ഫ്രീ റേഷന്‍ എത്തിച്ചുകൊടുത്ത് ഒരു ജനതയെ സർക്കാർ എത്രനാള്‍ തീറ്റിപ്പോറ്റും?

HIGHLIGHTS
  • ഓരോ തരം കൃഷിയിലും അധ്വാനവും പ്രതീക്ഷയും സ്വപ്നവുമുണ്ട്
  • ജീവിത സാഹചര്യം മെച്ചപ്പെടുത്താന്‍ വേണ്ട സാഹചര്യം ഒരുക്കണം
farmer
SHARE

ജോലിയും കൂലിയും ഇല്ലാത്ത മലയോരം! ദാരിദ്ര്യം കൊടുമ്പിരികൊള്ളുമ്പോഴും വോട്ട് ബാങ്ക് രാഷ്ട്രീയത്തിലൂടെ ഭരണസംവിധാനത്തിന്റെ ചുക്കാന്‍ പിടിക്കാനുള്ള സൗഭാഗ്യം തിരഞ്ഞെടുപ്പിലൂടെ നല്‍കി രാജക്കന്മാരാക്കി ഓരോ അഞ്ചു വര്‍ഷത്തിനുമായി വാഴിക്കുകയും... ശേഷം അതേ രാജാവിനു മുന്നില്‍ പഞ്ചപുച്ഛമടക്കി ഓച്ഛാനിച്ച് കേണ് നില്‍ക്കുകയും ചെയ്യുന്ന പൊതുജനത്തിലെ ഒരു വിഭാഗം! അതേ അവരാണ് മലയോര കര്‍ഷകര്‍! അവര്‍ ഇന്ന് വംശനാശഭീഷണിയിലാണ്! 

മാനവരാശിയുടെ നിലനില്‍പ്പിനു വേണ്ട ഏറ്റവും പ്രധാന വസ്തുവായ ആഹാരം ഉണ്ടാക്കാന്‍ പകലന്തിയോളം വിയര്‍പ്പൊഴുക്കി അതിലൂടെ ഉപജീവനവും നല്ലനാളും സ്വപ്നവും കണ്ട് ഒരായുഷ്കാലം മണ്ണില്‍ അധ്വാനിച്ചിട്ടും ഒന്നുമൊന്നുമാവാതെ തൊലികറുത്ത അസ്ഥിപഞ്ചരങ്ങളായ് എരിഞ്ഞടങ്ങുന്ന കര്‍ഷകര്‍ എന്ന ഓമനപ്പേരിനുടമകള്‍! അവരുടെ ചുറ്റും നെടുവീര്‍പ്പും നിരാശയുമായി കഴിയുന്ന കുടുംബവും! അവരില്‍ അധികം പേരും ഒന്നുരണ്ടേക്കറില്‍ താഴെ മാത്രം കൃഷിഭൂമിയുള്ളവര്‍!

ഓരോ തരം കൃഷിയിലും അധ്വാനവും പ്രതീക്ഷയും സ്വപ്നവുമുണ്ട്. അവയെല്ലാം കാലാവസ്ഥയില്‍ അര്‍പ്പിച്ച് നിലനില്‍പിനു വേണ്ടി വിയര്‍പ്പൊഴുക്കി, വീട്ടിലെ തരിപൊന്ന് പോലും പണയം വച്ച് വിളവും കാത്തിരിക്കുന്നവരാണവര്‍. കേരളത്തിലെ മലയോര കര്‍ഷകരുടെ ദുഃഖവും ദുരിതങ്ങളും അവയുടെ കാരണങ്ങളും മനുഷ്യന്‍ കാലാകാലങ്ങളായി നേടിയ പുരോഗതിയുടെ നേരെ ഉയരുന്ന ചോദ്യങ്ങളായി മാറിയിരിക്കുന്നൂ! അതിന്റെ പ്രധാന കാരണം മനുഷ്യ നിര്‍മ്മിതം തന്നെയെന്നതാണ് വസ്തുത. അതിലൊന്ന് വന്യമൃഗ സംരക്ഷണം വന്നതോടെ വംശവർധനയിലൂടെ സമസ്യയായ കാട്ടുമൃഗങ്ങളുടെ തേര്‍വാഴ്ചയാണ്. അക്കാരണത്താലാണ് മലയോരകര്‍ഷകര്‍ ദുരിതക്കയത്തിലേക്കു ചെന്നുപെട്ടത്. പെട്ടെന്നുണ്ടായ ഒരവസ്ഥയല്ലെന്നതും എടുത്തു പറയേണ്ടതുണ്ട്. 

ഇന്നത്തെ അവസ്ഥയില്‍ മലയോര കര്‍ഷകര്‍ക്കും വംശനാശം വരുന്ന ജീവികളുടെ ഗണത്തില്‍ പെടുത്തി ഒരു സംരക്ഷണനിയമം അനിവാര്യമായിരിക്കുന്നു! തലമുറകളായി കൃഷിചെയ്തുവന്ന കൃഷിസ്ഥലം വന്യമൃഗങ്ങളുടെ വിഹാരകേന്ദ്രമായപ്പോള്‍ കാര്‍ഷികവിളകളെ ആശ്രയിച്ചവരും കുടുംബവും അവരുടെ ആരോഗ്യം, വിദ്യാഭ്യാസം, തൊഴിലവസരം, സമ്പത്ത്, സ്വപ്നങ്ങള്‍ വരെയുള്ള എല്ലാം തകിടം മറിഞ്ഞ് തകര്‍ത്തെറിയപ്പെട്ടു! 

സമ്പല്‍സമൃദ്ധമായിരുന്ന മലയോരങ്ങളും അവയുടെ ചുറ്റുവട്ടത്തിലെ ചെറു പട്ടണങ്ങളും പട്ടിണിയിലേക്ക് കൂപ്പു കുത്തിയപ്പൊഴും മലയോര കര്‍ഷകരുടെ ജീവിതത്തിലെ സമസ്തമേഖലയിലും കറുത്തമേഘം ഇരുണ്ട് കൂടിയപ്പൊഴും കണ്ടില്ലെന്ന് നടിച്ചവര്‍ തന്നെയാണ് ശീതികരിച്ച മുറിയിലിരുന്നുകൊണ്ട് മെനഞ്ഞെടുത്ത അതിര്‍ വരമ്പുകളില്‍ കര്‍ഷകരെ തളച്ചിട്ടതും വന്യമൃഗങ്ങളെ അഴിച്ചു വിട്ടതും! അത് മലയോര കര്‍ഷകരില്‍ അടിച്ചേൽപ്പിക്കപ്പെട്ട മാനസികവും ശാരീരികവും സാമ്പത്തികവുമായ സമ്മര്‍ദ്ദം മാത്രമല്ല ഭാവിയെക്കുറിച്ചുള്ള ഉത്തരവാദിത്തവും ഉല്‍കണ്ഠയും ഒരുപാട് ബാധിച്ച അവസ്ഥയിലാണിന്നവര്‍.

വന്യമൃഗങ്ങളെ തുറന്നുവിട്ട് കര്‍ഷകരെ കൂട്ടിലിടുന്ന രീതി വരും കാലത്ത് എത്രമാത്രം ഗുണം അല്ലെങ്കില്‍ ദോഷം ചെയ്യും എന്ന് ഗൗരവമായി ചിന്തിക്കേണ്ട കാലമാണിന്ന്. കാലങ്ങള്‍ നീണ്ട പഠനങ്ങള്‍ അല്ല വേണ്ടത് അടിയന്തര നടപടികള്‍ വേണം. വനയോര ഗ്രാമങ്ങളും അവയെ ചുറ്റിപ്പറ്റിയുള്ള പട്ടണങ്ങളിലും ചൂഴ്ന്ന് നില്‍ക്കുന്ന നിസംഗതയും നിര്‍വികാരതയും ഗഗനമായി മനസിലാക്കി ജീവിക്കാനുള്ള അവസരങ്ങള്‍ ഒരുക്കിക്കൊടുക്കാനുള്ള ഉത്തരവാദിത്തം ഭരണത്തിലിരിക്കുന്ന സര്‍ക്കാരിനുണ്ട്.

ഫ്രീ റേഷന്‍ എത്തിച്ചുകൊടുത്ത് ഒരു ജനതയെ എത്രനാള്‍ സർക്കാർ തീറ്റിപ്പോറ്റും എന്നത് പ്രധാന ചോദ്യമാണ്. ജീവിത സാഹചര്യം മെച്ചപ്പെടുത്താന്‍ വേണ്ട സാഹചര്യം ഒരുക്കികൊടുക്കലാവണം സർക്കാർ പോളിസികളില്‍ മുന്‍നിരയിലുണ്ടാവേണ്ടത്. കാട്ടുമൃഗങ്ങളില്‍ പലതും പന്നിയടക്കം ക്രമാതീതമായി പെറ്റുപെരുകിയെന്നത് ഒരു വസ്തുതയാണ്. അവയുടെ അക്രമം കാര്‍ഷിക വിളയിലും മനുഷ്യനു നേരെയും നിര്‍ബാധം തുടരുമ്പൊഴും ജീവിക്കാന്‍ വേണ്ടി സംഘര്‍ഷഭരിതമായ ഉറക്കമില്ലാത്ത രാവുകളില്‍ മാസങ്ങളോളം കാവലിരുന്നാലും വിശപ്പടക്കാനുള്ള വിളവ് പോലും മൃഗങ്ങളില്‍നിന്ന് സംരക്ഷിച്ചെടുക്കാന്‍ കഴിയാത്ത നിസഹായതയിലാണവര്‍. ആഹാര സാധനങ്ങള്‍ ഇറക്കുമതിയിലൂടെയും വ്യവസായ കുത്തക കമ്പനികളുടെ പായ്കറ്റുകളിലൂടെയും കൈകളിലെത്തുന്നത് പണമുള്ളവന്റെ കൈകളില്‍ മാത്രമാണ്. പാവപ്പെട്ടവരുടെ അധ്വാനത്തിലെ വിയര്‍പ്പാണ് അവന്റെയും കുടുംബത്തിന്റെയും അന്നം. അത് സംരക്ഷണവലയത്തില്‍ പെറ്റുപെരുകിയ വന്യമൃഗബാഹുല്യം തകര്‍ത്തെറിയുമ്പോള്‍ കണ്ടില്ലെന്ന് നടിക്കരുത്.

എത്രയും വേഗം വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ ഭരണസംവിധാനത്തിനായാല്‍ മലയോര കര്‍ഷകരുടെ പുഞ്ചിരി അവരെ ചുറ്റിപ്പറ്റിയുള്ള ഒരുപാടു ചെറു പട്ടണങ്ങളിലും പ്രതീക്ഷയായി വിടരും. അവര്‍ക്ക് കൃഷിചെയ്യാനുള്ള അവസരങ്ങളും സാഹചര്യവും ഒരുക്കികൊടുക്കണം. അപ്പോഴും ഒരു കാര്യം ശ്രദ്ധിക്കേണ്ടത് പ്രാദേശികമായി നേരിടുന്ന പൊതുവായ പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടാല്‍ മാത്രമേ കൃഷിയെയും കര്‍ഷകരെയും രക്ഷിക്കാനാവൂ. അവരെ സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രാപ്തരാക്കിയാല്‍ മാത്രമേ കാര്‍ഷിക കേരളം വളരൂ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA