ADVERTISEMENT

കേരളത്തിലെ വെറ്ററിനറി ഡോക്ടർമാർ അനുഭവിക്കുന്ന പ്രശ്നങ്ങൾ ഏതാനും നാളുകളായി ഉയർന്നുവന്നുകൊണ്ടിരിക്കുകയാണ്. എന്നാൽ, വെറ്ററിനറി ഡോക്ടറിൽനിന്ന് ഒരു സംരംഭകനായ മലയാളിയെ നിങ്ങൾക്കായി പരിചയപ്പെടുത്താം. ഡോ. ബിഷോർ ഇബ്രാഹിം. മെഡിക്കൽ മേഖലയിൽത്തന്നെ മനുഷ്യർക്കും മൃഗങ്ങൾക്കും ഒരുപോലെ ഉപകാരപ്പെടുന്ന ഉൽപന്നങ്ങൾ നിർമിക്കുന്ന സ്ഥാപനമാണ് അദ്ദേഹത്തിന്റെ യുബയോ ബയോടെക്നോളജീസ്. കൊച്ചി ആസ്ഥാനമായുള്ള കമ്പനി ഇപ്പോൾ കോവിഡ്‌ രോഗ നിർണയത്തിനുള്ള കിറ്റുകൾ പുറത്തിറക്കിയിരിക്കുന്നു. 

തന്റെ പാത സയൻസ് ആണെന്നും എന്നാൽ അത് കേവലം ഒരു ഡോക്ടർ എന്ന സ്ഥാനത്ത് ഒതുങ്ങേണ്ടതല്ലെന്നും എന്ന ഉത്തമ ബോധ്യമാണ് ഡോ. ബിഷോർ ഇബ്രാഹിമിനെ യുബയോ ബയോടെക്നോളജീസ് സിസ്റ്റംസ് എന്ന സ്ഥാപനം തുടങ്ങാൻ പ്രേരിപ്പിച്ചത്. 1999ൽ മണ്ണുത്തി വെറ്ററിനറി കോളേജിൽനിന്ന് വെറ്ററിനറി സയൻസ് ബിരുദത്തോടെ പുറത്തിറങ്ങിയ ഡോ. ബിഷോർ ഇന്ത്യൻ വെറ്ററിനറി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് പബ്ലിക് ഹെൽത്തിൽ ബിരുദാനന്തര ബിരുദം നേടി. പിന്നീട് തിരിച്ചെത്തി ഏകദേശം എട്ടു മാസത്തോളം വെറ്ററിനറി ഡോക്ടറായി പ്രാക്ടീസ് ചെയ്തു. ശേഷം പാലോട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആനിമൽ ഹെൽത്ത് ആൻഡ‍് വെറ്ററിനറി ബയോളജികൽസിൽ ഗവേഷണ വിഭാഗത്തിൽ ജോലി ചെയ്തു. അതും വിട്ട് ഗുഡ്ഗാവിലെ ഒരു സ്വകാര്യ കമ്പനിയിൽ പ്രവേശിച്ചു. അവിടെനിന്ന് നേരെ കൊറിയയിലേക്ക്. അവിടെനിന്നാണ് രോഗനിർണയ  ഉൽപന്നങ്ങളുടെ ലോകത്തേക്കുള്ള പ്രവേശനം. 2009ൽ തിരിച്ച് നാട്ടിലെത്തി. സ്വന്തമായി ഒരു കമ്പനി തുടങ്ങുക എന്നതുതന്നെയായിരുന്നു വരവിന്റെ ഉദ്ദേശ്യം. അങ്ങനെ സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും കൂട്ടി യുബയോ ബയോടെക്നോളജീസ് എന്ന സ്ഥാപനത്തിന് ജന്മം നൽകി. കളമശേരി കിൻഫ്ര ഹെ ടെക് പാർക്കിൽ ഒരു ചെറിയ ലാബിൽനിന്നാണ് തുടക്കം.

ജന്തു രോഗ നിർണയത്തിനുള്ള റാപിഡ് ടെസ്റ്റുകളാണ് യുബയോ പ്രധാനമായും നിർമിക്കുന്നത്. വെറ്ററിനറി മേഖലയിൽനിന്നുള്ള ഒരാൾ സാരഥി ആയതുകൊണ്ടുതന്നെയാവും ലോകത്തിലെതന്നെ മികച്ച കമ്പനികളിലൊന്നായി എണ്ണപ്പെടാൻ യുബയോ ബയോടെക്നോളജി സിസ്റ്റംസിന് കഴിഞ്ഞത്. കേവലം പത്തു മിനിറ്റിനു താഴെ സമയത്തിനുള്ളിൽ രോഗനിർണയം സാധ്യമാകുന്ന റാപിഡ് ടെസ്റ്റ് കിറ്റുകളാണ് കമ്പനി ഉൽപാദിപ്പിക്കുന്നത്. ഒരു ചെറിയ ലാബിൽനിന്നു പ്രവർത്തനം ആരംഭിച്ച കമ്പനി ഇന്ന് 45 രാജ്യങ്ങളിൽ തങ്ങളുടെ ഉൽപന്നങ്ങളിലൂടെ സാന്നിധ്യമറിയിച്ചു. യൂറോപ്പിൽ സ്കോട്ട്ലൻഡിലുള്ള സബ്സിഡിയറി കമ്പനിയാണ് ഉൽപന്നങ്ങളുടെ വിതരണം നടത്തുന്നത്. അമേരിയിക്കയിലേക്കുകൂടി പ്രവർത്തനം ആരംഭിക്കാനുള്ള ശ്രമത്തിലാണ് തങ്ങളെന്ന് ഡോ. ബിഷോർ പറയുന്നു. 

ubio-1
യുബയോയുടെ കരുത്ത്

മൃഗസംരക്ഷണ മേഖലയിൽ വലിയ ഫാമുകളെല്ലാം തങ്ങളുടെ ഉൽപന്നങ്ങളുടെ ഉപയോക്താക്കളാണെന്ന് ഡോ. ബിഷോർ. പശുക്കളെ വാങ്ങുമ്പോഴും വിൽക്കുമ്പോഴുമെല്ലാം രോഗങ്ങളില്ല എന്ന് ഉറപ്പുവരുത്താൻ കർഷകർക്കു തങ്ങളുടെ ഉൽപന്നങ്ങളിലൂടെ കഴിയുന്നു. പശുക്കൾ കൂടാതെ പൗൾട്രി, നായ്ക്കൾ, പൂച്ചകൾ പോലുള്ള എല്ലാത്തരം മൃഗങ്ങളുടെയും രോഗനിർണയം സാധ്യമാക്കാം.

ഇതുവരെ നൂറോളം ജന്തുരോഗ നിർണയത്തിനുള്ള ടെസ്റ്റിങ് കിറ്റുകൾ യുബയോ തന്നെ വികസിപ്പിച്ചെടുത്തിട്ടുണ്ട്. കൂടാതെ, ഇന്ത്യയിലെ പ്രമുഖ ഗവേഷണ കേന്ദ്രങ്ങളുമായി ചേർന്ന് കമ്പനി വികസിപ്പിച്ച ചില ഉൽപന്നങ്ങൾക്ക് രാഷ്ട്രപതി അവാർഡ് ലഭിച്ചിട്ടുണ്ടെന്നും ഡോ. ബിഷോർ പറയുന്നു.

രണ്ടു ഡിവിഷനുകളായാണ് കമ്പനിയുടെ പ്രവർത്തനം. അതായത് മനുഷ്യർക്കും മൃഗങ്ങൾക്കുമായി വെവ്വേറെ ഡിവിഷനുകളാണ് കമ്പനിക്കുള്ളത്. കളമശേരിയിലെ കിൻഫ്രയിൽ പ്രവർത്തിക്കുന്ന നിർമാണ യൂണിറ്റിൽ അൻപതോളം ജീവക്കാരുണ്ട്. 

ഒരു മൊബൈൽ ലബോറട്ടറി എന്നതിലുപരിയായി വിവരസാങ്കേതികവിദ്യയുടെയും നൂതന രോഗനിർണയ സങ്കേതങ്ങളുടെയും സാധ്യതകൾ സംയോജിപ്പിച്ച്  ചെറുകിട കർഷകർ, വെറ്ററിനറി ഡോക്ടർമാർ, ഗവേഷണ സ്ഥാപനങ്ങൾ, മൃഗസംരക്ഷണ കേന്ദ്രങ്ങൾ, ഭക്ഷ്യസംസ്കരണ വ്യവസായങ്ങൾ എന്നിവയ്ക്കെല്ലാം നേരിട്ട് സംവദിക്കാനാകുന്ന ഒരു ബയോ–‌ഐടി രോഗനിർണയ സംവിധാനം  (Bio -IT diagnostic platform)  ആരംഭിക്കുകയാണ് യുബയോ ബയോടെക്നോളജീസിന്റെ അടുത്ത ലക്ഷ്യം. 

ക്ഷീര കർഷകർ, മത്സ്യ കർഷകർ, അലങ്കാര പക്ഷികൾ, ഓമനമൃഗങ്ങൾ എന്നിവയുടെ ഉടമകൾ, മൃഗപരിപാലകർ എന്നിവർക്കെല്ലാം ആവശ്യമായ നൂതന രോഗനിർണയ സേവനങ്ങൾ അടങ്ങിയ  ഈ സംരഭം ഈ വർഷം ആദ്യം ആരംഭിക്കാനിരുന്നതാണെങ്കിലും കോവിഡ്–19ഉം ലോക്‌ഡൗണും അതിനു തിരിച്ചടിയായി. കോവിഡ് പ്രതിസന്ധികൾ മാറുമ്പോൾ ഈ ലബോറട്ടറി സംവിധാനം കർഷർക്കായി കേരളത്തിലുടനീളം അവതരിപ്പിക്കാനാണ് തീരുമാനം.

ജന്തുരോഗ നിർണയം സംബന്ധിച്ച് കർഷകർക്കുള്ള ഏതു സംശയങ്ങൾക്കും യുബയോയുമായി ബന്ധപ്പെടാം.

ഫോൺ: 9744122269, email:bishor@ubio.in

English summary: Ubio the Leading Manufacturers of Diagnostic Devices in India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com