എല്ലിച്ച ശരീരവുമായി എല്ലാം നഷ്ടപെട്ടു നിൽക്കുന്ന അദ്ദേഹത്തെ എങ്ങനെ സമാധാനിപ്പിക്കാനാണ്

HIGHLIGHTS
  • എൻപതിനായിരം രൂപയ്ക്ക് വാങ്ങിയ രണ്ടാം പ്രസവക്കാരി പശുവിന് കാലു വേദനയാണ്
  • ജീവിക്കാൻ വഴിയില്ലാതെ ബുദ്ധിമുട്ടുകയാണ് നമ്മുടെ കർഷകർ
cow
SHARE

കർഷകരെ ഏറ്റവുമധികം അടുത്തറിയുന്നവരാണ് വെറ്ററിനറി ഡോക്ടർമാർ. കർഷകരുടെ ബുദ്ധിമുട്ടും പ്രശ്നങ്ങളും അധ്വാനവുമെല്ലാം അറിയുന്നവർ. അതുകൊണ്ടുതന്നെ കർഷകർ വിളിച്ചാൽ ഏത്ര ബുദ്ധിമുട്ടുകൾ സഹിച്ചും ഓടിയെത്താൻ വെറ്ററിനറി ഡോക്ടർമാർ ശ്രമിക്കാറുണ്ട്. ഒരു കർഷകന്റെ വരുമാനമാർഗമായിരുന്ന പശുവിന് ജീവൻ നഷ്ടപ്പെട്ടപ്പോൾ അദ്ദേഹത്തിന്റെ അവസ്ഥ കണ്ട് താനും മരവിച്ചുപോയി എന്ന് ഡോ. ആർ. രഞ്ജിത് പറയുന്നു. അദ്ദേഹം പങ്കുവച്ച കുറിപ്പ് വായിക്കാം...

ആകെ ഒരു മടുപ്പ്. മണിയൻ ചേട്ടന്റെ പശുവിന് പ്രസവ ലക്ഷണം തുടങ്ങിയെന്ന് പറഞ്ഞു, ആദ്യം നസീൽ ഡോക്ടർ വിളിച്ചു. പിന്നെ അമൽ ഡോക്ടർ, അത് കഴിഞ്ഞു ലൈവ്സ്റ്റോക്ക് ഇൻസ്‌പെക്ടർ കണ്ണൻ വിളിച്ചു.

ഞായറാഴ്ച ആണെങ്കിലും, എന്റെ ജോലിസ്ഥലമായ അമ്പൂരിയിൽനിന്നും മടങ്ങിവന്നപ്പോൾ വൈകിട്ട് ഏഴ് ആയിട്ടുണ്ടായിരുന്നു. ആകെ ക്ഷീണിച്ചിരുന്നു. രാവിലത്തെ അധ്വാനം മൊത്തം സജിച്ചേട്ടന്റെ ചെനയുള്ള കിടാരിയെ ഉയർത്തൽ ആയിരുന്നു. വീണു കാലിനു നീര് വന്നിട്ട് അവൾക്ക് അനങ്ങാൻ പോലും പറ്റുന്നില്ല. സജിച്ചേട്ടന് ആകെ വിഷമം. അത് കണ്ടുകൊണ്ട് അവിടുന്ന് മടങ്ങി.

അത് കഴിഞ്ഞ് ഉച്ചയ്ക്ക് മണിക്കുട്ടൻ ചേട്ടന്റെ പശുവിന്റെ കുളമ്പു ചെത്തി മിനുക്കിക്കൊടുത്തു. അതുകൂടി ചെയ്തപ്പോൾ എന്റെ നടുവിനു പണി കിട്ടി. ഭയങ്കര വേദന. എൻപതിനായിരം രൂപയ്ക്ക് വാങ്ങിയ രണ്ടാം പ്രസവക്കാരി പശുവിന് കാലു വേദനയാണ്. ഹാർട്ട് സർജറി കഴിഞ്ഞ ചേട്ടന് ഇരട്ടകളായ പെണ്മക്കളെ ഒരു നിലയ്ക്ക് എത്തിക്കണമെങ്കിൽ പശുവളർത്തൽ അല്ലാതെ വേറെ ഒരു നിവർത്തിയുമില്ല.

പിന്നെ എഴുന്നേൽക്കാൻ ബുദ്ധിമുട്ട് കാണിക്കുന്ന ഒരു പശുവിനെ കൂടി നോക്കി. അതും കൂടി കഴഞ്ഞപ്പോൾ ആകെ മടുപ്പായി. ഉച്ചയ്ക്ക് ഒന്നും കഴിച്ചില്ല. ഏഴു മണിക്ക് വീട്ടിൽ വന്നു. അമ്മയോട് ചായ തരാൻ പറഞ്ഞിട്ട് ഇരിക്കുമ്പോഴാണ് മണിയൻ ചേട്ടന്റെ വീട്ടിലെ വിളി വന്നത്. ചായ കുടിച്ചു തീർത്തിട്ട് പെട്ടെന്ന് തന്നെ അവിടെ എത്താൻ പറ്റി.

രാവിലെ തുടങ്ങിയ പ്രസവലക്ഷണം ആയിരുന്നു അവൾക്ക്. വൈകുന്നേരം ആയപ്പോഴേക്കും അവൾ ആകെ ക്ഷീണിച്ചിരുന്നു. കണ്ണുകളോക്കെ കുഴിഞ്ഞു ഷോക്ക് എന്നൊരു അവസ്ഥയിൽ ആയിരുന്നു. പെട്ടെന്നുതന്നെ കുഞ്ഞിനെ പുറത്തെത്തിക്കാനുള്ള ശ്രമങ്ങൾ തുടങ്ങി. സഹായിയായി കണ്ണനും കൂടി. കുഞ്ഞിന്റെ തല ഒരു വശത്തേക്ക് മടങ്ങിയിരിക്കുകയായിരുന്നു. ഒരുപാട് പ്രയാസപ്പെട്ട് കുഞ്ഞിനെ പുറത്തെത്തിച്ചു. പക്ഷേ ഒരു 5 മിനിറ്റ് കഴിഞ്ഞ് തള്ളപ്പശു ഹൃദയാഘാതം വന്നു മരണപെട്ടു.

ഞാനും കണ്ണനും മണിയൻ ചേട്ടനോട് എന്ത് പറയണമെന്നു അറിയാതെ പരസ്പരം നോക്കി നിന്നു. പലപ്പോഴായി പശുക്കളെ രോഗങ്ങൾ വന്ന് നഷ്ടപ്പെട്ടുള്ള ആ സാധുവിന് ഇത് താങ്ങാൻ സാധിക്കില്ല. പത്തു ദിവസം മുൻപ് പലരിൽ നിന്നും കടംവാങ്ങി വാങ്ങിയ പശുവാണ്. പശുവിന് ഇൻഷുറൻസും ഇല്ല. എല്ലിച്ച ശരീരവുമായി എല്ലാം നഷ്ടപെട്ടവനെപ്പോലെ നിൽക്കുന്ന അദ്ദേഹത്തെ എന്ത് പറഞ്ഞു സമാധാനിപ്പിക്കാനാണ്.

കർഷകരുടെ ജീവിതം ഇങ്ങനെയാണ്. പ്രത്യേകിച്ച് പശു വളർത്തുന്നവരുടെ. രാവിലെ നാലിനെങ്കിലും തുടങ്ങും പശു പരിപാലനം. അത് രാത്രി കിടക്കുന്നതു വരെ തുടരും. ഏതു സമയവും ചാണകത്തിലാണ് ജീവിതം. എങ്ങും പോകാൻ സാധിക്കില്ല. ഇങ്ങനെയൊക്കെ കഷ്ടപെട്ടാലും പാലിന് മതിയായ വില കിട്ടില്ല. തീറ്റച്ചെലവ് ഭയങ്കരവും. പശുവളർത്താത്ത നമുക്കൊക്കെ പൈസ കുറച്ചു പാൽ കിട്ടാൻ വേണ്ടിയാണ് പാൽ വില കൂട്ടാതെ നിർത്തിയിരിക്കുന്നത് എന്നതല്ലേ സത്യം? അതായത് നമ്മൾ തുച്ഛമായ പൈസ കൊടുത്തു വാങ്ങുന്ന പാൽ മണിയൻ ചേട്ടനെ പോലുള്ളവരുടെ വെളുപ്പാൻ കാലം തൊട്ടുള്ള കഷ്ടപാടാണ്.

ചുരുക്കത്തിൽ ഇൻഷുറൻസ്, തീറ്റച്ചെലവ്, അസുഖം വന്നാലുള്ള നഷ്ടം തുടങ്ങി എല്ലാം കൂടി നോക്കുമ്പോൾ ജീവിക്കാൻ വഴിയില്ലാതെ ബുദ്ധിമുട്ടുകയാണ് നമ്മുടെ കർഷകർ. പക്ഷേ, കൊറോണയുടെ സമയത്തു ഇതൊക്കെ ആരോട് പറയാൻ. മിക്കവാറും ഇതേ അവസ്‌ഥയിലാണ്. എങ്കിലും ആരുടെയെങ്കിലുമൊക്കെ സഹായത്തോടെ ആ മനുഷ്യന് എന്തെങ്കിലും സഹായം ചെയ്യണമെന്നുണ്ട്. ഈ രാത്രി ആ പാവം സ്വസ്ഥമായി ഉറങ്ങുമോ എന്തോ, ഈ വിഷമങ്ങൾ കണ്ടിട്ട് എനിക്ക് വല്ലാത്ത മടുപ്പ് തോന്നുന്നു.

English summary: Service Story of a Veterinary Doctor

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA