പ്രവാസികളെ വീഴ്ത്താൻ പലരും രംഗത്ത്, ബയോഫ്ലോക്കിലേക്ക് തിരിയും മുമ്പ് ഇവർക്ക് പറയാനുള്ളത് കേൾക്കുക

HIGHLIGHTS
  • സുരക്ഷാസംവിധാനങ്ങൾ നിർബന്ധം
  • ഇഷ്ടം പ്രധാനം
biofloc
സാബു കല്ലുങ്കൽ, അലക്സ്, ടിനു ജോൺ, സാൻജോ, അൻവിൻ, സണ്ണി.
SHARE

കേരളത്തിൽ മത്സ്യക്കൃഷിക്ക് പ്രചാരമേറിയിട്ടുണ്ട്. മത്സ്യക്കൃഷിയുടെ സാധ്യതകൾ മുന്നിൽക്കണ്ട് വലിയ മുതൽമുടക്ക് നടത്തുന്നവരും കുറവല്ല. ഇപ്പോൾ സർക്കാർ സഹായങ്ങളും മത്സ്യക്കൃഷിയിൽ കർഷകരെ സഹായിക്കാനുണ്ട്. എന്നാൽ, മത്സ്യക്കൃഷിയിലേക്ക് ചാടിയിറങ്ങി ലക്ഷങ്ങൾ ബാധ്യത വരുത്തിയവരും കേരളത്തിൽ കുറവല്ല. പ്രാഥമിക അറിവുപോലും ഇല്ലാതെ പലരും പറഞ്ഞു പ്രലോഭിപ്പിക്കുന്ന കണക്കുകളിൽ വീണവരാണ് അധികവും. കുറഞ്ഞ സ്ഥലത്ത് കൂടുതൽ ഉൽപാദനം ലക്ഷ്യമിട്ട് വികസിപ്പിച്ചെടുത്ത ബയോഫ്ലോക് ടെക്നോളജിക്ക് ഇപ്പോൾ പ്രചാരമേറിയിട്ടുണ്ട്. എന്നാൽ, കേവലം ലാഭം മാത്രം ലക്ഷ്യമിട്ട് കർഷകരെ ബയോഫ്ലോക്കിലേക്ക് ആകർഷിക്കുന്ന ഏജൻസികളും സംസ്ഥാനത്തുണ്ട്. അത്തരം ഏജൻസികളുടെ സഹായത്തോടെ ബയോഫ്ലോക് തുടങ്ങി നഷ്ടങ്ങളുണ്ടായവരും ഏറെ. 

വലിയ പ്രതീക്ഷയോടെ ബയോഫ്ലോക് മത്സ്യക്കൃഷിയിലേക്കിറങ്ങുകയും അറിവില്ലായ്മകൊണ്ട് നഷ്ടങ്ങൾ സംഭവിക്കുകയും ചെയ്ത കർഷകർ ഒന്നുചേർന്ന് രൂപീകരിച്ച സംഘടനയാണ് ബയോഫ്ലോക് ഇന്നൊവേറ്റീവ് ഗ്രൂപ്പ് (ബിഗ്). കേരളത്തിൽ അങ്ങോളമിങ്ങോളമുള്ള ബയോഫ്ലോക് സംവിധാനത്തിൽ മത്സ്യക്കൃഷി ചെയ്യുന്നവരാണ് ഇതിൽ അംഗങ്ങൾ. തങ്ങളുടെ അറിവുകളും അനുഭവങ്ങളും പങ്കുവച്ചാണ് ഇവർ ഇപ്പോൾ മത്സ്യക്കൃഷി വിജയകരമായി ചെയ്യുന്നത്. 

ബയോഫ്ലോക് രീതിയിൽ മത്സ്യം വളർത്തുന്നവർ അത്യാവശ്യമായി ചെയ്യേണ്ടത് സുരക്ഷാസംവിധാനങ്ങളായിരിക്കണമെന്ന് ബിഗിന്റെ സ്ഥാപകരിലൊരാളായ ടിനു പറയുന്നു. വൈദ്യുതി വിച്ഛേദിക്കപ്പെട്ടാൽ അപ്പോൾത്തന്നെ അറിയിക്കുന്ന അലാറം ഫാമിൽ ഉണ്ടായിരിക്കണമെന്നും അദ്ദേഹം പറയുന്നു. രണ്ടു വർഷമായി മത്സ്യക്കൃഷി ചെയ്യുന്ന ടിനുവിന്റെ ഫാമിൽ വൈദ്യുതിബന്ധം വിച്ഛേദിക്കപ്പെട്ടാൽ വീടിനുള്ളിൽ അലാറം മുഴങ്ങുകയും ഫോണിലേക്ക് പ്രത്യേകം അപായസൂചനാ കോൾ വരികയും ചെയ്യും. 

മാത്രമല്ല ബയോഫ്ലോക്ക് ചെയ്യാൻ ഒരു ഏജൻസിക്കും പണം നൽകേണ്ട ആവശ്യമില്ലെന്നും ബിഗ്ഗിലെ അംഗങ്ങൾ പറയുന്നു. സാങ്കേതിവിദ്യയും നിർമാണരീതിയും മനസിലാക്കിയാൽ ആർക്കും ബയോഫ്ലോക് ടാങ്ക് നിർമിക്കാവുന്നതേയുള്ളൂ. എന്നാൽ, ബയോഫ്ലോക് രീതിയിൽ മത്സ്യക്കൃഷി തുടങ്ങുന്നതിനു മുമ്പ് ഏജൻസികൾ നൽകുന്ന വാഗ്ദാനങ്ങളിൽ മയങ്ങാതെ, അവരു‌ടെ ഡെമോ ടാങ്കുകളിലെ മത്സ്യങ്ങളെ കണ്ട് വിശ്വസിക്കാതെ കർഷരെ തേടിയിറങ്ങണം. കർഷകരുടെ അറിനും അനുഭവങ്ങളും നേരിട്ടു ചോദിച്ചറിയണം. അല്ലാത്തപക്ഷം പണം നഷ്ടപ്പെടുമെന്നുള്ളത് തീർച്ചയാണെന്ന് പലരും അനുഭവത്തിലൂടെ കാണിച്ചുതുന്നുണ്ട്. 

ഒരു ബയോഫ്ലോക് ടാങ്ക് എങ്ങനെ കുറഞ്ഞ മുതൽമുടക്കിൽ നിർമിക്കാമെന്നും എന്തൊക്കെ ശ്രദ്ധിക്കണമെന്നും ചൂണ്ടിക്കാട്ടി ബയോഫ്ലോക് ഇന്നൊവേറ്റീവ് ഗ്രൂപ്പും ബ്ലൂ റെവലൂഷൻ എന്ന കൂട്ടായ്മയും സംയുക്തമായി ഒരു വിഡിയോ പുറത്തിറക്കിയിട്ടുണ്ട്. ബയോഫ്ലോക് മത്സ്യക്കൃഷിയുടെ വിവരങ്ങൾ പൂർണമായി ഉൾക്കൊള്ളിച്ച് ബോധവൽകരണത്തിനായി തയാറാക്കിയ വീഡിയോ പങ്കുവച്ചിരിക്കുന്നത് എക്കോ ഓൺ മീഡിയ എന്ന യുട്യൂബ് ചാനലാണ്. വിഡിയോ കാണാം.

English summary: What is Biofloc Technology

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA