രാവിലെ പണിക്കു ചെന്നപ്പോൾ ഏലത്തോട്ടത്തിൽ കരടി

HIGHLIGHTS
  • പലരും കൃഷിസ്ഥലം ഉപേക്ഷിച്ചു
  • കൃഷിയിറക്കുന്ന പേടിയോടെ
bear
ഏലത്തോട്ടത്തിൽ ചത്തനിലയിൽ കണ്ടെത്തിയ കരടി
SHARE

മലയോര മേഖലയിലെ കർഷകർ വന്യമൃഗങ്ങളോട് പടവെട്ടാൻ തുടങ്ങിയിട്ട് കാലമേറെയായി. എന്നാൽ, മുമ്പെങ്ങുമില്ലാത്ത വിധത്തിൽ കൃഷിസ്ഥലങ്ങളിൽ വന്യജീവികളുടെ സാന്നിധ്യമേറുകയാണ്. ഇന്നലെ രാവിലെ വണ്ടിപ്പെരിയാർ ഒമ്പതാം മൈലിലുള്ള ഏലത്തോട്ടത്തിൽ രാവിലെ പണിക്ക് ചെന്ന തൊഴിലാളികൾ കണ്ടത് കരടിയുടെ ജഡം. കാഞ്ഞിരപ്പള്ളി സ്വദേശി ക്രിസ് കുര്യാക്കോസിന്റെ ഉടമസ്ഥതയിലുള്ള തോട്ടത്തിലായിരുന്നു ജ‍ഡം. സ്ഥലമുടമയായ ക്രിസ് കുര്യാക്കോസ് അറിയിച്ചതനുസരിച്ച് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി കരടിയെ പരിശോധിച്ചു. പ്രായാധിക്യംകൊണ്ടുള്ള മരണമാണെന്ന് വനംവകുപ് ഉദ്യോഗസ്ഥർ അറിയിച്ചതായി ക്രിസ് കർഷകശ്രീയോടു പറഞ്ഞു. ഇന്ന് പോസ്റ്റ്‌മോർട്ടം ചെയ്തശേഷം ജ‍ഡം മറവു ചെയ്യും.

bear-1
ഏലത്തോട്ടത്തിൽ കണ്ടെത്തിയ കരടി

വനത്തോടു ചേർന്നുള്ള തോട്ടമാണെങ്കിലും തന്റെ തോട്ടം വനാതിർത്തി പങ്കിടുന്നതല്ലെന്ന് ക്രിസ് പറയുന്നു. വനത്തിനും തന്റെ തോട്ടത്തിനും ഇടയിൽ ഒരു സ്വകാര്യ ഭൂമികൂടിയുണ്ട്. എന്നാൽ, വർഷങ്ങളായി ആ ഭൂമി തരിശുകിടക്കുന്നതിനാൽ കാടിനു സമമാണ്. അതുകൊണ്ടുതന്നെ വന്യജീവികളുടെ വിഹാര കേന്ദ്രവുമാണ്. കഴിഞ്ഞ ആഴ്ച ക്രിസിന്റെ ഏലത്തോട്ടത്തിൽ കാട്ടാനകൾ കയറി വ്യാപക നാശനഷ്ടമുണ്ടാക്കിയിരുന്നു. ഇന്നലെ കരടിയെ കണ്ടെത്തിയ സ്ഥലത്തേക്ക് കൂടുതൽ തൊഴിലാളികളുള്ള ദിവസങ്ങളിൽ മാത്രമേ പോകാറുള്ളൂവെന്നും ക്രിസ് പറയുന്നു. കാരണം പെരിയാർ കടുവ സംരക്ഷണകേന്ദ്രത്തിന്റെ സമീപപ്രദേശമായതിനാൽ കടുവയും ഈ പ്രദേശങ്ങളിലുണ്ടാകും. ഇന്നലെ കണ്ടെത്തിയ കരടിക്ക് ഏകദേശം 150 കിലോ തൂക്കമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. പുഴുവരിച്ച നിലയിലായിരുന്നു ജഡം കണ്ടത്. 3 ദിവസത്തെയെങ്കിലും പഴക്കവും ഉണ്ടാവും. ഇത്രയും വലുപ്പമുള്ള കരടി മനുഷ്യനെ ആക്രമിച്ചാൽ മരണം ഉറപ്പാണെന്നും അദ്ദേഹം പറയുന്നു.

വന്യമൃഗശല്യം ഏറെയുള്ളതിനാൽ ഓട്ടോമാറ്റിക് കതിന സംവിധാനം പ്രവർത്തിപ്പിച്ചാണ് താനും തൊഴിലാളികളും തോട്ടത്തിൽ പണിയെടുക്കുന്നതെന്നും ക്രിസ് പറയുന്നു. നിശ്ചിത ഇടവേളകളിൽ വലിയ ശബ്ദമുണ്ടാക്കുന്ന യന്ത്രം പ്രവർത്തിച്ചുകൊണ്ടിരിക്കുന്നതിനാൽ മൃഗങ്ങൾ തോട്ടത്തിലേക്ക് കടക്കാൻ ഭയപ്പെടുന്നുണ്ട്.

പല മലയോര പ്രദേശങ്ങളിലും കർഷകർ കൃഷിഭൂമിയുപേക്ഷിച്ച് പോകുന്ന പ്രവണത കൂടിവരികയാണ്. അതുകൊണ്ടുതന്നെ വന്യമൃഗങ്ങളുടെ വിഹാരകേന്ദ്രങ്ങളും വ്യാപിച്ചിട്ടുണ്ട്. കൃഷിഭൂമിയിൽ കൃഷി തിരികെക്കൊണ്ടുവരാനുള്ള ശ്രമത്തിലുമാണ് ക്രിസ് കുര്യാക്കോസ്. കൃഷി ചെയ്യാതെ തരിശിട്ടിരുന്ന പല തോട്ടങ്ങളിലും ഇപ്പോൾ കൃഷി തിരികെക്കൊണ്ടുവരാൻ കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

English summary: Bear found dead in Cardamom Plantation

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA