കർഷകന് കൃഷി വല്യ ആനന്ദമോ സന്തോഷമോ മനസുഖമോ ഒന്നുമല്ല, പിന്നെ എന്താണ്?

HIGHLIGHTS
  • ഒന്നാമത്തെ കർഷകൻ, അവന്റെ കയ്യിൽ സ്ഥലമുണ്ട്
  • രണ്ടാമൻ, ഇവന്റെ കയ്യിൽ സ്ഥലവും കാണില്ല കാശും കാണില്ല
bincy
SHARE

കർഷകരെക്കുറിച്ചു സമൂഹം ചിന്തിച്ചുതുടങ്ങിയ നാളുകളാണിത്. സത്യത്തിൽ ആരൊക്കെയാണ് കർഷകർ? ആരെയാണ് കർഷകനെന്നു വിളിക്കേണ്ടത്? ഉപജീവനമാർഗമായും വിനോദമാർഗമായും കൃഷിയെ കാണുന്ന എല്ലാവരും കർഷകരാണ്. എന്നാൽ, ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പാടുപെടുന്ന കർഷകന് കൃഷി ആനന്ദത്തിനും സന്തോഷത്തിനും മനസുഖത്തിനുമൊക്കെയുള്ളതല്ല എന്ന് പറയുകയാണ് സംസ്ഥാന സർക്കാരിന്റെ കർഷകതിലകം പുരസ്കാരത്തിന് അർഹയായ ബിൻസി ജയിംസ്. കർഷകരെക്കുറിച്ച് ബിൻസി പങ്കുവച്ച കുറിപ്പ് വായിക്കാം.

എഴുതണം എന്ന ഒരു ചിന്ത മനസിനെ വല്ലാതെ ഗ്രസിക്കുന്നു.

ഇന്നലെ പലവിധ ചിന്തകളിൽ മുഴുകി 2 മണി കഴിഞ്ഞു ഒന്നുറങ്ങിയപ്പോൾ മൂന്നരയായപ്പോൾ കിങ്ങിണിപ്പെണ്ണിന്റെ കരച്ചിൽ കേട്ട് ഞെട്ടിയുണർന്നു. വിശന്നിട്ട് കരയുവാണ്. അടുക്കളയിൽ പോയി കഞ്ഞിവെള്ളം ഉപ്പിട്ട് ചൂടാക്കി കുപ്പിയിലാക്കി കൊടുത്തു. അല്ലേലും അമ്മിണിക്ക് ആൺ മക്കളോടാണ് സ്നേഹം. പെണ്ണിന് പാൽ കൊടുക്കില്ല. കിങ്ങിണിയെ ആട്ടിൻകൂട്ടിലാക്കി തിരികെ വന്നു കിടന്നു.

ഉറക്കം വരുന്നില്ല പലവിധ കർഷകരെക്കുറിച്ചായി ചിന്ത. എന്താണ് കർഷകൻ? ആരാണ് കർഷകൻ?

ഒന്നാമത്തെ കർഷകൻ, അവന്റെ കയ്യിൽ സ്ഥലമുണ്ട്. അത്യാവശ്യം മുതൽമുടക്കാൻ കാശുമുണ്ട്. ഏതു കൃഷിയാവും തിരഞ്ഞെടുക്കുക? ഏലം, കുരുമുളക്, റബർ.... ഒരു സ്ഥിര വരുമാനം ഉറപ്പ്.

ഇനി രണ്ടാമൻ, ഇവന്റെ കയ്യിൽ സ്ഥലവും കാണില്ല കാശും കാണില്ല. കൃഷിയോട് സ്നേഹവും എങ്ങനെയെങ്കിലും കൃഷിചെയ്ത് ജീവിക്കണമെന്ന ആഗ്രഹവും. എങ്ങനെങ്കിലും ആരോടേലും കുറച്ചു സ്ഥലം പാട്ടത്തിനെടുത്ത് പച്ചക്കറികൃഷി തുടങ്ങും. രാവും പകലും കൃഷിസ്ഥലത്ത് കിടന്ന് പണിയെടുക്കും. ഒന്നുകിൽ വിളവായി വരുമ്പോൾ കാറ്റോ മഴയോ കൊണ്ടുപോകും. ഇനി അതല്ല നന്നായി വിളവുകൾ കിട്ടി എന്നിരിക്കട്ടെ അത് ലേലം വിളിക്കേണ്ടിവരും. കിട്ടുന്ന വിലയ്ക്ക് എവിടേലും കൊണ്ട് തട്ടേണ്ടിവരും. അവനെ സംബന്ധിച്ച് ഒരു നല്ല ഭക്ഷണം, ചെരുപ്പ്, വസ്ത്രം, വീട് ഇതൊന്നും സ്വപ്നം പോലും കാണാൻ ശ്രമിക്കാറില്ല. കാരണം എന്തിനാണ് വെറുതെ നടക്കാത്ത കാര്യത്തെക്കുറിച്ച് സ്വപ്നം കാണുന്നത്. ല്ലേ...

ഇനി മൂന്നാമത്തെവൻ, അവന് മറ്റു വരുമാന മാർഗങ്ങൾ ഒക്കെയുണ്ട്. ജോലിയുണ്ട്. സ്വന്തം ആവശ്യത്തിനു വേണ്ടിയും ഒരു മനസന്തോഷത്തിനു വേണ്ടിയും പരിമിതമായ സ്ഥലത്ത് കൃഷി ചെയ്യുന്നവർ. കൃഷി നമുക്ക് സന്തോഷവും മനസിന് ആരോഗ്യവും ഒക്കെ തരുന്നതല്ലേ. കൃഷി ഒരു വരുമാനമാർഗം അല്ലാത്തവർക്ക് അതൊക്കെയാണ്. പക്ഷേ.....

ജീവിതത്തിൽ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പാടുപെടുന്ന കർഷകന് അതുവല്യ ആനന്ദമോ സന്തോഷമോ മനസുഖമോ ഒന്നുമല്ല. അവന്റെ ചിന്തകൾ മറ്റുള്ളവർക്ക് ചിന്തിക്കാൻ പോലും പറ്റുന്നതിന് അപ്പുറമാണ്. ഇനീപ്പോ സർക്കാരിന്റെ വല്ല ആനുകൂല്യങ്ങളും മേടിക്കാം എന്നു കരുതി ചെന്നാലോ സാധാരണ ഒരു കർഷകൻ ഒറ്റ പ്രാവശ്യം കൊണ്ട് ആ പരിപാടി ഉപേക്ഷിക്കും.

English summary: Who is a farmer? What does a farmer do?

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA