ചെറിയ കുട്ടികളടക്കം ഇരുപതോളം ആനകൾ തകർത്തത് മൂന്നു കർഷകരുടെ നാലേക്കറിലെ അധ്വാനം

HIGHLIGHTS
  • 1200ൽപ്പരം വാഴകൾ നശിപ്പിച്ചു
  • ആദ്യ വിളവിന് വില ലഭിച്ചില്ല
wild-attack
SHARE

വന്യമൃഗങ്ങളുടെ ശല്യം കൃഷിഭൂമിയിൽ തുടർക്കഥയാകുമ്പോൾ മാത്യു ആന്റണിക്ക് വേദനയോടെ പറയാനുള്ളത് നാലേക്കർ പാട്ടഭൂമിയിലെ കൃഷിയെക്കുറിച്ചാണ്. ഈ മാസം അഞ്ചിന് കണ്ണൂർ ഉളിക്കൽ പ‍ഞ്ചായത്തിലെ പീടികക്കുന്നിൽ ആനയിറങ്ങി നശിപ്പിച്ചത് മാത്യുവും രണ്ടു സുഹൃത്തുക്കളും ചേർന്ന് കൃഷി ചെയ്തിരുന്ന വാഴയും കപ്പയുമാണ്. നാലേക്കറിൽ രണ്ടായിരത്തോളം വാഴയുണ്ടായിരുന്നു. ഇതിൽ 1200ൽപ്പരം വാഴകൾ പൂർണമായും തകർത്തശേഷമാണ് ആനകൾ മടങ്ങിപ്പോയത്. ചെറിയ കുട്ടികളടക്കം ഇരുപതോളം ആനകളുള്ള സംഘമായിരുന്നു തങ്ങളുടെ കൃഷി നശിപ്പിച്ചതെന്ന് മാത്യു. വൈദ്യുത വേലി തകർത്താണ് ആനകൾ തോട്ടത്തിൽ കടന്നത്. കുലച്ചതും കുലയ്ക്കാറായതുമായ വാഴകൾ നശിപ്പിച്ചു. ഇതുകൂടാതെ കപ്പയും നശിപ്പിച്ചിട്ടുണ്ട്. മേയിൽ നട്ട കപ്പയായതിനാൽ കിഴങ്ങുണ്ടായിരുന്നില്ല. ചുവടെ പിഴുതെടുത്തശേഷം കഴിക്കുകയും ചവിട്ടിമെതിച്ച് നശിപ്പിക്കുകയും ചെയ്തിട്ടുണ്ടെന്ന് മാത്യു. വലിയ സംഘമായതിനാലാവാം ഇത്രയും കൃഷി നശിപ്പിച്ചതെന്നാണ് മാത്യു കരുതുന്നത്.

മൂന്നു വർഷത്തേക്ക് 30,000 രൂപയ്ക്കാണ് മൂവരും സ്ഥലം പാട്ടത്തിനെടുത്തത്. കഴിഞ്ഞ വർഷം കൃഷിയിറക്കിയ വാഴ വിളവെടുത്തത് ലോക്‌‍ഡൗണിന്റെ തുടക്കത്തിലായിരുന്നു. അതിനാൽ വില ലഭിച്ചില്ല. കനത്ത നഷ്ടം നേരിട്ടു. ഇത്തവണ മുടക്കുമുതൽ എങ്കിലും തിരിച്ചുപിടിക്കാം എന്ന പ്രതീക്ഷയോടെയാണ് കൃഷിയിറക്കിയത്. ഇതുവരെ തൊഴിലാളികളുടെ കൂലി, വളം, വിത്ത് തുടങ്ങിയ ഇനത്തിൽ ഒന്നര ലക്ഷം രൂപയോളം ചെലവായി. തങ്ങൾ മൂന്നു പേരുടെയും പണിക്കൂലി കൂട്ടാതെയുള്ളതാണ് ഒന്നര ലക്ഷം രൂപയെന്ന് മാത്യു പറയുന്നു. കൃഷിയുടെ നാലിൽ മൂന്നു ഭാഗവും നഷ്ടപ്പെട്ട അവസ്ഥയിലാണ്. വീണ്ടും കൃഷിയിറക്കിയാൽ കടത്തിന്റെ വ്യാപ്തി ഇനിനും വർധിക്കുമെന്നും മാത്യു കർഷകശ്രീയോടു പറഞ്ഞു. 

ഫോറസ്റ്റ് അധികൃതർ സ്ഥലം സന്ദർശിച്ച് നഷ്ടപരിഹാരത്തിന് അപേക്ഷ സമർപ്പിക്കാൻ പറഞ്ഞിട്ടുണ്ട്. എന്നാൽ, ഇനിയും തീർപ്പാകാത്ത ഒട്ടേറെ പരാതികളുടെ കൂടെ ഒന്നുകൂടി ആകുമെന്നതിൽക്കവിഞ്ഞ് കർഷകർക്ക് പ്രയോജനം ലഭിക്കുന്നതൊന്നും സംഭവിക്കില്ലെന്നും മാത്യു പറയുന്നു. കർഷകർക്ക് ഉചിതമായ നഷ്ടപരിഹാരം നൽകാനും കൃഷി ഭൂമിയിൽ വന്യജീവികൾ കയറുന്ന തടയാനും സർക്കാർ ഭാഗത്തുനിന്ന് നടപടി ഉണ്ടാകണമെന്നാണ് കർഷകരുടെ ആവശ്യം.

English summary: Crop Damage By Wild Animals Increased

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA