ADVERTISEMENT

കർഷകരെ സഹായിക്കാൻ കൃഷിസ്ഥലങ്ങളിലേക്ക് ശാസ്ത്രജ്ഞരെ അയയ്ക്കാനുള്ള തീരുമാനത്തിലാണ് സർക്കാർ. എന്നാൽ, കർഷകർക്ക് ആവശ്യം ശാസ്ത്രജ്ഞരെയല്ല അവരുടെ ഉൽപന്നങ്ങൾ ന്യായ വിലയ്ക്ക് വിൽക്കാനുള്ള മാർഗങ്ങളാണ് സ്വീകരിക്കേണ്ടതെന്ന് യുവ കർഷകനായ രഞ്ജിത് ദാസ് പറയുന്നു. മണ്ണറിഞ്ഞ് കൃഷി ചെയ്യാൻ കർഷകനറിയാം. എന്നാൽ, അത് വിൽക്കാനാണ് അറിയില്ലാത്തത്. അതിനുള്ള മാർഗങ്ങൾ സർക്കാർ കാര്യക്ഷമമായി നടത്തണമെന്ന് ഈ കർഷകൻ ആവശ്യപ്പെടുന്നു. രഞ്ജിത് ദാസിന്റെ കുറിപ്പിന്റെ പൂർണരൂപം ചുവടെ...

‘ഇനി കർഷകർ പേടിക്കേണ്ടതില്ല കൃഷിയിടത്തിലെ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരവുമായി കൃഷി ശാസ്ത്രജ്ഞർ കൃഷിയിടങ്ങളിലേക്കെത്തുന്നു’. എത്ര യൂണിവേഴ്സിറ്റികൾ, എത്ര ശാസ്ത്രജ്ഞർ, എത്ര കൃഷി വകുപ്പുകൾ... ഇവയ്ക്കൊന്നും കഴിയാത്ത പുതിയ കാര്യം വല്ലതുമാണോ ഈ പുതിയ ശാസ്ത്രജ്ഞർ ചെയ്യാൻ പോകുന്നത്? നിലവിൽ എവിടെയാണ് പ്രശ്നം എന്ന് മനസിലാക്കി അത് പരിഹരിക്കാനാണ് സർക്കാർ ശ്രദ്ധിക്കേണ്ടത്.

ഗ്ലോറിഫൈഡ് പ്യൂൺ അഥവ കൃഷി ഓഫീസർ എന്ന തസ്തികയിൽ ജോലി ചെയ്യുന്ന അഗ്രിക്കൾച്ചർ ഗ്രാജ്യേറ്റ്, പോസ്റ്റ് ഗ്രാജ്യേറ്റ് കഴിഞ്ഞ വ്യക്തികളെ ഫയലിൽനിന്ന് വയലിലേക്കിറങ്ങാനുള്ള സാഹചര്യം ഒരുക്കുക. കൃഷിയെക്കുറിച്ച് ധാരണയുള്ള കർഷകർക്കൊപ്പം നിൽക്കുന്ന അനേകം കൃഷി ഓഫീസർമാർ കേരളത്തിലുണ്ട് അവരാൽ പരിഹരിക്കാവുന്ന കാര്യങ്ങളെ നിലവിൽ കേരളത്തിലുള്ളൂ.

കർഷകരെ തിരിച്ചറിയുക

കൃഷി ചെയ്യുന്ന എല്ലാവരും കർഷകരല്ല. കൃഷിയെ മാത്രം ആശ്രയിക്കുന്ന അതിലൂടെ മാത്രം വരുമാനം കണ്ടെത്തുന്നവരാണ് യഥാർഥ കർഷകർ. അവരെ തിരിച്ചറിഞ്ഞ് സംരക്ഷിക്കലാണ് ആദ്യം വേണ്ടത്. അവരാണ് ബാക്കിയുള്ളവർക്കായി ഭക്ഷ്യധാന്യങ്ങൾ വിളയിച്ച് മാർക്കറ്റിൽ എത്തിക്കുന്നത്. അവരുടെ വിള നശിച്ചാൽ, വിളവു കുറഞ്ഞാൽ ജീവിതം ബുദ്ധിമുട്ടിലാവും. അത് സംഭവിക്കാതിരിക്കാൻ ഏതു മാർഗവും സ്വീകരിക്കും (ജൈവവും രാസവും അല്ല വിള സംരക്ഷിക്കൽ മാത്രമാണ് അവരുടെ ലക്ഷ്യം). അത് സംഭവിക്കാതിരിക്കാനുള്ള മാർഗനിർദേശം അതാത് കൃഷി ഓഫീസർമാരെ ഏൽപ്പിക്കുക.

ഉൽപ്പന്ന സംഭരണവും വിതരണവും

കർഷകനറിയാം മണ്ണറിഞ്ഞ് വളം ചെയ്ത് വിളവെടുക്കാൻ. പക്ഷേ അവനത് വിൽക്കാനറിയില്ല. അതുകൊണ്ടാണ് കഴിഞ്ഞ ദിവസം ഒരു കർഷകന് തന്റെ 3 ഏക്കർ വഴുതനത്തോട്ടം ട്രാക്ടർ കയറ്റി പറിച്ചു കളയേണ്ടി വന്നത്. കർഷകന്റെ ഉൽപ്പന്നങ്ങൾ ശേഖരിച്ച് വിതരണം ചെയ്യാനുള്ള സംവിധാനം കൃഷിഭവൻതലത്തിൽ ശരിയാക്കുക. ഇത് ചെയ്താൽ 80 % പ്രശ്നങ്ങളും തീർന്നു.

സാങ്കേതികവിദ്യ

കൃഷിയിലെ പുതിയ ടെക്നോളജികൾ നിലവിലുള്ള ശാസ്ത്രജ്ഞർ വഴി കർഷകരിലെത്തിക്കുക. ഓപ്പൺ പ്രിസിഷൻ ഫാമിങ്, അക്വാപോണിക്സ്, ഹൈഡ്രോ പോണിക്സ്, എയറോ പോണിക്സ് എന്നീ പുതിയ കൃഷി രീതികളെക്കുറിച്ച് കർഷകരെ ബോധവാന്മാരാക്കി കൃഷിച്ചെലവു കുറച്ച് വിളവ് കൂട്ടാൻ പഠിപ്പിക്കുക. Safe to eat (വിഷരഹിത ഭക്ഷണം) എന്ന കൃഷിരീതി കൂടുതൽ കർഷകരിലേക്കും ജനങ്ങളിലേക്കും എത്തിക്കുക.

യന്ത്രവൽകരണം

യന്ത്രവൽക്കരണത്തിന് കർഷകരെ പ്രോത്സാഹിപ്പിക്കുക. സമയ ലാഭം സാമ്പത്തിക ലാഭമാക്കി മാറ്റാൻ പഠിപ്പിക്കുക. 

ഇത്രയും കാര്യം ചെയ്യാൻ ഒരു ശാസ്ത്രജ്ഞന്റയും ആവശ്യമില്ല. കർഷകൻ ഉൽപ്പാദിപ്പിക്കുന്ന ഉൽപന്നങ്ങൾ അതാതു കൃഷിഭവൻ പരിധിയിൽ തന്നെ വിൽക്കാനുള്ള സാഹചര്യം കൃഷി  ഓഫീസിൽ തന്നെ സജ്ജമാക്കുക എന്ന ഒറ്റക്കാര്യം മാത്രം ചെയ്താൽ മതി. 

ഇനി അതല്ല ശാസ്ത്രജ്ഞരെ വിടുകയാണെങ്കിൽ അതാതു പ്രദേശത്ത് കൃഷി ചെയ്തു വിജയിപ്പിച്ച് മാതൃക കാണിച്ച ശേഷം കർഷകരുടെ അടുത്തേക്ക് അയയ്ക്കുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com