ശുദ്ധമായ പഴങ്ങൾ കഴിക്കാൻ 30ൽപ്പരം ഇനങ്ങൾ വീട്ടിൽത്തന്നെ, ഇത് സത്യബാബുവിന്റെ രീതി

HIGHLIGHTS
  • 700 ചുവട് ഏത്തവാഴകൾ
vidhya
SHARE

കീടനാശിനി ചേരുന്ന പഴവർഗങ്ങൾ പുറത്തുനിന്നു വാങ്ങാതെ, തീർത്തും ജൈവകൃഷിയിൽ പഴങ്ങളെല്ലാം വീട്ടിലെ തോട്ടത്തിൽനിന്ന് എന്നു സ്വപ്നം കാണാത്തവർ ആരാണുള്ളത്. ഇവിടെ ഇപ്പോൾ മുപ്പതിൽ പരം ഫലവൃക്ഷങ്ങളാൽ സമ്പന്നമാണ് ഞങ്ങടെ കൃഷിത്തോട്ടമെന്ന് തിരുവനന്തപുരം വെള്ളല്ലൂരിലെ തെറ്റിക്കുഴിയിൽ സത്യബാബുവിന്റെ ഇളയ മകൾ വിദ്യ പറയുന്നു. രണ്ടേക്കർ സ്ഥലത്ത് നട്ടുവളർത്താത്ത ഫലവൃക്ഷങ്ങളില്ല. 

സീസൺ അനുസരിച്ച് വിവിധ രൂപത്തിലും വർണത്തിലും രുചിയിലുമുള്ള പഴങ്ങൾ കഴിക്കാം. അതുതന്നെയായിരുന്നു ഫലവൃക്ഷങ്ങൾ നടുമ്പോൾ വിദ്യയും സഹോദരി സിംനയും ലക്ഷ്യംവച്ചത്. അതും യാതൊരുവിധ വിഷവുമില്ലാതെ. അഞ്ചു വർഷം മുമ്പായിരുന്നു വിദേശയിനം ഫലവൃക്ഷങ്ങളുടെ തൈകൾ നട്ടുപിടിപ്പിച്ചത്. വർഷങ്ങൾ പിന്നിട്ടപ്പോൾ ഫലവൃക്ഷങ്ങളെല്ലാം മികച്ച രീതിയിൽ കായ്ച്ചുതുടങ്ങി. മാവും പ്ലാവുമെല്ലാം വർഷങ്ങളായി ഈ പുരയിടത്തിൽ വളരുന്നവയാണ്.

vidhya-1
ലീന, സത്യബാബു

ഞാവൽ, റംബൂട്ടാൻ (ചുവപ്പ്, മഞ്ഞ), ബഡ് ഓറഞ്ച്, അമ്പഴം, മാമ്പഴം (നാട്ടുമാങ്ങാ, കർപ്പൂര മാവ്, താളി മാവ്, പേര് അറിയാത്ത കുറച്ചിനങ്ങൾ), ചക്ക, സപ്പോട്ട, മുട്ടപ്പഴം, മുള്ളാത്ത, അമൃത്, നെല്ലിക്ക, ശീമനെല്ലിക്ക, പേരയ്ക്ക, ചാമ്പങ്ങ, പാഷൻ ഫ്രൂട്ട്, സ്റ്റാർ ഫ്രൂട്ട്, കൈതച്ചക്ക, പപ്പായ (നാടൻ, redlady), മാതളം തുടങ്ങിയവയെല്ലാം സീസൺ അനുസരിച്ച് വിളവ് നൽകുന്നു. ഇവ കൂടാതെ, പന്തലിൽ കയറ്റിയിരിക്കുന്ന മുന്തിരി വള്ളികൾ വീശി തുടങ്ങിയിട്ടുണ്ട്. മാത്രമല്ല, ലിച്ചിയും മാങ്കോസ്റ്റീനും അവോകാഡോയും ഇവിടെ വളരുന്നു. അവ കായ്ച്ചുതുടങ്ങിയിട്ടില്ല.

ചാണകപ്പൊടിയും ചാരവും ചേർത്ത് മണ്ണൊരുക്കിയാണ് നഴ്സറിയിൽനിന്നു വാങ്ങിയ തൈകൾ 5 വർഷം മുമ്പ് പുരയിടത്തിൽ നട്ടത്. ചെറുപ്രായത്തിൽ ദിവസവും നനച്ചുകൊടുക്കുമായിരുന്നു. വർന്നുകഴിഞ്ഞപ്പോൾ ആവശ്യത്തിനു മാത്രമാണ് നന. കൂടാതെ വളമായി ഇടയ്ക്ക് ചാണകം മരങ്ങൾക്കിടയിൽ ഇട്ടുകൊടുക്കുകയും ചെയ്യുന്നുണ്ട്.

vidhya-2
വാഴക്കൃഷി

പ്രവാസജീവിതം അവസാനിപ്പിച്ച് 10 വർഷം മുമ്പ് മടങ്ങിയെത്തിയപ്പോഴാണ് സത്യബാബു കൃഷിയിലേക്ക് പൂർണമായും ഇറങ്ങുന്നത്. അതിനു മുമ്പ് അവധിക്കെത്തുമ്പോഴെല്ലാം കൃഷി ചെയ്യുമായിരുന്നു. ഇപ്പോൾ വാഴക്കൃഷിയാണ് വരുമാനം ലക്ഷ്യമിട്ട് ചെയ്യുന്നത്. 700 ചുവട് ഏത്തവാഴ ഇവിടെ വളരുന്നു. സമീപത്തെ കടകളിലും മറ്റുമായാണ് വിൽപന. കൂടുതൽ ആവശ്യമുള്ളർ ഇവിടെ നേരിട്ടെത്തി വാങ്ങുന്നു. പ്രധാനമായും നാലു തവണ ഏത്തവാഴയ്ക്കു വളം ചെയ്യുന്നുണ്ട്. ഏത്ത കൂടാതെ കപ്പവാഴ, ഞാലിപ്പൂവൻ, റോബസ്റ്റ തുടങ്ങിയ ഇനങ്ങളും ഇവിടെ വളരുന്നുണ്ട്. 

ഒരു വീട്ടിലേക്കാവശ്യമായ എല്ലാ പച്ചക്കറികളും ഇവിടെ വളരുന്നു. സത്യബാബുവിന്റെ ഭാര്യ ലീനയ്ക്കാണ് പച്ചക്കറിത്തോട്ടത്തിന്റെ ചുമതല. പയർ, പാവൽ, വഴുതന, വെണ്ട, മത്തൻ, വിവിധ മുളകിനങ്ങൾ എന്നിവയെല്ലാം ഇവിടെ യഥേഷ്ടം വളരുന്നു. വീടിനോടു ചേർന്നുള്ള റബർതോട്ടത്തിൽ കൈതയും വളർത്തുന്നു. ഉൽപാദനമുള്ള റബറിന് ഇടവിളയായി കൈത കൃഷി ചെയ്യാൻ ബുദ്ധിമുട്ടാണെങ്കിലും ഇവിടെ നന്നായി വളരുകയും വിളവ് നൽകുകയും ചെയ്യുന്നു. 

vidhya-4
vidhya-5
വിവിധ ഫലങ്ങൾ
vidhya-3
റബറിന് ഇടവിളയായി കൈത

English summary: 30 Verities of fruit trees

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA