ADVERTISEMENT

ഇക്കഴിഞ്ഞ വര്‍ഷം സംസ്ഥാനത്തു പടര്‍ന്നുപിടിച്ച പകര്‍ച്ചവ്യാധികളില്‍ ഏറ്റവും രൂക്ഷമായത്   എലിപ്പനിയായിരുന്നു. ആരോഗ്യ ജാഗ്രതയിലൂടെയും അതീവ കരുതലിലൂടെയും എലിപ്പനിയെ നാം പ്രതിരോധിച്ചെങ്കിലും ആയിരത്തിലധികം പേർക്ക് രോഗബാധയേൽക്കുകയുണ്ടായി. എലിപ്പനി ബാധയേറ്റ്    സംസ്ഥാനത്ത് മുൻവർഷം 57 പേർ മരിച്ചതായി ആരോഗ്യവകുപ്പിന്‍റെ ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. പ്രളയാനന്തരം എലിപ്പനി വ്യാപകമായതാണ് ഇതിന്‍റെ മുഖ്യ കാരണമെന്ന് ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. ഔദ്യോഗികമായി സ്ഥിരീകരിക്കാത്ത എലിപ്പനി കേസുകളും മരണങ്ങളും  ഇതിലേറെ വരും. ഈ വർഷവും സ്ഥിതി വ്യത്യസ്‍തമല്ല , കാലവർഷം സജീവമായതോടെ മിക്കവാറും എല്ലാ  ജില്ലകളിലും എലിപ്പനിയും എലിപ്പനി മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടു കഴിഞ്ഞു. എന്നാൽ ഇത്തവണ എലിപ്പനിക്കൊപ്പം കോവിഡ് ഭീഷണിയും നമുക്കു മുന്നിലുണ്ട് .

വളർത്തുമൃഗങ്ങൾക്കും എലിപ്പനി ഭീഷണി

മനുഷ്യരിലെന്നപോലെ വളര്‍ത്തുമൃഗങ്ങളെയും ബാധിക്കുന്നതും രോഗബാധയേറ്റ മൃഗങ്ങളില്‍നിന്നു മനുഷ്യരിലേക്ക് പകരാന്‍ സാധ്യതയേറെയുള്ള ജന്തുജന്യരോഗവും കൂടിയാണ് എലിപ്പനി അഥവാ ലെപ്റ്റോസ്പൈറോസിസ്. സംസ്ഥാനത്ത് വളര്‍ത്തുമൃഗങ്ങള്‍ക്കിടയിൽ എലിപ്പനി ബാധ വര്‍ധിച്ചു വരുന്നതായി മൃഗസംരക്ഷണ വകുപ്പിന്‍റെ പുതിയ സ്ഥിതിവിവര  കണക്കുകള്‍ വ്യക്തമാക്കുന്നു.  എലിപ്പനി രോഗത്തിന് കാരണമായ ബാക്ടീരിയ രോഗാണുവിന്റെ ഇരുപത്തി മൂന്നോളം ഉപവിഭാഗങ്ങളേയും, 250ല്‍പ്പരം സിറോ ഗ്രൂപ്പുകളേയും എലിയടക്കമുള്ള  വിവിധ മൃഗങ്ങളില്‍നിന്നും വേര്‍തിരിച്ചിട്ടുണ്ട്. ഇതില്‍ വലിയ പങ്ക് രോഗാണുക്കളും മനുഷ്യരില്‍ രോഗമുണ്ടാക്കാന്‍ ശേഷിയുള്ളവയാണ്. വയല്‍ പണിക്കാരുടെ രോഗം (Rice field workers disease), കരിമ്പുവെട്ടുകാരുടെ രോഗം (Cane cutters disease), പന്നിവളര്‍ത്തല്‍ കര്‍ഷകരുടെ രോഗം  (Swine handlers disease)എന്നൊക്കെയുള്ള അപരനാമങ്ങളും എലിപ്പനിക്കുണ്ട്. കൃഷി, മൃഗസംരക്ഷണവുമായി ബന്ധപ്പെട്ട തൊഴിലുകളില്‍ ഏര്‍പ്പെടുമ്പോള്‍ എലിപ്പനി പകരാന്‍ സാധ്യതയുള്ളതുകൊണ്ടാണ് ഇത്തരം പേരുകള്‍ ഈ രോഗത്തിന് വന്നു ചേര്‍ന്നത്. എലിപ്പനി ഒരു ജന്തുജന്യരോഗം മാത്രമല്ല ഒരു തൊഴിൽ ജന്യരോഗം കൂടിയാണെന്ന് ചുരുക്കം.

മൃഗങ്ങളിലും മനുഷ്യരിലും എലിപ്പനി വ്യാപനം എങ്ങനെ? 

മുഖ്യവാഹകരായ എലികളുടെ വൃക്കകളില്‍ വാസമുറപ്പിക്കുകയും പെരുകുകയും  ബാക്ടീരിയ രോഗാണുക്കൾ എലികളില്‍ യാതൊരു ആരോഗ്യപ്രശ്നങ്ങളുമുണ്ടാക്കില്ലെന്നു മാത്രമല്ല ഒരു ലീറ്റര്‍ മൂത്രത്തില്‍ 100 മില്യണോളം രോഗാണുക്കള്‍ എന്ന കണക്കില്‍ രോഗാണുവിനെ പുറന്തള്ളുകയും ചെയ്യും.  രോഗാണുവിന്‍റെ പ്രധാനവാഹകരായ എലികളുടെയും പെരുച്ചാഴികളുടെയും മൂത്രം കലര്‍ന്ന് മലിനമായ വെള്ളത്തില്‍ കൂടിയാണ് രോഗം പകരുന്നത്. കെട്ടികിടക്കുന്ന വെള്ളത്തിലും ചെളിയിലും നനവുള്ള തറകളിലും മണ്ണിലും കാണപ്പെടുന്ന രോഗാണുക്കള്‍ കുടിവെള്ളം, തീറ്റ എന്നിവ വഴിയും തൊലിപ്പുറത്തെ പോറലുകളിലൂടെയും മുറിവുകളിലൂടെയും ശരീരത്തില്‍ പ്രവേശിച്ചാണ് വളർത്തു മൃഗങ്ങളില്‍ രോഗബാധയുണ്ടാവുന്നത്. കണ്ണിലെയും മൂക്കിലേയുമൊക്കെ ശ്ലേഷ്മസ്തരങ്ങളിലൂടെയും, കൈകാലുകളിലെയും അകിടിലെയുമൊക്കെ മൃദുവായ ചര്‍മ്മഭാഗങ്ങളിലൂടെയും ശരീരത്തിനകത്തേക്ക് തുളച്ചുകയറാനുള്ള ശേഷിയും കൂര്‍ത്ത പിരിയാണിയുടെ ഘടനയുള്ള  സ്പൈറോകീറ്റ്സ് എന്നറിയപ്പെടുന്ന ബാക്റ്റീരിയല്‍ എലിപ്പനി രോഗാണുവിനുണ്ട്. ഉയര്‍ന്ന ആര്‍ദ്രത, കുറഞ്ഞ താപനില തുടങ്ങിയ അനുകൂല സാഹചര്യങ്ങളില്‍ ഈര്‍പ്പവും ക്ഷാരഗുണവും ലവണാംശവുമുള്ള മണ്ണിലും, കെട്ടിനില്‍ക്കുന്ന വെള്ളത്തിലും ആറു മാസം വരെ ഒരു പോറലുമേല്‍ക്കാതെ നിലനില്‍ക്കാന്‍ എലിപ്പനി ബാക്ടീരിയകള്‍ക്ക് ശേഷിയുണ്ട്.

രോഗാണു ബാധയേറ്റ മൃഗങ്ങളുടെ  മൂത്രം, മറ്റ്  ശരീരസ്രവങ്ങള്‍, ഗര്‍ഭാവശിഷ്ടങ്ങള്‍, ജനനേന്ദ്രിയസ്രവങ്ങൾ എന്നിവയുമായി നേരിട്ടുള്ള സമ്പർക്കത്തിലൂടെയോ ഇവ കലർന്ന് രോഗാണുമലിനമായ വെള്ളം, തീറ്റ തുടങ്ങിയവയുമായുള്ള സമ്പർക്കത്തിലൂടെയോ മറ്റു മൃഗങ്ങളിലേക്കും രോഗം പകരാം. പശു, എരുമ, ആട്, പന്നി, മുയല്‍, കുതിര, നായ്ക്കള്‍ തുടങ്ങി എല്ലാ സസ്തനി മൃഗങ്ങളെയും എലിപ്പനി രോഗാണു ബാധിക്കാമെങ്കിലും പൂച്ചകള്‍ പൊതുവെ രോഗാണുവിനെതിരെ പ്രതിരോധശേഷിയുള്ളവരാണ്. രോഗാണുക്കളാല്‍ മലിനമാക്കപ്പെട്ട സാഹചര്യങ്ങളുമായി സമ്പര്‍ക്കമുണ്ടാകാനുള്ള സാധ്യതകള്‍ മൃഗങ്ങളില്‍ ഏറെയായതിനാല്‍ എലിപ്പനിക്കെതിരെ അരുമകളിലും ശ്രദ്ധ വേണം. 

രോഗം ബാധിച്ച മൃഗങ്ങളുടെ വിസര്‍ജ്യവും ശരീരദ്രവങ്ങളും കൈകാര്യം ചെയ്യുന്നത് വഴിയും  എലികളുടെയും രോഗം ബാധിച്ച മറ്റ് വളർത്തുമൃഗങ്ങളുടെയും വന്യമൃഗങ്ങളുടേയും മൂത്രം കലര്‍ന്ന മണ്ണ്, ജലം, ആഹാരം എന്നിവയുമായുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗാണു മനുഷ്യരിൽ എത്തുന്നത്. രോഗം ബാധിച്ച മൃഗങ്ങളുടെയോ, എലിയുടെയോ മൂത്രം കലര്‍ന്ന മലിനജലം കണ്ണിലോ, മൂക്കിലോ വീഴുന്നതും ജലം തിളപ്പിച്ചാറ്റാതെ കുടിക്കുന്നതും രോഗാണുവിന് നേരിട്ട് ശരീരത്തിന്റെ ഉള്ളിലേക്ക് കയറാന്‍ വഴിയൊരുക്കുന്നു. എലിപ്പനി മനുഷ്യരില്‍നിന്ന് മനുഷ്യരിലേക്ക് പകരുന്നത് വളരെ അപൂര്‍വമാണ്.

മൃഗങ്ങളില്‍ എലിപ്പനി ലക്ഷണങ്ങൾ എന്തെല്ലാം 

രോഗാണു ബാധയേറ്റാല്‍ മൃഗങ്ങളില്‍ തീവ്ര രൂപത്തിലോ, ഉപതീവ്രരൂപത്തിലോ ദീര്‍ഘകാലം നീണ്ടുനില്‍ക്കുന്ന രീതിയിലോ ലക്ഷണങ്ങള്‍ പ്രകടമാകും. ഇത് രോഗാണുവിന്‍റെ ജനിതകസ്വഭാവം, രോഗം പടര്‍ത്താനുള്ള ശേഷി (Pathogenicity), മൃഗങ്ങളുടെ പ്രതിരോധശേഷി (Immunity), പ്രായം തുടങ്ങിയ ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു. 

പശുക്കളിലെ തീവ്രരോഗബാധയില്‍ രോഗാണു ബാധയേറ്റ് ഒന്നു മുതല്‍ പത്ത് ദിവസത്തിനകം ലക്ഷണങ്ങള്‍ പ്രകടമാകും. തീറ്റയോടുള്ള വിരക്തി, കഠിനമായ പനി (104-105 ഡിഗ്രി ഫാരൻ ഹിറ്റ്), തളര്‍ച്ച, മൂത്രം രക്തനിറത്തില്‍ വ്യത്യാസപ്പെടല്‍, ശ്വാസതടസം, പാലുല്‍പ്പാദനക്കുറവ് എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങള്‍. രക്തത്തിലൂടെ ശരീരമൊന്നാകെ വ്യാപിക്കുന്ന രോഗാണു കരള്‍, വൃക്ക തുടങ്ങി വിവിധ അവയവങ്ങളില്‍ വെച്ച് പെരുകുകയും ചെയ്യും. രോഗാണു പുറന്തള്ളുന്ന വിഷാംശം രക്തകോശങ്ങളടക്കമുള്ള ശരീര കോശങ്ങളെ നശിപ്പിക്കുകയും, ചെറിയ രക്തനാളികളെ തകര്‍ക്കുകയും ചെയ്യും. ഇത് രക്തസ്രാവത്തിനും വിളര്‍ച്ചക്കും വഴിയൊരുക്കും. രോഗം മൂര്‍ച്ഛിക്കുന്നതോടെ മഞ്ഞപ്പിത്തത്തിന്‍റെ ലക്ഷണങ്ങള്‍ കാണിക്കും. കറവപ്പശുക്കളില്‍ അകിടുവീക്കവും പ്രകടമാകും. ഉല്‍പ്പാദനം ഗണ്യമായി കുറയുന്നതിനൊപ്പം പാല്‍ രക്തവും രക്തക്കട്ടകളും കലര്‍ന്ന് ചുവന്ന നിറത്തില്‍ വ്യത്യാസപ്പെടും. സാധാരണ അകിടുവീക്കത്തില്‍ നിന്നും വ്യത്യസ്തമായി എലിപ്പനിയില്‍ അകിടുകള്‍ തടിച്ച് കൂടുതല്‍ മൃദുത്വമുള്ളതായി തീരും. പാല്‍ ചുവന്ന നിറത്തില്‍ വ്യത്യാസപ്പെടുമെങ്കിലും അകിടുവീക്കത്തിന്‍റെ നേരിട്ടുള്ള  ലക്ഷണങ്ങള്‍ പ്രകടമാവാത്ത രൂപത്തിലും രോഗം കാണാറുണ്ട്. ചെനയുള്ളവയില്‍ ഗര്‍ഭമലസല്‍, ആരോഗ്യം കുറഞ്ഞ കിടാക്കളുടെ ജനനം എന്നിവയ്ക്ക് സാധ്യതയേറെയാണ്. ഒരു മാസത്തില്‍ ചുവടെ പ്രായമുള്ള കന്നുക്കുട്ടികളില്‍ എലിപ്പനി കൂടുതല്‍ മാരകമാണ്. സമാനമായ ലക്ഷണങ്ങള്‍ ആടുകളിലും പന്നികളിലും കാണാം. 

പനി, വിറയല്‍, പേശിവേദന കാരണം നടക്കാനുള്ള മടി, പേശിവലിവ്, വിശപ്പില്ലായ്മ, വായില്‍ പുണ്ണുകളും ദുര്‍ഗന്ധവും,  വയറുവേദന, ഛര്‍ദ്ദി, , ശ്വാസമെടുക്കാനുള്ള പ്രയാസം,  ക്രമേണയുള്ള ശരീര തളര്‍ച്ച, തുടങ്ങിയവയാണ് നായ്ക്കളില്‍ തീവ്ര എലിപ്പനി ബാധയുടെ പ്രാരംഭ ലക്ഷണങ്ങള്‍. ഛര്‍ദ്ദിയും വയറിളക്കവും കാരണം നിര്‍ജ്ജലീകരം സംഭവിക്കുന്നതിനാല്‍ നായ്ക്കള്‍ ധാരാളമായി വെളളം കുടിക്കാന്‍ ശ്രമിക്കും. ഇടയ്ക്കിടെ മൂത്രമൊഴിക്കുകയും ചെയ്യും. കണ്ണിലെയും മറ്റും ശ്ലേഷ്മ സ്തരങ്ങള്‍ ചുവന്നു തടിച്ചിരിക്കുന്നതിനൊപ്പം രക്തവാര്‍ച്ചയുടെ ചെറിയ പാടുകള്‍ കാണാന്‍ കഴിയും.  മൂത്രവും കാഷ്ടവും രക്തനിറത്തില്‍ വ്യത്യാസപ്പെടും. മൂത്ര തടസവും അനുഭവപ്പെടും. എലിപ്പനി രോഗം മൂര്‍ച്ഛിച്ച് ശ്വാസകോശത്തില്‍ രക്തസ്രാവം സംഭവിക്കുന്ന വീല്‍സ് ഡിസീസ് എന്ന രോഗാവസ്ഥ മനുഷ്യരില്‍ എന്ന പോലെ രോഗമൂര്‍ധന്യത്തില്‍ നായ്ക്കളിലും കാണാറുണ്ട്. ഹൃദയത്തേയും ഗുരുതരമായി ബാധിക്കുന്നു. ആരംഭ ഘട്ടത്തില്‍ തന്നെ ചികിത്സ ലഭ്യമാക്കിയില്ലെങ്കില്‍ മഞ്ഞപ്പിത്തവും, രക്തസ്രാവവും, ശ്വാസതടസ്സവും മൂര്‍ച്ഛിച്ചു മരണം സംഭവിക്കും. നീണ്ടുനില്‍ക്കുന്ന രോഗാവസ്ഥയില്‍ ചെറിയ പനി, ശരീരശോഷണം, ഭാരക്കുറവ് കണ്ണുകള്‍ ചുവന്നു തടിച്ചിരിക്കല്‍, വിളര്‍ച്ച, ഇടക്കിടെ മൂത്രമൊഴിക്കല്‍ തുടങ്ങിയ ലക്ഷണങ്ങള്‍ പ്രകടമാകും. എലിപ്പനിക്കെതിരെ കൃത്യമായി പ്രതിരോധ കുത്തിവെയ്പെടുത്ത നായ്ക്കളില്‍ രോഗസാധ്യത കുറവാണ്. 

ചില വളർത്തു മൃഗങ്ങള്‍ രോഗലക്ഷണങ്ങള്‍ ഒന്നും തന്നെ പുറത്തു കാണിക്കാതെ ദീര്‍ഘകാലം രോഗാണുവിന്‍റെ നിശബ്ദ വാഹകരാകാനും ഇടയുണ്ട്. നിശബ്ദവാഹകരായ മൃഗങ്ങളുടെ വൃക്കയിലും പ്രത്യുല്‍പ്പാദനവയവങ്ങളിലും പെരുകുന്ന രോഗാണുക്കൾ  മൂത്രത്തിലൂടെയും ശരീര സ്രവങ്ങളിലൂടെയും നിരന്തരമായി പുറത്തുവന്നുകൊണ്ടിരിക്കും. ലക്ഷണങ്ങള്‍ പുറത്തു കാണിക്കാത്ത രോഗാണു വാഹകരായ പശുക്കളടക്കമുള്ള മൃഗങ്ങളില്‍  ഗര്‍ഭമലസും (ഗർഭകാലത്തിന്റെ അവസാന മാസങ്ങളിൽ ), തുടര്‍ന്നുള്ള വന്ധ്യതയും ആരോഗ്യശേഷി കുറഞ്ഞ കുഞ്ഞുങ്ങളുടെ ജനനവും ലക്ഷണങ്ങളായി കണ്ടുവരുന്നു. രോഗാണുവാഹകരായ പന്നികളില്‍ പ്രസവത്തിനു 2 - 4 ആഴ്ച മുമ്പുള്ള ഗര്‍ഭമലസല്‍ സാധാരണയായി കണ്ടുവരുന്നു.

എലിപ്പനി ലക്ഷണങ്ങൾ മനുഷ്യരിൽ 

രോഗാണുക്കൾ ശരീരത്തിൽ എത്തി 5 മുതല്‍ 14 ദിവസങ്ങള്‍ക്കുള്ളില്‍ രോഗലക്ഷണങ്ങള്‍ പ്രകടമായി തുടങ്ങും. ചിലപ്പോള്‍ 2 ദിവസങ്ങൾക്കുള്ളിൽ തന്നെ ലക്ഷണങ്ങൾ പ്രകടമാവും ചില സാഹചര്യങ്ങളിൽ 4 ആഴ്ച വരെ നീളാറുമുണ്ട്.  പെട്ടെന്നുണ്ടാകുന്ന കടുത്ത പനിയും തലവേദനയും പേശീവേദനയുമാണ് മനുഷ്യരിൽ  എലിപ്പനിയുടെ ആദ്യ ലക്ഷണങ്ങൾ. പനിയുടെ കൂടെ കുളിരും വിറയലും ഉണ്ടാവും. പേശി അമര്‍ത്തുമ്പോള്‍, പ്രത്യേകിച്ചും തുടയിലെ പേശികളില്‍ മുറുകെ അമർത്തുമ്പോൾ  കടുത്ത വേദന അനുഭവപ്പെടുന്നത് പ്രധാനപ്പെട്ട രോഗ ലക്ഷണമാണ്. കണ്ണില്‍ ചുവപ്പുനിറം, ശരീരത്തില്‍ തിണര്‍പ്പ്, ഛർദി, വയറിളക്കം, വയറുവേദന, മഞ്ഞപ്പിത്ത ലക്ഷങ്ങള്‍ (കണ്ണിലും ചര്‍മ്മത്തിലും മഞ്ഞനിറം), ബോധക്ഷയം തുടങ്ങിയ ലക്ഷണങ്ങളും ക്രമേണ പ്രകടമാകും .

എലിപ്പനി പ്രതിരോധവും പ്രതിവിധിയും 

  • എലിപ്പനി ഒരു ജന്തുജന്യ രോഗം മാത്രമല്ല ഒരു  തൊഴില്‍ജന്യ രോഗം കൂടിയാണെന്ന് മുൻപ് സൂചിപ്പിച്ചുവല്ലോ . പാടത്തും പറമ്പിലും വെള്ളകെട്ടുകൾക്ക് സമീപവും കൃഷിപ്പണിയിൽ ഏർപ്പെടുന്ന കര്‍ഷകര്‍,  കൈതച്ചക്കത്തോട്ടത്തിലും കരിമ്പിൻ തോട്ടത്തിലും ജോലിയെടുക്കുന്നവർ, കന്നുകാലികളെ വളര്‍ത്തുന്നവര്‍, കന്നുകാലി വിൽപയില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍, പശുവിനെയും എരുമയേയും കറക്കുന്നവര്‍, കശാപ്പുകാര്‍, കശാപ്പുശാലകളില്‍ ജോലി ചെയ്യുന്നവര്‍, പാലുല്‍പ്പാദന മേഖലയില്‍ ജോലിചെയ്യുന്നവര്‍ അരുമമൃഗങ്ങളുടെ പരിപാലകർ, വെറ്ററിനറി ഡോക്ടർമാർ തുടങ്ങിയവരെല്ലാം എലിപ്പനി ബാധിക്കാൻ സാധ്യത കൂടുതലുള്ളവരാണെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നു. കര്‍ഷകര്‍ കാര്‍ഷിക പ്രവൃത്തനങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍ വെള്ളം കയറാത്ത ഗംബൂട്ടുകളും റബര്‍ കൈയ്യുറകളും ധരിക്കണം. മുറിവുകള്‍ ഉണ്ടെങ്കില്‍ അയഡിന്‍ അടങ്ങിയ ലേപനങ്ങള്‍ പുരട്ടി പുറത്ത് പ്ലാസ്റ്റര്‍ ഒട്ടിക്കണം. പാടത്തേയും പറമ്പിലേയും കെട്ടിനില്‍ക്കുന്ന ജലത്തില്‍ മുഖം കഴുകരുത്. കെട്ടിനില്‍ക്കുന്ന വെള്ളത്തിലും മലിന ജലത്തിലും ഇറങ്ങുന്നതും കുളിക്കുന്നതും ഒഴിവാക്കണം. രോഗപ്രതിരോധത്തിനായി ഡോക്ടറുടെ നിർദ്ദേശപ്രകാരം  ഡോക്സിസൈക്ലിന്‍ ഗുളികകള്‍ കഴിക്കുന്നത് ഉചിതമാണ്. കിടുങ്ങലും വിറയലോടും കൂടിയ പെട്ടെന്നുള്ള പനി, പേശീവേദന, കണ്ണിനു ചുവപ്പ്,  ശരീരവേദന തുടങ്ങിയ ലക്ഷണങ്ങള്‍ അനുഭവപ്പെട്ടാല്‍ എലിപ്പനി സംശയിക്കാവുന്നതും ഉടൻ   ഉടനടി ചികിത്സ തേടുകയും വേണം .  
  • മൃഗങ്ങളുടെ മൃതശരീരങ്ങള്‍ മാസ്ക്, കട്ടികൂടിയ കയ്യുറകള്‍, വെള്ളം കയറാത്ത ഗംബൂട്ടുകള്‍ തുടങ്ങിയവ ധരിച്ച ശേഷം മാത്രമേ കൈകാര്യം ചെയ്യാന്‍ പാടുള്ളൂ. അണുബാധയുള്ള മൃഗങ്ങളുടെ  വിസര്‍ജ്യങ്ങള്‍ സ്പര്‍ശിക്കാനിടവന്നാലും കൈകാലുകള്‍ സോപ്പിട്ട് വൃത്തിയായി കഴുകണം. പശു, എരുമ, പന്നി, ആട്, നായ തുടങ്ങിയ വളർത്തുമൃഗങ്ങളുടെ  ഗര്‍ഭമലസിയ അവശിഷ്ടങ്ങളും മറ്റും കൈകാര്യം ചെയ്യുമ്പോള്‍ കയ്യുറയും ഗംബൂട്ടുകളും  നിര്‍ബന്ധമായും ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം. ശേഷം തൊഴുത്തും പരിസരവും ബ്ലീച്ചിങ് പൗഡറോ മറ്റു അണുനാശിനികളോ ഉപയോഗിച്ച് കഴുകി വൃത്തിയാക്കുകയും വേണം. മാത്രമല്ല  ഇത്തരം അവശിഷ്ടങ്ങൾ ആഴത്തിൽ കുഴിയെടുത്തു കുമ്മായം വിതറി സംസ്കരിക്കണം.
  • ജൈവമാലിന്യങ്ങള്‍, മൃഗങ്ങളുടെ തീറ്റ അവശിഷ്ടങ്ങള്‍ എന്നിവയെല്ലാം തൊഴുത്തിലും പരിസരത്തും കെട്ടികിടന്നാൽ  എലികള്‍ക്ക് പെറ്റുപെരുകാനുള്ള അനുകൂലസാഹചര്യമൊരുക്കും. ജൈവമാലിന്യങ്ങള്‍ സുരക്ഷിതമായി സംസ്കരിക്കുന്നതിനും എലിക്കെണികള്‍ ഉപയോഗിച്ച് എലികളെ നിയന്ത്രിക്കുന്നതിനും മുഖ്യപരിഗണന നല്‍കണം. മൃഗങ്ങളുടെ തീറ്റകള്‍ സുരക്ഷിതമായി അടച്ചു സൂക്ഷിക്കണം. തൊഴുത്തിലേയും പരിസരത്തേയും എലിമാളങ്ങളും പൊത്തുകളും അടക്കാന്‍ മറക്കരുത്. 
  • കെട്ടിനില്‍ക്കുന്ന വെള്ളവും, ചെളിയുമായും വളർത്തുമൃഗങ്ങള്‍ക്ക് സമ്പര്‍ക്കമുണ്ടാവാനിടയുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കണം. വെള്ളക്കെട്ടുകളിലും ചതുപ്പുകളിലും മൃഗങ്ങളെ മേയാന്‍ വിടരുത്. മലിനമായ ജലം മൃഗങ്ങള്‍ക്ക് കുടിക്കാന്‍ നല്‍കരുത്. ക്ലോറിന്‍ ടാബ്ലറ്റുകള്‍ ചേര്‍ത്ത് ശുദ്ധീകരിച്ച ജലം കുടിക്കാനായി നല്‍കാം. 20 ലീറ്റര്‍ വെള്ളത്തില്‍ 500 മില്ലി ഗ്രാം ക്ലോറിന്‍ ടാബ്ലറ്റ് ഇട്ട് ശുചീകരിച്ച ജലം അരമണിക്കൂറിന് ശേഷം മൃഗങ്ങള്‍ക്ക് നല്‍കാം. ഫാമുകളിൽ ജലശുദ്ധീകരണത്തിന് ഉപയോഗിക്കാവുന്ന റെഡിമെയ്‌ഡ്‌ ലായനികളും (ഉദാഹരണം- സൊക്രീനാ- SOKRENA WS) ഇന്ന് വിപണിയിൽ ലഭ്യമാണ് .
  • നായ്ക്കള്‍ക്ക് എലിപ്പനി പ്രതിരോധകുത്തിവയ്പുകൾ ഇന്ന് ലഭ്യമാണ്. നായ്ക്കളില്‍ എലിപ്പനിയടക്കമുള്ള വിവിധ രോഗങ്ങള്‍ക്ക് എതിരായുള്ള ആദ്യകുത്തിവയ്പ്  6-8 ആഴ്ച / രണ്ടുമാസം പ്രായത്തിലും, ബൂസ്റ്റര്‍ കുത്തിവയ്പ്  9-12 ആഴ്ചയിലും / മൂന്ന് മാസം  എടുക്കാം. 12-14 ആഴ്ച പ്രായത്തില്‍ വീണ്ടും ഒരു ബൂസ്റ്റര്‍ കുത്തിവയ്പ്  കൂടി എടുക്കുന്നത് ഉത്തമമാണ്. പിന്നീട് വര്‍ഷാവര്‍ഷം കുത്തിവയ്പ്  തുടരണം. മെഗാവാക്ക്-7, നോബിവാക്ക് പപ്പിഡിപ്പി തുടങ്ങിയ വിവിധ പേരുകളില്‍ മള്‍ട്ടി കമ്പോണന്‍റ് വാക്സിനുകള്‍ വിപണിയില്‍ ലഭ്യമാണ്. എലിപ്പനി മാത്രമല്ല, പാര്‍വോ വൈറസ്, മഞ്ഞപ്പിത്തം, കനൈന്‍ ഡിസ്റ്റംബര്‍ തുടങ്ങിയ ആറോളം രോഗങ്ങളെ തടയാനും ഇത്തരം വാക്സിനുകള്‍ സഹായിക്കും.
  • തെരുവുനായ്ക്കളില്‍ എലിപ്പനി രോഗാണുവിന്‍റെ സാധ്യത ഉയര്‍ന്നതാണ്. തെരുവുനായ്ക്കളുമായി വളര്‍ത്തുമൃഗങ്ങള്‍ക്ക് സമ്പര്‍ക്കമുണ്ടാവാനിടയുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കണം.  
  • അരുമമൃഗങ്ങളില്‍ രോഗലക്ഷണങ്ങള്‍ ഏതെങ്കിലും ശ്രദ്ധയില്‍ പെട്ടാല്‍ ഉടന്‍ വിദഗ്ധ ചികിത്സ തേടണം. ഒപ്പം ജന്തുജന്യരോഗമായതിനാല്‍ മൃഗങ്ങളെ പരിചരിച്ചവരും ചികിത്സ തേടണം.
  • രോഗം ഭേദമായ പശുക്കള്‍ തുടര്‍ന്ന് മൂന്ന് മാസത്തോളവും, നായകള്‍ ആറുമാസത്തോളവും രോഗാണുവിനെ മൂത്രത്തിലൂടെ പുറന്തള്ളാന്‍ ഇടയുള്ളതിനാല്‍ മൃഗങ്ങളെ പരിചരിക്കുന്നവര്‍ വ്യക്തിസുരക്ഷാ മാര്‍ഗങ്ങള്‍ സ്വീകരിക്കുകയും ശ്രദ്ധപുലര്‍ത്തുകയും വേണം. ഒപ്പം അവയെ മറ്റു മൃഗങ്ങളില്‍ നിന്നും മാറ്റി പരിപാലിക്കുകയും വേണം.  

English summary: Prevention and control of Leptospirosis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com