ADVERTISEMENT

പ്രളയം നക്കിത്തുടച്ച എന്റെ വീട്ടിലേക്ക് ഞാനും മേരീസും അപ്പച്ചനും കൂടി എത്തുന്നത് ഓഗസ്റ്റ് 22 ഇന്ത്യൻ സമയം 09.40 മണി 34 സെക്കന്റുകൾക്കാണ്. എന്റെ വീട്ടിലേക്കുള്ള വഴിയിലെ വെള്ളം അപ്പോഴും ഇറങ്ങിയിട്ടുണ്ടായിരുന്നില്ല. കുറഞ്ഞ വേഗത്തിൽ ഒഴുകിക്കൊണ്ടിരുന്ന ആ വെള്ളത്തിന് കലി അപ്പോഴും വിട്ടൊഴിഞ്ഞിട്ടുണ്ടായിരുന്നില്ല എന്നെനിക്ക് തോന്നി. മുട്ടോളം വെള്ളത്തിലൂടെ നടന്ന് ചെളി ഊർന്നിറങ്ങിക്കൊണ്ടിരിക്കുന്ന വീടിന്റെ മുറ്റത്തേക്കു കയറി. താങ്ങാൻ ഒരിക്കലും കഴിയാത്ത ഒരു കാഴ്ചയ്ക്ക് നിങ്ങൾ തയ്യാറായിക്കോളു എന്ന മുന്നറിയിപ്പ് മുറ്റത്തുനിന്നേ ഞങ്ങൾക്ക് കിട്ടി. മരണവീട്ടിലേക്ക് കയറുന്ന ഒരാളുടേതിന് സമാനമായ ചങ്കിടിപ്പ് എന്റെ അടുത്ത് നിൽക്കുന്ന ആർക്കും ഇപ്പോൾ കേൾക്കാം. ‘എല്ലാം പോയിട്ടുണ്ടാവില്ല, കുറച്ചെന്തെങ്കിലും മാത്രമേ പോയിട്ടുണ്ടാവുള്ളു’- ഹൃദയം സ്തംഭിക്കാതിരിക്കാൻ എന്റെ തലച്ചോർ ഹൃദയത്തെ പറഞ്ഞു പറ്റിച്ച പറഞ്ഞ പാഴ്വാക്കുകളായിരുന്നു അതെന്ന് മനസിലാക്കാൻ സമയം അധികമൊന്നും വേണ്ടി വന്നില്ല.

വീടിന് വല്ല തട്ടലോ പൊട്ടലോ ഉണ്ടോ എന്നറിയാനുള്ള ആകാംക്ഷയിൽ നിന്നുടലെടുത്ത എന്റെ നോട്ടം തങ്ങി നിന്നത് പ്രളയം വരച്ചിട്ട അതിന്റെ അടയാളത്തിന്മേലാണ്. മേൽക്കൂരയ്ക്ക് കഷ്ടി സെന്റിമീറ്ററുകൾ താഴെവരെ വെള്ളം നിന്നിരുന്നു. ‘നിങ്ങൾ ഒന്നും പ്രതീക്ഷിക്കരുത്’ എന്ന വിവരം ആ വെളുത്ത ചുമരിലെ വെള്ളം കയറി അഴുക്കുനിറഞ്ഞ താഴ്ഭാഗത്തെ വേറിട്ട് നിറുത്തിയ ദുരന്തന്തിന്റെ ചെളിവര പറഞ്ഞു. മക്കൾ ഫുട്ബോളും ഷട്ടിലും ഒക്കെ കളിച്ചിരുന്ന ആ മുറ്റം പ്രളയം കൊണ്ടുവന്ന ഒരു തരം ചുമന്ന ചെളിയാൽ പുതച്ചുകിടക്കുന്നു. അതിൽ കാലൂന്നി ഞങ്ങൾ കിണറിന്റെയടുത്തെത്തി. നെൽപ്പാടത്തിനോട് ചേർന്നാണെങ്കിലും തനി ചെങ്കല്ലിൽ കുഴിച്ച ആ കിണർ വാസ്തുപ്രകാരം സ്ഥാനത്തു തന്നെയാണ് സ്ഥിതി ചെയ്തിരുന്നത്. കണ്ണീരുപോലെ വെള്ളമുണ്ടായിരുന്ന ആ കിണറിൽ ഞാൻ വെറുതെ നോക്കി. അതിലപ്പോഴുണ്ടായിരുന്നത് വെള്ളമാണോ എന്നെനിയ്ക്കിപ്പോഴും തീർച്ചയില്ല. കിണറും കടന്ന് ഞാനും മേരീസും അകത്തേക്ക് കടന്നു. ഇനിയത്തെ കാഴ്ചകൾ ചിത്രങ്ങൾ പറയും.

shaji-7
മേൽക്കൂരയ്ക്ക് തൊട്ടു താഴെ വരെ ജലനിരപ്പുണ്ടായിരുന്നു

അടുക്കളയിലെ സ്ലാബിൽ വെച്ചിരുന്ന പാത്രങ്ങൾ എല്ലാം തന്നെ താഴെയുണ്ട്. പാത്രങ്ങൾ നീക്കിയപ്പോൾ ആദ്യം കണ്ടത് ഒരു പാമ്പിനെ. വീടിന്റെ ഉടമസ്ഥരെ കണ്ടു ഭയന്നിട്ടാവണം, പാമ്പ് ചെളിയിലൂടെ ഇഴഞ് പടിഞ്ഞാറേ വാതിലിലൂടെ പുറത്തേക്കു പോയി. മറഞ്ഞുകിടന്ന ഗ്യാസ് കുറ്റി ഉയർത്തിവച്ചിട്ട് അടുത്ത മുറിയിലേക്ക് കടന്നു. ഓഗസ്റ്റ് 14ന് വാങ്ങിയ ഒരു ചാക്ക് കാലിത്തീറ്റയും 30 കിലോ അരിയും കുതിർന്നഴുകിയ മണം ആ മുറിയിലെ ചെളിമണത്തിൽ തങ്ങിനിൽക്കുന്നുണ്ടായിരുന്നു.

ഞങ്ങളുടെ വീട്ടിലെ ദിനചര്യകളെ നിയന്ത്രിച്ചിരുന്ന അത്ര ഭംഗിയൊന്നും ഇല്ലാത്ത ടൈം പീസ് ഒഴുകി ചുമരിനോട് ചേർന്നുകിടക്കുന്നത് വെറുതെ എടുത്തു നോക്കി. അത് നിലച്ച സമയം അവിടെ രേഖപ്പെടുത്തിയിരുന്നു- വലിയ സൂചി ആറിനപ്പുറവും ചെറിയ സൂചി ആറിനോട് ചേർന്നും നിൽക്കുന്നു. അതായത് ഞങ്ങൾ ഇറങ്ങിയ നാലരയ്ക്ക് കൃത്യം രണ്ടുമണിക്കൂറിന് ഇപ്പുറം ആ ഘടികാരമിരുന്ന തട്ട് മുങ്ങിക്കാണണം. ഇനിയങ്ങോട്ട് സമയം അറിയിക്കാൻ പ്രാപ്തി നഷ്ടപ്പെട്ട ആ ടൈം പീസിനെ ജനലിൽകൂടി വെളിയിലേക്കിട്ടു. ഉണ്ണാനും ഉറങ്ങാനും ഉണരാനും ഉള്ള സമയങ്ങൾ ഞങ്ങളെ കൃത്യമായി അറിയിച്ചുകൊണ്ടിരുന്ന ആ നാഴികമണി പ്രളയത്താൽ ഉപയോഗശൂന്യമായി എന്നത്കൊണ്ട് ഉപേക്ഷിക്കപ്പെട്ട വസ്തുക്കളിൽ ആദ്യത്തേതായി.

shaji-6
വീടിന് ഉൾവശം

ഒഴുക്ക് തെക്കുപടിഞ്ഞാറ് ദിശയിലായിരുന്നതുകൊണ്ടു ഞങ്ങളുടെ വീടിന്റെ തെക്കുപടിഞ്ഞാറുള്ള മുറിയിൽ എല്ലാ വസ്തുക്കളും-ഫ്രിഡ്ജ്, ടിവി, സോഫ, കസേരകൾ, ഒപ്പം ദൈവങ്ങളും വന്നടിഞ്ഞു. രൂപത്തട്ടിലിരുന്ന വിശുദ്ധ യൗസേപ്പിതാവ് ഒഴുകി മുഖം മേലോട്ടായി അകത്തു കയറിയ ചെളിയിൽ പുതഞ്ഞു കിടക്കുന്നു. വലിയ പരിക്കുകളൊന്നും തന്നെയില്ല. ആ പ്രളയം ദൈവങ്ങളെപ്പോലും ഒഴിവാക്കിയില്ല എന്നെനിക്കു മനസിലായി. കൽക്കത്ത, മദ്രാസിലെ കോന്നിമാര ലൈബ്രറി എന്നിവിടങ്ങളിൽ നിന്നും ഞാൻ ശേഖരിച്ച ചരിത്ര രേഖകളുടെ പകർപ്പുകൾ, ഡോ. കെ.സി. ജയറാം, ഡോ. എ.ജി.കെ. മേനോൻ തുടങ്ങിയവർ തന്ന ശാസ്ത്ര ലേഖനങ്ങളുടെ ശരിപ്പകർപ്പുകൾ, ഒരു മാസം 2-3 എന്ന കണക്കിൽ ഞാൻ വാങ്ങിയ പുസ്തകങ്ങളുടെ ശേഖരം ഇവ അപ്പാടെ കുതിർന്നു. ഇവയിൽ പഴക്കമുള്ള പലതും കുഴമ്പ് പരുവമായി. ബൈബിൾ, വേദങ്ങൾ, ഉപനിഷത്തുക്കൾ, വൈക്കം മുഹമ്മദ് ബഷീർ സമ്പൂർണ്ണ കൃതികൾ, ഐതിഹ്യമാല എന്നിവയും അക്കൂട്ടത്തിൽപ്പെടും.

ചുമരിൽ പ്രളയം തേച്ചൊട്ടിച്ചുപോയ ചെളിയെ അടത്തിയെടുക്കുക അത്ര എളുപ്പമുള്ള കാര്യമല്ലായിരുന്നു. വാട്ടർ വാഷർ വെച്ചായിരുന്നു പ്രയോഗം. പ്രളയകാലത്ത് ഞാൻ താമസിച്ചിരുന്ന മണവാളൻ ജോയി ചേട്ടൻ നടത്തിയിരുന്ന പവർ ടൂൾ കടയിൽനിന്നു ഹൈ പ്രഷർ വാഷർ ഒരെണ്ണം വാടകയ്ക്കു വാങ്ങി. കൈപ്പിള്ളി രാജീവ് അദ്ദേഹത്തിന്റെ കൈയിലുണ്ടായിരുന്ന വാഷർ ഒരെണ്ണം കൊണ്ടുവന്നു. ഇദ്ദേഹം തന്നെയാണ് എന്റെ വീടിന്റെ പെയിന്റിംഗ് വരെയുള്ള പുനർ നിർമാണത്തിൽ എന്നെ സഹായിച്ചത്. വാഷറിൽ ഒന്ന് കേടായപ്പോൾ കീഴഡൂർ മേനോക്കിലെ എം. രവിച്ചേട്ടൻ (റിട്ടയേർഡ് ഐടിഐ ഇൻസ്ട്രക്ടർ) അദ്ദേഹത്തിന്റെ കാർ വാഷ് എനിക്ക് ആവശ്യം കഴിയുന്ന സമയം വരെ ഉപയോഗിക്കാൻ വിട്ടു നൽകി.

shaji
അടുക്കള

പശുക്കൾക്കായി സൂക്ഷിച്ചിരുന്ന വൈക്കോൽ മുഴുവനും ഒലിച്ചുപോയി. വൈക്കോൽ കണ്ടെത്തുന്നതുവരെ ഉരുക്കൾക്കുള്ള വൈക്കോൽ തന്നത് എന്റെ സുഹൃത്തും സഹപാഠിയുമായ കായക്കോടൻ വേണുവാണ്.

ഓഗസ്റ്റ് 15 ന് നാലരയ്ക്ക് ഞാൻ രക്ഷപ്പെടുംമുമ്പ് അഴിച്ചുവിട്ട പതിനഞ്ച് താറാവുകൾ മണ്ണംതുരുത്തിൽ ഒരു തറയിൽ അഭയം തേടി. അവരെ പിന്നീട് ഞാൻ കണ്ടെത്തിയത് സേട്ടു ജോയി എന്ന അപരനാമത്തിൽ അറിയപ്പെടുന്ന ജോയ് ചേട്ടൻ വഴിയാണ്. ഏതാണ്ട് 15 ദിവസത്തിന് ശേഷം എന്നെ കണ്ട താറാവുകൾ അവരുടെ മേലുള്ള എന്റെ ഉടമസ്ഥാവകാശത്തിൽ സംശയം പ്രകടിപ്പിക്കാതിരുന്നില്ല.

എന്റെ സമീപത്തുള്ള വീടുകളുടെ സ്ഥിതി ഇതിലും പരിതാപകരമായിരുന്നു. അവയിൽ പലതും പൂർണമായും മുങ്ങിപ്പോയവയാണ്. മേനാച്ചേരി ഇവന്റ്റ് മാനേജ്മെന്റ് ആൻഡ് ട്രാവൽസ് സ്ഥാപന ഉടമ പ്രസാദ് ജോസ് മേനാച്ചേരി അവർകൾ അദ്ദേഹത്തിന്റെ ജനറേറ്റർ പൂർണമായും വാടക വാങ്ങാതെ വിട്ടു തന്നു. അത് ഉപയോഗിച്ചാണ് ഉണങ്ങിപ്പിടിക്കും മുമ്പേ ചുവരിലെ ചെളി കളയാനായി വാട്ടർ വാഷർ പ്രവർത്തിപ്പിച്ചത്.

shaji-2

ഇതിനിടെ കിണറുകൾ വൃത്തിയാക്കുന്നതിന് നേതൃത്വം നൽകിയത് ഷിബു പ്ലാക്കൽ എന്ന യുവാവാണ്. അദ്ദേഹം ഒരു കൂട്ടം കുട്ടികളുമായി ചേർന്ന് ഒരു ഡീസൽ എൻജിനുമായി വെള്ളം കയറിയ വീടുകളിൽ ചെന്ന് കിണറുകൾ വറ്റിച്ചു ശുദ്ധീകരിച്ചു. മാളയിൽ സ്ഥിതിചെയ്യുന്ന കെ. കരുണാകരൻ മെമ്മോറിയൽ ഐടിഐയിലെ ജീവനക്കാരും അധ്യാപകരും കുട്ടികളും ചേർന്നാണ് മേലഡൂർ പ്രദേശത്തെ പ്രളയം വിഴുങ്ങിയ വീടുകളിലെ തകരാറിലായ വൈദുതി വൈദുതി ബന്ധങ്ങൾ ശരിയാക്കിയത്.

പ്രളയവും വിഴുങ്ങിയ എന്റെ ആ ഗ്രാമത്തിൽ സഹായങ്ങളുമായി ധാരാളം മത-രാഷ്ട്രീയ-സാംസ്കാരിക സംഘടനാ പ്രതിനിധികൾ ദിവസംതോറും വന്നു. അരിയും പലവ്യഞ്ജനങ്ങളും അടങ്ങിയ കിറ്റുകൾ തുടങ്ങി വസ്ത്രം വരെ അവർ പലരായി പല തവണകളായി എത്തിച്ചു. ദുരിതബാധിതർ ഒരു പടികൂടി കടന്ന് അവസാനം ഇങ്ങനെ പറയുകയും ചെയ്തു-‘പ്രളയം വന്നത് ഒരു കണക്കിൽ നന്നായി’. അവരെ കുറ്റം പറയുന്നില്ല.

shaji-4

പ്രളയത്തെത്തുടർന്നുള്ള സഹായങ്ങൾ ചില വീടുകളിൽ അധികമായി എത്തുകയും ചില വീടുകളിൽ എത്താതിരിക്കുകയും ചെയ്ത അപൂർവം സന്ദർഭങ്ങളിൽ അന്നാട്ടിലെ ചിലർ എന്നെ സമീപിച്ചു പറഞ്ഞു –‘അതേയ് കൂടുതലായി എന്തെങ്കിലും വന്നാൽ ഞങ്ങളെ ഒന്നറിയിക്കുമോ, കിട്ടാത്തിടത്ത് എത്തിക്കാനാണ്’. ശരിയാണെന്ന് തോന്നിയ ഞാൻ അതേറ്റു. കുറച്ചു വീടുകളിൽ ഞാൻ കയറി. ഞാൻ പറഞ്ഞു - ‘നിങ്ങൾക്ക് കിട്ടിയവയിൽ കൂടുതലാണെന്നോ വേണ്ട എന്നോ ഒക്കെ തോന്നുന്ന എന്തെങ്കിലും വസ്തുക്കൾ ഉണ്ടെങ്കിൽ എന്നെ അറിയിക്കുകയാണെങ്കിൽ ഞാൻ അത് അത്യാവശ്യമുള്ള ചില വീടുകളുണ്ട് അവിടെ എത്തിക്കാം’. അതിനോട് ആരും പ്രതികരിച്ചില്ല. ഇതൊരു കുറ്റമായി ആരോപിക്കാനിടയായത് അവർ ഉപേക്ഷിച്ച വസ്തുക്കളുടെ കൂമ്പാരങ്ങൾ കണ്ടപ്പോഴാണ്. ചില മനുഷ്യർ ഒരു ദുരന്തംകൊണ്ട് ഒന്നും പഠിക്കുന്നില്ല.

shaji-5
പ്രളയം കൊണ്ടുപോയവയിൽ പുസ്തകങ്ങളും

എന്റെ വീടും അതിനോട് ചേർന്നുള്ള വീടുകളെല്ലാം വൃത്തിയാക്കാനായി ആദ്യം എത്തിയത് കൊരട്ടി MAMHS ഹയർ സെക്കൻഡറി സ്കൂൾ ഫിസിക്സ് വിഭാഗം അധ്യാപകൻ കൂടിയായ ബിനോയ് മാഷും മേലഡൂരിലെ ട്യൂഷൻ അധ്യാപകനായ വർഗീസ് മാഷുമാണ്. തമിഴ്‌നാട്ടിൽ നിന്നുള്ള കുറച്ച് വൈദിക വിദ്യാർഥികളും മഹാരാഷ്ട്രയിൽ നിന്നുള്ളവരും സഹായിക്കാൻ എത്തിയവരിൽ പെടുന്നു. അവരുടെ നാട്ടിൽ പ്രളയം വന്നാലും പേമാരി വന്നാലും നിസംഗതയോടെ വായിച്ചു തള്ളുന്ന എന്റെ അഹങ്കാരത്തിന് അവർ തന്ന ചുട്ട മറുപടിയാണ് എന്റെ നാട്ടിൽ വന്നുള്ള അവരുടെ ഈ സന്നദ്ധ പ്രവർത്തനം. മാള പോലീസ് സ്റ്റേഷനിലെ അഡീഷണൽ സബ് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ ഒരു കൂട്ടം പോലീസുകാരും എന്റെ നാട്ടിലെ പല വീടുകളും ശുദ്ധീകരിക്കുന്നതിനുണ്ടായിരുന്നു. മേലഡൂർ ഗ്രാമിക എന്ന റെസിഡന്റ്സ് അസോസിയേഷനും മേലഡൂർ പള്ളിയിലെ സിവൈഎം എന്ന യുവജന സംഘടനയും ഞങ്ങളെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരുന്നതിൽ നിർണായക പങ്ക് വഹിച്ചിട്ടുണ്ട്.

ആദ്യം ജീവനും പിന്നെ ജീവിതത്തിനും വേണ്ടി നെട്ടോട്ടമോടിയ ഒരു ജനസഞ്ചയത്തിനു നേരെ ഒരു വാക്കെടുത്തുപോലും ആശ്വസിപ്പിക്കാതെ മുഖം തിരിച്ചവർ അനവധിയാണ്. പ്രളയത്തിന് ശേഷം എന്നെ അമ്പരപ്പിച്ചത് അവരുടെ നിസംഗതയാണ്. എന്നെ സംബന്ധിച്ച്, ഓഗസ്റ്റ് 15 മുതൽ 21 വരെ പ്രളയത്തിലും പിന്നെ കണ്ണീർകടലിലും ജീവിച്ച ഒരാളുടെ വിലാപങ്ങളിൽ നഷ്ട്ടപെട്ട സ്ഥാവര ജംഗമ വസ്തുക്കളുടെ കണക്കുകൾ മാത്രമല്ല കാണാനാവുക മറിച്ച് എന്റെ നിസ്സഹായാവസ്ഥയിൽ എനിക്കൊരു താങ്ങാവാൻ കഴിയുമായിരുന്നിട്ടും പ്രളയം ആസ്വദിച്ചു നിന്ന ദയാരഹിതരായ ഒരുകൂട്ടം ആളുകളുടെ ക്രൂരമായ മനസുകൂടിയാണ്. ആഘോഷത്തിനും, ആഡംബരത്തിനും മാത്രമായി കൂട്ടം കൂടുന്ന ആളുകൾ ധാർമികമായി അധഃപതിച്ച, ജീർണ്ണിച്ചുകൊണ്ടിരിക്കുന്ന ഒരു സമൂഹത്തെയാണ് പ്രതിനിധാനം ചെയ്യുന്നത്. അവരെ ഒരു കാര്യം ഓർമ്മപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നു. ദുരന്തങ്ങൾ ഇനിയും ആവർത്തിക്കും. അതിന്റെ സ്വഭാവവും വ്യാപ്തിയും ഇരകളും മാത്രമാണ് വ്യത്യസ്തമാവുക. ഒരു മഹാദുരന്തത്തിൽ എത്രത്തോളം നിസംഗത പാലിക്കണമെന്ന് അടുത്ത തലമുറയെ നിങ്ങൾ ഇപ്പോൾ തന്നെ പഠിപ്പിച്ചു കഴിഞ്ഞു.

മേൽവാചകങ്ങൾ 2018 സെപ്റ്റംബർ 12 ന് ഞാൻ ഫെയ്സ്ബുക്കിൽ കുറിച്ചതാണ്. അങ്ങനെയും ചിലത് പ്രളയത്തിൽപ്പെട്ട ഞാനടക്കമുള്ളവർ നേരിട്ടു. ഞാനിത് ഓർമ്മിപ്പിക്കുന്നത് ആരെയും വേദനിപ്പിക്കാൻ വേണ്ടിയല്ല, ഇനി ആരും വേദനിക്കാതിരിക്കാൻ വേണ്ടിയുള്ള ഓർമ്മപ്പെടുത്തലാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com