ADVERTISEMENT

നെൽകൃഷിയുടെ ചരിത്രം അന്വേഷിച്ചു പോയാൽ അത് ചിലപ്പോൾ ഒരു പതിനാലായിരം വർഷങ്ങൾക്കപ്പുറത്തേക്ക് നമ്മെ ചൈനയിലേക്ക് വലിച്ചുകൊണ്ടുപോകാം. ചിലപ്പോൾ അന്നത്തെ ഇന്ത്യ-ചൈന-ജപ്പാൻ-കൊറിയ തുടങ്ങിയ പ്രദേശങ്ങളിലെ ഏതെങ്കിലുമൊരു കോണിലേക്ക്. അതിന്റെ തർക്കം തുടരട്ടെ. 35 ദശലക്ഷം വർഷങ്ങൾക്കു മുന്നേയുള്ള ദിനോസറുകളുടെ ചില അവശിഷ്ടങ്ങൾ മഹാരാഷ്ട്രയിൽനിന്നു കണ്ടെടുത്തു പരിശോധിച്ചപ്പോൾ അതിൽ അരിയുടെ സാന്നിധ്യം ഉള്ളതായും മനസിലാക്കിയിട്ടുണ്ട്.

എന്തായാലും അരിക്ക് ആയിരക്കണക്കിന് പതിനായിരക്കണക്കിന് ലക്ഷക്കണക്കിന് വർഷങ്ങളുടെ കഥപറയാനുണ്ട്. ജലം സുലഭമായി ലഭിക്കുന്ന ഇടങ്ങളിലേക്ക് കൃഷിയായി വന്നെത്തിയതിന്റെ കഥയ്ക്കും അതുപോലെ സംവത്സരങ്ങളുടെ കഥ പറയാനുണ്ടാകും. അരിയാഹാരം അങ്ങിനെ സംവത്സരങ്ങളിലൂടെ ഒഴിച്ചുകൂടാൻ സാധിക്കാത്ത ഒന്നായി. കഞ്ഞിവെള്ളം കുടിച്ചും രണ്ടു മണി അരി കഴിച്ചും അരിയാഹാരം കഴിച്ചുമെന്നൊക്കെയുള്ള ശൈലികളും ചൊല്ലുകളും ഭാഷയിലും സ്ഥാനം പിടിച്ചു. സ്ഥലനാമങ്ങളിൽ 'കര' എന്ന പേരുതന്നെ സ്ഥലപ്പേരിന് പിന്നാലെ ചേർന്നിട്ടുണ്ടെങ്കിൽ അത് നെൽവയലുമായി ബന്ധപ്പെട്ടാണ് ഏറെയും നിൽക്കുന്നത്.

അങ്ങിനെ നമ്മളിന്ന് കാണുന്ന നെൽവയലുകൾ യന്ത്രങ്ങളൊന്നും ഇല്ലാതിരുന്ന പുരാതന കാലം മുതൽ തൊട്ട് എത്രയെത്ര മനുഷ്യാദ്ധ്വാനം ചെലവഴിച്ചിട്ടുണ്ടാകാം എന്നത് ചിന്തിച്ചാൽ അത്ഭുതപ്പെട്ടുപോകാം.

അരിയുടെ മാത്രമല്ല ഗോതമ്പിന്റെയും ചോളത്തിന്റെയും മറ്റു ധാന്യങ്ങളുടെയും കഥയും ഈവിധം തന്നെയായിരിക്കും. എന്തുതന്നെയായാലും ചരിത്രം അടുക്കിവച്ച ഊടും പാവും പോലെ അത്രപെട്ടെന്നൊന്നും ഉറവിട ഭൂമികളിൽനിന്നും പിഴുതുമാറ്റുക പ്രയാസമാണ്. വിശപ്പ് മാറ്റാനുള്ള ഭക്ഷണമെന്ന വിധത്തിൽ പറഞ്ഞാൽ ഒരിക്കലും സാധിക്കില്ല എന്നപോലെ. സംവത്സരങ്ങളായുള്ള ഈ ധാന്യവുമായുള്ള ബന്ധവും അതിന്റെ കൃഷി രീതികളും ഒരുപക്ഷേ പല ജീവിവർഗങ്ങളുടെയും ആവാസ വ്യവസ്ഥയുമായി തന്നെ ബന്ധപ്പെട്ടു നിൽക്കുന്ന രൂപത്തിൽ പരിണമിച്ചിട്ടുമുണ്ടാകാം.

ചരിത്രപരമായി തന്നെ രുചിഭേദങ്ങളിൽ, ഭക്ഷണ സംസ്കാരങ്ങളിൽ മനുഷ്യന് ഒഴിച്ചുകൂടാനാകാത്ത ബന്ധങ്ങൾ ഉള്ളതുകൊണ്ടും ഒരു കൃഷിയെ അപ്പാടെ ഒഴിവാക്കുന്നതിലും അർഥമില്ല. ആരോഗ്യാവസ്ഥകൾ പരിഗണിച്ചു വ്യക്തിപരമായ നിയന്ത്രണങ്ങൾ വ്യക്തികൾ നടത്തണം എന്നതാണ് അവിടെ അഭികാമ്യം.

ഇനി മനുഷ്യന്റെ ആരോഗ്യം നശിപ്പിക്കുന്നത്, പരിസ്ഥിതിയെ നശിപ്പിക്കുന്നത് അരിയാണോ എന്ന് ചോദിച്ചാൽ അല്ല എന്നുതന്നെയാണ് ഉത്തരം. കാരണം നമ്മുടെ സാമൂഹ്യ ജീവിതത്തിലെ നാനാതരം ഇടപെടലുകളും അപ്പാടെ മാറിയിരിക്കുന്നു. ഭക്ഷണ ശീലങ്ങളും പുതു രുചികളും അതോടൊപ്പം മനുഷ്യനുമേൽ വന്നുപെട്ടിരിക്കുന്ന സകലമാന സമ്മർദ്ദങ്ങളും മറ്റും പ്രാന്ത് പിടിപ്പിക്കുക മാത്രമല്ല ആത്മഹത്യകളിലേക്കും നയിക്കുന്നുണ്ട്. സാമൂഹ്യ സുരക്ഷാ എന്നൊന്ന് ലെവലേശം പോലും ഇല്ലാതായിട്ടുണ്ട്. മദ്യപാനം മൂക്കറ്റം എത്തിനിൽക്കുന്നവരുടെ ആരോഗ്യം എന്താകും? പച്ചക്കറിയും മത്സ്യവും മേടിക്കുന്നതിനേക്കാൾ നല്ലത് വിഷം മേടിക്കുകയാണ് നല്ലതെന്ന സ്ഥിതിയിലെത്തി. ധാന്യങ്ങളുടെയും സ്ഥിതി മറിച്ചല്ല. അങ്ങിനെ ഏതൊരു ഭക്ഷണവും ഇന്ന് ശരീരത്തെ, ആരോഗ്യത്തെ ഹനിക്കുന്ന താരത്തിലായി മാറി.

നമ്മുടെ ഉൽപാദന വിതരണ സമ്പ്രദായങ്ങളിൽ വന്ന ദുഷിച്ച മാറ്റത്തിന് അരിയും നെൽകൃഷിയും വയലുകളും എന്തുപിഴച്ചു?

English summary: Rice and Its Importance to Human Life

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com