ക്ഷാമകാല തീറ്റയ്ക്ക് ഹൈഡ്രോപോണിക്സ്: അറിയേണ്ടതും ചെയ്യേണ്ടതും

HIGHLIGHTS
 • എന്താണ് ഹൈഡ്രോപോണിക്സ്?
 • ഉൽപാദനത്തിന് ആവശ്യമായ ഘടകങ്ങൾ എന്തൊക്കെ?
fodder
SHARE

ചരിത്രം 

ഹൈഡ്രോപോണിക്സ് എന്ന കൃഷിരീതിക്ക് നമ്മുടെ കർഷകർക്കിടയിൽ ഇത്രമേൽ പ്രചാരം ലഭിച്ചുതുടങ്ങിയത് ഈയടുത്ത കാലത്താണെങ്കിലും, ഇതിന്റെ ചരിത്രത്തിനു ബാബിലോണിയയിലെ തൂക്കുദ്യാനത്തോളം പഴക്കമുണ്ട്. ഹൈഡ്രോപോണിക്സ് എന്നത് രണ്ടു ഗ്രീക്ക് പദങ്ങളിൽനിന്ന് ഉരുത്തിരിഞ്ഞതാണ്; ‘ഹൈഡ്രോ’ എന്നാൽ വെള്ളം, ‘പോണോസ്’ അഥവാ ‘ലേബർ’ എന്നാൽ അധ്വാനം. 1800 കാലഘട്ടo മുതൽ, അതിശൈത്യകാലത്ത് തങ്ങളുടെ കറവപ്പശുക്കളുടെ പാലുൽപാദനവും, പ്രത്യുൽപാദനശേഷിയും നിലനിർത്താൻ ധാന്യങ്ങൾ മുളപ്പിച്ച് കൊടുക്കുന്ന പതിവുണ്ടായിരുന്നത്രേ യൂറോപ്പ്യൻ കർഷകർക്കിടയിൽ. ഇതാണ് പിന്നീട് ഹൈഡ്രോപോണിക്സ് എന്ന കൃഷിരീതിയുടെ ഉത്ഭവത്തിന് കാരണമായതെന്നാണ് കരുതുന്നത്.

തീറ്റപ്പുല്ലിന്റെ പ്രാധാന്യം

അയവെട്ടുന്ന എല്ലാ ജീവികളുടേയും ദഹനപ്രക്രിയ മികച്ച രീതിയിൽ നടക്കുന്നതിന്, അവയുടെ മൊത്തം ആഹാരത്തിൻറെ 60 ശതമാനത്തോളം നാരുകളടങ്ങിയ പച്ചപുല്ലായിരിക്കണം.  പാലിന്റെ വില നിർണയിക്കുന്ന ഒരു ഘടകമായ കൊഴുപ്പ് ഉൽപാദിപ്പിക്കപെടുന്നതിനും തീറ്റപ്പുല്ല് തന്നെ വേണം. പുല്ലിൽ അടങ്ങിയിട്ടുള്ള ബീറ്റാ കരോട്ടീൻ, ജീവകം എ ഉൽപാദിപ്പിച്ച് ഇവയുടെ ഉയർന്ന പ്രത്യുൽപാദനശേഷിയും രോഗപ്രതിരോധശേഷിയും ഉറപ്പുവരുത്തുന്നു. പ്രസവശേഷം, കന്നിപ്പാലിലൂടെ ഇത് കിടാവിനും ലഭിക്കുന്നു.

എന്തുകൊണ്ട് ഹൈഡ്രോപോണിക്സ്?

വേനൽക്കാലത്ത് കേരളത്തിലെ കർഷകരെ അലട്ടുന്ന ഒരു പ്രധാന പ്രശ്നമാണ് തീറ്റപ്പുല്ലിന്റെ ദൗർലഭ്യം. കാലാവസ്ഥാവ്യതിയാനവും, കാർഷികഭൂമിയുടെ ലഭ്യതയിൽ വരുന്ന കുറവും ഈ ദുരിതത്തിന്റെ ആക്കം കൂട്ടുന്നു. നമ്മുടെ കർഷകർക്കിടയിൽ പ്രചാരത്തിലുള്ള സങ്കരയിനം പശുക്കൾക്ക്, പ്രതിദിനം എകദേശം 25-30 കിലോ പച്ചപ്പുല്ലിന്റെ ആവശ്യകതയുണ്ട്, ആടിനാകട്ടെ എകദേശം 4 മുതൽ 5 കിലോയും. അങ്ങനെവരുമ്പോൾ കൂടിയ വിലകൊടുത്ത് വിപണിയിൽ ലഭ്യമായ മറ്റു കൃത്രിമത്തീറ്റകൾ കൊടുക്കാൻ കർഷകർ നിർബന്ധിതരാകുന്നു. നിലവിലുള്ള ഈ സാഹചര്യത്തിൽ കുറഞ്ഞ കൃഷിഭൂമിയുള്ളവർക്കും, രൂക്ഷമായ ജലക്ഷാമം ഉള്ള പ്രദേശങ്ങളിൽ ജീവിക്കുന്നവർക്കും അവലംബിക്കാവുന്ന ഒരു കൃഷിരീതിയാണ് ഹൈഡ്രോപോണിക്സ്. 

പാരമ്പരാഗത രീതിയിൽ, 25 ഏക്കർ കൃഷിയിടത്തിൽനിന്ന് കിട്ടാവുന്നത്ര തീറ്റപ്പുല്ല്, 1000 കിലോ ശേഷിയുള്ള ഒരു ഹൈഡ്രോപോണിക്സ് യൂണിറ്റിൽ(480sq.ft)നിന്നും ചുരുങ്ങിയ സമയംകൊണ്ട് ഉൽപാദിപ്പിച്ചെടുക്കാൻ സാധിക്കുമെന്ന് പഠനങ്ങൾ തെളിയിക്കുന്നു. വെള്ളത്തിന്റെ ഉപയോഗമാണെങ്കിൽ നന്നേ കുറവും (98 ശതമാനം കുറവ്). 7 മുതൽ 8 ദിവസംകൊണ്ട് ഭക്ഷ്യയോഗ്യമായ തീറ്റപ്പുല്ല് ഉൽപാദിപ്പിച്ചെടുക്കാൻ സാധിക്കും എന്നതാണ് ഹൈഡ്രോപോണിക്സിന്റെ മറ്റൊരാകർഷണം. കാലാവസ്ഥാവ്യതിയാനമോ, പ്രകൃതിക്ഷോഭങ്ങളോ ബാധിക്കില്ല എന്നതിനാൽ, വർഷം മുഴുവൻ ഗുണമേന്മയുള്ള പുല്ലു ലഭിക്കുമെന്ന പ്രത്യേകതയും ഈ കൃഷി രീതിയെ വ്യത്യസ്തമാക്കുന്നു. പ്രാരംഭഘട്ടത്തിലെ മുതൽമുടക്കൊഴിച്ചാൽ, കേരളത്തിന്റെ തീറ്റപ്പുൽക്ഷാമം പരിഹരിക്കുന്നതിൽ ഹൈഡ്രോപോണിക്സിനു ഒരു പ്രധാന പങ്ക് വഹിക്കാനാകുമെന്നത് നിസ്സംശയം പറയാനാകും.

എന്താണ് ഹൈഡ്രോപോണിക്സ്?

മണ്ണിന്റെ സാഹായമില്ലാതെ, വെള്ളവും പോഷകസമ്പുഷ്ടമായ ലായനികളും മാത്രം ഉപയോഗിച്ച്, പരിസ്ഥിതിനിയന്ത്രിതമായ ഷെഡുകളിലോ, മെഷീനുകളിലോ തീറ്റപ്പുല്ല് ഉൽപാദിപ്പിച്ചെടുക്കുന്ന രീതിയാണ് ഹൈഡ്രോപോണിക്സ്. ചോളം, മുതിര, റാഗി, പയറുവർഗങ്ങൾ മുതലായവയൊക്കെ ഈ രീതിയിൽ മുളപ്പിച്ചെടുക്കാവുന്നതാണ്.

ഉൽപാദനത്തിന് ആവശ്യമായ ഘടകങ്ങൾ

 • ഹൈഡ്രോപോണിക്സ് മെഷീൻ/ ചേംബർ (പ്രതിദിനം ആവശ്യമുള്ള തീറ്റപ്പുല്ലിന്റെ അളവനുസരിച്ച് 125, 200, 250, 500, 750, 1000 കിലോ ശേഷിയുള്ളവ തിരഞ്ഞെടുക്കാം)
 • 24 മണിക്കൂർ വൈദ്യുതി ലഭ്യത 
 • ശുദ്ധജല ലഭ്യത 
 • ഗുണമേന്മയുള്ള വിത്ത് 
 • അണുനശീകരണ മാർഗങ്ങൾ

ഹൈഡ്രോപോണിക്സ് മെഷീൻ 

പലതട്ടുകളായി തിരിച്ചിരിക്കുന്ന ഒരു ചേംബറിലാണ് പുല്ലുണ്ടാക്കിയെടുക്കുന്നത്. ആദ്യം ഗ്രോയിങ്ങ് ചേംബർ (growing chamber): ആദ്യ 4 ദിവസം, മുളപൊട്ടിയ വിത്തുകളെ ട്രേയിൽ നിരത്തി സൂക്ഷിക്കേണ്ടത് ഇവിടെയാണ്. ഇവിടെ 2 തട്ടുകൾ തമ്മിലുള്ള അകലം എകദേശം 5 ഇഞ്ച് ആണ്. പിന്നെയുള്ളത്, ഗ്രോത്ത് സെക്ഷൻ (growth section); 4 ദിവസത്തിനു മുകളിലായ ട്രേകളെല്ലാം ഈ തട്ടുകളിലേക്ക് മാറ്റി സ്‌ഥാപിക്കണം. ഇവിടെ, 13 ഇഞ്ചാണ് തട്ടുകൾ തമ്മിലുള്ള അകലം. താപവും ഈർപ്പവും നിയന്ത്രിക്കാനുള്ള സജ്ജീകരണം, വായു ശീതീകരണത്തിന് എയർ കണ്ടീഷനർ, വെള്ളം പുനരുപയോഗിക്കുന്നതിന്, അൾട്രാവയലെറ്റ് ലൈറ്റുകൾ, ഓസോൺ, ഫിൽട്ടറുകൾ തുടങ്ങിയവയാണ് മറ്റു അവശ്യ സന്നാഹങ്ങൾ.   

ഉൽപാദനത്തിന്റെ ഘട്ടങ്ങൾ

 1. വിത്തുകൾ ഒരു ദിവസം സൂര്യപ്രകാശത്തിൽ ഉണക്കുക. പൊട്ടിയതും, കേടുള്ളതുമായ വിത്തുകൾ നീക്കം ചെയ്യുക.
 2. ഗുണമേന്മയുള്ള വിത്തുകൾ മാത്രം ശേഖരിച്ച് നന്നായി കഴുകി, എകദേശം 5 മിനുട്ട് വെള്ളത്തിൽ ഇട്ടുവയ്ക്കുക. പൊങ്ങിക്കിടക്കുന്ന വിത്തുകളും, അഴുക്കും നീക്കം ചെയ്യണം.
 3. 0.1-1.5% സോഡിയം ഹൈപ്പോക്ലോറൈറ്റ് ലായനിയിലോ (ബ്ലീച്ച് ലായനി), 1-2% ഹൈഡ്രജൻ പെറോക്‌സൈഡ് ലായനിയിലോ, 30 മുതൽ 60 മിനുട്ട് വരെ കുതിർത്ത് വെക്കുക. അതിനു ശേഷം ശുദ്ധമായ വെള്ളത്തിൽ കഴുകിയെടുക്കുക
 4. വിത്തിന്റെ പുറംതോടിൻറെ കട്ടിയനുസരിച്ച് 4 മുതൽ 24 മണിക്കൂർ വരെ ശുദ്ധജലത്തിൽ കുതിർത്ത് വയ്ക്കുക. വെള്ളത്തിൻറെ താപനില ഒരിക്കലും 23 ഡിഗ്രിക്ക് മുകളിലാവാതെ ശ്രദ്ധിക്കണം. അല്ലാത്തപക്ഷം, ഇത് വിത്തുകൾ മുളയ്ക്കുന്നതിനെ പ്രതികൂലമായി ബാധിക്കും.
 5. വിത്തുകളെ ധാരാളം തുളകളുള്ള പ്ലാസ്റ്റിക്/ മെറ്റൽ ട്രേയിൽ (plastic/metallic tray) ഒരു സെന്റീമീറ്റർ കനത്തിൽ നിരത്തി, വെള്ളം വാർന്നുപോകാൻ അനുവദിക്കുക. ഒരു ചതുരശ്രമീറ്ററിൽ പരമാവധി 4-6 കിലോ  വിത്തുകളേ നിരത്താവൂ.
 6. ഇങ്ങനെ സജ്ജീകരിച്ച ട്രേകൾ ഹൈഡ്രോപോണിക്സ് റാക്കുകളിൽ നിരത്തിവെച്ചശേഷം, വെള്ളവും, പോഷകസമ്പുഷ്ടമായ ലായനികളും ഉപയോഗിച്ചു കൃത്യമായ ഇടവേളകളിൽ (ഏകദേശം 2 മണിക്കൂർ) നനച്ചു കൊടുക്കുക. ഡ്രിപ്പ് നനയോ, സ്പ്രിംഗ്ളറുകൾ ഘടിപ്പിച്ചോ ചെയ്യുന്നത് ചെടികൾ നശിക്കാതെ സംരക്ഷിക്കും. ഓട്ടോമാറ്റിക് ഹൈഡ്രോപോണിക്‌ മെഷീനുകളിൽ സമയം സെറ്റ് ചെയ്‌തു വെയ്ക്കാവുന്നതാണ്.
 7. നേരിട്ടുള്ള സൂര്യതാപമോ, മഴയോ, ശക്തമായ കാറ്റോ ഏൽക്കാതെ പ്രത്യേകം ശ്രദ്ധിക്കണം.

ഉപയോഗിക്കുന്ന വിത്തിന്റെ ഗുണമേന്മയ്ക്കനുസരിച്ച്, 1 കിലോ വിത്തിൽ നിന്ന്, 6 മുതൽ 8 ദിവസത്തിനുള്ളിൽ, 20 -30 സെന്റീമീറ്റർ നീളമുള്ള, ഭക്ഷ്യയോഗ്യമായ 6-8 കിലോ (ശരാശരി 7 കിലോ) തീറ്റപ്പുല്ല് ഉത്പാദിപ്പിച്ചെടുക്കാവുന്നതാണ്. ഇളം പരുവമായതിനാൽ ഹൈഡ്രോപോണിക്സ് തീറ്റപ്പുല്ലിന് താരതമ്യേന ജലാംശം കൂടുതലായിരിക്കും; നാരും ധാതുക്കളും കുറവും. ഇത് മറികടക്കാനായി, വൈക്കോലിൻറെയോ, ഉണക്കപ്പുല്ലിന്റെയോ കൂടെ കൊടുക്കാവുന്നതാണ്. പയറുവർഗങ്ങൾ മുളപ്പിച്ചാൽ പ്രോട്ടീൻ ധാരാളമുള്ള പുല്ല് ഉൽപാദിപ്പിച്ചെടുക്കാം.

വൃത്തി അതിപ്രധാനം 

വിത്തിന്റെ ഗുണംപൊലെത്തന്നെ പ്രധാനമാണ് ഹൈഡ്രോപോണിക്സ് യന്ത്രത്തിന്റെയും, ഉപയോഗിക്കുന്ന വെള്ളത്തിന്റെയും, ജലവിതരണ പൈപ്പുകളുടെയും ശുചിത്വം. അല്ലാത്തപക്ഷം, ഉള്ളിലെ ഈർപ്പം നിറഞ്ഞ അന്തരീക്ഷത്തിൽ, പൂപ്പലിനും  മറ്റു അണുബാധകൾക്കും സാധ്യതയേറെയാണ്. 

 • മൂന്നു ദിവസം കൂടുമ്പോൾ ജലസംഭരണികൾ അണുനാശിനി ലായനികൾ ഉപയോഗിച്ച് വൃത്തിയാക്കി, ശുദ്ധജലം നിറയ്ക്കുക.
 • വെള്ളം ഫിൽട്ടർ ചെയ്യാൻ ഘടിപ്പിച്ചിട്ടുള്ള ഫിൽട്ടറുകൾ, ദിവസത്തിൽ മൂന്ന് തവണ ഊരിയെടുത്ത്, ബ്രഷ് ഉപയോഗിച്ച് നന്നായി ഉരച്ചു കഴുകാൻ ശ്രദ്ധിക്കണം.
 • വിത്ത് കഴുകാനും, കുതിർക്കാനും ഉപയോഗിക്കുന്ന അറകൾ, നിരത്തുന്ന ട്രേ എന്നിവ, ഓരോ വിളവെടുപ്പിനു ശേഷവും, ശുദ്ധജലത്തിലും, തുടർന്ന് 0.5 % അണുനാശിനി ലായനിയിലും കഴുകി ഉപയോഗിക്കാൻ മറക്കരുത്.
 • രണ്ട് മാസത്തിലൊരിക്കലെങ്കിലും, ചേംബറിലേക്കുള്ള വൈദുതി വിച്ഛേദിച്ചശേഷം ട്രേകളെല്ലാം പുറത്തെടുത്ത്, അകത്തെ ജലവിതരണ പൈപ്പുകൾ, ഡ്രിപ്പുകൾ, ട്യൂബ് ലൈറ്റിന്റെ കവർ, വാതിലുകൾ, തറ മുതലായവയെല്ലാം വൃത്തിയാക്കി സൂക്ഷിക്കണം. 120 - 130 ബാർ പ്രഷർ ഉള്ള തണുത്ത വെള്ളം ശക്തിയായി പമ്പ് ചെയ്ത് കഴുകുക. ശേഷം, കലശലായ അണുബാധ കണ്ടെത്തിയാൽ, ഫോർമാലിൻ (40 %) അല്ലെങ്കിൽ പൊട്ടാസ്യം പെർമാംഗനേറ്റ് ലായനി ഉപയോഗിച്ച് അണുനശീകരണം നടത്തുക.
 • സ്പ്രിംഗ്ളറുകളോ ഡ്രിപ്പുകളോ അടഞ്ഞാൽ, 0.6% ആസിഡ് ലായനി പമ്പ് ചെയ്തും, ശേഷം വെള്ളമടിച്ചും കഴുകുക.
 • ഹൈഡ്രോപോണിക്സ് യൂണിറ്റിന് മുന്നിലായി അണുനശീകരണ ലായനി നിറച്ച ഫുട് ഡിപ്പ് (foot dip) സ്ഥാപിക്കുന്നത്, ചേംബർ അണുവിമുക്തമാക്കി വെയ്ക്കാൻ സഹായിക്കും. 
 • വിത്തുകൾ അകത്തേക്ക് കൊണ്ടുപോകാനും, പാകമായ തീറ്റപ്പുല്ല് പുറത്തേക്ക് കൊണ്ടുപോകാനും പ്രത്യേകം ഇൻലെറ്റുകളും ഔട്‌ലെറ്റുകളും സജ്ജീകരിക്കണം.
 • തൊഴിലാളികളും വ്യക്തികത ശുചിത്വം പാലിക്കാൻ ശ്രദ്ധിക്കണം. വസ്ത്രം, ചെരിപ്പ്, തൊപ്പി, ഗ്ലൗസ് തുടങ്ങിയവ വൃത്തിയുള്ളതായിരിക്കണം.

പൂപ്പൽബാധ നിയന്ത്രിക്കാൻ ചില ഓർഗാനിക് പ്രയോഗങ്ങൾ

 • 20-25 ഗ്രാം അപ്പക്കാരം 3.78 ലീറ്റർ വെള്ളത്തിൽ ലയിപ്പിച്ചതോ, 20 ഗ്രാം പൊട്ടാസ്യം ബൈകാർബണേറ്റ് 3.78 ലീറ്റർ വെള്ളത്തിൽ ലയിപ്പിച്ചതോ, വിത്തുകളിലും അണുബാധ സംശയിക്കുന്ന പുല്ലിലും തളിക്കാം.
 • ജൈവിക നിയന്ത്രണ മാർഗമായി, ബാസില്ലസ് .14സബ്ട്ടിലിസ് എന്ന ബാക്റ്റീരിയ (വെള്ളത്തിൽ ലയിക്കുന്ന പൊടി രൂപത്തിൽ ലഭിക്കും - 108 cfu/g) 10 ഗ്രാം, ഒരു ലീറ്റർ വെള്ളത്തിൽ ചേർത്ത്, 8-9 ദിവസം ഇടവിട്ട് സ്പ്രേ ചെയ്യാം. (ഇവയൊന്നും മൃഗങ്ങളെ യാതൊരു വിധത്തിലും ബാധിക്കുന്നവയല്ല).

ഈ രീതിയിൽ ഉൽപാദിപ്പിച്ചെടുക്കുന്ന തീറ്റപ്പുല്ലിന്, ഉൽപ്പാദനച്ചെലവ് താരതമ്യേന കുറവാണ്. പ്രാരംഭഘട്ടത്തിൽ വലിയ മുതൽമുടക്ക് ആവശ്യമാണെന്നതാണ് ചെറുകിട കർഷകർക്ക് മുന്നിലുള്ള പ്രധാന വെല്ലുവിളി. എന്നാൽ, ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രിക്കൾച്ചറൽ റിസർച്ച് (ICAR) കർഷകർക്കായി കുറഞ്ഞ ചെലവിൽ നിർമ്മിക്കാവുന്ന ഹൈഡ്രോപോണിക്സ് യൂണിറ്റ് വികസിപ്പിച്ചെടുത്തിട്ടുണ്ട്. 48,000 രൂപ മുടക്കിയാൽ, പ്രതിദിനം 40 കിലോ ഹൈഡ്രോപോണിക്സ് തീറ്റപ്പുല്ല് ഉൽപാദിപ്പിച്ചെടുക്കാവുന്ന സാങ്കേതികവിദ്യ തമിഴ്‌നാട് വെറ്ററിനറി സർവകലാശാലയും വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഹൈഡ്രോപോണിക്സ് തീറ്റപ്പുല്ല്, മൃഗങ്ങളുടെ പ്രത്യുൽപ്പാദനശേഷിയും, പാലുൽപാദനവും, വളർച്ചാനിരക്കും വർധിപ്പിക്കുമെന്നും, ആരോഗ്യം മെച്ചപ്പെടുത്തുമെന്നും സർവകലാശാല  അവകാശപ്പെടുന്നു.

English summary: Hydroponic Fodder Systems, Feed For Cattle

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA