ADVERTISEMENT

കേരളത്തിന്റെ സാമ്പത്തിക മേഖലയുടെ നട്ടെല്ലായിരുന്ന പ്രവാസികൾ കോവിഡ്–19 ഭീഷണിമൂലം ലോകമെമ്പാടും നിന്ന് മടങ്ങിവരികയാണ്. നാട്ടിലും കോവിഡ് ഭീഷണിമൂലം തൊഴിൽ നഷ്ടപ്പെട്ട ഒട്ടേറെപ്പേരുണ്ട്. ഇവരെയെല്ലാം പുനരധിവസിപ്പിക്കുകയും അർഹമായ തൊഴിൽ സാഹചര്യമുണ്ടാക്കുകയും വേണം. 

കൃഷിയും മൃഗസംരക്ഷണവുമാണ് എല്ലാവരും പെട്ടെന്നു കണ്ടെത്തുന്ന മേഖലകള്‍.  അതില്‍ത്തന്നെ ഏറെ സാധ്യതകളുള്ളതാണ് ഉല്‍പന്നങ്ങളുടെ മൂല്യവർധന. റെഡി–ടു–കുക്ക്, റെഡി–ടു–ഈറ്റ്, ഹ്രസ്വകാല – ദീർഘകാല സൂക്ഷിപ്പുഗുണമുള്ള ഉൽപന്നങ്ങൾ, അവശിഷ്ടങ്ങളിൽനിന്ന് ഉപോൽപന്നങ്ങൾ എന്നിങ്ങനെ ചെറുതും വലുതുമായ സംരംഭങ്ങൾക്ക് സാധ്യതയുണ്ട്. 

കേരളത്തിൽ ലഭ്യമായ കാർഷികോൽപന്നങ്ങളെ അടിസ്ഥാനമാക്കി ചുരുങ്ങിയ മുതൽമുടക്കിൽ ആരംഭിക്കാവുന്ന  സംരംഭങ്ങൾക്കുള്ള സാധ്യത നോക്കാം.

നാളികേരത്തിൽനിന്നു നാട്ടിലും മറുനാട്ടിലും വിപണിയുള്ള ഒട്ടേറെ ഉൽപന്നങ്ങളൊരുക്കാം.  അണുനശീകരണം നടത്തി പായ്ക്ക് ചെയ്യാവുന്ന കരിക്കിൻവെള്ളം, കരിക്കിൻവെള്ളത്തോടൊപ്പം കാമ്പോ, നാറ്റാ–ഡി–കൊക്കോയോ ചേർത്ത് പായ്ക്കു ചെയ്യാവുന്ന പാനീയം എന്നിവയ്ക്കു നാട്ടിലും മികച്ച വിപണിയുണ്ട്. 7 ലക്ഷം രൂപയിൽത്താഴെ യാണ് ഇത്തരം മൈക്രോ സംരംഭത്തിനു പ്രതീക്ഷിക്കുന്ന ചെലവ്. റെഡി–ടു–കുക്ക് ആവശ്യത്തിനു വേണ്ടി തേങ്ങ ചിരകിയോ പൊടിച്ചോ പായ്ക്ക് ചെയ്ത് ഡീപ് ഫ്രീസ് ചെയ്തും വിപണിയിലെത്തിക്കാം. ആയിരം തേങ്ങ സംസ്കരിക്കാവുന്ന ഇത്തരം യൂണിറ്റിന് 10 ലക്ഷത്തോളം രൂപ ചെലവു വരാം. പൊടിച്ച പീര ഉണക്കി ഡെസിക്കേറ്റഡ് കോക്കനട്ട് ആക്കാം. അണുനശീകരണം നടത്തി, ശീതീകരിച്ചു വിപണനം ചെയ്യാവുന്ന നാളികേരപ്പാലിനും മികച്ച വിപണിയുണ്ട്.

നാളികേരപ്പാലിൽനിന്നു തയാറാക്കാവുന്ന വിർജിൻ വെളിച്ചെണ്ണ / ഉരുക്കു വെളിച്ചെണ്ണ എന്നിവയ്ക്കു വിദേശത്തും നാട്ടിലും ആവശ്യക്കാരുണ്ട്. ഉരുക്കു വെളിച്ചെണ്ണയ്ക്ക് താരതമ്യേന നാട്ടിലാണ് വിപണി കൂടുതൽ. യൂണിറ്റ് സ്ഥാപിക്കുന്നതിന് ചുരുങ്ങിയ ചെലവേയുള്ളൂ.  ഇതിനായി പ്രാദേശിക മില്ലുകളെ പുതുക്കിയെടുക്കുകയോ ചുരുങ്ങിയ മുതൽമുടക്കിൽ എക്സ്പെല്ലറുകൾ സ്ഥാപിക്കുകയോ ആവാം.

വിർജിൻ / ഉരുക്കു വെളിച്ചെണ്ണയുടെ നിർമാണത്തിൽ ബാക്കിയാവുന്ന പീരയോടൊപ്പം  യോജ്യമായ ചേരുവകൾ ചേർത്ത് ബേക്കറി ഉൽപന്നങ്ങൾ, കറിപ്പൊടികൾ, ചട്നിപ്പൊടികൾ എന്നിവ തയാറാക്കാം. തേങ്ങാവെള്ളത്തിൽനിന്നു വൈൻ, വിനാഗിരി, നാറ്റാ–ഡി–കൊക്കോ എന്നിവയ്ക്കും സാധ്യതയുണ്ട്. തൊണ്ടിൽനിന്ന് വേർതിരിച്ചെടുക്കുന്ന ചകിരിച്ചോർ ഉൽപന്നങ്ങൾക്കുപോലും ആവശ്യക്കാരേറെ.

അരിയുടെ വിവിധ ഉൽപന്നങ്ങൾക്കും ഡിമാന്‍ഡ് ഉണ്ട്. വിവിധോദ്ദേശ്യ അരിപ്പൊടികൾക്കു പുറമെ, തവിട് നീക്കം ചെയ്യാതെ ഹള്ളറുകൾ ഉപയോഗിച്ച് ഉമി കളഞ്ഞ അരി നല്ല സാധ്യതയാണ്.  നാരുകൾ ധാരാളമുള്ള ഇത്തരം അരി ജീവിതശൈലീരോഗങ്ങളെ നിയന്ത്രിക്കാനുതകും. 

ലോക്‌‍ഡൗൺ കാലത്ത് 319 കോടി രൂപയുടെ പഴവർഗങ്ങൾ വിപണനം ചെയ്യാനാവാതെ നഷ്ടപ്പെട്ടുവെന്നാണ് കണക്ക്. ഇവ സംസ്കരണശാലകളിലേക്കും ചെറുകിട പഴക്കടകളിലേക്കും എത്തിക്കാനുള്ള വിപണനശൃംഖല ആരംഭിക്കാം.  കൃഷിയിടങ്ങളിൽതന്നെ അവ തരംതിരിക്കൽ, കോൾഡ് സ്റ്റോറേജ് സംഭരണം, പൾപ്പ് തയാറാക്കൽ/ ബ്രൈനിങ് (ഉപ്പിലിടൽ) എന്നിവയ്ക്കു സജ്ജീകരണം ഒരുക്കാം. മുതലമട മാങ്ങ, വാഴക്കുളം പൈനാപ്പിൾ, വയനാടൻ ഏത്തയ്ക്ക, മൂന്നാർ സ്ട്രോബെറി, പാഷൻഫ്രൂട്ട്,  സംസ്ഥാന ഫലമായ ചക്ക എന്നിങ്ങനെ എല്ലാത്തരം പഴവർഗങ്ങൾക്കും മൂല്യവർധന നൽകാം. ഇതിനാവശ്യമായ ചെറുകിട യന്ത്ര സാമഗ്രികളും സാങ്കേതിക പരിശീലനവും ലഭ്യമാണ്. പഴങ്ങളുടെ മൂല്യവർധനയില്‍ നൂതന സാങ്കേതികവിദ്യകളായ ഫ്രീസ് ഡ്രയിങ്, വാക്വം ഫ്രയിങ്, സ്പ്രേ ഡ്രയിങ് മുതലായവ ഉപയോഗപ്പെടുത്താം.  അവശിഷ്ടങ്ങള്‍ ഉപയോഗിച്ചു ജൈവവളം, കാലിത്തീറ്റ എന്നിവ നിർമിക്കാം. 

കിഴങ്ങുവർഗങ്ങളുടെ സംസ്കരണവും  കയറ്റുമതിയും ആദായദായക സംരംഭങ്ങളാണ്. പാസ്ത, നൂഡിൽസ്, എക്സ്ട്രൂഡഡ് ഉൽപന്നങ്ങൾ, ചൗവരി, പശ എന്നിങ്ങനെ വൈവിധ്യമാർന്ന സാധ്യതകളാണ് ഇവയ്ക്കുള്ളത്. അവശിഷ്ടങ്ങൾ ജൈവവളം, കാലിത്തീറ്റ നിർമാണത്തിനും ഉപയോഗിക്കാം.

സുഗന്ധവ്യഞ്ജനങ്ങള്‍ക്കും  മൂല്യവർധനസാധ്യതയേറെ.  മഞ്ഞളിൽനിന്നു കുർക്കുമിൻ, ഇഞ്ചി, കുരുമുളക് എന്നിവയിൽനിന്ന് ഒളിയോറെസിനുകൾ, നിർജലീകരിച്ച കുരുമുളക്, ഉപ്പിലിട്ട കുരുമുളക്, വെള്ളക്കുരുമുളക്, കാൻഡ് കുരുമുളക്, ഇഞ്ചി പെയ്സ്റ്റ്, ഗ്ലേസ്ഡ് ഇഞ്ചി (പഞ്ചസാരപാനിയിൽ വിളയിച്ചത്), ഫ്ലേക്കഡ് ഇഞ്ചി (അരിഞ്ഞുണങ്ങിയ ഇഞ്ചി) എന്നിവയ്ക്കു  വിദേശത്ത് നല്ല ഡിമാന്‍ഡ് ഉണ്ട്. ഏലം, ജാതിപത്രി, ഗ്രാമ്പൂ, പട്ട എന്നിവ ശാസ്ത്രീയമായി ഉണക്കി ഗുണമേന്മയുള്ള ഉൽപന്നമാക്കിയും വിപണനം നടത്താം. സുഗന്ധവ്യഞ്ജനങ്ങൾ ചേർത്ത് വിവിധോദ്ദേശ്യ കറിപ്പൊടികള്‍ നിർമിക്കാം.

ജൈവരീതിയിൽ ഉല്‍പാദിപ്പിച്ച പച്ചക്കറി കഴുകി വൃത്തിയാക്കി ശാസ്ത്രീയമായി റെഡി–ടു–കുക്ക് രൂപത്തിൽ ഫ്ളാറ്റുകൾ, വീടുകൾ, സൂപ്പർമാർക്കറ്റുകളിൽ ലഭ്യമാക്കാനായാൽ സംരംഭകർക്കും ഉപഭോക്താക്കൾക്കും ഒരേപോലെ പ്രയോജനപ്രദമാണ്. ഇതിനാവശ്യമായ ചെറുകിട യന്ത്രങ്ങളും പ്ലാസ്റ്റിക്കിതര പായ്ക്കിങ് സംവിധാനങ്ങളും ലഭ്യമാണ്.  കൊണ്ടാട്ടങ്ങൾ, വറ്റലുകൾ, അച്ചാറുകൾ, ഉപ്പിലിട്ടത്, റെഡി–റ്റു–ഈറ്റ് വിഭവങ്ങൾ എന്നിവയ്ക്കും വിപണിയുണ്ട്.

ലോക്ക്ഡൗൺ കാലത്ത് മലയാളി ഏറ്റവും ബുദ്ധിമുട്ടിയത് സുരക്ഷിതമായ മത്സ്യ–മാംസ ലഭ്യതയ്ക്കാണ്. പാചകത്തിനു  യോജ്യമായ പാകത്തിൽ മുറിച്ച സുരക്ഷിത  മത്സ്യ–മാംസങ്ങള്‍ ഉപഭോക്താക്കൾക്ക് എത്തിക്കുന്നത് മികച്ച സംരംഭമാണ്. അവശിഷ്ടങ്ങൾ ജൈവവളമായി മാറ്റാം.

ഓർഡർ അനുസരിച്ച് കേക്കും മറ്റു ബേക്കറി ഉൽപന്നങ്ങളും തയാറാക്കാൻ ആവുമെങ്കിൽ  അവസരങ്ങളേറെ. കുമ്പിളപ്പം, വട്ടയപ്പം, കൽത്തപ്പം, അട, കൊഴുക്കട്ട, അവൽ വിളയിച്ചത് എന്നീ നാടന്‍വിഭവങ്ങള്‍ക്കും വിപണി ലഭിക്കാനിടയുണ്ട്. വൻകിട കാറ്ററിങ് രീതികൾ മാറി ചെറിയ കൂടിച്ചേരലുകൾക്കാണ് ഇനി സാധ്യത എന്നതി നാല്‍ ഭക്ഷണം പ്രാദേശികമായി തയാറാക്കുന്ന കുടുംബശ്രീകൾക്കും വീട്ടമ്മമാർക്കും  അവസരങ്ങൾ ലഭിക്കും.

ഭക്ഷ്യോൽപന്നങ്ങൾ നന്നായി പായ്ക്ക് ചെയ്യുന്നതിനുള്ള സാമഗ്രികള്‍ പ്രാദേശികമായി ലഭ്യമാക്കുന്ന സംരംഭങ്ങള്‍  ആരംഭിക്കാവുന്നതാണ്. ഇ–മാർക്കറ്റിങ്, സോഷ്യൽമീഡിയ മാർക്കറ്റിങ് എന്നിവ പരിചിതമല്ലാത്ത വീട്ടമ്മമാർക്കും കർഷകർക്കും ചെറിയ ഫീസ് ഈടാക്കി ഇത്തരം സേവനങ്ങൾ ചെയ്യാൻ തയാറുള്ളവർക്കും അവസരം ലഭിക്കും. ഇതിനെല്ലാമൊപ്പം സമീപകാലത്ത് പ്രചാരം നേടിയ തൊഴിൽ മേഖലയാണ് ഹോം ഡെലിവറിയുടേത്. ഉൽപാദകരിൽനിന്ന് കാർഷിക വിഭവങ്ങളും ഭക്ഷ്യവിഭവങ്ങളും ഉപഭോക്താക്കളുടെ വീട്ടുപടിക്കലെത്തിക്കുന്ന ഹോംഡെലിവറി സംരംഭവും ഇനിയുള്ള കാലം കൂടുതൽ പ്രചാരം നേടും. ഈ മേഖലയിൽ കൂടുതൽ തൊഴിലവസരങ്ങളുമുണ്ട്.

സംരംഭങ്ങൾ ആരംഭിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്

  1. ഓരോ ഉൽപന്നത്തിന്റെയും സാധ്യതയും നിർമാണരീതിയും പായ്ക്കിങ്, ലേബലിങ് രീതികളും വ്യക്തമായി പഠിക്കുക.
  2. ഉൽപന്നനിർമാണത്തിനാവശ്യമായ അസംസ്കൃതവസ്തുക്കളുടെ ലഭ്യത ഉറപ്പുവരുത്തുക.
  3. അവശ്യരേഖകൾ, ലൈസൻസുകൾ, റജിസ്ട്രേഷനുകൾ എന്നിവ നേടുക.  അവ കൃത്യമായി പുതുക്കുക.
  4. പ്രോജക്ട് പ്രൊപ്പോസലുകൾ തയാറാക്കി വായ്പ നേടുക.
  5. കയറ്റുമതിക്കായി ഉൽപന്നം തയാറാക്കുമ്പോൾ കർശനമായ സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കുക. ആവശ്യമായ ലൈസൻസുകളും നേടിയെടുക്കുക.
  6. ഉൽപന്ന നിർമാണത്തിനാവശ്യമായ യന്ത്രസാമഗ്രികളെക്കുറിച്ചും അവയുടെ പരിപാലനത്തെക്കുറിച്ചും പഠിക്കുക.
  7. സബ്സിഡിക്കും മറ്റ് ഇളവുകൾക്കുമായി  ആവശ്യമായ രേഖകൾ കൃത്യമായി സമർപ്പിക്കുക.
  8. വിപണിക്കനുസരിച്ച് ഉൽപന്നങ്ങൾക്ക് മാറ്റം വരുത്താൻ ശ്രമിക്കുക.
  9. ഓൺലൈൻ മാർക്കറ്റിങ്, സോഷ്യൽമീഡിയ മാർക്കറ്റിങ് എന്നിവയിൽ പ്രാവീണ്യം നേടുക.
  10. അസംസ്കൃത വസ്തുക്കൾ സംഭരിക്കാനുള്ള ശേഷി സംരംഭകർ സജ്ജമാക്കണം.

English summary: Lockdown Business Opportunities in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com