ADVERTISEMENT

‘രാത്രി മുറ്റത്തുനിന്ന് ശബ്ദം കേട്ട് ജനൽ തുറന്നു നോക്കിയപ്പോൾ സത്യത്തിൽ ഭയന്നുപോയി. മുറ്റത്തു നിന്നിരുന്ന പ്ലാവ് ഒരു വലിയ ആന കുലുക്കിക്കൊണ്ടിരിക്കുന്നു. വേഗം അയൽക്കാരെ ഫോണിലൂടെ വിളിച്ചറിയിച്ചു. അവർ ശബ്ദമുണ്ടാക്കി വന്നപ്പോൾ ആന തിരികെ കാട്ടിലേക്കു കയറിപ്പോയി’– വയനാട് പൂതാടി പഞ്ചായത്തിലെ നാലാം വാർഡ് ചീയമ്പം പള്ളിപ്പടിയിലെ ചെട്ടിയാംകുന്നേൽ ഷൈനിക്ക് കഴിഞ്ഞ ദിവസം കൺമുന്നിൽ ആനയെ കണ്ട ഭീതി വിട്ടുമാറിയിട്ടില്ല.

വലിയ നാശനഷ്ടങ്ങൾ ഉണ്ടാക്കാതെ തിരികെ പോയെങ്കിലും ആന അവശേഷിച്ചിപ്പിച്ച കാൽപ്പാടുകൾ ഷൈനിയുടെ വീട്ടുമുറ്റത്ത് കാണാം. മണ്ണിടിഞ്ഞുപോയതിനെത്തുടർന്ന് ഏതാനും ദിവസം മുമ്പ് 20,000 രൂപ മുടക്കി കെട്ടിയെടുത്ത തിട്ട ആന ചവിട്ടിയതിനെത്തുടർന്ന് വീണ്ടും ഇടിഞ്ഞ അവസ്ഥയിലാണ്. കൈയിൽ കിടന്ന വള പണയം വച്ചാണ് താൻ ഇടിഞ്ഞുപോയ തിട്ട കെട്ടാനുള്ള പണം കണ്ടെത്തിയതെന്നും ഇപ്പോൾ അതോർക്കുമ്പോൾ മനസ് നീറുകയാണെന്നും ഷൈനി കർഷകശ്രീയോടു പറഞ്ഞു. വീടിനോടു ചേർന്നുള്ള ഒരു ഷെഡ്ഡും പച്ചക്കറിക്കൃഷിയും നശിപ്പിച്ചാണ് ആന തിരിച്ചുപോയത്. ഒരു വലിയ ഒറ്റയാനായിരുന്നുവെന്നും അത് അപകടകാരിയായിരുന്നുവെന്നും ഇന്നലെ അയൽവാസികൾ പറഞ്ഞപ്പോഴാണ് മനസിലായതെന്ന് ഷൈനി. ഇനിയും ആന വന്നേക്കാമെന്ന പേടിയുള്ളതിനാൽ 10 വയസുള്ള മോളെ ബന്ധുവീട്ടിലാക്കിയിരിക്കുകയാണ്. 

elephant-wayanadu-1
ഷൈനി ആന തകർത്ത ഷെഡ്ഡിനു മുന്നിൽ

പകൽ ഒരു തുണിക്കടയിൽ ജോലിക്കുപോകുന്നുണ്ട്. അവിടുന്നുള്ള 250 രൂപയാണ് വരുമാന മാർഗം. ഭർത്താവ് ഷിബു ടാപ്പിങ് തൊഴിലാളിയാണ്. അഞ്ചു മാസമായി മംഗലാപുരത്താണ്. കോവിഡ്–19 ലോക് ഡൗൺ കാരണം ഇവിടേക്ക് എത്താൻ കഴിഞ്ഞിട്ടില്ലെന്നും ഷൈനി പറയുന്നു. 

നാലു വശവും വനത്താൽ ചുറ്റപ്പെട്ട പ്രദേശത്താണ് ഷൈനിയുടെ പത്തേമുക്കാൽ സെന്റ് പുരയിടം. ഭൂനികുതി അടയ്ക്കുന്നുമുണ്ട്. അൻപതോളം കുടുംബങ്ങൾ താമസിക്കുന്ന പ്രദേശത്ത് വനത്തോട് ചേർന്നാണ് ഇവരുടെ വീടിരിക്കുന്നത്. വന്യമൃഗശല്യം രൂക്ഷമായി വരുന്നതിനാൽ സന്ധ്യ ആയാൽ പുറത്തേക്ക് ഇറങ്ങാൻപോലും ഭയമാണെന്നും ഷൈനി പറയുന്നു. വനം വകുപ്പ് ഞങ്ങളുടെ സുരക്ഷയ്ക്കായി നടപടിയെടുക്കണമെന്നും ഷൈനി ആവശ്യപ്പെട്ടു. 

English summary: Wayanad Wildlife Problems, Elephant

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com