ഐടി ജോലി വിട്ട് വില്യംസ് കണ്ടത് ഫാം സ്റ്റേ, ഫാം ടൂറിസം, ഫാം ഷോപ് സാധ്യതകൾ

HIGHLIGHTS
  • ഫ്രൂട്ട് ഗാർഡനും ഫാം ടൂറിസവുമൊരുക്കി വില്യംസ് മാത്യു
Williams
SHARE

‘ഭക്ഷ്യവിളക്കൃഷിക്കു പ്രസക്തി വർധിക്കുകയാണ്. ശുദ്ധവും ആരോഗ്യകരവുമായ ഭക്ഷ്യവിഭവങ്ങൾക്ക് ആവശ്യക്കാരേറെ. ഗൾഫിൽനിന്നു മടങ്ങിയെത്തി ഇതുപോലൊരു  കാർഷിക സംരംഭം തുടങ്ങിയതിനു കാരണം മറ്റൊന്നല്ല.’, കോഴിക്കോട് ഓമശ്ശേരി കാപ്പാട്ടുമലയിലെ ഇൻഫാം വെസ്റ്റേൺഘട്ട് ട്രോപ്പിക്കൽ ഫ്രൂട്ട് ഗാർഡൻ എന്ന എട്ടേക്കർ പഴത്തോട്ടത്തിൽനിന്ന് കണ്ണേഴത്തു വീട്ടിൽ വില്യംസ് മാത്യു പറയുന്നു.

യുഎഇയിൽ രണ്ടു ലക്ഷം രൂപയ്ക്കടുത്തു മാസശമ്പളമുണ്ടായിരുന്ന ഐടി ജോലി വിട്ട് 2010ൽ വില്യംസ് നാട്ടിലേക്കു മടങ്ങിയത് കൃഷി മുന്നിൽക്കണ്ടായിരുന്നില്ല. കുടിയേറ്റ കർഷക കുടുംബത്തിലെ അംഗമായിരുന്നിട്ടും, പൈതൃകസ്വത്തായി കിട്ടിയ കൃഷിയിടമുണ്ടായിരുന്നിട്ടും വില്യംസ് തുടങ്ങിയതൊരു ഐടി പരിശീലനകേന്ദ്രം. 

‘പാരമ്പര്യവിളകൾ നിറഞ്ഞ സമ്മിശ്രത്തോട്ടമായിരുന്നു അന്നുണ്ടായിരുന്നത്. വിലത്തകർച്ച മൂലം വിളകളൊന്നും ആദായകരവുമായിരുന്നില്ല. ഐടി സ്ഥാപനം തുടങ്ങിയെങ്കിലും മനസിൽ കൃഷിയുണ്ടായിരുന്നു. അതു പക്ഷേ മേൽപ്പറഞ്ഞ പാരമ്പര്യവിളകൾ ആയിരുന്നില്ലെന്നു മാത്രം. ഒരു ഘട്ടത്തിൽ, ആഗ്രഹിച്ച കാർഷിക സംരംഭത്തിലേക്കുതന്നെ തിരിഞ്ഞു. എന്റെ കൃഷിയിടത്തെ ഈ കാലഘട്ടത്തിന്റെ ആവശ്യത്തിനുതകുന്ന രീതിയിലേക്കു ഞാൻ മാറ്റിയെടുത്തു എന്നു പറയുന്നതാവും ശരി. പഴയ തോട്ടത്തിലെ റബർമരങ്ങളുടെ തലയ്ക്കം വെട്ടി അതിൽ കുരുമുളകിട്ടു. ചെറിയ തണൽ ആവശ്യമുള്ള മാംഗോസ്റ്റീൻ അതിന് ഇടവിളയാക്കി. തെങ്ങും ഇതര പാരമ്പര്യവിളകളുമെല്ലാം പുതിയ കാലത്തിന്റെ ആവശ്യങ്ങൾക്കു വഴി മാറി. ലോകത്തു പലയിടത്തുനിന്നുമായി എത്തിച്ച എഴുനൂറിലധികം പഴച്ചെടികളും അനുബന്ധ കൃഷികളും ഫാം സ്റ്റേയും ഫാം ടൂറിസവും ഫാം ഷോപ്പുമെല്ലാം ചേരുന്ന ഈ എട്ടേക്കർ കൃഷിയിടം രൂപപ്പെടുന്നത് അങ്ങനെ.’ വില്യംസിന്റെ വാക്കുകൾ.

Williams-1
വില്യംസിന്റെ തോട്ടത്തിലെ പഴങ്ങൾ

മറുനാടും നാടും

നല്ല ഭക്ഷണം, നല്ല കാലാവസ്ഥ, മനോഹരമായ ഭൂപ്രകൃതി; ഇവ മൂന്നും ചേർന്ന കേരളത്തെ നന്നായി മാർക്കറ്റ് ചെയ്യാൻ കഴിഞ്ഞാൽ നമ്മുടെ കൃഷിയുടെ തലവര തന്നെ മാറുമെന്നു വില്യംസ്.

‘ഇന്തൊനീഷ്യയിലൊക്കെ യാത്ര ചെയ്യുമ്പോൾ ശ്രദ്ധയിൽപ്പെടുന്ന ഒരു കാര്യമുണ്ട്. ഓരോ വീടിനു മുന്നിലുമുണ്ട് ഒരു ഫാം ഷോപ്പ്. അവരുൽപാദിപ്പിക്കുന്നത് ചില്ലറയായി വിൽക്കുന്ന ഫാം ഗെയ്റ്റ് വിപണനം. അതാണു നമുക്കുമാവശ്യം. നമ്മുടെ കൃഷിയിടങ്ങളോരോന്നും ഓരോ കൗതുകക്കാഴ്ച കൂടിയായി മാറണം. ഒരു ഗ്രാമത്തിലെ കർഷകർക്കൊന്നാകെ പരസ്പരം സഹകരിച്ചും സഹായിച്ചും വളരാനുള്ള അവസരം കൂടിയാണത്.’ അതിലേക്കൊരു മാതൃകയാണ് തന്റെ കൃഷിയിടമെന്നും വില്യംസ്.

സാങ്കേതിക പിൻബലത്തോടെ യുഎഇയിലെ മരുഭൂമിമധ്യത്തിൽപ്പോലും പഴം–പച്ചക്കറിത്തോട്ടങ്ങൾ  ഒരുക്കിയിരിക്കുന്നതു കാണാനിടയായിട്ടുണ്ടെന്നു വില്യംസ്. കേരളത്തിന്റെ കാലാവസ്ഥ ഒട്ടുമിക്ക പഴവർഗങ്ങൾക്കും അനുകൂലമായതിനാൽ മേൽപ്പറഞ്ഞ സാങ്കേതിക സന്നാഹങ്ങളൊന്നുമില്ലാതെ തന്നെ ഇവിടെ മികച്ച പഴത്തോട്ടമൊരുക്കാം. പഴച്ചെടികൾ മാത്രമല്ല, തേനീച്ചവളർത്തലും മുട്ടക്കോഴികളും പടുതാക്കുളം മുതൽ ബയോഫ്ലോക്ക് വരെയുള്ള മത്സ്യക്കൃഷി മാതൃകകളുമെല്ലാം ഒരുക്കിയിരിക്കുന്നു വില്യംസിന്റെ ഫാമിൽ. ഓരോ സന്ദർശകനും കാണാനും പഠിക്കാനും വാങ്ങാനും ഒട്ടേറെ കാര്യങ്ങൾ. 

കാർഷിക സംരംഭങ്ങളിലേക്കു പുതുതായി വരുന്നവര്‍ പഠനത്തിനും പരിശീലനങ്ങൾക്കുമായി അൽപകാലം ചെലവിടണമെന്നും വില്യംസ്. ‘2010ൽ സംരംഭം തുടങ്ങുമ്പോൾ എനിക്കു മുൻ മാതൃകകൾ ഇല്ലായിരുന്നു. എന്നാല്‍ പുതുതായി  വരുന്നവർക്ക് മികച്ച മാതൃകകളുണ്ട്. തങ്ങളുടെ സാഹചര്യങ്ങൾക്കിണങ്ങും വിധം അതു പകർത്തുന്നതിലാണു മിടുക്ക്’, വില്യംസ് ഓർമിപ്പിക്കുന്നു.

‘വിളവെടുക്കുക, അത് അതേപടി വിൽക്കുക; ഇതാണ് ഇന്നും നമ്മുടെ കർഷകരുടെ രീതി. കൃഷി നഷ്ടമാകുന്നതിനു കാരണവും അതു തന്നെ. ഉൽപന്നങ്ങൾ മാത്രമല്ല മാർക്കറ്റ് ചെയ്യാവുന്നത്. കൃഷിയിടമാകെ വിപണനമൂല്യമുള്ളതാകണം. നല്ലൊരു സമ്മിശ്രത്തോട്ടം, അല്ലെങ്കിൽ നല്ലൊരു കുരുമുളകു കൃഷിയിടം അതല്ലെങ്കിൽ ജാതിത്തോട്ടം; ഇവയെല്ലാം കണ്ണിനിമ്പമുള്ള കാഴ്ച കൂടിയാണ്. അതിലേക്ക് ആളുകളെ ആകർഷിക്കാനും അവിടെ എന്തെല്ലാം ഏതെല്ലാം രീതിയിൽ മാർക്കറ്റ് ചെയ്യാമോ അതെല്ലാം ചെയ്യാനും കഴിയണം. ഇന്തൊനീഷ്യപോലുള്ള രാജ്യങ്ങൾ നൽകുന്ന മാതൃക അതാണ്’ – വില്യംസ് മാത്യു

ഫോൺ: 8281400600 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA