ADVERTISEMENT

രണ്ട് പതിറ്റാണ്ട് മുൻപ് (1998 ഡിസംബറിൽ) മലയാള മനോരമ പ്രാദേശികം പേജിൽ ‘വനാതിർത്തിയിലെ വേദനകൾ’ എന്ന പരമ്പര എഴുതി. ആ പരമ്പരയുടെ ആദ്യ ദിവസത്തെ തലക്കെട്ട് ഇങ്ങനെയായിരുന്നു ‘മലയിറങ്ങി കാട്ടുപന്നി മല്ലപ്പള്ളിയിൽ’.

കാട്ടു പന്നിയും കിട്ടാത്ത പട്ടയവും മൂലം ഉത്തരം കിട്ടാത്ത നിരവധി ചോദ്യങ്ങളുടെ നടുവിൽ പ്രയാസപ്പെടുന്ന പെരുമ്പെട്ടി നിവാസികളുടെ രോദനമായിരുന്നു ഈ പരമ്പരയുടെ ഉള്ളടക്കം. ഈ വാർത്ത തയാറാക്കാൻ എന്നെ പ്രേരിപ്പിച്ചത് അന്ന് മലയാള മനോരമയുടെ തിരുവല്ല റിപ്പോർട്ടറും ഇപ്പോൾ അസിസ്റ്റന്റ് എഡിറ്ററുമായ വർഗീസ് സി. തോമസ് സാറാണ്.

ഒരു ടാപ്പിങ് തൊഴിലാളിയെ കാട്ടുപന്നി കുത്തി പരുക്കേൽപിച്ച വിവരം അറിഞ്ഞാണ് വലിയകാവ് വനമേഖലയോട് ചേർന്നു കിടക്കുന്ന  മല്ലപ്പള്ളി താലൂക്കിലെ പെരുമ്പെട്ടി വില്ലേജിലെ പന്നയ്ക്കപ്പതാൽ പ്രദേശത്ത് എത്തിയത്. അവിടെ ചെന്നപ്പോൾ കർഷകരുടെ ദുരിതം നേരിൽ കാണാൻ കഴിഞ്ഞു. പന്നിയുടെ ശല്യം മൂലം നാണ്യവിളകളും നാട്ടു വിളകളുമെല്ലാം നശിപ്പിച്ചിരിക്കുന്നു. വാഴയും ചേനയും കപ്പയുമെല്ലാം കുത്തിമറിച്ചിട്ട നിലയിൽ.

പക്ഷേ, അന്ന് പെരുമ്പെട്ടി നിവാസികൾ അല്ലാതെ ആരും ഇത് കാര്യമായി എടുത്തില്ല. പത്രക്കാർക്ക് പണിയൊന്നുമില്ലേ, പന്നിയൊക്കെ അങ്ങ് എരുമേലി വനത്തിലാണെന്നു പറഞ്ഞ് നിസാരമായി തള്ളി.

20 വർഷം പിന്നിട്ടപ്പോൾ മധ്യ തിരുവിതാംകൂറിലെ ജനവാസ കേന്ദ്രങ്ങളിൽ പോലും കാട്ടുപന്നി ശല്യം രൂക്ഷമായി.

2018ലെ പ്രളയ കാലത്ത് പമ്പ–മണിമല നദികളിലൂടെയും കനാലുകളിലൂടെയും ഒഴുകിയെത്തിയ കാട്ടുപന്നികൾ കരയിലൂടെ രക്ഷപ്പെട്ടാണ് ഈ ഭാഗങ്ങളിലേക്ക് വന്നെത്തിയതെന്ന് കരുതുന്നു. വിവിധ ഭാഗങ്ങളിൽ കാർഷിക വിളകളും മറ്റും നശിപ്പിക്കുന്ന പ്രവണത തുടരുകയാണ്. മിക്ക കൃഷിയിടങ്ങളിലും ഇവയുടെ ശല്യമുണ്ടായി. ടാപ്പിങ് ജോലിയിൽ ഏർപ്പെടുന്ന തൊഴിലാളികൾ പന്നിയെ പുലർച്ചെ പലതവണ കണ്ടു. കുഞ്ഞുങ്ങളുമായുള്ള സംഘവും ഇതിൽ ഉൾപ്പെടും. സംഘമായാണ് ഇവയുടെ സഞ്ചാരം. ആളുകളെ കണ്ടാൽ നിമിഷനേരംകൊണ്ട് ഓടി മറയുകയും ചെയ്യും. പലയിടങ്ങളിലും പന്നിയുടെ വഴിത്താരകൾ കാണാം.

കഴിഞ്ഞ പത്താമുദയത്തിനു (ഏപ്രിൽ–23) ഞാൻ 5 തെങ്ങിൻതൈ നട്ടു. 2 മാസത്തോളം അത് നാമ്പ് ഉയർത്തി നിന്നു. 3 ആഴ്ച മുൻപ് നോക്കിയപ്പോൾ ഇവയെല്ലാം നിലംപറ്റെ കിടക്കുന്നു. തൈയുടെ ചുവട്ടിലെ തേങ്ങയുടെ തൊണ്ടു വരെ പിച്ചി ചീന്തിയിരിക്കുന്നു. ഇതുപോലെ അനുഭവങ്ങൾ ഉണ്ടായ നൂറുകണക്കിനാളുകൾ മധ്യ തിരുവിതാംകൂറിലുണ്ട്. കൃഷിയെ മാത്രം ആശ്രയിച്ചു കഴിയുന്ന കുടുംബങ്ങളുടെ സ്ഥിതി പറഞ്ഞും എഴുതിയും അറിയിക്കാവുന്നതല്ല.

ഒരേക്കർ ഭൂമി കാർഷിക ആവശ്യത്തിന് ഒരുക്കിയെടുക്കാൻ ആയിരങ്ങളാണ് വേണ്ടത്. കർഷകർ മുടക്കിയ പണത്തിന്റെ പത്തിലൊന്നുപോലും തിരികെ ലഭിക്കാത്ത സ്ഥിതിയാണിപ്പോൾ. നാട്ടുവിളകൾ ലാഭകരമല്ലാത്തതും റബർ ഉൾപ്പെടെയുള്ള വിളകളുടെ വില തകർച്ചയും ക്രമാതീതമായി വർധിക്കുന്ന കൂലിയും പലരെയും ഭൂമി തരിശിടാൻ നിർബന്ധിതരാക്കി. തരിശിട്ട ഭൂമിയിൽ കാട് വളർന്നു. കാട്ടുപന്നിക്ക് ഇത് സഹായമായി എന്നുവേണം കരുതാൻ. കർഷകരെ സഹായിക്കാൻ കാര്യമായ പദ്ധതികൾ ഒന്നും ഉണ്ടായില്ല. കാർഷിക വായ്പയെടുത്തവർക്ക് പലിശ പോലും അടയ്ക്കാനും കഴിയുന്നില്ല.

കാട്ടുപന്നിയെ അറിയാം

ശല്യക്കാരായ പന്നികളെ ഉന്മൂലനം ചെയ്യാൻ യുഎസ് ഉൾപ്പെടെ പല പാശ്‌ചാത്യ രാജ്യങ്ങളിലും നിയമവും സർക്കാർ–പൊതുജന പങ്കാളിത്തത്തോടെ സംവിധാനവും നിലവിലുണ്ട്.

യുഎസിൽ പന്നികൾ കാർഷിക മേഖലയ്‌ക്കു വരുത്തിവയ്‌ക്കുന്ന വാർഷിക നഷ്‌ടം 100 കോടി ഡോളർ (ഏകദേശം 7000 കോടി രൂപ). ടെക്‌സസിൽ കാട്ടുപന്നികളെ നിയന്ത്രിക്കാൻ ചില നായാട്ടു സംഘങ്ങളെ ചുമതലപ്പെടുത്തിയതിലൂടെ വനം വകുപ്പിനു ലഭിച്ചത് 10 ലക്ഷം ഡോളർ (7 കോടിയോളം രൂപ). ചിലയിടങ്ങളിൽ വരുമാനമുണ്ടാക്കുന്ന മൃഗയാവിനോദമാക്കി ഇത് മാറ്റിയിട്ടുണ്ട്.

30 തരം രോഗാണുക്കളുടെ ഉറവിടമാണ് പന്നികളെന്നു യുഎസിൽ നടത്തിയ പഠനം പറയുന്നു. പന്നിപ്പനി ഉൾപ്പെടെ പല രോഗങ്ങളുടെയും വാഹകരായി ഇവ മാറാം. വളർത്തുമൃഗങ്ങളിലേക്കും രോഗം പരത്താൻ ഇടയുണ്ട്.

ശല്യക്കാരായ പന്നികളെയും മറ്റും ഉന്മൂലനം ചെയ്യാൻ യുഎസ് ഉൾപ്പെടെ പല പാശ്‌ചാത്യ രാജ്യങ്ങളിലും നിയമവും സംവിധാനവുമുണ്ട്. ഒരു കെണിയും പന്നിക്കെതിര പൂർണമായും ഫലപ്രദമല്ലെന്നാണ് യുഎസിലെ ഗവേഷകർ പറയുന്നത്. പന്നികൾ വരുത്തുന്ന കാർഷിക നഷ്ടം, രോഗം പരത്തുന്നതിലൂടെ വരുത്തുന്ന നഷ്‌ടം എന്നിവ പരിശോധിച്ചാണ് ഉന്മൂലന തീരുമാനമെടുക്കുന്നത്.

പല രാജ്യങ്ങളിലും കാട്ടുപന്നികൾക്ക് വന്യജീവി നിയമത്തിന്റെ സംരക്ഷണമില്ല. പകരം കൃഷിയുടെ ശത്രുകീടമായി (വെർമിൻ) കരുതി നിയന്ത്രിക്കുകയാണ്.

കാട്ടുപന്നി (ഇന്ത്യൻ ബോർ)

  • ശരാശരി തൂക്കം: 90–130 കിലോ, ശരീര നീളം 80–93 സെന്റീമീറ്റർ.
  • സംസ്ഥാനത്തെ ആകെ കാട്ടുപന്നികളുടെ എണ്ണം 48034 ആണെന്നാണ് വനം വകുപ്പിന്റെ കണക്ക്.
  • തീറ്റ: മാങ്ങാ ഇഞ്ചിയും കോലിഞ്ചിയും ഒഴികെ എന്തും തിന്നും. കിഴങ്ങുകൾ, കായ്കൾ, വേര്, തൊലി, മണ്ണിര, പുഴുക്കൾ, എലി, ചെറിയ ഇഴജന്തുക്കൾ, മുട്ട, ചെറു ജീവികൾ. അലക്ഷ്യമായി വലിച്ചെറിയുന്ന ഭക്ഷ്യമാലിന്യങ്ങളും ഇവ ഈയിടെയായി തിന്നു തുടങ്ങി.
  • അക്രമം: ജീവൻ അപകടത്തിലായെന്നു തോന്നിയാൽ പന്നികൾ ആക്രമിക്കാം. രാത്രി യാത്രയിലോ വീടിനു പുറത്തിറങ്ങുമ്പോഴോ വേണ്ടത്ര ശബ്ദമുണ്ടാക്കി നീങ്ങണം.

കൃഷി കുറഞ്ഞതാണു പന്നിശല്യം രൂക്ഷമാക്കുന്നതെന്നും ഗവേഷകർ പറയുന്നു. ചൂട് വർധിക്കുന്നതും കാട്ടിലെ തീറ്റയുടെ ലഭ്യതക്കുറവും ഇവയുടെ എണ്ണം പെരുകാൻ കാരണമായതായി വിദഗ്ധർ ചൂണ്ടികാട്ടുന്നു.

കർഷകരെ ലാഭകരമായ കൃഷിയിലേക്ക് തിരികെ കൊണ്ടുവരാൻ കേന്ദ്ര–സംസ്ഥാന സർക്കാരുകളും പ്രാദേശിക ഭരണകൂടവും ശ്രമിക്കണം. തശിശ് കിടക്കുന്ന ഭൂമി കൃഷി യോഗ്യമാക്കിയാൽ തന്നെ കാട്ടുപന്നി ശല്യം ഒരു പരിധിവരെ ഇല്ലാതാക്കാൻ കഴിയും.

കഴിഞ്ഞ ദിവസം എന്റെ അയൽവാസി മോൻസിയുടെ കൃഷി കാട്ടുപന്നി നശിപ്പിച്ചതിനെ തുടർന്ന് ജില്ലാ ഫോറസ്റ്റ് ഓഫിസറെ (ഡിഎഫ്ഒ) ഞാൻ ഫോണിൽ വിളിച്ചു. അദ്ദേഹത്തിന്റെ നിർദേശങ്ങൾ ചുവടെ ചേർക്കുന്നു.

‘കൃഷിയിടങ്ങളിൽ കാട്ടുപന്നി വരുത്തിയ നാശനഷ്ടങ്ങളുടെ കണക്ക് വാർഡ് തലത്തിൽ പഞ്ചായത്ത് അംഗങ്ങൾ ശേഖരിക്കുക. ഇത് പഞ്ചായത്ത് പ്രസിഡന്റ് ചെയർമാനായ ജാഗ്രത സമിതിയിൽ വെച്ച ശേഷം ചർച്ച ചെയ്യുകയും ജീവനും സ്വത്തിനും ഭീഷണിയാകുന്ന നിലയിൽ കാട്ടുപന്നി ആക്രമണങ്ങളുടെയും കൃഷി നാശങ്ങളുടെയും പശ്ചാത്തലങ്ങൾ ചൂണ്ടികാണിച്ച് റിപ്പോർട്ട് തയാറാക്കി ജില്ലാ ഫോറസ്റ്റ് ഓഫിസർക്ക് നൽകുകയും വേണം. ശല്യമുള്ള പ്രദേശങ്ങളിൽ കാട്ടുപന്നിയെ വെടിവെച്ചു കൊല്ലാനുള്ള അനുവാദം ജില്ലാ ഫോറസ്റ്റ് ഓഫിസർക്ക് ഇപ്പോഴത്തെ വന്യജീവി സംരക്ഷണ നിയമം അനുവദിക്കുന്നുണ്ട്. ഡിഎഫ്ഒയുടെ അനുമതിയോടെ ലൈസൻസുള്ള ആർക്കും ഇവയെ വെടിവെച്ചു കൊല്ലാം. വനംവകുപ്പിൽ നിന്നു പ്രത്യേക പരിശീലനം ലഭിച്ചവരുടെ സഹായവും തേടാവുന്നതാണ്.’

കാട്ടുപന്നിയെ തുരുത്താൻ ജാഗ്രതയാണ് വേണ്ടത്. പഞ്ചായത്ത് അംഗങ്ങളും സന്നദ്ധ സംഘടന പ്രവർത്തകരും കർഷകരും പ്രദേശവാസികളുമടങ്ങുന്ന ജാഗ്രതാ സമിതികൾ ഉണ്ടായാൽ കാട്ടുപന്നി ശല്യം മാത്രമല്ല സമൂഹം നേരിടുന്ന പല പ്രതിസന്ധികളെയും ഒരുമിച്ച് നേരിടാൻ കഴിയും.

English Summary:  Wild Boars and Farmers

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com