ADVERTISEMENT

ഇന്നലെ ഫെയ്സ്‌ബുക്കിലും വാട്സാപ്പിലും ഒക്കെ കണ്ട ഒരു വാർത്തയാണ് എറണാകുളം ജില്ലയിലെ ഒരു കഴുത ഫാമിന് പഞ്ചായത്ത് വന്നു സ്റ്റോപ് മെമ്മോ കൊടുത്തതെന്ന്. 

എന്തിനാ സ്റ്റോപ് മെമ്മോ കൊടുത്തതെന്നു ചോദിച്ചാൽ പഞ്ചായത്തീരാജ് ലൈസൻസ് ചട്ടങ്ങളിൽ കഴുത എന്ന പേരില്ല എന്നതാണ് കാരണം പോലും. ബുക്കിൽ പേരില്ലാത്ത മൃഗത്തിനെ വളർത്താൻ പഞ്ചായത്ത് എങ്ങനെ ലൈസൻസ് കൊടുക്കും?

കഴുതപ്പാലിന് വേണ്ടിയാണ് കഴുത ഫാം നടത്തുന്നത്, ആ പാലിന് നല്ല വിലയുമാണ്. അതായതു ലാഭകരമായി ചെയ്യാവുന്ന ഒരു തൊഴിലാണ്. പക്ഷേ, പഞ്ചായത്തിന് പറ്റില്ല, കാരണം കഴുതയുടെ പേര് അവരുടെ ബുക്കിലില്ല.

കേൾക്കുമ്പോൾ കോമഡിയായിട്ടു തോന്നുമെങ്കിലും സംഭവം സത്യമാണ്.

ഇന്നലെ വൈകുന്നേരമാണ് സുധീഷ് വിളിച്ചത്. ചെറുതുരുത്തിക്കടുത്തതാണ് വീട്, സ്ഥിരവരുമാനമൊന്നുമില്ല. അതുകൊണ്ടു വീടിനോട് ചേർന്ന തൊഴുത്തിൽ അഞ്ചു പശുക്കളെ വളർത്തുന്നു. ആറു വർഷമായി പശുവളർത്തൽ തുടങ്ങിയിട്ട്.

കേരളത്തിൽ അഞ്ചു പശുക്കളെ വളർത്താൻ ആരുടെയും ഔദാര്യമോ സമ്മതമോ വേണ്ട. മാത്രമല്ല അഞ്ചു പശുവേ ഉള്ളുവെങ്കിൽ ബയോഗ്യാസ് പ്ലാന്റ് പോലും നിർബന്ധമല്ല. പക്ഷേ സുധീഷ് തൊഴുത്തിനോട് ചേർന്ന് ബയോഗ്യാസ് പ്ലാന്റും പണിതിട്ടുണ്ട്.

പക്ഷേ, ഇച്ചെങ്ങാതിക്കും സ്റ്റോപ് മെമ്മോ കിട്ടി. അതും പഞ്ചായത്ത് ഓഫീസിൽ നിന്നും നേരിട്ട് കൊണ്ടുവന്നു കൊടുത്തു.

അതിനു വേണ്ടി സുധീഷ് വക്കീലിനെ കാണാനും മറുപടി നൽകാനുമൊക്കെ നടക്കേണ്ടി വന്നു.

തൊട്ടു പിന്നാലെ ആരോഗ്യ വകുപ്പെത്തി.

രജനീകാന്ത് പറയുന്നപോലെ ആരോഗ്യവകുപ്പിൻറെ വഴി തനി വഴിയാണ്. മെഡിക്കൽ ഓഫീസർ, അഥവാ പ്രാദേശിക ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടർ ഒപ്പിട്ടു സീലും വെച്ച് പഞ്ചായത്ത് സെക്രട്ടറിക്ക് ഒരു റിപ്പോർട്ട് അയയ്ക്കും. സാധാരണ ഗതിയിൽ ഈ ഡോക്ടർമാരൊന്നും ഇങ്ങനെ പശുതൊഴുത്തോന്നും വന്നു പരിശോധിക്കാൻ നിൽക്കില്ല, ആരെങ്കിലുമൊക്കെ പറയുന്നത് വിശ്വസിച്ചു റിപ്പോർട്ടിൽ ഒപ്പിട്ടു കൊടുക്കുകയാണ് പതിവ്. പഞ്ചായത്ത് സെക്രട്ടറിമാർക്ക് ഫാം പൂട്ടിക്കാൻ ഈയൊരു കാരണം മതി. സുധീഷിനും കിട്ടി ഇതേപോലൊരു റിപ്പോർട്ട്.

സുധീഷിന്റെ അഞ്ചു പശുക്കളിൽ ഒരെണ്ണം പ്രസവിച്ചാൽ സ്ഥിതി പരുങ്ങലിലാവും.

ഇതേപോലെ ഒരുപാടുപേരുണ്ട് കേരളത്തിൽ.

നല്ല ജോലിയും ശമ്പളവും ഒക്കെയുണ്ടായിരുന്നവർ ഇന്ന് ജീവിക്കാനായി എന്തെങ്കിലുമൊരു വരുമാനത്തിനായി പരക്കം പായുകയാണ്. ഇനി വരുന്ന മാസങ്ങളിൽ ഇതിനേക്കാൾ മോശമാവുകയേയുള്ളൂ. കേരളത്തിന്റേതായ എല്ലാ വരുമാന മാർഗങ്ങളും അടഞ്ഞുകൊണ്ടിരിക്കുകയാണ്. പ്രവാസികൾ, ടൂറിസം, വിനോദം ഇതിലൊന്നും തൽക്കാലം ഒരു സ്‌കോപ്പുമില്ല.

ഈ സ്ഥിതി തുടർന്നാൽ ഇന്ത്യയിലെ ഏറ്റവും ദരിദ്ര സംസ്ഥാനമായി കേരളം മാറാൻ വലിയ താമസമൊന്നും ഉണ്ടാവില്ല. തൽക്കാലം അത്രയേ പറയാനുള്ളൂ.

English summary: Dairy Farmers Problems in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com