ADVERTISEMENT

അപൂർവമായ ‘കുരുടൻ മുഷി’യെ അയർക്കുന്നത്തു കണ്ടെത്തി. ഹൊറാഗ്ലാനിസ് കൃഷ്ണയി എന്നാണു ശാസ്ത്രീയനാമം. മേലുകാവ് പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫിസറായ എം.എൽ. അജയകുമാറിന്റെ അയർക്കുന്നത്തെ മുട്ടപ്പള്ളിൽ വീട്ടിലാണു മീനിനെ കഴിഞ്ഞ ദിവസം കണ്ടെത്തിയത്. വീട്ടുകിണറ്റിൽ നിന്നു ടാങ്കിൽ എത്തിയ ചെറുമീൻ ടാപ്പിലൂടെ ഒഴുകിയെത്തി. 

കടും ചുവപ്പുനിറമാണു മീനിന്. അജയകുമാറിന്റെ വീട്ടിലേതു ചെങ്കല്ലിൽ വെട്ടിയുണ്ടാക്കിയ കിണറാണ്. ഇത്തരം കിണറുകളിലാണു കുരുടൻ മുഷിയെ നേരത്തേയും കണ്ടെത്തിയിട്ടുള്ളത്. അജയകുമാർ ഗൂഗിളിൽ തിരയുകയും ഈ മേഖലയിലെ വിദഗ്ധരുമായി സംസാരിക്കുകയും ചെയ്താണു ഹൊറഗ്ലാനിസ് കൃഷ്ണയി തന്നെയെന്ന് ഉറപ്പിച്ചത്. 

കേരളത്തിലെ നൂറിലേറെ തുമ്പികളെയും ചിത്രശലഭങ്ങളെയും ശാസ്ത്രീയമായി തിരിച്ചറിയാൻ സാധിക്കുന്ന നിരീക്ഷകൻ കൂടിയാണ് അജയകുമാർ. 

കൂടുതൽ പഠനത്തിനായി മീനിനെ പാമ്പാടി ട്രോപ്പിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കളോജിക്കൽ സയൻസസിന് (ടൈസ്) ഇന്നലെ കൈമാറി.

മീനിനെക്കുറിച്ച് പഠിക്കാൻ തേവി വറ്റിച്ചത് അൻപതോളം കിണറുകൾ

ഹൊറാഗ്ലാനിസ് കൃഷ്ണയിയുടെ പഠനത്തിനായി കോട്ടയത്തെ കിണറുകൾ തേടിയലഞ്ഞ ഓർമ ഇപ്പോഴും പങ്കുവയ്ക്കും ഡോ. ടി.വി.അന്ന മേഴ്സി. കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസിൽ (കുഫോസ്) പ്രഫസറായി വിരമിച്ച ശേഷം തേവര എസ്എച്ച് കോളജിൽ ഫാക്കൽറ്റിയായ ഡോ. അന്ന മേഴ്സിയാണു ഹൊറാഗ്ലാനിസ് കൃഷ്ണയിയെക്കുറിച്ചു ശാസ്ത്രീയമായി പഠനം നടത്തിയ ഏക വ്യക്തി. 

കേരള സർവകലാശാലയിൽ പിഎച്ച്ഡി ചെയ്ത സമയത്താണു ഡോ. അന്ന മേഴ്സി ഈ മീനിനെപ്പറ്റി പഠിച്ചത്. വിഷയം കൗതുകകരമായിരുന്നെങ്കിലും പഠനത്തിനു മീനിനെ കിട്ടാനായിരുന്നു പ്രയാസം.

നാലാങ്കൽ കൃഷ്ണപിള്ളയുടെ വീട്ടിലെ കിണർ തന്നെ ആദ്യം തേവി വറ്റിച്ചു നാലു മീനിനെ പിടിച്ചു. പിന്നീട് കിണർ തേവാൻ സമ്മതിച്ചില്ല. പിന്നീട്, മീനുകളെ കണ്ടെത്താൻ കോട്ടയം നഗരത്തിലും പരിസരപ്രദേശത്തുമായി അൻപതിനടുത്തു കിണറുകൾ തേവി വറ്റിച്ചു. അങ്ങനെ 151 കുരുടൻ മുഷികളെ ലഭിച്ചു. അതുവച്ചാണു ഡോ. അന്ന മേഴ്സി പഠനം നടത്തിയത്. 1981ൽ സമർപ്പിച്ച പ്രബന്ധം ഹൊറാഗ്ലാനിസ് കൃഷ്ണയിയെക്കുറിച്ചുള്ള ഏക ശാസ്ത്രീയ പഠനമാണ്. 

പിന്നീട് ആരും ഇതിനു പിന്നാലെ പോയിട്ടില്ല. മീനിനെ കിട്ടാനുള്ള വിഷമമായിരുന്നു പ്രധാന കാരണം. ഡോ. എൻ. കൃഷ്ണപിള്ളയുടെ കീഴിൽ ഗവേഷണം നടത്തിയ അവസാനയാളുമാണ് അന്ന മേഴ്സി. അതിനു ശേഷം അദ്ദേഹം സർവീസിൽനിന്നു വിരമിച്ചു.

English summary: Horaglanis krishnai

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com