ADVERTISEMENT

‘അയ്യേ... സുമീ... എന്തോന്നാ ഇത്...’ അടുക്കളയിൽനിന്ന് അമ്മ അച്ഛന്റെ അടുക്കലേക്കു പാഞ്ഞു പോയി. 

‘എന്തോ പറ്റി?’

മുഖം കോടി പിടിച്ചുകൊണ്ട് നിൽപ്പുണ്ടായിരുന്നു. കൈയിൽനിന്നും വഴു വഴാന്ന് ഒരു ദ്രാവകം താഴെ ഒലിച്ചു വീഴുന്നുണ്ട്. അച്ഛൻ ഇടയ്ക്കിടയ്ക്ക് പുറകെ തിരിഞ്ഞു നോക്കുന്നുമുണ്ട്.

‘എന്തോന്നാ ഇത്?’ അമ്മ ചോദിച്ചു.

‘മുട്ട’ അച്ഛൻ വൈമനസ്യത്തോടെ പറഞ്ഞു. 

‘ഏട്ടൻ മുട്ട ഇട്ടോ?’ ചിരിച്ചു കൊണ്ട് അമ്മ ചോദിച്ചു. 

‘രാവിലെ കോമഡി അടിക്കാതെ വന്ന് എന്നെ ഒന്നു സഹായിക്കു. എനിക്ക് ലോഗിൻ ചെയ്യാനുള്ളതാ.’ 

അമ്മ നോക്കിയപ്പോൾ ഇരിക്കുന്ന കസേരയിലെ കുഷ്യനും അതിന്റെ താഴെയും എല്ലാം മുട്ട പൊട്ടി ഒലിക്കുന്നു. അവിടെ എല്ലാം തുടച്ച് ഡെറ്റോൾ ഒക്കെ ഇട്ട് അമ്മ വൃത്തിയാക്കി. കുഷനും കസേരയും അച്ഛൻ പുറത്തേക്കു കൊണ്ട് പോയി കഴുകി ഉണക്കാനിട്ടു. പിന്നെ പോയി മുണ്ടൊക്കെ മാറ്റി കുളിച്ചു വൃത്തിയായി ഓഫീസിലെ ജോലികൾ ഓരോന്നായി തുടങ്ങി. കൊറോണ തുടങ്ങിയതു മുതൽ അച്ഛൻ ഓഫീസിൽ പോകാറില്ല. വീട്ടിൽ ആ കസേരയിൽ ഇരുന്നു മുഴുവൻ ദിവസവും ജോലി ചെയ്യും.   

‘എന്നാലും അവിടെ മുട്ട എങ്ങനെ വന്നു?’ അച്ഛന് ഒരു എത്തും പിടിയും കിട്ടുന്നില്ല.

‘ആ ജനൽ എപ്പോഴും തുറന്നു കിടക്കുക അല്ലെ. വല്ല കിളിയും മുട്ട ഇട്ടതായിരിക്കും.’

‘ഏയ് ഇത് കിളി ഒന്നും അല്ല. കോഴി മുട്ടയാ. മാത്രവുമല്ല നല്ല തണുപ്പും ഉണ്ടായിരുന്നു.’ അച്ഛൻ തീർത്തു പറഞ്ഞു. തൊട്ടടുത്ത കസേരയിൽ ദോശയും ചമ്മന്തിയും കഴിച്ചു കൊണ്ടിരുന്ന അപ്പു പരുങ്ങുന്നതു കണ്ട അമ്മ  അകത്തു പോയി ഫ്രിഡ്ജ് തുറന്നു നോക്കി. 3 മുട്ട കുറവ്. 

‘അപ്പൂ...’

‘ഞാൻ അത്... മുട്ട വിരിയിപ്പിക്കാനാ.’

അച്ഛൻ അപ്പുവിനെ ഒന്ന് തുറിച്ചു നോക്കി. 

‘ടീച്ചർ ക്ലാസ്സിൽ പറഞ്ഞല്ലോ മുട്ട വിരിഞ്ഞു കോഴിക്കുഞ്ഞു പുറത്തു വരും എന്ന്. നല്ല ചൂടുള്ള സ്ഥലത്തു വച്ചാൽ കോഴികുഞ്ഞു വരും. അച്ഛനാണെങ്കിൽ ആ കസേരയിൽനിന്ന് ഒരിക്കലും എണീക്കില്ല. കോഴിക്കുഞ്ഞു പെട്ടെന്ന് വരും എന്നു വിചാരിച്ചു.’

അമ്മയ്ക്ക് ചിരി വന്നു. ‘അപ്പൂ... അങ്ങനെ കടയിൽനിന്നും വാങ്ങുന്ന മുട്ടകളിൽനിന്നൊന്നും കുഞ്ഞു വിരിയത്തില്ല’

‘അതെന്താ?’

‘എല്ലാ പെൺ കോഴികളും മുട്ടയിടും. ഇണചേരാത്ത കോഴികൾ ഇടുന്ന മുട്ടയ്ക്കകത്തു കുഞ്ഞുണ്ടായിരിക്കില്ല. അതിനെ നമ്മൾ  അൺ ഫെര്‍ട്ടിലൈസ്ഡ് (unfertilized) മുട്ടകൾ എന്നു വിളിക്കും.  ഇണചേരുന്ന കോഴികൾ ഇടുന്ന മുട്ടയ്ക്കകത്തു കുഞ്ഞുങ്ങളുണ്ടാകും. അതിനെ ഫെര്‍ട്ടിലൈസ്ഡ് (fertilized) മുട്ടകൾ എന്നും വിളിക്കും. ഫെർട്ടിലൈസ്ഡ് ആയ മുട്ടകൾ മാത്രമേ വിരിയുകയുള്ളൂ.’

 തനിക്കു പറ്റിയ അബദ്ധം മനസിലാക്കിയ അപ്പു അമ്മയോട് ചോദിച്ചു.

‘അപ്പൊ നമുക്ക് കോഴികുഞ്ഞിനെ വേണമെങ്കിൽ എന്തു ചെയ്യും?’

‘കുഞ്ഞുങ്ങളെ വാങ്ങിക്കണം.’

‘എന്നിട്ട്?’

അമ്മ അപ്പുവിനെ നോക്കി. എന്തിനുള്ള പുറപ്പാടാണെന്ന് അമ്മക്ക് നല്ലവണ്ണം ബോധ്യമായി. തെങ്ങും കൂണും കഴിഞ്ഞ് ആശാൻ കോഴി വളർത്തിലേക്കു തിരിഞ്ഞിരിക്കുകയാണ്. 

‘അമ്മയ്ക്ക് കോഴി വളർത്തലിനെ കുറിച്ച് വലിയ പിടിയില്ല. അച്ഛന് അറിയാമായിരിക്കും. അച്ഛന്റെ പണ്ട് കോഴികളെ വളർത്തിയിരുന്നു.’

അമ്മ പന്ത് അച്ഛന്റെ കോർട്ടിൽ ഇട്ടു കൊടുത്തു.

‘അച്ഛാ... അച്ഛാ...’

മുട്ട കേസിൽ അച്ഛന് അൽപം നീരസമുണ്ടായിരുന്നു. എങ്കിലും അത് പുറമെ കാണിച്ചില്ല.

‘എന്താടാ?’

‘അച്ഛാ നമുക്ക് കോഴി വളർത്താമോ?’

‘മുട്ടയുടെ നാറ്റം ഇത് വരെ എന്റെ കൈയിൽനിന്നു പോയിട്ടില്ല’ കംപ്യൂട്ടർ സ്‌ക്രീനിൽനിന്നു കണ്ണെടുക്കാതെ അച്ഛൻ പറഞ്ഞു.

‘അത് അപ്പൂന് അറിയാത്തതു കൊണ്ടല്ലേ. നമുക്ക് ഒരു കോഴി ഉണ്ടായിരുനെങ്കിൽ എനിക്കും അതൊക്കെ അറിയാമായിരുന്നേനെ. അച്ഛാ നമുക്ക് കോഴിയെ വളർത്താം... പ്ളീസ്!!!’

‘അപ്പു നീ പോയെ... പിടിപ്പതു പണിയുള്ളപ്പോഴാണ്.’

അച്ഛനും കയ്യൊഴിഞ്ഞു. അപ്പുവിന് ആകെ സങ്കടമായി. അവന്റെ നോട്ട്ബുക്കിലെ കോഴികുഞ്ഞിന്റെ പടം നോക്കി അവൻ ഇരുന്നു. പക്ഷേ തോറ്റുകൊടുക്കാൻ അപ്പു ശീലിച്ചിട്ടില്ല. 

രണ്ടു ദിവസം കഴിഞ്ഞു വീട്ടിൽ ഒരാൾ എത്തി.

‘എന്താ?’ അമ്മ ചോദിച്ചു 

‘ഒരു ഡെലിവറി ഉണ്ട്.’

ക്യാഷ് കൊടുത്തു അമ്മ ആ പാക്കറ്റ് എടുത്തു സൂക്ഷിച്ച് അകത്തു കൊണ്ട് വച്ചു. കുറച്ചു കഴിഞ്ഞു പിന്നെയും ഒരു കാളിങ് ബെൽ. വീണ്ടും ഒരു പാക്കറ്റ്. പിന്നെയും അടുത്തത്. 

‘ഓർഡർ ചെയ്ത സാധനങ്ങൾ ഒക്കെ എത്തിയിട്ടുണ്ട്.’ അമ്മ അച്ഛനോട് പറഞ്ഞു.

‘ഞാനൊന്നും ഓർഡർ ചെയ്തില്ലല്ലോ.’

‘ദൈവമേ... എല്ലാത്തിനും ഞാൻ കാശ് കൊടുത്തല്ലോ!’

അച്ഛനും അമ്മയും ചേർന്ന് വന്ന പാർസൽ എല്ലാം തുറന്നു നോക്കി. കോഴികുഞ്ഞുങ്ങൾ, പിണ്ണാക്ക്, പിന്നെ കോഴിത്തീറ്റ. എല്ലാം ഉണ്ട്.

‘അപ്പൂ...’ രണ്ടു പേരും ഒന്നിച്ചു വിളിച്ചു.

അലസഭാവേന അപ്പു എത്തി. കോഴി വളർത്തലിനുള്ള സാധനങ്ങൾ എല്ലാം എത്തിയതിൽ അപ്പു അതിയായി സന്തോഷിച്ചു.

‘എന്താ അപ്പു ഇത്...’ അച്ഛൻ കടുപ്പിച്ചു ചോദിച്ചു.

‘ഞാൻ കോഴി വളർത്താൻ പോകുകയാ.’

‘അതിനു കോഴി വളർത്താൻ നിനക്കറിയാമോ?’

അപ്പു പുച്ഛ ഭാവത്തിൽ ഒന്ന് നോക്കി. എന്നിട്ടു പറഞ്ഞു.. 

‘രണ്ട് മാസം പ്രായമെത്തിയ ആവശ്യമായ രോഗപ്രതിരോധ കുത്തിവയ്പുകള്‍ നല്‍കിയ മുട്ടക്കോഴിക്കുഞ്ഞുങ്ങളെയാണ് സാധാരണ നമ്മൾ വളർത്താൻ ഉപയോഗിക്കുന്നത്.  നമ്മുക്ക് ഒരു പാട് പറമ്പുണ്ടല്ലോ. അതുകൊണ്ടു അടച്ചു വളർത്തേണ്ട കാര്യമില്ല. രാത്രി കോഴികുഞ്ഞുങ്ങൾക്ക് ഉറങ്ങാനായി ഒരു ചെറിയ കൂടുണ്ടാക്കിയാൽ മതി. അതിനു വേണ്ടി കുട്ടപ്പൻ അങ്കിൾ നാളെ വരും.’ അപ്പു ചിരിച്ചു എന്നിട്ട് പിന്നെയും തുടർന്നു.

‘ഒരു ദിവസം ഒരു കോഴിക്ക് വേണ്ടത് 100-120 കിലോഗ്രാം  തീറ്റയാണ്’

‘കിലോഗ്രാമോ? നീ കോഴിയെ ആണോ അതോ ആനയെയാണോ വളർത്താൻ പോകുന്നത്?’ 

‘സോറി. ഗ്രാം.  നമ്മുടെ വീട്ടിൽ മിച്ചം വരുന്ന ആഹാരം, വില കുറഞ്ഞ ധാന്യങ്ങള്‍, തവിട്, പിണ്ണാക്ക്, പച്ചക്കറി അവശിഷ്ടങ്ങള്‍ എന്നിവയെല്ലാം കോഴിക്ക് കൊടുക്കാം. മാത്രമല്ല മുറ്റത്തും, പറമ്പിലും, ചിക്കിച്ചികഞ്ഞ്  കോഴികൾ സ്വന്തമായിട്ടും ആഹാരം കണ്ടുപിടിക്കും.’

ഇത്രയും പറഞ്ഞ് അപ്പു കോഴിക്കുഞ്ഞുങ്ങളെയും കൊണ്ട് സ്ലോ മോഷനിൽ അകത്തേയ്ക്കു പോയി. 

‘അവൻ എല്ലാം റിസർച്ച് ചെയ്തു കണ്ടുപിടിച്ചു വച്ചിട്ടുണ്ട്. എന്തെല്ലാമാണ് അവൻ വാങ്ങിച്ചു വച്ചിരിക്കുന്നത്? ഇന്ന് തന്നെ നമ്മുടെ ഫോണിന്റെ പാസ്‌വേഡ് മാറ്റണം.’

അടുത്ത ദിവസം രാവിലെ പത്തു മണിക്കു തന്നെ കുട്ടപ്പൻ എത്തി. 

‘സാറേ... മോൻ വിളിച്ചു പറഞ്ഞു വരാൻ’

‘ആ കുട്ടപ്പാ വാ... ഒരു കോഴിക്കൂട് പണിയണം. കുട്ടപ്പന് അറിയാമോ?’

‘എന്തൊരു ചോദ്യമാ സാറേ. രണ്ടു ദിവസം മുൻപ് ഞാൻ ശ്രീധരൻ മാഷിൻറെ വീട്ടിൽ ഒരു ഉഗ്രൻ കൂടു പണിഞ്ഞതേ ഉള്ളൂ. ഇവിടെ എത്ര കോഴികളുണ്ട്?’

‘നാല്’ അപ്പു ഉത്തരം പറഞ്ഞു.

‘അപ്പൊ പിന്നെ ഒരു ചെറിയ കൂടു മതിയാകും.’

‘വലുത് മതി അങ്കിൾ. ഇവർ മുട്ടയിട്ടു പിന്നെയും കോഴികുഞ്ഞുങ്ങൾ ഉണ്ടാകുമല്ലോ.’

‘ഇവൻ രണ്ടും കൽപ്പിച്ചാണല്ലോ.’ അച്ഛൻ അമ്മയോട് പറഞ്ഞു. 

‘ഒരു കോഴിക്ക് നിൽക്കാൻ കൂട്ടിൽ ഒരു ചതുരശ്രയടി വേണം. 4 അടി നീളം 3 അടി വീതിയും 2 അടി ഉയരവും ഉള്ള ഒരു കൂട് പണിതാല്‍ 10-12 കോഴികൾക്ക് വരെ മതിയാകും. തറനിരപ്പിൽനിന്ന് രണ്ടടി എങ്കിലും ഉയരത്തിൽ വേണം കൂട് ക്രമീകരിക്കേണ്ടത്. ഓട്, ഓല അല്ലെങ്കിൽ ഷീറ്റ് കൊണ്ട് കൂടിന് മേൽക്കൂര വെക്കാം.’

‘പിന്നെ മുട്ടപ്പെട്ടികൾ വേണ്ടേ?’ അച്ഛൻ ചോദിച്ചു.

‘അതിനു ഒരടി വീതം നീളത്തിലും വീതിയിലും അരയടി ഉയരത്തിലും കാർഡ് ബോർഡു കൊണ്ടോ മരം കൊണ്ടോ ഉള്ള നെസ്റ്റ് ബോക്സ്  അല്ലെങ്കിൽ മുട്ടപ്പെട്ടികൾ ഉണ്ടാക്കാം.’

‘മുട്ടപ്പെട്ടികളോ?’ അപ്പുവിന് അതിനെക്കുറിച്ച് അറിയില്ലായിരുന്നു. 

‘മുട്ട പൊട്ടാതെയും അഴുക്ക് പുരളാതെയും ശേഖരിക്കാൻ മുട്ടപ്പെട്ടികൾ സഹായിക്കും. നെസ്റ്റ് ബോക്സിനുള്ളിൽ വൈക്കോലോ ഉണക്കപ്പുല്ലോ ചകിരിയോ വിരിച്ച് വിരിപ്പൊരുക്കാം. 5 കോഴിക്ക് ഒരു പെട്ടി. അതാണ് കണക്ക്.’

‘ശ്രീധരൻ മാഷിന്റെ അവിടെ പറമ്പുണ്ടോ കൊഴിയൊക്കെ വളർത്താൻ ?’ അമ്മയുടെ സംശയത്തിനു കുട്ടപ്പൻ ചിരിച്ചു കൊണ്ട് മറുപടി പറഞ്ഞു.  

‘തീരെ സ്ഥല പരിമിതിയുള്ളവര്‍ക്ക് കോഴികളെ മുറ്റത്തോ, മട്ടുപ്പാവിലെ വളര്‍ത്തുന്നതിനായി ജിഐ കമ്പിയില്‍ നിര്‍മ്മിച്ച തുരുമ്പെടുക്കാത്ത മോഡേണ്‍ കൂടുകളും ഇന്നുണ്ട്. കുടിവെള്ള സൗകര്യമൊരുക്കാൻ കൂടിന് മുകളില്‍ വാട്ടര്‍ ടാങ്ക്, ഓട്ടോമാറ്റിക്ക് നിപ്പിള്‍ ഡ്രിങ്കര്‍ സംവിധാനം, ഫീഡര്‍, എഗ്ഗര്‍ ചാനല്‍, കാഷ്ടം ശേഖരിക്കാൻ ട്രേ എന്നിവയെല്ലാം ഒരു കുടക്കീഴില്‍ ഉള്‍ക്കൊള്ളുന്നവയാണ് ഈ ഹൈടെക് കൂടുകള്‍. വിലയൊരല്പം കൂടുമെങ്കിലും ഏറ്റവും ചുരുങ്ങിയ സ്ഥലത്ത് കോഴികളെ വളര്‍ത്താം എന്നതും ദീര്‍ഘകാലം ഈട് നില്‍ക്കുമെന്നതും ഈ കൂടുകളുടെ പ്രത്യേകതയാണ്.’

‘കാലം പോയ പോക്കേ’ അമ്മ നെടുവീർപ്പിട്ടു. 

‘കോഴികൾക്ക് അസുഖം വരാതിരിക്കാൻ എന്തെങ്കിലും മരുന്നൊക്കെ ഉണ്ടോ? ’ അച്ഛന്റെ സംശയത്തിന് മറുപടി പറഞ്ഞത് അപ്പുവാണ്.

‘വീട്ടുമുറ്റത്ത് അഴിച്ച് വിട്ട് വളർത്തുന്ന കോഴികൾക്ക് ഓരോ രണ്ടു മാസത്തെ ഇടവേളയിലും വിരയിളക്കുന്നതിനു മരുന്നുകൾ നൽകണം. മുട്ടയിടാന്‍ ആരംഭിക്കുന്നതിന് തൊട്ടുമുന്‍പ്, അതായത് 15-16 ആഴ്ച പ്രായമാകുമ്പോൾ  കോഴിവസന്തക്കെതിരായ ഇൻജെക്ഷൻ കൊടുക്കണം.’

‘മോൻ മിടുക്കനാണല്ലോ!’ കുട്ടപ്പന്റെ സർട്ടിഫിക്കറ്റും കൂടെ ആയപ്പോൾ അപ്പു തന്റെ ഇല്ലാത്ത കോളറിൽ പിടിച്ചൊന്നു കുലുക്കി. 

കോഴികുഞ്ഞുങ്ങൾ കോഴികൾ ആയി. അപ്പു അവരുടെ ഒപ്പം ഓടി നടന്നു. അച്ഛനും അമ്മയും ഫോണിലെ പാസ്‌വേഡ് മാറ്റി. അച്ഛൻ ഇപ്പോഴും കംപ്യൂട്ടറിന്റെ മുൻപിൽ ഇരിക്കുന്നതിന് മുൻപ് കുഷ്യൻ ഒക്കെ മാറ്റി തട്ടിക്കുടഞ്ഞിട്ടേ ഇരിക്കൂ.

English summary: Story about Backyard Poultry Farming

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com