ഫാം പൂട്ടിയാൽ പൂട്ടട്ടെ, പക്ഷേ ഇമ്മാതിരി ധാർഷ്ട്യങ്ങൾക്കു വഴങ്ങേണ്ട എന്നാണ് തീരുമാനം

HIGHLIGHTS
  • ഈ കോവിഡ് കാലത്ത് പത്ത് പതിനഞ്ചു ലക്ഷം രൂപയും മുടക്കണമത്രേ
  • വാസ്തവത്തിൽ ഇപ്പോഴും ഒന്നും പരിഹരിക്കപ്പെട്ടില്ല
Dairy-farm
SHARE

അങ്കമാലിയിൽ പ്രവർത്തിക്കുന്ന ചന്ദ്രമണി ഡെയറി ഫാം കഴിഞ്ഞ ആഴ്ചകളിൽ വാർത്തകളിൽ ഇടം നേടിയിരുന്നു. ആധുനിക രീതിയിൽത്തന്നെ നിർമിച്ചിരിക്കുന്ന ഫാമിന് ലൈസൻസ് ലഭിക്കുന്നില്ല, അടച്ചുപൂട്ടാൻ നിർദേശം ലഭിച്ചു എന്ന കാര്യങ്ങൾ ചൂണ്ടിക്കാട്ടി ഉടമകളിലൊരാളായ കെ. സുരേഷ് സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പാണ് ഫാമിനെക്കുറിച്ച് പുറംലോകമറിയാൻ കാരണമായത്. തങ്ങൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ഉടമകൾ മുട്ടാത്ത വാതിലുകളില്ല. ഒടുവിൽ ലൈസൻസ് പ്രശ്നം വാർത്തയായപ്പോൾ എല്ലാ സഹായവും നൽകാമെന്ന് സർക്കാർ ഉറപ്പുനൽകി. എന്നാൽ, ഇതുവരെയും അക്കാര്യത്തിൽ തീരുമാനമായിട്ടില്ലെന്നും മലിനീകരണ നിയന്ത്രണ ബോർഡ് കടുംപിടിത്തത്തിലാണെന്നും ചൂണ്ടിക്കാട്ടി കെ. സുരേഷ് വീണ്ടും രംഗത്തെത്തിയിരിക്കുകയാണ്. ഇനിയാരെയും ബുദ്ധിമുട്ടിക്കാൻ പോകുന്നില്ല, ഫാം പൂട്ടുവാണെങ്കിൽ പൂട്ടട്ടെ എന്ന് അദ്ദേഹം പറയുന്നു. അദ്ദേഹം പങ്കുവച്ച കുറിപ്പ് ചുവടെ, 

നാലാംക്ലാസിൽ പഠിക്കുന്ന പിള്ളേരോട് പഠിപ്പിക്കുന്ന സാറ് ചോദിച്ചു, ‘പശു നമുക്ക് എന്തെല്ലാം തരുന്നു?’

ആദ്യ ബെഞ്ചിലിരുന്ന ചെറുക്കൻ ചാടിയെഴുന്നേറ്റു ഉത്തരം പറഞ്ഞു. ‘തൊഴിയും കുത്തും തരുന്നു!’

പയ്യനേപ്പറഞ്ഞിട്ടു കാര്യമില്ല, അവന്റെ വീട്ടിലെ പശുവിന്റെ കയ്യിൽനിന്നും കിട്ടുന്നതിന്റെ ലിസ്റ്റാണ് അവൻ പറഞ്ഞത്.

അതാണ് ശരിക്കും റിയാലിറ്റി.

പശുക്കൾ ശാന്ത സ്വഭാവമുള്ള മൃഗങ്ങളല്ല. എത്ര കടുത്ത വേലിയും പൊളിക്കും. പരസ്പരം ആക്രമിക്കും, കുത്തി മുറിവേൽപ്പിക്കും, മനുഷ്യരോട് ഇണക്കം പൊതുവെ കുറവായിരിക്കും.

ഭീകരരെന്നു തോന്നിക്കുമെങ്കിലും താരതമ്യേന പോത്തുകളും എരുമകളും പാവങ്ങളാണ്. ഒരു കയറു കെട്ടിയാൽ പോലും ആ നിയന്ത്രണരേഖ മറികടക്കില്ല, ഒരു ടണ്ണിനു മേലെ ഭാരമുള്ള പോത്തിനെ പോലും നിസാരമായി ഒരു കയറിൽ പിടിച്ചു കൊണ്ടുനടക്കാം. ഒരു പോത്തിനെ പിടിച്ചുകൊണ്ടു മുൻപേ നടന്നാൽ ആ കൂട്ടത്തിലുള്ള ബാക്കി മുഴുവൻ പോത്തുകളും എരുമകളും അനുസരണയോടെ പിന്നാലെ വരും.

പക്ഷേ, നമ്മുടെ മനസിലുള്ള സങ്കൽപങ്ങൾ ഇങ്ങനെയല്ല. സ്നേഹമുള്ള പൂവാലിപ്പശു, പാൽമണമുള്ള കിടാവ്... ഇങ്ങനെയൊക്കെയുള്ള പൈങ്കിളി സങ്കൽപങ്ങളാണ് പൊതുവെ മലയാളികൾക്കുള്ളത്.

പശുക്കളെപ്പറ്റി മുകളിൽ പറഞ്ഞ നാലാം ക്ലാസിൽ പഠിക്കുന്ന ചെറുക്കന്റെ വിവരം മാത്രമുള്ള സമയത്താണ് ജോൺസൺ എന്നോട് ഒരു ഡെയറിഫാം തുടങ്ങുന്ന കാര്യം പറയുന്നത്. ജോൺസൺ മൃഗസംരക്ഷണ വകുപ്പിൽനിന്നു റിട്ടയർ ചെയ്ത ആളാണ്, പരിചയ സമ്പന്നനാണ്. ആൾ മുന്നിലുണ്ട്, എന്നാലും എനിക്കും ഈ പരിപാടി എന്താണെന്നു ശരിക്കും ഒന്നു പഠിക്കണമെന്ന് തോന്നി.

ഞങ്ങൾ കുറച്ചു യാത്രകൾ നടത്തി, ചില പഠനങ്ങൾ, ക്ലാസുകൾ. പല സംസ്ഥാനങ്ങളിലെയും ഫാമുകൾ വിസിറ്റ് ചെയ്തു.

നോക്കുമ്പോൾ ഡെയറി ഫാം തുടങ്ങുന്നത് സിമ്പിളാണ്. എല്ലാ മേഖലയിലും ഗൈഡ് ലൈനുകളും പ്രോട്ടോക്കോളുകളുമുണ്ട്. അതു പാലിച്ചാൽ സഹായിക്കാൻ ഗവണ്മെന്റ് ഏജൻസികളുമുണ്ട്. ആ ഒരു ധൈര്യത്തിലാണ് ഡെയറി ഫാം തുടങ്ങിയത്.

ഫാം ഡിസൈൻ ചെയ്യുമ്പോൾ രാജ്യത്ത് നിലവിലുള്ള ഗൈഡ്‌ലൈനുകളും കോഡ് ഓഫ് പ്രാക്ടീസും പ്രോട്ടോക്കോളും ഒക്കെ പാലിക്കാൻ അങ്ങേയറ്റം ശ്രദ്ധിച്ചിരുന്നു. പശുത്തൊഴുത്ത് ഉൾപ്പെടുന്ന ഫാം മൊത്തം ഡിസൈൻ ചെയ്തതും ഇപ്പോൾ തീർന്ന ഭാഗങ്ങൾ പണിതതും ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ് അനുസരിച്ചാണ്. പശുത്തൊഴുത്ത് പണിയുന്നതിനൊക്കെ BIS സ്റ്റാൻഡേർഡ് ഉണ്ടോ എന്ന് സംശയിക്കുന്നവർ BIS 11799.2005, BIS 12237 മുതലായ ഡോക്കുമെന്റുകൾ നോക്കാം. കിറുകൃത്യം ഗൈഡ്‌ലൈനാണ്.

അതിനു പുറമെ 2014 ലെ ഇന്ത്യൻ കൗൺസിൽ ഫോർ അഗ്രികൾച്ചർ റിസർച് (ICAR), നാഷണൽ ഡയറി റിസർച് ഇൻസ്റ്റിറ്റ്യൂട്ട് (NDRI) ഇവയുടെ കോഡ് ഓഫ് പ്രാക്ടീസും ഫോളോ ചെയ്തു. ഈ NDRI എന്ന ഇൻസ്റ്റിറ്റ്യൂട്ട് 1923 ൽ ഇമ്പിരിയൽ ഇൻസ്റ്റിട്യൂട്ട് ഓഫ് അനിമൽ ഹസ്ബൻഡറി ആൻഡ് ഡയറിയിങ് എന്ന പേരിൽ ബ്രിട്ടീഷുകാർ ബാംഗ്ലൂരിൽ സ്ഥാപിച്ച സ്ഥാപനമാണ്‌. രാജ്യത്തെ പാലുൽപാദനവും മാംസ ഉൽപാദനവും വർധിപ്പിക്കുക എന്നതായിരുന്നു ലക്ഷ്യം. സ്വാതന്ത്ര്യം കിട്ടിയപ്പോൾ ആ ഇൻസ്റ്റിറ്റ്യൂട്ട് ഹരിയാനയിലേക്കു മാറ്റി. ഇപ്പോഴും രാജ്യത്തെ കാർഷിക രംഗത്തെ മാർഗനിർദ്ദേശ സ്ഥാപനങ്ങൾ എന്ന് പറയാവുന്നത് ദേശീയ കൃഷി മന്ത്രാലയത്തിന് കീഴിലുള്ള ഈ രണ്ടു സ്ഥാപനങ്ങളെയാണ്. ഇതും പോരാത്തതിന് ഞങ്ങൾ ഫാം നിർമ്മിക്കുമ്പോൾ പഞ്ചായത്തീരാജ് ലൈസൻസ് ചട്ടങ്ങളും സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ നിബന്ധനകളും പൂർണമായും പാലിക്കാനും പ്രത്യേകം ശ്രദ്ധിച്ചു.

എന്നിട്ടാണ് ഒരു ലൈസൻസ് കിട്ടാനായി കഴിഞ്ഞ ഒരു വർഷം നെട്ടോട്ടമോടിയത്. അവസാനം മാധ്യമങ്ങളും ബഹളവുമൊക്കെ ആയപ്പോൾ പ്രശ്നങ്ങൾ പരിഹരിച്ചു എന്നാണ് കരുതിയതും.  പക്ഷേ, വാസ്തവത്തിൽ ഇപ്പോഴും ഒന്നും പരിഹരിക്കപ്പെട്ടില്ല. ഇത് പറയുന്നതിൽ എനിക്ക് വിഷമമുണ്ട്, സംസ്ഥാനത്തെ മന്ത്രിമാർ അടക്കം പിന്തുണ തന്നിട്ടും, നിലവിലുള്ള എല്ലാ നിയമങ്ങളും പാലിച്ചിട്ടും ഇനിയും ഞങ്ങൾക്ക് ലൈസൻസ് ലഭിച്ചിട്ടില്ല. പൊലൂഷൻ കൺട്രോൾ ബോർഡിന്റെ NOCയും ലഭിച്ചിട്ടില്ല.

കഴിഞ്ഞ വെള്ളിയാഴ്ച കളക്ടറുടെ ഓഫീസിൽ ഒരു ഹിയറിങ് ഉണ്ടായിരുന്നു. അവിടെ വച്ച് തഹസിൽദാർ ഞങ്ങളുടെ ഫാം നന്നായി നടക്കുന്ന, മലിനീകരണ പ്രശ്നങ്ങൾ ഒന്നുമില്ലാത്ത ഫാമാണ് എന്ന് റിപ്പോർട്ട് നൽകി. അദ്ദേഹം ഫാമിൽ നേരിട്ട് വന്നു പരിശോധന നടത്തിയതാണ്.

ആദ്യം ഞങ്ങൾക്ക് സ്റ്റോപ് മെമ്മോ നൽകിയിരുന്നെങ്കിലും പഞ്ചായത്ത് സെക്രട്ടറിയും പിന്നീട് ഫാമിൽ വന്നു പരിശോധിക്കുകയും ഞങ്ങളുടെ ഫാം വൃത്തിയായി നടക്കുന്നു എന്ന് കളക്ടർക്ക് റിപ്പോർട്ട് നൽകി.

പൊലൂഷൻ കൺട്രോൾ ബോർഡിലെ ഉദ്യോഗസ്ഥ മാത്രം ഞങ്ങളുടെ ഫാം ഷാബി ആണെന്ന് റിപ്പോർട്ട് നൽകി. അതിനു കാരണമായി അവർ പറഞ്ഞത് മഴ പെയ്തപ്പോൾ ആ ഫാമിലെ അഞ്ചേക്കർ പറമ്പിൽ വെള്ളം വീണെന്നും അവിടൊക്കെ ചെളിയുണ്ടെന്നുമാണ്. അവർ കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ വരുമ്പോൾ കനത്ത മഴയാണ്, നാട് മുഴുവൻ വെള്ളവും ചെളിയുമാണ്, അതിനിടയിൽ കൂടി വന്നു ഇറങ്ങി നിന്നാണ് പറയുന്നത് ഞങ്ങളുടെ ഫാമിൽ മഴവെള്ളം വീണുകിടക്കുന്നുവെന്നും അവിടെ ചെളിയുണ്ട് എന്നും! ഫാം ഷെഡ്‌ഡിലല്ല, പുറത്തെ പറമ്പിൽ! ഇതിനൊക്കെ ഞാൻ എന്ത് മറുപടിയാ പറയേണ്ടത്?

കഴിഞ്ഞ ഒരുവർഷമായി ഞങ്ങളുടെ അപേക്ഷ തടഞ്ഞുവെച്ച ആ ഉദ്യോഗസ്ഥ ഫാം പൂട്ടിക്കാനായി ഡെസ്പരേറ്റ് ആയി ഒരു കാരണം തിരയുകയായിരുന്നു. ദുർഗന്ധം, ജല മലിനീകരണം മുതലായ കാര്യങ്ങളിൽ അവർക്ക് പരാതിയൊന്നുമില്ല, കാരണം അവിടെ നിൽക്കുമ്പോൾ ഇതൊന്നുമില്ല. പശു ഈ പറമ്പിൽ ചാണകമിട്ടാൽ, മൂത്രമൊഴിച്ചാൽ ഭാവിയിൽ മലിനീകരണം ഉണ്ടായേക്കാം എന്നൊക്കെയുള്ള ഹൈപ്പോതിസീസുകൾ മാത്രമാണ് അവർ മുന്നോട്ടുവച്ചത്. അരയേക്കർ സ്ഥലത്ത് മുപ്പതു പശുക്കൾ നിന്നാൽ, അതും ബയോഗ്യാസ് പ്ലാന്റും മറ്റു മലിനീകരണ നിയന്ത്രണ സംവിധാനങ്ങളും ഒക്കെ ഉണ്ടായാൽ പോലും മാനവരാശി നേരിടാൻ പോകുന്ന ആപത്തിനെപ്പറ്റി അവർ ഭയ വിഹ്വലയായിരുന്നു. അതാണ് അവർ കളക്ടറുടെ മുന്നിലും ഉന്നയിച്ചത്.

മിനിയാന്ന് ഞാൻ പൊലൂഷൻ കൺട്രോൾ ബോർഡിന്റെ ഓഫീസിൽ പോയി. ഫാമിന് കൺസന്റ് കിട്ടുമോ ഇല്ലയോ എന്നറിയാനാണ് പോയത്. കാന്സണ്സ്റ് തരാം പക്ഷേ നിങ്ങൾ പശു നടക്കുന്നിടം മുഴുവൻ കോൺക്രീറ്റ് ചെയ്യണം ഭിത്തി കെട്ടണം അതിനു ഒരു മാസം സമയം തരാം എന്ന മറുപടിയാണ് അവർ നൽകിയത്.

ഇവർ കോൺക്രീറ്റ് ചെയ്യണം എന്ന് പറയുന്നത് ICRA-NDRI കോഡ് ഓഫ് പ്രാക്ടീസസിലും BIS ഗൈഡ് ലൈനിലും പാഡോക് എന്ന് വിളിക്കുന്ന സ്ഥലത്തെയാണ്. ഏകദേശം രണ്ടു ടെന്നീസ് കോർട്ടിന്റെ സ്ഥലം വരും അതിന്. കൃത്യമായി പറഞ്ഞാൽ അയ്യായിരത്തി നാനൂറു ചതുരശ്ര അടി. ഈ പാഡോക്ക് എങ്ങനെ വേണം എന്ന് മേൽപറഞ്ഞ ഏജൻസികൾ കൃത്യമായി പറഞ്ഞിട്ടുണ്ട്.

All buildings should be designed keeping in view maximum animal comfort and with the aim of promoting health, production and welfare.

In heavy rainfall areas the design of a typical loose housing structure for adult animals would be similar to the general loose housing system, except with the additional provision of a covered, comfortable resting area on one side of the paddock. This should provide sufficient dry area for the animals during rainfall and protection against strong wind.

Animals must not be kept tied continuously.

4.7.1 Resting

The flooring material used for resting areas is very important for cow comfort. Cows need a soft, dry, comfortable surface to rest on in order to be healthy and productive, and bedding is an important factor.

A. As far as possible complete concrete flooring should be avoided in cattle houses.

B. Where floors are made of concrete about 6 inches thick, bedding of paddy straw or other locally available dry crop residues should be used for lying areas. Other options are cow mattresses, rubber mats, dried slurry from a biogas plant, brick kiln ash or sand.

-National Code of Practices for Management of Dairy Farmers in India - 2014

ഇതൊക്കെയാണ് ICRA-NDRI കോഡ് ഓഫ് പ്രാക്ടീസസിൽ പറഞ്ഞിട്ടുള്ള കാര്യങ്ങൾ. ഇത് അക്ഷരം പ്രതി പാലിക്കുന്ന ഫാമാണ് ഞങ്ങളുടേത്. പശുവിന്റെ ക്ഷേമം, അഥവാ കൗ കംഫർട്ട് എന്നത് ഡയറി രംഗത്തെ പുതിയ സങ്കൽപ്പമാണ്, ഇന്ത്യയിൽ മാത്രമല്ല ലോകം മുഴുവൻ ഇപ്പോൾ ഫോളോ ചെയ്യുന്ന ഒരു രീതിയാണത്.അത് പശുവിനു കൂടുതൽ ആരോഗ്യം നൽകുന്നത് മാത്രമല്ല, ഫാർമർക്ക് മികച്ച ലാഭവും നൽകുന്നുണ്ട്.

നിങ്ങൾ ഈ നിയമങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും ഒക്കെ ലംഘിച്ചു ഞാൻ പറയുന്നത് ചെയ്യണമെന്നാണ് ഒരു PCB ഉദ്യോഗസ്ഥയുടെ പിടിവാശി. അതിനായി ഈ കോവിഡ് കാലത്ത് പത്ത് പതിനഞ്ചു ലക്ഷം രൂപയും മുടക്കണമത്രേ, എങ്കിലേ ലൈസൻസ് തരികയുള്ളൂ പോലും.

ഈ പിടിവാശി അംഗീകരിക്കാനാവില്ല എന്ന് ഞങ്ങളും തീർത്ത് പറഞ്ഞിട്ടുണ്ട്. ഞങ്ങളുടെ ഫാമിൽ പൊലൂഷൻ ഉണ്ടെന്നു തലകുത്തിനിന്നാൽ പോലും പൊലൂഷൻ കൺട്രോൾ ബോർഡിന് തെളിയിക്കാനാവില്ല, കാരണം ഞങ്ങൾ ഞങ്ങളുടെ ഫാമിലെയും ആ പ്രദേശത്തേയും വിവിധ കിണറുകളിലെ വെള്ളം അംഗീകൃത ലബോറട്ടറിയിൽ വാട്ടർ ടെസ്റ്റ് നടത്തിയിട്ടുണ്ട്. പശുത്തൊഴുത്തിനോട് ചേർന്നുള്ള ഞങ്ങളുടെ കിണറ്റിലേക്കാൾ മലിനമാണ് ഒരുകിലോമീറ്റർ അകലെയുള്ള കിണറ്റിൽ നിന്നും ഞങ്ങൾ ശേഖരിച്ച വെള്ളം. ആ പ്രദേശത്ത് ഈ കോളി ബാക്ടീരിയയും കോളിഫോം ബാക്ടീരിയയും ടിഡിഎസും ഏറ്റവും കുറവുള്ളത് ഞങ്ങളുടെ ഫാമിലെ കിണറ്റിലാണ്. പിന്നെ ഈ ഫാമിന്റെ താഴ്‌വശത്തതായി മനുഷ്യരൂപയോഗിക്കുന്ന മറ്റു ജലസ്രോതസുകൾ ഒന്നും ഇല്ല താനും. പിന്നെയുള്ളത് ആമ്പിയൻസ് ടെസ്റ്റാണ്. അവിടെനിന്ന് മൂക്ക് കൊണ്ട് വലിച്ചാൽ ഒരു മണവുമില്ല, പിന്നെയല്ലേ അപകടകരമായ വാതകങ്ങൾ ടെസ്റ്റ് ചെയ്തു പിടിക്കാൻ.

ഞാൻ പറഞ്ഞുവരുന്നതിതാണ്, സംസ്ഥാനത്തെ ഏഴു മന്ത്രിമാർ, പത്തോളം ഉന്നത ഉദ്യോഗസ്ഥർ എന്നിവർ ഞങ്ങൾക്ക് അകമഴിഞ്ഞ പിന്തുണ അറിയിച്ചു. ഫാം വന്നു കണ്ടവരൊക്കെ ഞങ്ങളെ പിന്തുണച്ചു, ഈ വിഷയം മാധ്യമങ്ങളിൽ വാർത്തയായി, പലരും സപ്പോർട്ടുമായി വന്നു. ഭൂതക്കണ്ണാടിവച്ച് നോക്കിയാൽ പോലും ഒരു നിയമലംഘനവും കണ്ടുപിടിക്കാൻ കഴിയില്ല. എന്നിട്ടും ഞങ്ങളുടെ ഫാമിന്റെ ഭാവി ഇപ്പോഴും അനിശ്ചിതത്വത്തിലാണ്.

ഇത് പറഞ്ഞു ഇനിയാരെയും ബുദ്ധിമുട്ടിക്കാനും പോകുന്നില്ല, കാരണം കൊറോണ വരുത്തിവച്ച വൻ വിപത്തുകൾ വേറെയുണ്ട്, അതിനിടയിലാണ് ഞങ്ങളുടെയൊരു നാൽപതു പശുവിന്റെ കാര്യം. ഫാം പൂട്ടിയാൽ പൂട്ടട്ടെ, പക്ഷേ ഇമ്മാതിരി ധാര്ഷ്ട്യങ്ങൾക്കു വഴങ്ങേണ്ട എന്നാണ് തീരുമാനം.

English summary: Farm License Problem

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA