ADVERTISEMENT

പത്തനംതിട്ട അരീക്കൽകാവിൽ ഫോറസ്റ്റ് ഉദ്യോഗസ്ഥർ കാരണം ജീവൻ പൊലിഞ്ഞ മത്തായി എന്ന പൊന്നു ആണ് വിഷയം. അവിടെ നടന്ന സംഭവങ്ങൾ എല്ലാവരും പത്ര മാധ്യമങ്ങളിൽ കൂടിയും ടെലിവിഷൻ ചാനലുകളിൽ കൂടിയും അറിഞ്ഞിരിക്കും എന്ന് കരുതുന്നു.

വന പ്രദേശത്തെ ക്യാമറ നശിപ്പിച്ചു എന്ന ആരോപണത്തിൽ സ്വന്തമായി ഫാം നടത്തുന്ന ഒരു വലിയ കുടുംബത്തിന്റെ അത്താണിയായിരുന്ന ഒരു മനുഷ്യനെ യാതൊരു നടപടിക്രമങ്ങളും പാലിക്കാതെ ഫോറസ്റ്റ് ഉദ്യോഗസ്ഥർ കൊണ്ടുപോവുകയും പിന്നീട് അദ്ദേഹത്തിന്റെ മൃതദേഹം കിണറ്റിൽനിന്ന് കണ്ടെത്തുകയുമായിരുന്നു.

ശാപം കിട്ടിയ ഒരു ഫോറസ്റ്റ് സ്റ്റേഷൻ എന്ന് അറിയപ്പെടുന്ന ചിറ്റാർ ഫോറസ്റ്റ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരാണ് ഇതിൻറെ പിന്നിൽ ഉണ്ടായിരുന്നത്. മത്തായി എന്നയാൾ അവരുടെ ആദ്യത്തെ ഇരയല്ല. പക്ഷേ ഇത് അവസാനത്തേത് ആകണമെന്ന് അവിടെയുള്ള ഓരോ മനുഷ്യനും ആഗ്രഹിക്കുന്നുണ്ട്.

ഒരാളെ അറസ്റ്റ് ചെയ്യുമ്പോൾ അഥവാ കസ്റ്റഡിയിൽ എടുക്കുമ്പോൾ പാലിക്കേണ്ട നടപടിക്രമങ്ങൾ യാതൊന്നും പാലിക്കാതെയാണ് ഫോറസ്റ്റ് ഉദ്യോഗസ്ഥർ ഈ വ്യക്തിയെ കൂട്ടിക്കൊണ്ടുപോയത്.

നടപടിക്രമങ്ങൾ എങ്ങനെയാകണമെന്ന് കഴിഞ്ഞ ദിവസത്തെ പത്രസമ്മേളനത്തിൽ അഡ്വക്കേറ്റ് ജോണി കെ ജോർജ് ഏതു സാധാരണക്കാരനും മനസിലാകുന്ന ഭാഷയിൽ വിശദീകരിക്കുന്നത് കണ്ടിരുന്നു. അതു കാരണം കൂടുതൽ ആ വിഷയത്തിൽ പോകുന്നില്ല. പലരും അത് കണ്ടിരിക്കുമല്ലോ.

മത്തായിയുടെ കൊലപാതകം ഒരു സാധാരണ കൊലപാതകം പോലെ പോലെ തള്ളിക്കളയാൻ പറ്റുന്ന ഒന്നല്ല. 

മത്തായി പ്രതിനിധീകരിക്കുന്നത് രണ്ടു ഗ്രൂപ്പുകളെയാണ്. ഒന്ന്, കർഷകൻ. രണ്ട്, ചെറുകിട സംരംഭകൻ. അതുകൊണ്ടുതന്നെ ചില കാര്യങ്ങൾ പറയാതിരിക്കാൻ പറ്റില്ല.

കേരളത്തിൽ ആയിരക്കണക്കിന് ഹർത്താലുകളും അതിനോടനുബന്ധിച്ച് നടക്കുന്ന പൊതുമുതൽ നശീകരണ പ്രവർത്തനങ്ങളും കണ്ടിട്ടുള്ളവരാണ് നമ്മൾ. ഓരോ ഹർത്താലും കഴിയുമ്പോൾ പൊതുമുതൽ നഷ്ടം കണക്കാക്കി വാർത്തകളിൽ വരാറുണ്ട്.

ഹർത്താലിൽ പൊതുമുതൽ നശിപ്പിച്ച ആരെയും ഇന്നേവരെ അറസ്റ്റ് ചെയ്യുകയോ അവരുടെ കയ്യിൽനിന്ന് തക്ക തുക ഈടാക്കുകയോ ചെയ്യുന്നതായി നമ്മൾ കണ്ടിട്ടില്ല. അങ്ങനെയുള്ള ഒരു സമൂഹത്തിലാണ് 5000 രൂപയോ മറ്റോ വില ഉള്ള ഒരു ക്യാമറയ്ക്ക് വേണ്ടി ഒരു ജീവൻ എടുത്തത്.

മത്തായി തെറ്റ് ചെയ്തെങ്കിൽ ശരിയായ രീതിയിൽ നടപടിയെടുത്തു നഷ്ടപരിഹാരം ഈടാക്കുകയും ഇന്ത്യൻ ശിക്ഷാനിയമം പറഞ്ഞു വച്ചിട്ടുള്ള ശിക്ഷ അദ്ദേഹത്തിന് കൊടുക്കുകയോ ചെയ്യാം. അതാണ് ചെയ്യേണ്ടത്. പക്ഷേ, ഇവിടെ നടന്നത് ക്രൂരമായ ഒരു സംഭവമാണ്.

ഇവിടെ നടന്നത് ഒരു മരണമോ കൊലപാതകമല്ല ഒരു രക്തസാക്ഷിത്വമാണ്. കാരണം ഇത് ഒരു മത്തായിയിൽ മാത്രം ഒതുങ്ങിനിൽക്കുന്നതല്ല. കേരളത്തിലുള്ള മുഴുവൻ കർഷകരും അഭിമുഖീകരിക്കുന്ന ചില പ്രശ്നങ്ങൾ കൂടി ഇതുമായി കൂട്ടി വായിക്കേണ്ടതുണ്ട്.

കേരളത്തിലെ ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ് കുറെ പന്നികളുടെ ജീവൻ രക്ഷിച്ചതല്ലാതെ മനുഷ്യജീവൻ രക്ഷിച്ചതായോ മനുഷ്യന് ഉപകാരപ്പെടുന്ന എന്തെങ്കിലും ചെയ്തതായോ വാർത്തകളിൽ കണ്ടിട്ടില്ല. അടച്ചാക്ഷേപിക്കുക തന്നെ ചെയ്യുകയാണ്. കേരളത്തിൽ അങ്ങോളമിങ്ങോളം ഇതു തന്നെയാണ് നടക്കുന്നത്. അതിനാൽ തന്നെ ഇതൊരു മത്തായിയിൽ മാത്രം ഒതുങ്ങി നിൽക്കുന്നില്ല.

ഏതോ കർഷകൻ വച്ച പടക്കം എടുത്ത് ആന ചരിഞ്ഞപ്പോൾ ഇന്ത്യ മുഴുവൻ അങ്ങോട്ടു ശ്രദ്ധിച്ചു. അതേസമയം, ഇവിടെ ഒരു കർഷകൻ മരിച്ചപ്പോൾ കേരളത്തിലുള്ള പലരും അറിഞ്ഞിട്ടില്ല. 

ഇതിനി ഇങ്ങനെ പോയാൽ പറ്റില്ല. ആവശ്യമായ നിയമ നിർമ്മാണം നടത്തണം. അല്ലെങ്കിൽ മാറ്റപ്പെടെണ്ട നിയമങ്ങളെ പൊളിച്ചെഴുതുക തന്നെ വേണം.

കൊറോണ കഴിഞ്ഞു വരുന്ന കേരളം അഭിമുഖീകരിക്കാൻ പോകുന്ന ഏറ്റവും വലിയ പ്രശ്നമായിരിക്കും തൊഴിലില്ലായ്മ. ശീതീകരിച്ച മുറിയിൽ ഇരുന്ന് എല്ലാവർക്കും പറയാൻ പറ്റും കൃഷി ചെയ്തു കൂടെ എന്ന്. അതത്ര എളുപ്പമല്ലെന്ന് ഇന്ന് നമ്മുടെ ഗ്രാമങ്ങളിലേക്ക് വന്നു നോക്കിയാൽ മനസിലാകും.

മത്തായി എന്ന കർഷകനിൽനിന്ന് മത്തായി എന്ന സംരംഭകനിലേക്കു വളരാൻ ഒരുപാട് കടമ്പകൾ കടക്കേണ്ടതുണ്ട്. അതിനു ചിലപ്പോൾ സ്വന്തം ജീവൻ വരെ കൊടുക്കേണ്ടിവരും. ഒരു കിലോ സ്വർണം കടത്തുന്നതിലും റിസ്ക് ആണ് ഒരേക്കറിൽ കൃഷി ചെയ്യാൻ.

നിങ്ങൾ ആലോചിച്ചിട്ടുണ്ടോ പത്തനംതിട്ടയിലെയും കോട്ടയത്തെയും ഇടുക്കിയിലെയും ജനങ്ങളൊക്കെ എന്തുകൊണ്ട് റബ്ബർ കൃഷി മാത്രം ചെയ്യാൻ താൽപര്യപ്പെടുന്നു എന്ന്? അതവർ അത്യാഗ്രഹികൾ ആയതുകൊണ്ടല്ല. എന്തു ചെയ്താലും അവർക്ക് അത് നഷ്ടത്തിലേക്ക് ഭവിക്കുകയുള്ളൂ എന്നതുകൊണ്ടാണ്. 

മലയോര ജില്ലകളിൽ കൃഷി ചെയ്യുന്നതിനും ലാഭം ഭൂമി വെറുതെ ഇടുന്നതാണ്. ഒരു ഉദാഹരണം പറയാം.

ഒരു കർഷകൻ ഒരേക്കർ ഭൂമിയിൽ ഏത്തവാഴ നടന്നു എന്നു വിചാരിക്കുക. പത്തു മാസം അവൻ അതിനെ പരിപാലിച്ചു. ഈ വാഴ കുലച്ച് നിൽക്കുമ്പോൾ പന്നിയോ ആനയോ ഒരു രാത്രിയിൽ വന്നു ഒരു മണിക്കൂറുകൊണ്ട് കൃഷി മുഴുവൻ നശിപ്പിക്കുന്നു.

ഒരു കർഷകൻ ഒരു ദിവസം 800 രൂപ കൂലി വച്ച് കണക്കാക്കിയാലും10 മാസം കൊണ്ട് ഏകദേശം രണ്ടര ലക്ഷം രൂപ കൂലി ഇനത്തിൽ മാത്രം ഒറ്റ രാത്രികൊണ്ട് നഷ്ടപ്പെടുന്നു. അവൻ മാസങ്ങളോളം ഗവൺമെന്റിന്റെയും അധികാരികളുടെയും പുറകെ നടന്നു നഷ്ടപരിഹാരം കിട്ടിയാലും പതിനായിരം രൂപ പോലും കിട്ടുമോ എന്നറിയില്ല.

അതേസമയം അവൻ ഏത്തവാഴ കൃഷി ചെയ്യാതെ ആ ഭൂമി വെറുതെ ഇട്ട് കൂലിപ്പണിക്ക് പോയാൽ അവൻ ഈ രണ്ടര ലക്ഷം രൂപ നഷ്ടപ്പെടാതെ കയ്യിൽ കിട്ടും. ഇനി അവന്റെ അധ്വാനത്തെ രക്ഷിക്കാൻ വേണ്ടി അവനൊരു പന്നിപ്പടക്കം വച്ച് അതെടുത്ത് ഒരു പന്നി ചത്താൽ അല്ലെങ്കിൽ അവൻ ഒരു പന്നിയെ വെടിവച്ചുകൊന്നാൽ ആ കൃഷിയിൽ നിന്നുള്ള മുഴുവൻ ലാഭവും കേസ് പറഞ്ഞു തീർക്കേണ്ടി വരും. പന്നിയുടെ സ്ഥാനത്ത് കാട്ടുപൊത്തോ ആനയോ ആണെങ്കിൽ പിന്നീട് ജീവിതകാലം മുഴുവൻ അവൻ ജയിലിൽ കൃഷി ചെയ്യേണ്ടിവരും.

ഒരു കാട്ടുപന്നിയുടെ വിലപോലും കർഷകന് നൽകാത്ത നിയമങ്ങളാണ് ഇവിടെയുള്ളതെന്ന തിരിച്ചറിവുള്ളവരാണ് ഇവിടുത്തെ കർഷകർ. അതുകൊണ്ടാണ് അവർ ഗൾഫിൽ പോയി കൂലിപ്പണി ചെയ്യുന്നതും ആ പൈസ ഉപയോഗിച്ച് തമിഴ്നാട്ടിൽ നിന്നും വരുന്ന പച്ചക്കറികളും മറ്റും വാങ്ങി കഴിക്കുന്നതും.

പഠിച്ചു സ്ഥാനങ്ങളിലെത്തിയവർക്കും മാധ്യമങ്ങൾക്കും ഇവരെ കുറ്റപ്പെടുത്താൻ എളുപ്പമാണ്. പക്ഷേ അവർ എന്തുകൊണ്ട് ഇങ്ങനെ ആയി എന്ന് പഠിക്കേണ്ടിയിരിക്കുന്നു.

സംരംഭകനായ ഒരു മത്തായി ആകുക എന്നത് എളുപ്പമല്ല. ഗ്രാമപ്രദേശത്ത് ആണെങ്കിൽ പോലും നാലു പശുവിനെ ഒന്നിച്ചു വളർത്തുന്നതിനു വലിയ പ്രതിസന്ധികൾ തരണം ചെയ്യേണ്ടതുണ്ട്. 30,000 മുതൽ 60,000 രൂപ വിലയുള്ള പശുക്കളെ കൊണ്ടുവന്നു തൊഴുത്തിൽ നിർത്തുമ്പോൾ മുതൽ അവന് ആധിയാണ്. ഇതിന എന്തു സംഭവിച്ചാലും അത് അവന് നഷ്ടം തന്നെയാണ്.

ഒരേക്കർ ഭൂമി ശരാശരി ഉള്ള ഒരാൾ ആണെങ്കിൽ പോലും നാലു പശുവിനെ ആവശ്യമുള്ള തീറ്റ അവന് ഉൽ‍പാദിപ്പിക്കാൻ പറ്റില്ല. അത് കാശു കൊടുത്ത് തന്നെ വാങ്ങണം. 500 രൂപയുടെ തീറ്റ കൊടുക്കുമ്പോൾ 600 രൂപയുടെ പാൽ കിട്ടും. ഇതാണ് സംഭവിക്കുന്നത്. ഇനി തീറ്റയ്ക്കു വേണ്ടി വനത്തിൽ കയറിയാലോ പശുവിനെ വനത്തിൽ തീറ്റാൻ വിട്ടാലോ കാട്ടുമൃഗങ്ങളെയും അതിലേറെ ഫോറസ്റ്റ് ഉദ്യോഗസ്ഥരെയും പേടിക്കണം.

പത്തു വർഷത്തെ കണക്കെടുത്തു നോക്കിയാൽ മദ്യത്തിന് അന്നുണ്ടായിരുന്ന വിലയിൽനിന്ന് ഇന്ന് 300 ശതമാനം കൂട്ടിയിട്ടുണ്ട്. എന്നാൽ, പാലിനാകട്ടെ പത്തു വർഷം മുൻപുള്ളതിനേക്കാൾ അഞ്ച് - ആറ് രൂപ മാത്രമാണ് കൂട്ടിയിട്ടുള്ളത്. അപ്പോൾ ഒരു കർഷകന് ഇന്ന് ഏറ്റവും ലാഭം പശുവിനെ വളർത്താതെ 22 രൂപ കൊടുത്തു മിൽമയുടെ ഒരു കവർ പാൽ വാങ്ങിക്കുന്നതാണ്.

വേറൊരു കാര്യം, ചില നല്ല അയൽവാസികളുണ്ട്, വിദേശത്ത് ഒക്കെ പോയി കാശുണ്ടാക്കി വന്നവർ.  അവർക്കു അയൽവാസിയുടെ പശുവിനെ ചാണകത്തിന്റെ മണം ഒട്ടും പിടിക്കില്ല. പഞ്ചായത്തിൽ കൊണ്ട് ഒരു പരാതി കൊടുത്താൽ അയാളുടെ പശു വളർത്തൽ പൂട്ടിക്കെട്ടും. കർഷകനെയും ചെറുകിട സംരംഭകരെ സഹായിക്കുന്ന നിയമങ്ങൾ വളരെ ദുഷ്കരമാണ്. പൂട്ടിക്കെട്ടാനുള്ള നിയമങ്ങളാണ് വളരെയെളുപ്പം.

കൃഷിവകുപ്പിന് കീഴിലായി വിവിധ ഉപ വകുപ്പുകളുണ്ട്. നാളികേരവികസനാം, നെല്ലു വികസനം മുതൽ എല്ലാ കിഴങ്ങുകളും വികസിപ്പിക്കുന്ന വകുപ്പുകൾ വരെയുണ്ട്. പക്ഷേ ആരും പറയുന്നില്ല ഇതെവിടെ കൃഷി ചെയ്യണം, എങ്ങനെ കൃഷി ചെയ്യണമെന്ന്. കൃഷി ചെയ്തു കഴിഞ്ഞാൽ ഇത് ആര് ഏറ്റെടുക്കും, കൃഷി ചെയ്തു കൊണ്ടുകൊടുത്താൽ ഇതിന് എത്ര വില കിട്ടും എന്നൊക്കെ...

ഏറ്റവും നല്ല ഒരു ഉദാഹരണം പറയാം, നഗരപ്രദേശങ്ങളിൽ നമ്മൾ ഒരു കിലോ റോബസ്റ്റാ പഴത്തിന് 60 രൂപ വില കൊടുത്തു വാങ്ങിയിട്ടുണ്ട്. എന്നാൽ, ഒരു കർഷകന് ഒരു കാലത്തും പതിനഞ്ചു രൂപയിൽ കൂടുതൽ റോബസ്റ്റ്ക്ക് കിട്ടിയിട്ടില്ല എന്നുള്ളതാണ് യാഥാർഥ്യം. പിന്നെ എന്തിന് അവൻ കൃഷി ചെയ്യണം? അതിലും നല്ലത് തരിശായി വെറുതെ ഇടുകയോ അവിടെ അൽബീസ മരം നട്ടു വിറക് തടിയായി വിൽക്കുകയോ ആണ്.

നഗരത്തിലുള്ള 5 സെന്റ് വീടിനു ചുറ്റും മതിൽ കെട്ടുന്ന അത്ര എളുപ്പമല്ല അല്ല 50 സെന്റ് - ഒരേക്കർ വസ്തു ഉള്ള ഒരു കർഷകന് അതിനു ചുറ്റും 5 -10 ലക്ഷം രൂപ മുടക്കി മതിൽ കെട്ടുന്നത്. വന പ്രദേശങ്ങൾക്ക് സമീപമുള്ള ഈ സ്ഥലത്ത് മതിൽ കെട്ടിയാലും ആനയുടെ ഒറ്റ ചവിട്ടിനുതന്നെ ഏതു വലിയ മതിലും പൊളിഞ്ഞു പോകും.

യാഥാർഥ്യം മനസിലാക്കാത്ത ചില പ്രകൃതി സംരക്ഷണ വാദികൾ എപ്പോഴും പറയുന്ന ഒരു കാര്യമുണ്ട് മനുഷ്യൻ കാടുകയറി അതുകൊണ്ടാണ് മൃഗങ്ങൾ നാട്ടിലേക്ക് എത്തുന്നത്. 1972 നു ശേഷം മനുഷ്യൻ കാടുകയറിയ ഒരു സെന്റ് വസ്തു എങ്കിലും ഉണ്ടെങ്കിൽ പറയണം. ഇത് പ്രകൃതി സംരക്ഷണ വാദം അല്ല പ്രകൃതി സംരക്ഷണ തീവ്രവാദമാണ്.

ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ് എന്നത് കർഷകൻ നെഞ്ചത്ത് കയറാനുള്ള ഡിപ്പാർട്ട്മെന്റ് ആയിരിക്കരുത്. മനുഷ്യൻ കാട്ടിൽ കയറുന്ന തടയുന്നതു പോലെ തന്നെ മൃഗങ്ങളെ നാട്ടിലോട്ടു ഉറങ്ങാതിരിക്കാനുള്ള ഉത്തരവാദിത്വവും അതിനു പ്രതിവിധി കണ്ടെത്തേണ്ടതും അവരാണ്.

കർഷകൻ അവന്റെ ജീവനും പ്രയത്നവും രക്ഷിക്കാൻ വേണ്ടി മൃഗങ്ങളെ കൊന്നെന്നിരിക്കും. അത് അവൻ ഗതികേടുകൊണ്ട് ചെയ്യുന്നതാണ്. ആ മൃഗങ്ങൾ മനുഷ്യവാസസ്ഥലത്തു എത്താതിരിക്കാൻ നോക്കേണ്ടത് ഈ ഡിപ്പാർട്ട്മെന്റാണ്.

നഗരത്തിലുള്ളവർ ഒഴിവുസമയങ്ങളിൽ തങ്ങളുടെ ടെറസിൽ 4 പച്ചമുളക് നടന്നതുപോലെ അല്ല ഗ്രാമത്തിലുള്ളവർ ഉപജീവനത്തിനായി കൃഷി ചെയ്യുന്നത് എന്ന തിരിച്ചറിവുണ്ടാകണം. ടെറസിൽ പച്ചക്കറിത്തോട്ടം ഉണ്ടാക്കി അതുകൊണ്ട് മാത്രം ഉപജീവനം നടത്തുന്ന ആരും കേരളത്തിലില്ല.

കാട്ടുമൃഗങ്ങളുടെ ശല്യം ഇല്ലാത്ത നിരപ്പായ ഭൂമിയിൽ തമിഴ്നാട്ടിലെ കർഷകർ കൃഷി ചെയ്യുന്നതുപോലെയല്ല കുന്നും മലകളും കാട്ടുമൃഗങ്ങളുടെ ശല്യവുമുള്ള കൃഷിഭൂമിയിൽ കേരളത്തിലെ കർഷകർ കൃഷി ചെയ്യേണ്ടത്.

കൃഷിക്ക് ഏറ്റവും വലിയ ശത്രു പന്നിയാണ്. കൃഷിസ്ഥലത്ത് എത്തുന്ന പന്നികളെ വെടിവയ്ക്കാം എന്ന് അനുവാദം കൊടുത്തിട്ടുണ്ടെങ്കിലും നൂലാമാലകൾ ഏറെയാണ്. പറഞ്ഞുവരുമ്പോൾ ഏതെങ്കിലും പന്നി വന്ന് അറ്റൻഷനായി നിന്ന് ഇന്നു ഞാൻ കൃഷി നശിപ്പിച്ചു എന്ന് സത്യവാഗ്മൂലം തന്നതിനുശേഷം വെടി വയ്ക്കണം.

അത് കഴിഞ്ഞു വീരോചിതമായ ശവസംസ്കാരം നടത്തണം എന്നൊക്കെയാണ് അതിന്റെ നടപടിക്രമങ്ങൾ. ഈ വെടിവച്ച പന്നിയെ ഏതെങ്കിലും കർഷകൻ കഴിച്ചാൽ പിന്നീട് ജീവിതത്തിൽ ഒന്നും കഴിക്കാൻ പറ്റാത്തവനെപ്പോലെ അവനെ പീഡിപ്പിച്ചു കളയും.

വംശനാശം സംഭവിക്കുന്ന ബംഗാൾ കടുവയ്ക്ക് പോലും ഇത്രയും പരിരക്ഷയില്ല. ആനകൾക്ക് കഴിക്കാൻ കാട്ടിൽ ഭക്ഷണം ഇല്ലെങ്കിൽ ഉൾക്കാടുകളിൽ കൊണ്ടുപോയി പോയി കരിമ്പുകൃഷിയും വാഴകൃഷിയും തുടങ്ങണം അല്ലാതെ പാവം കർഷകന്റെ പ്രയത്നത്തെ തുലച്ചു കൊണ്ടാകരുത്. ഉൾക്കാടുകളിൽ വേറൊരു കൃഷിയും നടക്കുന്നില്ല എന്ന് തർക്കിക്കരുത്.

നമ്മുടെ നാട്ടിലെ കാലാവസ്ഥയിൽ വളർന്നു പെരുകാൻ കഴിവുള്ള ജീവികളാണ് ആടും കോഴിയും ഒക്കെ. എന്നിട്ടും കർഷകൻ അതിൽ താൽപര്യം കാണിക്കാത്തത് എന്തുകൊണ്ടെന്ന് നിയമം ഉണ്ടാക്കുന്നവർ മനസിലാക്കണം. 

മട്ടൻ കിലോയ്ക്ക് 800 രൂപ കടക്കുമ്പോഴും കർഷകൻ ആട് കൃഷി ചെയ്യാത്തത് എന്തുകൊണ്ട് എന്ന് പഠിക്കേണ്ടിയിരിക്കുന്നു. അത് അഹങ്കാരം കൊണ്ടല്ല മടി കൊണ്ടല്ല അത് ചെയ്താൽ അവൻ ദ്രോഹിക്കപ്പെടും എന്നുള്ളതുകൊണ്ടാണ്. 

കേരളത്തിന്റെ മുക്കിലും മൂലയിലും വളരുന്ന വൃക്ഷമാണ് തെങ്ങ്. കേരളത്തിലേക്ക് ഇറക്കുമതി ചെയ്യുന്ന ഇതര സസ്യ എണ്ണകളേക്കാൾ കൂടുതൽ വെളിച്ചെണ്ണ കേരളത്തിൽനിന്ന് കയറ്റുമതി ചെയ്യാൻ പറ്റും. മറ്റുള്ള എണ്ണകൾക്ക് 100 രൂപയിൽ താഴെ നിൽക്കുമ്പോൾ വെളിച്ചെണ്ണ 200 മുകളിലാണ് എന്നിട്ടും കർഷകൻ കൃഷി ചെയ്യുന്നില്ല. 

മത്തായിയുടെ രക്തസാക്ഷിത്വം അവരുടെ വീട്ടുകാരുടെ മാത്രം നിലവിളിയായി അല്ല മാറേണ്ടത്. കേരളത്തിലെ ഓരോ കർഷകന്റെയും നിലവിളി ആയിട്ടാണ് മാറേണ്ടത്. ആ കുടുംബത്തിന് വേദനയിൽ പങ്കു ചേരുന്നു ആദരാഞ്ജലികൾ അർപ്പിക്കുന്നു. മാറേണ്ട നിയമങ്ങൾ മാറ്റുക തന്നെ വേണം.

കർഷകനും ബഹുമാനം കിട്ടേണ്ടവനാണ് കർഷകരുടെ ജീവനും വിലയുള്ളതാണ് അത് എല്ലാവരും തിരിച്ചറിഞ്ഞേ പറ്റൂ.

English summary: Farmers Wild Animals Conflict

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com