിന്റെ കിഴക്കു ഭാഗത്ത് നീണ്ടു കിടക്കുന്ന മലയോര മേഖലകളിളാണ് ഇവയുടെ ശല്യം ഏറ്റവും രൂക്ഷമായ നിലയിൽ നിലനിൽക്കുന്നത്. ഇവിടങ്ങളാകട്ടെ, കിഴങ്ങ് വർഗങ്ങൾ ഉൾപ്പെടെയുള്ള വൈവിധ്യമാർന്ന വിളകൾ വ്യാപകമായി കൃഷിചെയ്യപ്പെടുന്ന സ്ഥലങ്ങളാണ്.

കാട്ടുപന്നികളുടെ ഭക്ഷണക്രമത്തിൽ ഉൾപ്പെടുന്ന 400ൽപ്പരം ഇനം സസ്യങ്ങളിൽ പത്തു ശതമാനത്തിലധികവും കാർഷിക വിളകളാണ്. സംസ്ഥാനത്തെ പ്രധാന കാർഷിക‌വിളകളായ നെല്ല്, തേങ്ങ, കിഴങ്ങുവർഗങ്ങൾ, വാഴപ്പഴം എന്നിവ കൃഷി ചെയ്യപ്പെടുന്ന ഇടങ്ങളിലേക്ക് ഇവ ഇങ്ങനെ പെട്ടെന്ന് എത്തിച്ചേരുകയും നാശനഷ്ടങ്ങൾ വിതയ്ക്കുകയും ചെയ്യുന്നു. കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ട മൊത്തം 7229 മനുഷ്യ–വന്യജീവി സംഘട്ടനങ്ങളിൽ 1301 എണ്ണം കാട്ടുപന്നികൾ മൂലമുള്ളതാണ്. മനുഷ്യമരണം (3), പരിക്ക് (103), കന്നുകാലികളുടെ മരണം (1), വിളനാശം (1194) എന്നിങ്ങനെയാണ് കണക്കുകൾ.

സംസ്ഥാന വനം വന്യജീവി വകുപ്പിന്റെ 2002ലെ കണക്കു പ്രകാരം 60,940 ആയിരുന്നു കേരളത്തിലെ കാട്ടുപന്നികളുടെ ആകെ എണ്ണം. 2011ലെ കണക്കു പ്രകാരമാകട്ടെ 48,034 ആണ് ആകെ എണ്ണം. എന്നാൽ, കഴിഞ്ഞ പത്തു വർഷത്തിനിടെ ഏറി വന്നിരിക്കുന്ന കൃഷി നാശനഷ്ടങ്ങളുടെ കണക്ക്, ചില സംശയങ്ങൾക്ക് ഇട വരുത്തുന്നതാണ്. വന മേഖലയിൽ കാട്ടുപന്നികളുടെ എണ്ണം കുറയുന്നുണ്ടെങ്കിൽ തന്നെ, ജനവാസ മേഖലയിൽ ഇവയുടെ സാന്നിധ്യം വർധിച്ചു വരുന്നു എന്നത് ഒരു യാഥാർഥ്യം തന്നെയാണ്. വേട്ടമൃഗങ്ങളുടെ അഭാവവും കാർഷിക വിളകളുടെ സമൃദ്ധിയും ജനവാസമേഖലകളിലെ ചെറിയ തുരുത്തുകളിൽ പോലും ഇവ വാസസ്ഥലം കണ്ടെത്തുന്നതിനു കാരണമായി തീർന്നിട്ടുണ്ട്. ഇങ്ങനെ ലഭ്യമാകുന്ന ഭക്ഷ്യവസ്തുക്കളുടെ സമൃദ്ധി, കാട്ടുപന്നികളുടെ സംഖ്യയിൽ ഗണ്യമായ വർധനയുണ്ടാക്കാനും കാരണമായി തീർന്നിട്ടുണ്ടെന്ന് അനുമാനിക്കേണ്ടിവരും. കാരണം, 2011ലെ സെൻസസ് വനമേഖലയിൽ താമസിക്കുന്നവയെ മാത്രം ഉൾപ്പെടുത്തിയിട്ടുള്ളതാണ്. ആയതിനാൽ, യഥാർഥത്തിൽ നിയന്ത്രിക്കപ്പെടേണ്ട സംഖ്യ എത്രയെന്ന് മനസിലാകുന്നതിനായി, കാട്ടിലുള്ളവയ്ക്കു പുറമേ നാട്ടിൻ പ്രദേശങ്ങളിലേക്ക് ഇറങ്ങി വാസസ്ഥലങ്ങൾ കണ്ടെത്തിയ ഗ്രൂപ്പുകളെയും ചേർത്തുകൊണ്ട് പുതിയ ഒരു സെൻസസ് നടത്തേണ്ടതുണ്ട്. All India Network Project on vertebrate pest management പദ്ധതിയുടെ ഭാഗമായി നടന്ന പഠനത്തിൽ കഴിഞ്ഞ പത്തു വർഷത്തിനിടെ കേരളത്തിൽ സംഭവിച്ച കൃഷിനഷ്ടങ്ങളിൽ പത്തു മുതൽ നാൽപ്പത് വരെ ശതമാനം കാട്ടുപന്നി ശല്യം മൂലമാണെന്ന് വിലയിരുത്തുന്നു.

ശാസ്ത്രീയമായ നിയന്ത്രണം സാധ്യമാണോ?

കാട്ടുപന്നികളുൾപ്പെടെയുള്ള വന്യ ജീവികളുടെ നിയന്ത്രണത്തിനായി അശാസ്ത്രീയവും നിയമവിരുദ്ധവുമായ നിരവധി മാർഗങ്ങൾ മലയോര മേഖലകളിലെയും മറ്റും കർഷകർ ഉപയോഗിക്കുന്ന സ്ഥിതിവിശേഷമുണ്ട്. ഇത്തരം പ്രയോഗങ്ങൾ പരിസ്ഥിതിവാദികൾക്കിടയിൽ കാട്ടുപന്നി സംരക്ഷണത്തിനു വേണ്ടി നിലകൊള്ളുന്ന ഒരു തീവ്ര വിഭാഗത്തിന് രൂപം കൊടുക്കുന്നതിന് ഒരു പരിധി വരെ കാരണമായിട്ടുണ്ടെന്ന് പറയേണ്ടി വരും.

എന്നാൽ, പ്രകൃതിവിഭവങ്ങൾ ദ്രുതഗതിയിൽ കൈയടക്കി ഭക്ഷിക്കുന്ന ഇവയുടെ എണ്ണം ഒട്ടും നിയന്ത്രിക്കപ്പെടാതെ വർധിക്കുന്നത് ശരിയായ സംരക്ഷണ രീതിയല്ല എന്നതാണ് വസ്തുത. മാംസഭോജികളായ വലിയ മൃഗങ്ങളുടെ അഭാവം ഏത് ആവാസവ്യവസ്ഥയിലും അവയുടെ ഇരകളുടെ എണ്ണം ക്രമാതീതമായി വർധിക്കുന്നതിനു കാരണമായി തീരാം. ഓരോ പരിതസ്ഥിതിയും അവിടങ്ങളിലെ വിഭവങ്ങളുടെ പുനസ്‌ഥാപനത്തിന് കൃത്യമായ ഇടവേളകൾ നൽകുന്ന തരത്തിൽ ജന്തുജാലങ്ങളുടെ എണ്ണത്തിൽ ഒരു സമതുലിതാവസ്ഥ ആവശ്യപ്പെടുന്നുണ്ട്. വളരെ വേഗത്തിൽ പെറ്റുപെരുകുകയും ഓരോ പ്രസവത്തിലും ഇത്രയധികം കുഞ്ഞുങ്ങൾ പുറത്തുവരികയും ചെയ്യുന്ന സാഹചര്യത്തിൽ ഇവയുടെ ഭക്ഷണരീതി മൂലം ആവാസ വ്യവസ്ഥകളിലെ ഭക്ഷണ സ്രോതസുകളിൽ കാര്യമായ നഷ്ടം സംഭവിക്കുന്നുണ്ട്. ഇത്തരത്തിൽ സസ്യവർഗങ്ങളും മറ്റും അനിയന്ത്രിതമായ രീതിയിൽ തുടച്ചുമാറ്റപ്പെടുന്നത് വന്യ - ആവാസ വ്യവസ്ഥകളുടെ സംരക്ഷണം എന്ന സങ്കൽപ്പത്തോട് ഒട്ടും ചേർന്നുനിൽക്കുന്ന പ്രതിഭാസമല്ല. വലിയ മാംസഭുക്കുകളുടെ കുറവാണ് എണ്ണം ഒട്ടും നിയന്ത്രിക്കപ്പെടാതെ പോകുന്നതിന് ഒരു പ്രധാന കാരണമായി വിലയിരുത്തപ്പെട്ടിട്ടുള്ളതെങ്കിലും ഇതിന് മറ്റൊരു വശം കൂടിയുണ്ട്. മാംസഭുക്കുകളുടെ സാന്നിധ്യം ഇല്ലാത്ത, എന്നാൽ യഥേഷ്ടം വിളകൾ ലഭിക്കുന്ന ഇടങ്ങളിലേക്ക് കടന്നുചെന്ന് പതിയെ പുതിയ ഗ്രൂപ്പുകൾക്ക് രൂപം കൊടുക്കുന്നു എന്നതാണ് നാശനഷ്ടങ്ങൾ വർധിക്കുന്നതിന് മറ്റൊരു കാരണം. അതുകൊണ്ട് തന്നെ, ഇരകളുടെ ധാരാളിത്തം പുലികളും കടുവകളും ഉൾപ്പെടെയുള്ള വന്യജീവിളെ നാട്ടിലേക്ക് നയിക്കുന്നതിനു കാരണമാകുന്നു.

നിയന്ത്രണ മാർഗങ്ങളും നിയമവശവും

ഇന്ത്യൻ വന വന്യജീവി നിയമ പ്രകാരം മൂന്നാം ഷെഡ്യൂളിൽ ഉൾപ്പെടുത്തിയിരിക്കുന്ന ജീവികളാണ് കാട്ടുപന്നികൾ. എങ്കിലും, വന്യജീവി സംരക്ഷണ നിയമത്തിന്റെ മൂന്നാം അധ്യായത്തിൽ സൂചിപ്പിക്കുന്നത് പ്രകാരം ചീഫ് വൈൽഡ് ലൈഫ് വാർഡന് ചില പ്രത്യേക സാഹചര്യങ്ങളിൽ ഇവയെ നിറയൊഴിച്ച് വകവരുത്തുന്നതിന് അനുമതി നൽകാം എന്നും പറയുന്നു. മനുഷ്യജീവനോ സ്വത്തിനോ കൃഷിക്കോ നാശനഷ്ടങ്ങൾ സൃഷ്ടിക്കുന്ന പാശ്ചാത്തലത്തിൽ ഇവയെ നിർമാർജനം ചെയ്യുവാനായി പ്രത്യേക പരിശീലനം ലഭിച്ച സേനാംഗത്തെ നിയമിക്കാൻ ഡിവിഷൻ ഫോറസ്റ്റ് ഓഫീസർക്കും വൈൽഡ് ലൈഫ് വാർഡനും അനുമതി നൽകിയിട്ടുണ്ട്. മൂന്നു വർഷത്തിനിടെ ഒരു തവണയെങ്കിലും വന്യജീവി ആക്രമണം ഉണ്ടാവുകയോ കൃഷി നാശവുമായി ബന്ധപ്പെട്ട് പത്തു ലക്ഷം രൂപയെങ്കിലും നഷ്ടപരിഹാരമായി നൽകപ്പെടുകയോ ചെയ്തിട്ടുള്ള പഞ്ചായത്തുകളിലാണ് ഈ ഉത്തരവ് ബാധകമായിട്ടുള്ളത്. തീവ്രമായ മൃഗശല്യമുണ്ടെന്ന് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറോ പ്രദേശത്തെ ജന ജാഗ്രതാ സമിതിയോ ശുപാർശ ചെയ്യുന്ന പ്രദേശങ്ങളിലും നടപടി സ്വീകാര്യമാണ്.

പ്രത്യേക ലൈസൻസ് ഉള്ള തോക്ക് ഉപയോഗിച്ച്, യൂണിഫോം ധാരികളായ ഉദ്യോഗസ്ഥർക്കു മാത്രമേ ഉത്തരവ് നടപ്പിലാക്കാൻ അനുമതിയുള്ളൂ. ഇത്തരത്തിൽ culling നടപ്പിലാക്കുമ്പോഴും പാലിക്കപ്പെടേണ്ട ചില നിബന്ധനകളുണ്ട്. യാദൃശ്ചികമായി മനുഷ്യവാസ കേന്ദ്രങ്ങളിൽപ്പെട്ടു പോകുന്നവയെയും മുലയൂട്ടുന്നവയെയും നിറയൊഴിക്കരുത്. വനമേഖലയിലേക്കു കടന്നുചെന്ന് നിറയൊഴിക്കരുത്. ജഡം വെറ്ററിനറി സർജൻ പോസ്റ്റ്മോർട്ടം ചെയ്തതിനുശേഷം മാത്രം മറവ് ചെയ്യുകയും Chief wildlife wardanന് report സമർപ്പിക്കുകയും വേണം.

മുൻകാലങ്ങളിൽ, കാട്ടുപന്നികളെ ലൈസൻസ് ഉള്ള തോക്ക് ഉപയോഗിച്ച് സ്വന്തം കൃഷിയിടത്തിൽവച്ച് നിറയൊഴിക്കാൻ കർഷകർക്ക് അനുമതി നൽകിയിരുന്നു. എന്നാൽ, ദുരുപയോഗ സാധ്യതയും അപ്രായോഗികതയും കണക്കിലെടുത്താണ് ഇപ്പൊൾ നിയമത്തിൽ മാറ്റം വരുത്തിയിരിക്കുന്നത്.

നിലവിലെ നയങ്ങൾ ഫലപ്രദമാണോ?

അക്രമം ഉണ്ടാവുന്ന സമയങ്ങളിലോ നാശനഷ്ടങ്ങൾ സംഭവിച്ച ശേഷമോ മാത്രമല്ല കാട്ടുപന്നികളുടെ എണ്ണം നിയന്ത്രിക്കപ്പെടെണ്ടത്. ഏറ്റവും മികച്ച രീതിയിൽ വൈൽഡ് ലൈഫ് നിയമങ്ങൾ പാലിക്കപ്പെടുന്ന ജർമനി ഉൾപ്പെടെയുള്ള രാജ്യങ്ങൾ കാട്ടുപന്നി നിയന്ത്രണം പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായാണ് കാണുന്നത്. ഓരോ വർഷത്തെയും പ്രത്യേക സീസണിൽ, നിയന്ത്രണങ്ങൾക്ക് വിധേയമായിക്കൊണ്ട് കാട്ടുപന്നി വേട്ട നടത്തുക എന്നതാണ് ഇവയുടെ എണ്ണം നിയന്ത്രിക്കുന്നതിനുള്ള ഏറ്റവും മികച്ച മാർഗമായി ശാസ്ത്രീയമായി അംഗീകരിക്കപ്പെട്ടിട്ടുള്ളത്. സർക്കാർ നിയന്ത്രണത്തിൽ കൃത്യമായ ഇടവേളകളിൽ കൃത്യമായ കണക്കെടുപ്പുകൾ നടത്തി, കാട്ടുപന്നികളുടെ എണ്ണം നിയന്ത്രിക്കുന്നതിനുള്ള നടപടികൾ ഇവിടെയും കൈക്കൊള്ളേണ്ടത്തുണ്ട്. ജനവാസമേഖലയിൽ നടത്തുന്ന നിയന്ത്രണ നടപടികൾ ബാക്കിയുള്ളവയെ തിരിച്ച് വനമേഖലയിൽ എത്തിക്കുന്നതിന് സഹായകമാകും എന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നുണ്ട്. നാശനഷ്ടങ്ങൾ സ്ഥിരീകരിക്കപ്പെട്ടത്തിന് ശേഷം മാത്രം നടത്തേണ്ട ഒന്നല്ല നിയന്ത്രണ നടപടികൾ. വിഭവങ്ങളുടെ സമതുലിതാവത നിലനിർത്തുക എന്നതും വന സംരക്ഷണ നയങ്ങളുടെ ഭാഗമാണെന്ന് ഇനിയെങ്കിലും അംഗീകരിക്കപ്പെടേണ്ടിയിരിക്കുന്നു.

English summary: How to Control Wild Boar Population?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com