ADVERTISEMENT

‘ഇന്നലെ ഒരാളെന്റടുത്ത് പറഞ്ഞു, ഒരാൾ കുറച്ചു പശുവിനെ വളർത്തി, കുറച്ചു കഴിഞ്ഞപ്പോൾ കുറച്ചു പശു കൂടി, പശു കൂടിയപ്പോൾ ഏതോ ഉദ്യോഗസ്ഥൻ ചെന്നിട്ടു പറഞ്ഞു ഇവിടം എല്ലാം കോൺക്രീറ്റ് ചെയ്യണം, ഇത് പറ്റില്ല, വലിയ പൊലൂഷനായിട്ടു മാറും. എന്നൊക്കെ പറഞ്ഞിട്ട് കൃഷി ചെയ്യാൻ പറ്റാത്ത അവസ്ഥയിലേക്ക് അയാളെ എത്തിച്ചു എന്ന് പറയുന്നൂ. അത്തരം കാര്യങ്ങളിൽ മാറ്റം വരേണ്ടതായിട്ടുണ്ട്, അത്തരം ആളുകൾക്ക് എല്ലാ പിന്തുണയും കൊടുത്ത് പ്രോത്സാഹിപ്പിക്കുക എന്നതാണ് പൊതുവെ നമ്മൾ സ്വീകരിക്കേണ്ടത്.’

ഇന്ന് വൈകുന്നേരത്തെ മുഖ്യമന്ത്രിയുടെ നാം മുന്നോട്ട് എന്ന പരിപാടിയുടെ ഇടയിൽ സിഎം പറഞ്ഞതാണിത്. അത് അദ്ദേഹം പറഞ്ഞ ശൈലിയിൽ തന്നെ ഞാൻ എഴുതിയതാണ്.

അദ്ദേഹത്തിന് നന്ദി.

മുഖ്യമന്ത്രി പറഞ്ഞത് ഞങ്ങളുടെ ഫാമിനെപ്പറ്റിയാണ്, ഈ വിഷയത്തിൽ അദ്ദേഹത്തിന്റെ ഓഫീസിലും പരാതി കൊടുത്തിരുന്നു. പരാതി കൊടുത്തത് ഞാനും ജോൺസണുമാണ്, അദ്ദേഹത്തിന്റെ ശ്രദ്ധയിൽ ഈ വിഷയം പെടുത്താൻ ഞങ്ങളുടെ നല്ലവരായ ചില സുഹൃത്തുക്കളും ആത്മാർഥതയുള്ള കുറച്ചു ഉദ്യോഗസ്ഥരും സഹായിച്ചു. അവർക്കും നന്ദി അറിയിക്കുകയാണ്. ഇതോടെ ഞാൻ ഞങ്ങളുടെ ഫാമിന് ലൈസൻസ് കിട്ടി എന്നും വിശ്വസിക്കുകയാണ്.

ഒരു യഥാർഥ മലിനീകരണം അല്ലെങ്കിൽ ഒരു ചെറിയ നിയമലംഘനം കാണിച്ചു തന്നിട്ട് ഈ ഫാം പൂട്ടിക്കൊ എന്നാണ് ഞങ്ങൾ ആദ്യം മുതലേ പറഞ്ഞുകൊണ്ടിരുന്നത്. അതുകൊണ്ടാണ് ഇത്രയും നാൾ പൊരുതി നിന്നതും. ഞങ്ങൾക്കെതിരെ പരാതി അയയ്ക്കുന്നവർക്കു വിവിധ പ്രശ്നങ്ങളാണ് ഉണ്ടായിരുന്നത്. ഞങ്ങൾ പാട്ടത്തിനെടുത്ത് നടത്തുന്ന ഫാമിന്റെ സ്ഥലമുടമയുമായി അയൽവാസിക്കു സാമ്പത്തിക ഇടപാടുകളും അതേത്തുടർന്നുള്ള വൈരാഗ്യവും, മുൻപ് ഫാം ലീസിനെടുത്ത് നടത്തിയിരുന്ന കോൺഗ്രസുകാരനായ വാർഡ് മെംബറുമായുള്ള സ്ഥലമുടമയുടെ തർക്കവും ഒഴിയാൻ ആവശ്യപ്പെട്ടതിന്റെ പേരിൽ സ്ഥലമുടമയെ മെംബർ സംഘം ചേർന്ന് മർദ്ദിച്ചു കൊല്ലാറാക്കിയതിന്റെ കേസും, ആ കേസിൽ അറുപത്തഞ്ചു ദിവസം മെംബർ റിമാൻഡിൽ ജയിലിൽ കഴിയേണ്ടി വന്നതിന്റെ പകയും, ഇതിനൊപ്പം അടുത്തോരു പറമ്പിൽ പശുക്കളെയും പാവപ്പെട്ട തൊഴിലാളികളെയും കാണേണ്ടിവരുന്നതിലുള്ള ഒരു ബാങ്കുദ്യോഗസ്ഥയുടെ ഇറിറ്റേഷനും... ഇതിനെല്ലാം പുറമെ മുക്കാൽ കിലോമീറ്റർ ദൂരെയുള്ള ഒരു സ്ഥിരം വിവരാവകാശ പരാതിക്കാരന്റെ കുശാഗ്ര ബുദ്ധിയും. ഇതെല്ലം ചേർന്നപ്പോൾ ഫാമിനെതിരെയുള്ള കടുത്ത പരാതിയായി ഭവിച്ചു.

ഇതിനൊന്നും ഞാൻ എതിരല്ല. പരാതി അയയ്ക്കാം. പക വീട്ടാം. അതൊക്കെ അവരുടെ കാര്യം. കഴിഞ്ഞ വർഷം ജൂലൈ മാസത്തിൽ ആ ഫാം പാട്ടത്തിനെടുക്കുമ്പോൾ ഞാൻ അന്വേഷിച്ചത് ഇത് നിയമപരമായും പരിസരവാസികൾക്ക് ബുദ്ധിമുട്ടില്ലാതെയും നടത്തിക്കൊണ്ടു പോകാൻ കഴിയുമോ എന്നു മാത്രമാണ്. അഞ്ചേക്കർ ഭൂമിയുണ്ട്, നാട്ടിലെ നിയമപ്രകാരം അഞ്ഞൂറ് പശുക്കളെ വളർത്താൻ പറ്റിയ ഭൂമി. ഈ ഭൂമിയിൽ അതിനുള്ള വെള്ളവുമുണ്ട്. അത്യാവശ്യം നൂറു പശുക്കളെ വളർത്താനുള്ള ഷെഡ്ഡുകളും ഉണ്ടായിരുന്നു. പക്ഷേ, യാതൊരു മലിനീകരണ നിയന്ത്രണ സംവിധാനങ്ങളും ഉണ്ടായിരുന്നില്ല. ബയോഗ്യാസ് പ്ലാന്റ് പോട്ടെ, നല്ലൊരു ചാണകക്കുഴി പോലും ഉണ്ടായിരുന്നില്ല. ഈ സ്ഥലത്ത് മെംബർ ആയിരക്കണക്കിന് കോഴികൾ, താറാവുകൾ, ഒരുപാട് പശുക്കൾ ഇവയെയൊക്കെ വളർത്തി പോലും. സ്വാഭാവികമായും അപ്പോൾ നല്ല ദുർഗന്ധം ഉണ്ടായിരിക്കാം.

ഞങ്ങൾ ആ ഫാം ഏറ്റെടുത്തപ്പോൾ ആദ്യം ചെയ്തത് ഒരു ബയോഗ്യാസ് പ്ലാന്റ് സ്ഥാപിക്കുകയാണ്. അതിനു ശേഷം പശുക്കളെ കെട്ടിയിട്ടു പീഡിപ്പിച്ചു പാല് പിഴിഞ്ഞെടുത്തിരുന്ന ഇടുങ്ങിയ തൊഴുത്തുകൾ പൊളിച്ചു കളഞ്ഞ് ബ്യുറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്‌ നിർദ്ദേശിച്ച പ്രകാരം മൊത്തം ഫാമും ഡിസൈൻ ചെയ്തു. അതിനനുസരിച്ചു ആദ്യ ഫാം ഷെഡ്ഡ് ഉണ്ടാക്കി. ഇരുപതടി ഉയരമാണ് ഈ ഷെഡിനുള്ളത്. അതാണ് പരാതിക്കാരെ കൂടുതൽ പ്രകോപിപ്പിച്ചതും. ആറാട്ടുപുഴ പൂരത്തിന് ആനയെ കേറ്റി നിർത്താൻ പോലും ഇത്രയും വലിയ ഷെഡ്ഡ് വേണ്ടല്ലോ പിന്നെന്തിനാ പശുക്കൾക്ക് ഇത്രയും വലിയ ഷെഡ്ഡ് എന്നതായിരുന്നു പ്രധാന ചോദ്യം. പഞ്ചായത്ത് വിളിച്ചു ചേർത്ത ഹിയറിങ്ങിലാണ് ഈ ചോദ്യം ഉയർന്നത്, ഈ ഷെഡ്ഡ് പണിതത് ചോദ്യം ചോദിച്ച ആളുടെ ഭൂമിയിലോ പൊതു സ്ഥലത്തോ അല്ല, പരിസരവാസിയുടെ പറമ്പിൽ ഇവർക്കൊന്നും യാതൊരു ബുദ്ധിമുട്ടും ഇല്ലാത്ത വിധത്തിൽ അമ്പതു മീറ്ററിൽ അധികം ദൂരത്തിലാണ്. മരങ്ങൾ വളർന്നു നിൽക്കുന്ന ആ പറമ്പിൽ ഇവർക്കൊന്നും ഈ ഷെഡ്ഡ് വീട്ടിലിരുന്ന് നോക്കിയാൽ കാണാൻ പോലും കഴിയില്ല. കൃത്യമായി കെട്ടിട നികുതി അടച്ചു പഞ്ചായത്ത് നമ്പറും ഇട്ടു തന്ന ഒരു നിർമ്മിതിയാണിത്.

ഒരു പശു ഫാം നടത്തിയാൽ ഉണ്ടാകാവുന്ന ബുദ്ധിമുട്ട് ചാണകവും ഗോമൂത്രവും കെട്ടികിടന്നുള്ള ദുർഗന്ധം, ഈച്ച ശല്യം, ചാണകവെള്ളത്തിൽ കൊതുകു വന്നു പെരുകി ഉണ്ടാവുന്ന പകർച്ച വ്യാധികൾ, മഴക്കാലത്ത് ചാണകവെള്ളം ഒഴുകി പരിസരവാസികളുടെ കിണറ്റിലോ കുടിവെള്ള ശ്രോതസിലോ കലർന്ന് ഇ-കോളി കോളിഫോം ബാക്ടീരിയകൾ പെരുകുന്നത് ഇവയൊക്കെയാണ്. ധാരാളം മഴ ലഭിക്കുന്നതും ജനസാന്ദ്രത കൂടിയ പ്രദേശവുമായ കേരളത്തിൽ ഇവയൊക്കെ പ്രത്യേകം ശ്രദ്ധിക്കേണ്ടതുമാണ്. ഇക്കാര്യങ്ങളൊക്കെ ഞങ്ങൾ ശ്രദ്ധിച്ചിരുന്നു. ഫാം ഡിസൈൻ ചെയ്തപ്പോൾ NCAR ഡയറി കോഡും BIS സ്റ്റാൻഡേർഡും പാലിക്കുന്നതിന് പുറമെ പൂർണമായും ദുർഗന്ധവും മലിനജലവും ഇല്ലാത്ത ഒരു ഫാമാണ് ഞങ്ങൾ പണിതത്.

പണി തുടങ്ങുന്ന കാലത്ത് തന്നെ പഞ്ചായത്ത് ലൈസൻസിന് അപേക്ഷിച്ചു, പിന്നീട് PCBയിൽ കൺസന്റ് റ്റു എസ്റ്റാബ്ലിഷിനായി അപേക്ഷിച്ചു. രണ്ടു ഭാഗത്തും മുപ്പതു പശുക്കൾ വീതമുള്ള ഒരു പ്രധാന ഫാം ഷെഡ്ഡ്, അതിനോടൊപ്പം ഒരു ഹൈടെക്ക് മിൽക്കിങ് പാർലർ, മിൽക്ക് റൂം, ഫീഡ് സ്റ്റോർ, കിടാങ്ങൾക്കായുള്ള കാഫ് പെൻ, ഗർഭിണി പശുക്കൾക്ക് വേണ്ടിയുള്ള കാഫിങ് പെൻ, അസുഖമുള്ള പശുക്കൾക്കായി സിക്ക് ബേ, (അസുഖമുള്ളതും ചികിത്സയിലുള്ളതുമായ പശുക്കളുടെ പാൽ മനുഷ്യ ഉപയോഗത്തിനെടുക്കില്ല, കൃഷി ആവശ്യത്തിന് പഞ്ചഗവ്യം ഉണ്ടാക്കാൻ ചിലപ്പോൾ ഉപയോഗിക്കും അല്ലെങ്കിൽ കളയും. അതാണ് പോളിസി.) വിൽപനയ്ക്ക് നിർത്തിയിരിക്കുന്ന പശുക്കൾക്കായി പ്രത്യേക ഏരിയ, സമീകൃതമായ തീറ്റ അഥവാ TMR നിർമ്മിക്കാനായി ഒരു ഫീഡ് മിക്സിങ് യൂണിറ്റ്, പച്ചചാണകത്തിൽ നിന്നും പശുക്കളുടെ ഭക്ഷണ അവശിഷ്ടങ്ങളിൽ നിന്നും വെർമി കമ്പോസ്റ്റ് നിർമ്മിക്കാനായി ഒരു യൂണിറ്റ്, ചാണകം പൊടിച്ചു ജൈവ വളം ആക്കുന്ന ഗോബർ ഡ്രയർ, ബയോഗ്യാസ് കൊണ്ട് വൈദ്യുതി ഉൽപാദിപ്പിക്കുന്ന ഒരു ത്രീഫേസ് ജനറേറ്റർ, ഇവിടുന്നു ലഭിക്കുന്ന വളങ്ങൾ കൊണ്ട് മൂന്നേക്കർ സ്ഥലത്ത് പ്രകൃതി സൗഹൃദ പച്ചക്കറി കൃഷി, തീറ്റപ്പുൽ കൃഷി ഇവയൊക്കെ ചേർന്നതാണ് ഞങ്ങളുടെ ഇപ്പോഴുള്ള ഫാം ഡിസൈൻ

പക്ഷേ, തുടങ്ങാൻ പോലും സമ്മതിച്ചില്ല. മെംബർ ശക്തിശാലി ആയതുകൊണ്ട് പഞ്ചായത്തിലെ സകല ഉദ്യോഗസ്ഥരും പലവിധ നോട്ടീസുമായി വന്നു. ആരോഗ്യവകുപ്പ്, മൃഗസംരക്ഷണ വകുപ്പ്... ഇവരൊക്കെ തെരുതെരെ പരിശോധനയ്ക്കു വന്നു. പരാതികളുടെ ബാഹുല്യം അത്രയ്ക്കുണ്ടായിരുന്നു. ഒരാൾ തന്നെ ആയിരം പരാതി അയച്ചാലും നിങ്ങൾക്കെതിരെ ആയിരം പരാതി വന്നു എന്നാണ് ഔദ്യോഗിക ഭക്ഷ്യം. ഈ ആയിരവും ഒരേ ഒരുത്തന്റെ ദുഷ്ടബുദ്ധിയിൽ തെളിഞ്ഞതാണെന്നതിനു യാതൊരു പ്രസക്തിയുമില്ല.

ഇതിനിടെ ഞങ്ങൾക്കെതിരെ ഫാമിന്റെ മുന്നിൽ ഒരു ജനകീയ ധർണയും പ്രതിഷേധവും നടന്നു. അതിന്റെ ബാനർ ഇപ്പോഴും ഫാമിന്റെ മുന്നിലുണ്ട്. ഒരു ഞായറാഴ്ച പത്തരയ്ക്കാണ് ധർണ നടന്നത്. അന്ന് രാവിലെ ഏഴുമണി മുതൽ ഒരു ഓട്ടോറിക്ഷയിൽ മൈക്കും വെച്ചുകെട്ടി ഈ ഫാമിനെതിരെ പ്രതിഷേധിക്കാൻ ആഹ്വാനം ചെയ്തുകൊണ്ട് പ്രചാരണം ഉണ്ടായി. അവസാനം പത്തരയ്ക്ക് ധർണ തുടങ്ങി. ഞങ്ങൾക്കെതിരെ വമ്പിച്ച ജനരോഷം ഇരമ്പുകയാണെങ്കിൽ പൂട്ടിപ്പോയേക്കാം എന്നു കരുതി ഞാൻ താക്കോലുമെടുത്ത് ഗേറ്റിനടുത്ത് വന്നപ്പോൾ കണ്ടത് ആറു പ്രായപൂർത്തി ആയവരെയും ഒൻപതു പിള്ളേരെയുമാണ്. പിള്ളേരിൽ ടീനേജ് പ്രായമുള്ള രണ്ടുമൂന്നുപേർ മൊബൈലിൽ ഫോട്ടോയോ വീഡിയോയോ ഒക്കെ എടുക്കുന്നുണ്ട്. പ്രചാരണം നടത്തിയ ഓട്ടോ റോഡ് സൈഡിൽ നിർത്തിയിട്ടുണ്ട്, എല്ലാവരും ആ ഓട്ടോയുടെ പിന്നിലായി നിൽക്കുകയാണ്. അതിന്റെ മൈക്ക് വച്ച് ഒരു കഷണ്ടിക്കാരൻ നിന്ന് പ്രസംഗിക്കുന്നു. അങ്ങേര് എറണാകുളം ജില്ലയിലെ റസിഡൻസ് അസോസിയേഷനുകൾ എല്ലാം ചേർന്ന് വേറൊരു അസോസിയേഷൻ ഉണ്ടാക്കിയതിന്റെ പ്രസിഡന്റാണ് പോലും. കേരളത്തിൽ ഫാം നടത്താൻ പാടില്ല എന്ന് നിയമമുണ്ടെന്നും അതുകൊണ്ടു ഈ ഫാം പൂട്ടിക്കാൻ എന്റെ സകല ശക്തിയും ഞാൻ ഉപയോഗിക്കും എന്നുമൊക്കെ അയാൾ അവിടെ വച്ച് പ്രതിജ്ഞ ചെയ്തു. ആളുടെ പ്രസംഗം തീർന്നതോടെ ധർണ പിരിച്ചു വിട്ടു. സ്വാഗതവും ഉദ്ഘാടനവും സമാപനവുമടക്കം കൃത്യം ഏഴു മിനിട്ടു കൊണ്ട് ധർണ തീർന്നു ആളുകൾ പിരിഞ്ഞുപോയി. ഞാൻ ഈ പോരാളികൾക്ക് അണിയിക്കാനായി കരുതിയ രക്തഹാരം കൊണ്ടുപോയി ഒരു പശുവിന്റെ കഴുത്തിലിട്ടു.

നിങ്ങൾ കരുതും ഇത് ഞാൻ തമാശയ്ക്കു വേണ്ടി പൊലിപ്പിച്ചു പറഞ്ഞതാണെന്ന്. പക്ഷേ, ഇതിൽ ഒരു ശതമാനം പോലും കള്ളമില്ല. അന്ന് കെട്ടിയ ബാനർ പോലും അവിടെ അതുപോലെ നിൽപ്പുണ്ട്. ഈ ധർണ നടന്ന ദിവസമാണ് ഞങ്ങളുടെ ഫാമിൽ അതുവരെയുള്ളതിൽ ഏറ്റവും കൂടുതൽ പാൽ വിൽപന നടന്നത്. അതൊരു ടേണിങ് പോയിന്റ് ആയിരുന്നു. പരിസര വാസികൾ കാര്യങ്ങളറിയാൻ വന്നു. കുറേപ്പേർ പാൽ വാങ്ങിച്ചു കൊണ്ടുപോയി. ഇപ്പോഴും അവർ ഞങ്ങളുടെ കസ്റ്റമേഴ്സ് ആണ്. ഇപ്പോൾ ഫാം ഗേറ്റിൽ വന്നു പാൽ വാങ്ങിക്കുന്നവരുടെ എണ്ണം അന്നത്തേതിലും മൂന്നിരട്ടിയായി. സത്യത്തിൽ അന്നൊരു ശരിയായ ജനകീയ പ്രക്ഷോഭം നടന്നിരുന്നെങ്കിൽ, ആ കൂടിയവരിൽ ആത്മാർഥതയുള്ള പത്തു പേരെങ്കിലും ഉണ്ടായിരുന്നെങ്കിൽ ഞാൻ എന്റെ സ്വന്തം ഉത്തരവാദിത്വത്തിൽ ഫാം പൂട്ടിയേനെ.

ആദ്യഘട്ടം പരാതികളും പ്രതിഷേധങ്ങളും ഈ ധർണയോടെ തീർന്നതാണ്. പക്ഷേ പഞ്ചായത്ത് സെക്രട്ടറി മുതൽ കളക്ടർ വരെയുള്ളവർക്ക് പിന്നെയും സ്വൈര്യം ഉണ്ടായില്ല. പരാതി മുറയ്ക്ക് പൊയ്ക്കൊണ്ടിരുന്നു. ചില പരാതികളൊക്കെ വായിച്ചാൽ കോമഡിയാണ്. പഞ്ചായത്തിന്റെ അനാസ്ഥ കൊണ്ട് ഇവർക്ക് ഡീംഡ് ലൈസൻസ് കിട്ടിയെന്നും, PCBയുടെ അനാസ്ഥ കൊണ്ട് കൺസന്റ് കിട്ടിയെന്നും ഫാം ഉടമകൾ സ്വാർഥലാഭം മോഹിച്ചാണ് ഫാം നടത്തുന്നതെന്നും അതുകൊണ്ടു ഈ സ്ഥാപനം പൂട്ടിക്കണമെന്നുമൊക്കെയാണ് പരാതി. അതായതു ഫാം നിയമപരമായാണ് നടത്തുന്നത്, പക്ഷേ ഉടമകൾക്ക് സ്വാർഥലാഭ മോഹമുണ്ട് അതുകൊണ്ടു പൂട്ടിക്കണം എന്നാണ്. ശ്രീബുദ്ധൻ ഫാം നടത്താൻ വന്നിരുന്നെങ്കിൽ ഇവർ സമ്മതിച്ചേനെ എന്ന് തോന്നുന്നു. ഫാമിന് മുക്കാൽ കിലോമീറ്റർ ദൂരെ താമസിക്കുന്ന വർഗീസ് കുന്നപ്പള്ളി സമർപ്പിച്ച ആ പരാതി എനിക്ക് വിവരാവകാശം വഴി ലഭിച്ചിട്ടുണ്ട്. 

കോവിഡ് കാലം ഞങ്ങൾക്ക് പരീക്ഷണ കാലമായിരുന്നു. കേരളത്തിലെ ഒരു ഡെയറി ഫാമിനെ സംബന്ധിച്ച് ഏറ്റവും ചലഞ്ചിങ് ആയിട്ടുള്ള മൂന്നു മാസമാണ് മാർച്ച് പകുതി മുതൽ മേയ് പകുതി വരെയുള്ള അറുപതു ദിവസം. സാധാരണഗതിയിൽ മുപ്പതു ഡിഗ്രി ചൂടിന് മേലെ താങ്ങാൻ കഴിയാത്തവയാണ് ഫാമിലെ പശുക്കൾ. ആ സമയത്തേക്ക് ഞങ്ങൾ ഈ പശുക്കൾക്കായി പ്രത്യേക പരിചരണം പ്ലാൻ ചെയ്തിരുന്നു. പക്ഷേ അപ്രതീക്ഷിത ലോക്ക് ഡൗൺ എല്ലാം തകർത്തു. മര്യാദയ്ക്ക് തീറ്റ പോലും അവയ്ക്കു ലഭിച്ചില്ല. ജനതാ കാർഫ്യൂവിന്റെ അന്ന് രാത്രിയിൽ ഞങ്ങളുടെ ഫാമിലുള്ള ഉത്തരേന്ത്യൻ തൊഴിലാളികളിൽ നാലുപേർ സ്ഥലംവിട്ടു. കേരളത്തിൽ നിന്നാൽ കുഴപ്പമാണ് ഒന്നിച്ചു നാടുവിട്ടുപോകാം എന്നോ മറ്റോ ആരോ ഇവരെ തെറ്റിദ്ധരിപ്പിച്ചു അവർ പെരുമ്പാവൂരിലുള്ള അവരുടെ കൂട്ടുകാരുടെ സംഘത്തിൽ പോയി ചേർന്നു. അവിടെ അവർക്കു സൗജന്യ ഭക്ഷണവും താമസസ്ഥലവും കിട്ടിയതിനാൽ തിരിച്ചു വരാൻ കൂട്ടാക്കിയുമില്ല. ഫാമിൽ അവശേഷിച്ചത് കഷ്ടി ഇരുപത്തിരണ്ടു വയസുള്ള ഒരു പയ്യനും അവന്റെ പത്തോന്പതോ ഇരുപതോ വയസുള്ള ഭാര്യയുമാണ്. ആ പെൺകുട്ടിയെ കൊണ്ട് ക്യാമ്പിലൊക്കെ പോയി നിൽക്കാൻ കഴിയാത്തതു കൊണ്ടാണെന്ന് തോന്നുന്നു അവനവിടെത്തന്നെ നിന്നു.

ആ സമയത്ത് ഞാൻ ഫെയ്സ്ബുക്കിലൊക്കെ പോസ്റ്റ് ഇട്ടിരുന്നു, ഫാമിൽ തൊഴിലാളികളെ ആവശ്യമുണ്ട് എന്ന്. പോസ്റ്റ് മാത്രമല്ല, പല ക്യാംപുകളിലും നേരിട്ട് പോയി അന്വേഷിച്ചു, പക്ഷേ ഒരാളെയും കിട്ടിയില്ല. അതിനു മുൻപ് ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസം മാത്രം ഫാമിലേക്കു വന്നു കൊണ്ടിരുന്ന ഞാൻ അന്നുമുതലാണ് സ്ഥിരമായി വരാൻ തുടങ്ങിയത്. ആ സമയത്ത് അൻപതിലേറെ പശുക്കളുണ്ട്, തീറ്റ നൽകാനും പാൽ കറക്കാനും വെറും രണ്ടുപേർ മാത്രം. അതിലൊന്ന് ഒരു ചെറിയ പെൺകുട്ടി. പശുക്കളുടെ ചാണകം സമയാസമയത്തു നീക്കാൻ ഇവരെക്കൊണ്ട് കഴിയാതെ വന്നു. പുറമെനിന്നും ആളുകളെ വിളിക്കാൻ ശ്രമിച്ചിട്ട് അതും വിജയിച്ചില്ല. പുറത്തിറങ്ങുന്നവരെ പോലീസ് അറസ്റ്റ് ചെയ്യുന്ന സമയമായിരുന്നു അത്. ആ സമയത്ത് ഞങ്ങളുടെ പാഡോക്കിൽ കുറച്ചു ചാണകം കിടന്നു. അതുകൊണ്ടു ആരും ശ്വാസം മുട്ടി മരിച്ചൊന്നുമില്ല. ആ ചാണകത്തിൽ ആരെങ്കിലും മുഖം കുത്തി വീണാൽ മാത്രമേ എന്തെങ്കിലും അപകടം ഉണ്ടാവൂ. പക്ഷേ അതിന്റെ ക്ലോസപ്പ് ഫോട്ടോ ഈ പരാതിക്കാരൻ വേലിക്കു മുകളിലൂടെ എത്തി നോക്കി എടുത്തുകൊണ്ടുപോയാണ്‌ ഞങ്ങൾക്ക് ലോക്‌ഡൗൺ കഴിഞ്ഞപാടെ ഒരു സ്റ്റോപ്പ് മെമ്മോ സംഘടിപ്പിച്ചു തന്നത്. സ്റ്റോപ്പ് മെമ്മോ തരാൻ വരുമ്പോൾ അവിടെ ഈ ചാണകമൊന്നുമില്ല, കാരണം ലോക്‌ഡൗൺ മേയ് പതിനാലിന് ഇളവ് പ്രഖ്യാപിച്ചു പിറ്റേ ദിവസം തന്നെ പണിക്കാരെ കിട്ടി. ആദ്യം തന്നെ ഫാമും പരിസരവും വൃത്തിയാക്കി. ഇതിനകം ലോക്‌ഡൗൺ കാലത്തെ അറുപതു ദിവസം മിക്ക പശുക്കളെയും രോഗാവസ്ഥയിലെത്തിച്ചിരുന്നു. തൈലേറിയയും അനാപ്ലാസ്മയുമൊക്കെ മിക്ക പശുക്കൾക്കും വന്നു. ഇരുപതു ലീറ്ററിന് മേലെ പാൽ തന്നുകൊണ്ടിരുന്ന പശുക്കളുടെ പാൽ അഞ്ചു ലീറ്ററും ആറു ലീറ്ററുമൊക്കെയായി കുറഞ്ഞു.

ഈ സുവർണാവസരത്തിലാണ് ഞങ്ങൾക്ക് പൂട്ടാൻ നോട്ടീസ് കിട്ടിയത്. അതിനു പിന്നാലെ പോലീസായി ഭീഷണിയായി. ഫാമിലെ ലാൻഡ് ഫോണിലേക്കു അജ്ഞാത ഭീഷണി ഫോൺ സന്ദേശങ്ങൾ. ജോലിക്കാർ പുറത്തിറങ്ങിയാൽ ഭീഷണിയും തെറിവിളിയും.

അതിനു ശേഷം നടന്നത് ഞാൻ ഇതിനു മുൻപ് എഴുതിയിട്ടുണ്ട്. വരവേൽപ്പ് സിനിമയൊക്കെ ചെയ്യുമ്പോൾ ശ്രീനിവാസനും സത്യൻ അന്തിക്കാടിനും വേണ്ടത്ര വിവരങ്ങൾ കിട്ടിയിരുന്നില്ലെന്നേ ഞങ്ങളുടെ അനുഭവം കൊണ്ട് പറയാനാവൂ.

അവസാനം വന്നത് പൊലൂഷൻ കൺട്രോൾ ബോർഡിലെ ഉദ്യോഗസ്ഥയുടെ വകയാണ്. അതാണ് ഇന്ന് മുഖ്യമന്ത്രി പരാമർശിച്ചത്. അവർ പരാതിക്കാരെ അകമഴിഞ്ഞ് സഹായിക്കുകയായിരുന്നു. ആ മാഡം പറഞ്ഞ അത്ര ഏരിയ ഞങ്ങൾ കോൺക്രീറ്റ് ഫ്ലോർ ഉണ്ടാക്കിയാൽ അതിനു മേലെ പശുക്കളെ നിർത്തനായി നൂറ്റി അറുപതു കൗ മാറ്റുകൾ വിരിക്കേണ്ടിവരും. അല്ലെങ്കിൽ പശുക്കൾ ചാവും. ആ റബർ മാറ്റിന് മാത്രം മൂന്നര ലക്ഷം രൂപയാകും. ഇത് മുപ്പതു പശുക്കൾക്കാണ്. ഞങ്ങൾക്ക് ആകെ കൺസന്റ് വേണ്ടത് തൊണ്ണൂറു പശുക്കൾക്കും, മാത്രമല്ല ഇത് വെറും റബർമാറ്റിന്റെ ചെലവ് മാത്രമാണ്, തറ കോൺക്രീറ്റ് ചെയ്യാൻ ഇതിന്റെ പത്തിരട്ടിയാവും. എല്ലാം കൂടി തൊണ്ണൂറു പശുക്കൾക്ക് തൊഴുത്ത് നിർമ്മിക്കാൻ തന്നെ തറയും സ്ട്രക്ച്ചറും മാറ്റും മറ്റു സൗകര്യങ്ങളും ഒക്കെ ചേർന്ന് അറുപതു ലക്ഷം രൂപയോളം വരും. ഈ തൊഴുത്ത് പണിയുന്ന കാശുണ്ടെങ്കിൽ തമിഴ്‌നാട്ടിൽ അമ്പതു പശുക്കളെയും വാങ്ങി ഒരു അടിപൊളി ഫാമുണ്ടാക്കാം. ഈ കാര്യങ്ങൾ അവരെ ബോധ്യപ്പെടുത്തതാണ് ശ്രമിച്ചപ്പോൾ അവരിത് വളരെ നിസാരമായാണ് കേട്ടത്.

ഞാൻ മുഖ്യമന്ത്രി പറഞ്ഞതിനെ പോസിറ്റിവ് ആയി എടുക്കുകയാണ്. എങ്കിലും ഞങ്ങൾ ഇപ്പോഴും പറയുന്നു. ഞങ്ങളുടെ ഫാം വന്നു അരിച്ചുപെറുക്കി നോക്കിക്കൊള്ളൂ, നിലവിലുള്ള ഏതെങ്കിലും നിയമം ലംഘിച്ചുവെന്നും ഫാം തുടർന്ന് നടത്താൻ അർഹതയില്ലെന്നും സത്യസന്ധതയുടെയും സാമാന്യ ബുദ്ധിയുടെയും അടിസ്ഥാനത്തിൽ തെളിയിച്ചാൽ ആ നിമിഷം ഞങ്ങൾ ഫാം പൂട്ടും. ഞങ്ങളെ സഹായിച്ചവരുടെ എത്തിക്സിനെ ഞങ്ങൾ മാനിക്കുന്നുണ്ട്.

വരുന്ന ഒരാഴ്ചയ്ക്കുള്ളിൽ ഇതിനൊരു തീരുമാനം ആവുമെന്നാണ് പ്രതീക്ഷ,

ഫാം നടത്തി വിജയിപ്പിക്കാം, അത് ഞങ്ങൾ തെളിയിച്ചതാണ് പക്ഷേ മനസമാധാനത്തോടെ അത് നടത്താനുള്ള അവസരമുണ്ടാവണം. അല്ലെങ്കിൽ തന്നെ ധാരാളം ചലഞ്ചുണ്ട്. ഇതേപോലെ ഗുസ്തിയും കൂടി അതിനൊപ്പം നടത്തേണ്ടി വരരുത്. അങ്ങനെ വന്നാൽ ആരായാലും പരാജയപ്പെടും. കർഷകനെന്നു പറഞ്ഞാൽ ഒരു ഗ്ലാഡിയേറ്റർ അല്ല.

എല്ലാവർക്കും ഒരിക്കൽ കൂടി നന്ദി.

English summary: Farming Sector Problems in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com