ലക്ഷ്യം അധ്യാപനം, ഇപ്പോൾ പഠനത്തിനൊപ്പം പാർട് ടൈം തൊഴിൽ തെങ്ങുകയറ്റം

HIGHLIGHTS
  • ഒറ്റപ്പാലം എൻഎസ്എസ് ട്രെയിനിങ് കോളജിൽ ബിഎഡ് വിദ്യാർഥിനി
  • തെങ്ങൊന്നിന് 40 രൂപയാണ് കൂലി
coconut
തെങ്ങിൽ കയറാനൊരുങ്ങുന്ന ശ്രീദേവി
SHARE

തെങ്ങു കയറാനും തേങ്ങയിടാനും തയാറായ ആദ്യ വനിതയല്ല ശ്രീദേവി. അതുകൊണ്ടുതന്നെ അതൊരു ചരിത്ര സംഭവമായി കാണുന്നില്ലെന്നു ചരിത്രത്തിൽ ബിരുദാനന്തര ബിരുദമുള്ള ബിഎഡ് വിദ്യാർഥിനി ശ്രീദേവി പറയുന്നു. അതേസമയം, കോവിഡ് കാലം കേരളത്തിന്റെ തൊഴിൽ മനോഭാവങ്ങളിൽ ചരിത്രപരമായ മാറ്റങ്ങൾ സൃഷ്ടിച്ചേക്കുമെന്നാണ് ശ്രീദേവിയുടെയും നിരീക്ഷണം. കായികാധ്വാനം വേണ്ട തൊഴിലുകളോടുള്ള അവഗണന മാറിയേക്കും. ഏതു തൊഴിലും അന്തസ്സോടെ ചെയ്യാനുള്ള സന്നദ്ധത സമൂഹത്തിനു കൈവന്നേക്കും. അത്തരം വീണ്ടുവിചാരങ്ങൾക്കു കാരണമാകാൻ തന്റെ തെങ്ങുകയറ്റത്തിനു കഴിയുമെങ്കിൽ അതുതന്നെ സന്തോഷമെന്നു മലപ്പുറം കാടാമ്പുഴ തുവ്വപ്പാറ എംവി പുത്തൻവീട്ടിൽ ശ്രീദേവി പറയുന്നു. 

ഒറ്റപ്പാലം എൻഎസ്എസ് ട്രെയിനിങ് കോളജിൽ ബിഎഡ് വിദ്യാർഥിനിയായ ശ്രീദേവി ആദ്യമായല്ല പാർട് ടൈം ജോലി പരീക്ഷിക്കുന്നത്. മുൻപ് ട്യൂഷനെടുക്കലും അക്ഷയ സെന്റർ ജോലിയു മൊക്കെയായിരുന്നു വരുമാന വഴി. ലോക്ഡൗൺ കാലത്ത് ക്ലാസുകൾ മുടങ്ങി, പഠനത്തിനും ജോലിക്കുമൊന്നും പോകാൻ കഴിയാതെ വീട്ടിലിരുന്നപ്പോൾ തെങ്ങിലേക്കു തിരിഞ്ഞെന്നു മാത്രം. സാമൂഹിക അകലം പാലിച്ചുകൊണ്ടു ചെയ്യാവുന്ന, ലോക്ഡൗണിലും മുടങ്ങാത്ത, മോശമല്ലാത്ത വരുമാനമുള്ള  ജോലി; ഇങ്ങനെയെലഴലാമുള്ള ഒരു തൊഴിൽ എന്തിനു വേണ്ടെന്നു വയ്ക്കണം. 

coconut-1
ശ്രീദേവി

തെങ്ങുകയറ്റത്തൊഴിലാളിയാണ് ശ്രീദേവിയുടെ അച്ഛൻ ഗോപാലൻ. ആസ്മയുടെ അസ്വസ്ഥതകൾ അലട്ടുന്നതിനാൽ അദ്ദേഹത്തിനു ചിലപ്പോള്‍ ജോലി മുടങ്ങും. അച്ഛനൊരു സഹായം കൂടിയാകുമല്ലോ എന്നു കരുതിയാണ് തെങ്ങുകയറാൻ  ശ്രീദേവി ഒരുങ്ങിയത്. തളപ്പ് കെട്ടി കയറുന്ന അച്ഛന്റെ രീതി പക്ഷേ അത്ര എളുപ്പമല്ലെന്ന് ആദ്യം തന്നെ മനസിലായി. തെങ്ങു കയറാനുള്ള യന്ത്രത്തെക്കുറിച്ചു കേട്ടുകേൾവി വച്ച് യുട്യൂബിൽ തിരഞ്ഞു. പലതരം യന്ത്രങ്ങളിൽ കൂടുതൽ പ്രചാരമുള്ളതു കണ്ടെത്തി.

ശ്രീദേവിയുടെ തീരുമാനത്തിനു പക്ഷേ വീട്ടുകാരുടെ പോലും പിൻതുണ കിട്ടിയില്ല തുടക്കത്തിൽ. ‘ഇത്രയൊക്കെ പഠിച്ചിട്ട് ഈ തൊഴിലെടുക്കണോ, ഇത്രയധികം അധ്വാനമുള്ള ജോലി പെൺകുട്ടിക്കു ചേർന്നതാണോ, നാട്ടുകാരെന്തു പറയും’ അങ്ങനെ ഒട്ടേറെ ആശങ്കകൾ, സംശയങ്ങൾ. എല്ലാവരെയും ഒരുവിധം സമാധാനിപ്പിച്ച് ശ്രീദേവി പുത്തനത്താണിയിൽ കണ്ടെത്തിയ കടയിൽനിന്ന് തെങ്ങുകയറ്റ യന്ത്രം വാങ്ങി.

യന്ത്രം പക്ഷേ വീട്ടുകാരുടെ മനസു മാറ്റി. തളപ്പു ശീലമായ അച്ഛനു മാത്രം യന്ത്രം വഴങ്ങിയില്ലെങ്കിലും അമ്മയും അനിയത്തിമാരും യന്ത്രമുപയോഗിച്ച് അനായാസം തെങ്ങുകയറിയെന്നു ശ്രീദേവി. അച്ഛൻ പതിവായിപ്പോകുന്ന പുരയിടങ്ങളിലാണ് ശ്രീദേവിയും തൊഴിലെടുക്കുന്നത്. കൂട്ടിന് അച്ഛനുമുണ്ട്.  മൂപ്പെത്തിയ തേങ്ങ തിരിച്ചറിയാൻ ആദ്യമൊക്കെ അച്ഛനെത്തന്നെ ആശ്രയി ച്ചു. വിളഞ്ഞ നാളികേരം തിരിച്ചറിയാനുള്ള അറിവൊക്കെ ഇന്ന് ശ്രീദേവിക്കും സ്വന്തം. 

തെങ്ങൊന്നിന് 40 രൂപയാണ്  കൂലി. യന്ത്രമുപയോഗിക്കുന്നതിനാൽ അധ്വാനം നന്നേ കുറവ്. ബിഎഡ് പൂർത്തിയാക്കി അധ്യാപന ജോലി തന്നെയാണ് ലക്ഷ്യമിടുന്നതെങ്കിലും തെങ്ങുകയറ്റം ഉപേക്ഷിക്കാൻ ഒരുക്കമല്ലെന്നു ശ്രീദേവി. അധ്യാപനത്തിനൊപ്പം അന്തസോടെ തുടരാൻ കഴിയുന്ന അധിക വരുമാനമാർഗമാണ് ഈ തൊഴിൽ എന്നതിൽ സംശയവുമില്ല.

‘നമ്മുടെ നാട്ടിൽ തെങ്ങുകർഷകർ നേരിടുന്ന മുഖ്യ പ്രശ്നങ്ങളിലൊന്നാണ് തേങ്ങയിടാൻ ആളില്ലാത്തത്. അതേസമയം യന്ത്രം വന്നതോടെ ഈ രംഗത്തേക്കു കൂടുതൽ പേർ കടന്നു വരുന്നുണ്ട്. ഇനിയും ഒട്ടേറെപ്പേർക്ക് തൊഴിലവസരവുമുണ്ട്. തൊഴിലില്ലായ്മയല്ല, തൊഴിലിനോടുള്ള മനോഭാവമാണ് പലപ്പോഴും പ്രശ്നം. വരുകാലങ്ങളിൽ അതു മാറുമെന്നു തീർച്ച. ഇത്തരം ജോലികൾ ഫുൾ ടൈം ആയോ പാർട് ടൈം ആയോ ചെയ്യാൻ മടിയില്ലാത്ത തലമുറയുടെ കാലമാണ് ഇനി വരുന്നത്’

ഫോൺ: 7902818456

English summary: Life of a Woman Coconut Palm Climber in Kerala

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA