ആരെയും നിരാശപ്പെടുത്താനോ പിന്തിരിപ്പിക്കാനോ ഉദ്ദേശിച്ചല്ല, കള്ളം പറഞ്ഞ് സമാധാനിപ്പിക്കാൻ തോന്നുന്നില്ല

Dairy-farm-2
SHARE

വളരെ പ്രതീക്ഷയോടെ തുടങ്ങിയ ഡെയറി ഫാമിന് ലൈസൻസ് ലഭിക്കാത്തതും തങ്ങൾ നേരിട്ട പ്രശ്നങ്ങൾ പൊതുജനം അറിയുന്നതിനുമായി ഫാം ഉടമകളിലൊരാളായ കെ. സുരേഷ് എഴുതിയ ഫെയ്സ്ബുക്ക് കുറിപ്പുകൾ ഏതാനും ദിവസങ്ങളായി കർഷകശ്രീ ഓൺലൈൻ പ്രസിദ്ധീകരിച്ചിരുന്നു. കോവിഡ്–19ന്റെ പശ്ചാത്തലത്തിൽ നാട്ടിലേക്ക് തിരികെ വരാനിരിക്കുന്ന പ്രവാസികളിൽ പലരും കാർഷികമേഖലയിൽ സംരംഭം തുടങ്ങുന്നതിനെക്കുറിച്ചാണ് ചിന്തിക്കുന്നത്. അതുകൊണ്ടുതന്നെ പ്രശ്നങ്ങളെക്കുറിച്ചും സംരംഭം തുടങ്ങിയാൽ വിജയിക്കുമോ എന്നറിയാനുമായി സുരേഷിനെ വിളിക്കുന്നവർ ഏറെയാണ്. അത്തരം ഫോൺകോളുകളുടെ സംഗ്രഹം വിശദീകരിച്ച് അദ്ദേഹം ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പ് വായിക്കാം...

വെറുതെ തമാശയ്ക്ക് വിളിക്കുന്നവരോ എനിക്ക് പിന്തുണ രേഖപ്പെടുത്താൻ വിളിക്കുന്നവരോ അല്ല ഇവരൊന്നും എന്നതാണ് ഇതിലെ ഗൗരവമായ വിഷയം. കേരളത്തിലേക്ക് തിരിച്ചുവരാം, ലോകത്തെ പല രാജ്യങ്ങളിലും അവർ ചെയ്തപോലെ, അല്ലെങ്കിൽ ഭാഗഭാക്കായ പോലെ ഒരു സംരംഭം കേരളത്തിലും തുടങ്ങാം എന്നൊക്കെ ആലോചിച്ചവർ ആണ്.

താരതമ്യേന നിരുപദ്രവകരമെന്ന് ലോകം മുഴുവൻ വിലയിരുത്തുന്ന ഒരു കൃഷിയിടത്തിനു ലൈസൻസ് കിട്ടാൻ വേണ്ടി ഞങ്ങൾ പെടുന്ന പെടാപ്പാട് കണ്ട് ആശങ്കയോടെയാണ് പലരും വിളിക്കുന്നത്. ഇപ്പോൾ കുറച്ചു മുൻപ് എന്നെ വിളിച്ച മനുഷ്യൻ കുവൈറ്റിലെ ഒരു ഇന്റർനാഷണൽ ഡെയറി ഗ്രൂപ്പിലെ റിസർച്ച് കെമിസ്റ്റാണ്, ആളുടെ നോളേജ് ലെവലും കോമ്പിറ്റൻസിയും ഇവിടെ നാടിനു കിട്ടിയാൽ ഉപകാരമായേനെ. അതിനു മുൻപ് വിളിച്ചത് ഒരു ചോക്കലേറ്റ് കമ്പനിയിലെ വി.പി ആയിരുന്ന മനുഷ്യൻ. അതിനു മുൻപൊരു ബിറ്റ്‌സ് പിലാനിയിൽ നിന്നിറങ്ങിയ അക്കാദമീഷ്യൻ, ഇപ്പോൾ ജോലി നഷ്ടപ്പെട്ടു. ഇവരുടെ കയ്യിലൊക്കെ പണമുണ്ട്, പക്ഷേ ഇനി വിദേശത്ത് തുടരുന്നില്ല, നാട്ടിലേക്ക് തിരിച്ചു വന്ന് അവർ ഇതേവരെ ചെയ്തിരുന്ന കാര്യങ്ങൾ കേരളം ബേസ് ചെയ്തു ചെയ്തുകൂടെ എന്ന് ആലോചിച്ചവരാണ്.

ഭൂപരിഷ്കരണ നിയമം വന്നതോടെ നമ്മുടെ കാർന്നോന്മാർക്കൊക്കെ സ്വന്തമായി ഒരു തുണ്ടു ഭൂമിയുണ്ടായി, ഒരു വീടുണ്ടായി, കുഞ്ഞിതെങ്കിലും ഒരു കുടുംബമുണ്ടായി. അച്ഛൻ അമ്മ രണ്ടോ മൂന്നോ മക്കൾ... അതോടെ അരവരുടെ കുടുംബം നോക്കാനുള്ള തത്രപ്പാടായി, നാട്ടിൽ നിൽക്കക്കള്ളിയില്ലാത്തവർ കടലു കടന്നു. ആണും പെണ്ണും. അങ്ങനെ ഇന്നത്തെ മലയാളിയും നമ്പർ വൺ കേരളവുമുണ്ടായി.

അന്ന് പുറത്തേക്കു പോയവർ ഇന്ന് തിരിച്ചുവരാൻ ആഗ്രഹിക്കുന്നു. സാഹചര്യം അങ്ങനെയാണ്. അവർ വരുന്നത് വെറും കയ്യോടെയൊന്നുമല്ല, ലോകപരിചയവും സ്വന്തം മേഖലയിൽ ലോകോത്തരമെന്നു പറയാവുന്ന അറിവും അനുഭവവുമായാണ്.

ഈ പറഞ്ഞ ആളുകൾ ഇങ്ങോട്ടു വന്നാൽ എന്താണ് സംഭവിക്കുക?

ഒരു പഞ്ചായത്ത് ക്ലർക്ക് വിചാരിച്ചാൽ ഒറ്റ വരയിൽ ഇവരുടെയൊക്കെ ഏതു പദ്ധതി വേണമെങ്കിലും പൂട്ടിക്കും.

ഒരു ഫാം ലൈസൻസിന് വേണ്ടി ബഹളംവച്ചപ്പോഴും , ഇവിടെ ലൈസൻസ് കിട്ടിയില്ലെങ്കിൽ തമിഴ്‌നാട്ടിലേക്ക് പോകും എന്ന് ഞാൻ പറഞ്ഞപ്പോഴും ചിലരൊക്കെ ചോദിച്ചു നിങ്ങളെന്തിനാ ഈ ബഹളമുണ്ടാക്കുന്നത്, നിങ്ങൾക്ക് ഇവിടുത്തെ നിയമങ്ങൾ അനുസരിക്കാനുള്ള മനസില്ലേ എന്ന്.

അങ്ങനെ ഒരു ചിന്തയുമില്ല, നിയമങ്ങൾ അനുസരിച്ചു വേണം എന്ത് സംരംഭവും തുടങ്ങാൻ എന്ന് ഉറച്ചു വിശ്വസിക്കുന്നയാളാണ് ഞാൻ. നിയമവിധേയനെ തുടങ്ങാനാണല്ലോ അപേക്ഷ നൽകിയതും. പക്ഷേ കാര്യങ്ങൾ കുറേശെ മനസിലാവുമ്പോൾ ഇതിനൊക്കെ എന്ത് നിയമങ്ങളാണ് ഇവിടെയുള്ളത് എന്ന് ചോദിക്കാനാണു തോന്നുന്നത്.

ഒരു സൈക്കിൾ ഓടിക്കണമെങ്കിൽ പോലും അതിനു ലൈസൻസ് വാങ്ങിയിരിക്കണം എന്ന് ചിന്തിക്കുന്നൊരാളാണ് ഞാൻ. അതുകൊണ്ടാണ് എന്താണ് ഈ ലൈസൻസിങ്ങിലെ വ്യവസ്ഥകളും നിയമങ്ങളും എന്ന് അന്വേഷിക്കുന്നത്

ഞാൻ മനസിലാക്കിയിടത്തോളം കേരളത്തിൽ ഫാമുകൾക്കു ലൈസൻസ് നൽകാൻ തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിനാണ് അധികാരം. ഗ്രാമ പഞ്ചായത്ത്, മുൻസിപ്പാലിറ്റി, ഇനി കോർപറേഷൻ പരിധിയിലാണെങ്കിൽ അവർക്ക്.

പഞ്ചായത്തീ രാജ് ലൈസൻസ് ചട്ടപ്രകാരം ഫോം വണ്ണിലും ഫോം ടൂവിലും ഒരു അപേക്ഷ നൽകുക. പഞ്ചായത്ത് സെക്രട്ടറിക്ക് ആ അപേക്ഷ പരിഗണിച്ചു അനുമതി നൽകാം.

ഇനി ഈ അനുമതി നൽകുന്നതിൽ പരിസര മലിനീകരണം പോലെ എന്തെങ്കിലും പരാതി ആരെങ്കിലും ഉന്നയിച്ചാൽ സെക്രട്ടറിക്ക് ആരോഗ്യ വകുപ്പിനോടോ പൊലൂഷൻ കൺട്രോൾ ബോർഡിനോടോ ഇത് സംബന്ധിച്ച് ഒരു റിപ്പോർട്ട് ആവശ്യപ്പെടാം (പഞ്ചായത്തീരാജ് ഫാം ലൈസൻസ് ചട്ടം 6:3:2). അവരുടെ റിപ്പോർട്ട് പ്രകാരം സെക്രട്ടറിക്ക് അനുമതി നൽകുകയോ നിഷേധിക്കുകയോ ചെയ്യാം. അത് ആ സെക്രട്ടറി അടുത്ത പഞ്ചായത്ത് കമ്മിറ്റിയിൽ വയ്ക്കണം. ഇതിനിടെ അപേക്ഷ നൽകിയ ആളിന് അപ്പീലിന് പോകാം.

ഇത് പഞ്ചായത്തീരാജ് ചട്ടം.

ഇതിനിടയിൽ പൊലൂഷൻ കൺട്രോൾ ബോർഡ് വരും.

അഞ്ചു പശുക്കൾക്ക് മേലെ, ഇരുപതു ആടുകൾക്കുമേലെയും നൂറു കോഴികൾക്ക് മേലെയും ഒരാൾ വളർത്തുന്നുണ്ടെങ്കിൽ അവരുടെ അനുമതി വേണമെന്നാണ് അവർ പറയുന്നത്. അത് ഏതു ചട്ടപ്രകാരമാണെന്നു ഞാൻ ഇതുവരെ അന്വേഷിച്ചിട്ടും മനസിലായില്ല. പഴയ സ്റ്റോക്ക്ഹോം കൺവൻഷനു ശേഷം മലിനീകരണ നിയന്ത്രണത്തിനായി രൂപം കൊണ്ടതാണ് നമ്മുടെ നാട്ടിലെ മലിനീകരണ നിയന്ത്രണ ബോർഡുകൾ. ഇന്ത്യയിൽ ഇത്തരമൊരു ബോർഡ് രൂപീകരിക്കുന്ന ആദ്യ സംസ്ഥാനങ്ങളിലൊന്ന് കേരളമായിരുന്നു. അത് നല്ലകാര്യമാണ്, പക്ഷേ മലിനീകരണ നിർമാർജനത്തിനുള്ള ചുമതല മാത്രമല്ല, മലിനീകരണം സംബന്ധിച്ചുള്ള തർക്കത്തിൽ തീർപ്പു കൽപ്പിക്കാനുള്ള അധികാരവും കൂടെ ഈ ബോർഡിനെ നമ്മുടെ സർക്കാർ ഏൽപ്പിച്ചു കൊടുത്തു. അതാണ് ഇപ്പോൾ കേരളം നേരിടുന്ന ഏറ്റവും വലിയ വിന.

അതായത് നിങ്ങൾക്കെതിരെ ഏവനെങ്കിലും ഒരു പരാതിയയച്ചാൽ അത് തീർക്കാനെന്ന പേരിലാണ് ഇവിടെ PCB ഇടപെടുന്നതും പരിപാടി പൂട്ടിക്കെട്ടിക്കുന്നതും. സംരംഭകൻ കാശുള്ളവനും സ്വാധീനമുള്ളവനും ആണെങ്കിൽ പരാതിക്കാരന്റെ പേപ്പർ കീറിക്കളയും. സംരംഭകൻ ഗതിയില്ലാത്ത അപ്പാവിയാണെങ്കിൽ പരാതി അതീവ ഗൗരവമായെടുക്കും. സംരംഭകന്റെ ആപ്പീസ് പൂട്ടും.

ആസിഡും കെമിക്കലും വിഷ പദാർഥങ്ങളുമൊക്കെ കൈകാര്യം ചെയ്യുന്ന വ്യവസായങ്ങളാണെങ്കിൽ ഇതേപോലെ ചില നിയന്ത്രണങ്ങളൊക്കെ വേണം. പക്ഷേ എൻഡോ സൾഫാനെക്കാളും ആഴ്‌സെനിക്കിനെക്കാളും പ്ലൂട്ടോണിയത്തെക്കാളും മാരകമായാണ് പശുവിന്റെ ചാണകവും ആട്ടിൻകാട്ടവും ഇവർ കാണുന്നത്.

നിലവിലുള്ള നിയമം വച്ച് ഗ്രീൻ കാറ്റഗറിയിലുള്ള, താരതമ്യേന നിർദോഷമായ ഒരു കൃഷി ഫാമിന് ലൈസൻസും കൺസെന്റും നൽകാനുള്ള ചുമതല യഥാക്രമം പഞ്ചായത്ത് സെക്രട്ടറിക്കും പൊലൂഷൻ കൺട്രോൾ ബോർഡിലെ അസിസ്റ്റന്റ് എൻജിനീയർക്കുമാണ്. അതായതു തത്വത്തിൽ ഒന്നോ പരമാവധി രണ്ടോ ആഴ്ച കൊണ്ട് കിട്ടേണ്ട ഒരു സംഗതി. പക്ഷെ അതങ്ങനെ എളുപ്പം കിട്ടുമോ?

നാൽപ്പതു പശുക്കളുള്ള ഞങ്ങളുടെ ഫാമിന്റെ അപേക്ഷ ഒരു വർഷമായി തടഞ്ഞുവച്ചിരിക്കുന്നത് അത് നൽകാൻ ചുമതലപ്പെട്ട അസിസ്റ്റന്റ് എഞ്ചിനീയറല്ല, അയാൾക്കും മുകളിലുള്ള എൻവയോൺമെന്റൽ എൻജിനീയറാണ്. കാരണമെന്താ? ആരോ വെള്ളപ്പേപ്പറിൽ ഒരു പരാതി എഴുതിക്കൊടുത്തുപോലും. അതിൽ നടപ്പില്ലാത്ത പരാതി പരിഹരണ മാർഗങ്ങൾ എഴുതി വച്ചതും ഇതേ എൻവയോൺമെന്റൽ എൻജിനീയർ തന്നെ. ഇനിയത് മാറ്റാൻ കഴിയില്ല പോലും! നിങ്ങൾക്ക് മനസിലാവാത്ത നിയമപ്രശ്നമാണിത്.

ഡെയറി ഫാം തുടങ്ങി ആ ഫാമിലെ പാൽ കൊണ്ട് ലോക നിലവാരമുള്ള ഉൽപ്പന്നങ്ങൾ ഉണ്ടാക്കി അന്താരാഷ്‌ട്ര മാർക്കറ്റിൽ വിൽക്കാം എന്നൊരു സ്വപ്നം ഇന്നൊരു മനുഷ്യൻ പങ്കുവച്ചു. ആൾക്ക് അത് ചെയ്യാനുള്ള കഴിവുണ്ട്. പക്ഷേ പാൽ ഉൽപാദിപ്പിക്കുന്ന ഫാം ഇപ്പോൾ ഗ്രീൻ കാറ്റഗറിയിലാണെങ്കിൽ പാൽ തിളപ്പിച്ച് മറ്റൊരു പ്രോഡക്ട് ആക്കുന്ന പാൽ സംസ്കരണ യൂണിറ്റുകൾ റെഡ് കാറ്റഗറിയിലാണ്. പെർമിഷൻ കിട്ടാൻ കുറെ പാടുപെടും.

ലോകോത്തര നിലവാരവും കൊമ്പിട്ടൻസിയും ഐഡിയയും ഫണ്ടും ഒക്കെ ഉള്ള ആളുകൾ ഇനി കേരളത്തിലേക്ക് വരണം, ഇവിടെ അന്താരാഷ്ട്ര നിലവാരമുള്ള പ്രൊഡക്ടുകൾ ഉൽപാദിപ്പിച്ചു മികച്ച സർവീസ് നൽകി ഒരു സംരംഭം തുടങ്ങണം എന്നൊക്കെ പറയുന്നത് കേൾക്കുമ്പോൾ എനിക്ക് ചിരിയാണ് വരുന്നത്.

നിങ്ങൾ ഒരു താജ്‌മഹൽ പണിയാനുള്ള പ്ലാനും അതിനുള്ള ഫണ്ടും ടെക്നിക്കൽ സ്കില്ലും ഒക്കെയായാണ് വരാൻ പോകുന്നത്, അതെനിക്കറിയാം സാർ. പക്ഷേ ആ താജ്മഹലിന്റെ സൈറ്റിലേക്ക് കേറാനായി ഒരു നാലു മീറ്റർ അപ്രോച് റോഡും ഗേറ്റിലൊരു തകര ഷീറ്റടിച്ച ഒരു സെക്യൂരിറ്റി ക്യാബിനും പണിയാനുള്ള പെർമിഷന് ഞാൻ ഒരുകൊല്ലം ശ്രമിച്ചിട്ടും നടക്കുന്നില്ല സാർ.

ആരെയും നിരാശപ്പെടുത്താനോ പിന്തിരിപ്പിക്കാനോ ഉദ്ദേശിച്ചല്ല, കാര്യങ്ങൾ നേരെ ചൊവ്വേ നടത്താൻ ശ്രമിക്കാഞ്ഞിട്ടുമല്ല, കള്ളം പറഞ്ഞ് ആരെയും സമാധാനിപ്പിക്കാൻ തോന്നുന്നില്ല.

എല്ലാത്തിനും ഒരു പരിധിയില്ലേ സാർ?

English summary: Farming Sector Problems in Kerala

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA