sections
MORE

ആ വലിയ പോരാട്ടത്തിന് അവസാനമായി; പ്രതിസന്ധികൾ ഒരു പാ​ഠമായി കരുതി മുന്നോട്ടു പോകും

HIGHLIGHTS
  • പുതുതായി രണ്ടു ഫാമുകൾ കൂടി ആരംഭിക്കുന്നു
Dairy-farm-1
SHARE

അങ്കമാലിക്കടുത്ത് പ്രവർത്തിച്ചിരുന്ന ചന്ദ്രമണി ഫാം ഏതാനും നാളുകളായി വാർത്തകളിൽ നിറസാന്നിധ്യമാണ്. മലിനീകരണത്തിന്റെ പേരിൽ ഫാം പൂട്ടിക്കാൻ മുന്നിട്ടിറങ്ങിയ പലരെയും ചെറുത്തുനിന്ന് തങ്ങൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ പുറംലോകത്തെ അറിയിക്കാൻ ചന്ദ്രമണി ഫാം ഉടമകളിലൊരാളായ കെ. സുരേഷ് ശ്രദ്ധിച്ചിരുന്നു. അദ്ദേഹത്തിന്റെ ഫെയ്സ്ബുക്ക് കുറിപ്പുകൾ ഒട്ടേറെ പേർക്ക് പുതിയ പാഠങ്ങൾ പകർന്നു നൽകിയിട്ടുണ്ടെന്ന കാര്യത്തിൽ സംശയമില്ല. ഒരു കാർഷിക സംരംഭകൻ കേരളത്തിൽ അനുഭവിച്ചേക്കാവുന്ന, അനുഭവിക്കുന്ന പ്രശ്നങ്ങൾ അദ്ദേഹം വിശദമായി തന്റെ കുറിപ്പുകളിലൂടെ പങ്കുവച്ചിരുന്നു. മാസങ്ങൾ നീണ്ട പോരാട്ടത്തിനൊടുവിൽ മലനീകരണ നിയന്ത്രണ ബോർഡിന്റെ അംഗീകാരം തങ്ങളുടെ ഫാമിന് ലഭിച്ചതായി സുരേഷ് ഇന്ന് അറിയിച്ചു. ഇനി വൈകാതെ ലൈസൻസും ലഭിക്കും.

ചന്ദ്രമണി ഫാമിന്റെ പ്രവർത്തനങ്ങൾ ഇനി പൂർവാധികം ശക്തിയോടെ മുന്നോട്ടുപോകും. ഒപ്പം കുറച്ചുപേർക്ക് തൊഴിൽ സാധ്യതയും മുന്നോട്ടുവയ്ക്കുന്നുണ്ട്. തങ്ങളുടെ ഫാം പ്രവർത്തനങ്ങൾ വിശദീകരിച്ച് കെ. സുരേഷ് പങ്കുവച്ച കുറിപ്പ് ചുവടെ,

ഫാമിന്റെ പ്രശ്നങ്ങളൊക്കെ എന്തായി എന്ന് ദിവസവും ഒരാളെങ്കിലും ചോദിക്കുന്നുണ്ട്. ഏതായാലും ഇന്നത്തോടെ ഞങ്ങളുടെ ഫാമിനെ സംബന്ധിച്ചുണ്ടായിരുന്ന പ്രധാന പ്രശ്നങ്ങൾക്കൊക്കെ പരിഹാരമായി. പൊലൂഷൻ കൺട്രോൾ ബോർഡിലെ ഉയർന്ന ഉദ്യോഗസ്ഥർ ഇടപെട്ടതോടെ ഞങ്ങളുടെ കൺസന്റിന് ഉണ്ടായിരുന്ന തടസങ്ങൾ മാറിയിരിക്കുന്നു. ലൈസൻസ് തരാമെന്നു പഞ്ചായത്ത് നേരത്തെ തന്നെ അറിയിച്ചതുമാണ്. കുറച്ചു ഗുസ്തി പിടിക്കേണ്ടി വന്നുവെങ്കിലും കാര്യങ്ങൾ ശുഭകരമായി വന്നിരിക്കുകയാണ്. സഹായിച്ചവർക്കൊക്കെ നന്ദി.

നേരത്തെ നിശ്ചയിച്ച പ്രകാരം ഞങ്ങളുടെ ബ്രാൻഡ് നെയിമിൽ പാൽ മുതൽ പച്ചക്കറി വരെ വിപണിയിൽ ഇറക്കാൻ പോകുകയാണ്. അൽപ്പം തയാറെടുപ്പുകൾ ബാക്കിയുണ്ട്, ഇത്തവണ ഞങ്ങൾ നേരിട്ട് പ്രൊഡക്ടുകൾ വിൽക്കുകയും വീടുകളിൽ ഡെലിവറി ചെയ്യുകയും ചെയ്യുന്നതിനു പകരം വിതരണത്തിന് പരമാവധി ആളുകളെ കൂടി പങ്കെടുപ്പിച്ചാലോ എന്ന് ആലോചിക്കുന്നുണ്ട്.

അതായത് ഞങ്ങൾ ഇപ്പോൾ ഒരു ലീറ്റർ ഫാം ഫ്രഷ് പാൽ ഇപ്പോൾ അറുപതു രൂപയ്ക്കാണ് ഡോർ ഡെലിവറി നൽകുന്നത്. അത് വിതരണം ചെയ്യാൻ തയാറായി ആരെങ്കിലും വന്നാൽ ഞങ്ങൾ അവർക്കു ലീറ്ററിന് 53 രൂപയ്ക്കു നൽകും. ഗ്ലാസ് ബോട്ടിലുകളിൽ വൃത്തിയായി പായ്ക് ചെയ്തു സീൽ ചെയ്തായിരിക്കും നൽകുക. ടൂ വീലറുകളിൽ അറുപതു ഗ്ലാസ് ബോട്ടിലുകൾ വരെ കൊണ്ടുപോകാൻ കഴിയുന്ന വിധത്തിലുള്ള ബാഗുകളും നൽകും. അതോടൊപ്പം ഡെലിവറിയും പേമെന്റും ഒക്കെ മാനേജ് ചെയ്യാനായി ഒരു മൊബൈൽ ആപ്പും തയാറാക്കുന്നുണ്ട്. അതുപോലെ കസ്റ്റമേഴ്‌സിനു നൽകാനായി കാറ്റലോഗുകളും ബ്രോഷറുകളും ഒക്കെ നൽകും. ആകെ വേണ്ടത് ഒരു ടൂ വീലർ മാത്രമാണ്. ഒരു ദിവസം രാവിലെയും വൈകുന്നേരവുമായി നൂറു ലീറ്റർ വിതരണം ചെയ്ത് എഴുനൂറു രൂപയെങ്കിലും ഇവർക്ക് നേടാൻ കഴിയണം എന്നതാണ് ആലോചിക്കുന്നത്. ഇതോടൊപ്പം മറ്റു ഉൽപ്പന്നങ്ങളും വിതരണം ചെയാൻ കഴിഞ്ഞാൽ ആ പ്രൊഡക്ടുകളുടെ റീട്ടെയിൽ മാർജിൻ പൂർണമായും നൽകാനും ഞങ്ങൾ തയാറാണ്.

ഒരുപാട്‌പേർ ജോലിയില്ലാതെ ഇരിക്കുന്നുണ്ട്, അതിൽ നാലോ അഞ്ചോ പേർക്കെങ്കിലും ഇപ്പോൾ ഒരു ഗുണമാവട്ടെ എന്നാണു കരുതുന്നത്. താൽപ്പര്യമുള്ളവർ മെസഞ്ചർ വഴി ഒരു മെസേജ് അയച്ചാൽ വിശദ വിവരങ്ങൾ അറിയിക്കാം.

കഴിഞ്ഞ കുറെ നാളുകളായി ഞങ്ങൾ അതിജീവിച്ച പ്രതിസന്ധികൾ ഒരു പഠനമായി കരുതി ഞങ്ങൾ മുന്നോട്ടു പോകുകയാണ്. അങ്കമാലിയിലുള്ള ഫാമിനു പുറമെ ഞങ്ങൾ പുതുതായി രണ്ടു ഫാമുകൾ കൂടി ആരംഭിക്കുന്നു, നെടുമ്പാശേരി പഞ്ചായത്തിലെ അത്താണിക്കടുത്താണ് ഒരു ഫാം തുടങ്ങാൻ പോകുന്നത്. അതിനുള്ള സ്ഥലം കണ്ടെത്തി. അടുത്ത ആഴ്ച മുതൽ അവിടെ ഫാമിന്റെ പണി തുടങ്ങും, പശു, ആട്, മുയൽ, താറാവ്, മീൻ, വെജിറ്റബിൾ ഫാമിങ് ഇങ്ങനെ ഒരു ഇന്റഗ്രെറ്റഡ് ഫാം ആണ് അവിടെ നിർമ്മിക്കാൻ പോകുന്നത്. ഒരു മാസത്തിനുള്ളിൽ പ്രവർത്തനം തുടങ്ങാനാണ് പ്ലാൻ. കൃത്യമായ നിയമങ്ങൾ പാലിച്ചു ലൈസൻസും കൺസന്റും എല്ലാമെടുത്ത് മാത്രമേ തുടങ്ങുന്നുള്ളൂ. എന്തായാലും ഇത്തവണ അനുമതി ലഭിക്കുന്നതിന് വലിയ തടസങ്ങളൊന്നും ഉണ്ടാവില്ല എന്ന് കരുതുന്നു.

അതേപോലെ തൃശൂർ ജില്ലയിൽ ഇപ്പോഴും പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ഒരു ഫാം വിലയ്ക്ക് വാങ്ങിയാലോ എന്നും ആലോചിക്കുന്നു. പ്രാഥമിക ചർച്ചകൾ കഴിഞ്ഞതാണ്. മൂന്നേക്കർ സ്ഥലത്ത് എല്ലാ വിധ സൗകര്യങ്ങളോടും കൂടെ നിർമ്മിച്ച ഒരു ആധുനിക ഫാമാണ്, ഇപ്പോഴുള്ള ഉടമസ്ഥന് ആരോഗ്യപരമായ കാരണങ്ങളാൽ നടത്താൻ കഴിയുന്നില്ല, അതിനാൽ വിൽക്കുകയാണ്. ഇത് ഞങ്ങൾക്ക് ഒറ്റയ്ക്ക് വാങ്ങാവുന്ന അവസ്ഥയല്ല ഇപ്പോഴുള്ളത്, അതിനാൽ ഈ ഫാം വാങ്ങാനായി ഞങ്ങളുടെ കമ്പനിയുമായി ചേരാൻ തയാറുള്ള ആളുകളെയും ക്ഷണിക്കുന്നു. പരമാവധി നാലു പേര് കൂടി മതിയാവും. 

രാജ്യം എങ്ങോട്ടാണ് പോകുന്നതെന്ന് യാതൊരു പിടിയുമില്ല, എന്തായാലും മനുഷ്യൻ ഭക്ഷണം കഴിക്കുന്നത് നിർത്തില്ല എന്ന പ്രതീക്ഷയോടെ ആ രംഗത്ത് വല്ലതുമൊക്കെ ചെയ്യാമെന്ന് കരുതുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA