പ്രകൃതിയേക്കാൾ വലുതല്ല മനുഷ്യൻ: കോവിഡ് വൈറസ് പഠിപ്പിച്ച പാഠങ്ങളിലൊന്ന്

HIGHLIGHTS
  • ചിങ്ങം ഒന്ന്, കർഷകദിനം
vegetable
SHARE

പഴയ രീതികളെയെല്ലാം മാറ്റി മറിച്ച് കോവിഡ്-19 നമ്മെ പുതിയ നോർമ്മലിൽ എത്തിച്ചിരിക്കുന്നു. തികച്ചും അസാധാരണമായ പുതിയ സാഹചര്യത്തിൽ  ഏറ്റവും അസാധാരണമായ പുതിയ സമീപനം സാമൂഹ്യ, സമ്പദ് വ്യവസ്ഥകൾക്ക് ആവശ്യമുണ്ട്. കാർഷികസെമിനാറുകൾ, കർഷകരെ ആദരിക്കൽ, പഴയ കൃഷിക്കാലത്തേക്കുറിച്ചുള്ള ഗൃഹാതുര സ്മരണകൾ അയവിറക്കുന്ന ലേഖനങ്ങൾ തുടങ്ങിയ കർഷകദിനത്തിലെ പതിവുപരിപാടികൾക്ക്  ഈ വർഷം സ്ഥാനവും പ്രാധാന്യവുമില്ല. കോവിഡാനന്തര കേരളത്തിൽ കൃഷി എങ്ങനെയാവണം, കൃഷിക്കാരനെന്തു ചെയ്യണം തുടങ്ങിയ നിരവധി ചോദ്യങ്ങളാണ് നമ്മുടെ മുൻപിലുള്ളത്. പകർച്ചവ്യാധികൾ മാത്രമല്ല പ്രകൃതിദുരന്തങ്ങളും  തുടർച്ചയായി നമ്മെ പിൻതുടരുകയാണ്. പ്രകൃതിയിൽ പലനാളായി നാം വിതച്ചതു കൊയ്യേണ്ടി വരുന്ന സമയമാണിതെന്നു കരുതാം. കൃഷിയും അനുബന്ധ മേഖലകളും മുഴുവൻസമയ തൊഴിലായി സ്വീകരിച്ചവർ കടുത്ത തിരിച്ചടി നേരിടുന്ന കേരളത്തിൽ, വീട്ടുവളപ്പിൽ അൽപസ്ഥലത്തെങ്കിലും കൃഷി ചെയ്യണമെന്ന ബോധ്യം കൊണ്ടുവരാൻ സുഭിക്ഷകേരളം പോലുള്ള സർക്കാർ സംരഭങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്. കോവിഡ് കാലത്ത് കേന്ദ്ര സർക്കാർ കാർഷിക മേഖലയിൽ സമഗ്രമായ പരിഷ്ക്കരണങ്ങൾക്ക് തുടക്കമിട്ടിരിക്കയാണ്. കൃഷിയെ സംരഭമായി കാണുന്നവർ കേന്ദ്ര സർക്കാരിന്റെ നവ നിയമനിർമാണങ്ങളെ ഉറ്റുനോക്കുകയാണ്. അപ്പോൾ ഇതുവരെ കണ്ടതല്ല കാണാനിരിക്കുന്നതെന്ന പ്രതീക്ഷ കാർഷികമേഖലയിൽ ഉയർത്തുക എന്ന പ്രധാന ദൗത്യമാണ് ഈ വർഷത്തെ കർഷകദിനത്തിൽ നമ്മുടെ മുന്നിലുള്ളത്. വാണിജ്യക്കൃഷിയിലേർപ്പെടുന്നവനു മികച്ച വരുമാനം, വീട്ടുവളപ്പിൽ കൃഷി ചെയ്യുന്നവരുടെ സ്വയംപര്യാപ്തത, നാട്ടിലേക്കു മടങ്ങിയെത്തുന്ന പ്രവാസികളിൽ ഒരു വിഭാഗത്തിനെങ്കിലും കാർഷികമേഖലയിൽ തൊഴിലവസരങ്ങൾ, ഉപഭോഗം ശീലമാക്കിയ മലയാളിക്ക് നാടിന്റെ നന്മയുള്ള ഭക്ഷണത്തിൽ സ്വയംപര്യാപ്തത തുടങ്ങി ഏറെ സ്വപ്നങ്ങൾ കാണാൻ കഴിയുന്ന ദിവസമാകടെ കോവിഡ് കാലത്തെ കർഷകരുടെ ദിവസം..

കേരളം കൃഷി ചെയ്യുന്നതെങ്ങനെ?

കേരള സംസ്ഥാന ആസൂത്രണ ബോർഡ് തയാറാക്കിയ സാമ്പത്തിക അവലോകന റിപ്പോർട്ട് (2019) കേരളത്തിലെ കൃഷിയും അനുബന്ധ മേഖലയും സംബന്ധിച്ചുള്ള വർത്തമാനചിത്രം നൽകുന്നു. സംസ്ഥാനത്തിന്റെ മൊത്തം ആഭ്യന്തര ഉൽപാദനത്തിൽ കാർഷികമേഖലയുടെ പങ്ക് കുറഞ്ഞു വരികയാണെന്നതാണ് വസ്തുത. അതായത് കാർഷിക‌വ്യവസ്ഥയിലധിഷ്ഠിതമായ ഒരു സമ്പദ് വ്യവസ്ഥയല്ല ഇന്ന് കേരളത്തിനുള്ളത്. 2017-18ൽ സംസ്ഥാനത്തിന്റെ മൊത്തം മൂല്യവർധനയിൽ കാർഷികവിളകളുടെ പങ്ക് കേവലം 8. 7 ശതമാനം മാത്രമായിരുന്നു. എങ്കിലും ദാരിദ്യ നിർമാർജനം, ആരോഗ്യ ക്ഷേമം തുടങ്ങിയ വികസനലക്ഷ്യങ്ങളിലേക്കുള്ള പ്രയാണത്തിൽ കാർഷികമേഖലയ്ക്ക് സുപ്രധാനമായ പങ്കുണ്ടെന്നത് മറക്കരുത്. കൃഷി, കന്നുകാലി, വനവിഭവം, മത്സ്യബന്ധനം  എന്നിവയുൾപ്പെടുന്ന ഉൽപാദനമേഖലയിലെ വളർച്ചാ നിരക്ക് 2018-19ൽ പിന്നോട്ടായിരുന്നു (- 0.52 ). കേരളത്തിലെ ഭൂവിനിയോഗത്തിലും കാലക്രമേണ മാറ്റങ്ങളുണ്ടായിരിക്കുന്നു. കാർഷികേതരാവശ്യങ്ങൾക്കുപയോഗിക്കുന്ന ഭൂമിയുടെ വർധനയും, ഭക്ഷ്യ വിളകളിൽ നിന്നു ഭക്ഷ്യേതര വിളകളിലേക്കുള്ള മാറ്റവും ശ്രദ്ധേയമാണ്. ഭൂമിയുടെ ഉപയോഗ, വിളക്രമത്തിൽ വന്നിരിക്കുന്ന മാറ്റം ഭക്ഷ്യ സുരക്ഷയ്ക്കും പാരിസ്ഥിതിക സുരക്ഷയ്ക്കും വെല്ലുവിളിയാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. 2018-19ൽ സംസ്ഥാനത്തെ മൊത്തം ഭൂവിസ്തൃതിയായ 38.86 ലക്ഷം ഹെക്ടറിൽ വിളയിറക്കപ്പെട്ടത് 25.68 ലക്ഷം ഹെക്ടറിൽ (66 ശതമാനം) ആയിരുന്നു. ഇതിൽ യഥാർഥ കൃഷിയുടെ വിസ്തൃതി 20.44 ലക്ഷം ഹെക്ടർ (53 ശതമാനം) മാത്രമായിരുന്നുവെന്ന് കണക്കുകൾ പറയുന്നു. ബാക്കിയുള്ളതിൽ 12 ശതമാനം കാർഷികേതരാവശ്യങ്ങൾക്കായി ഉപയോഗിക്കപ്പെടുന്നു.  പിന്നെയുള്ളത് 28 ശതമാനം വരുന്ന വനഭൂമിയാണ്. കൃഷിക്കനുയോജ്യമായ രണ്ടു ശതമാനം പാഴ്ഭൂമിയും ,ഒരു ശതമാനം തരിശു ഭൂമിയും കൂടി ചേരുമ്പോൾ കേരളത്തിന്റെ ഭൂവിനിയോഗ ചിത്രം പൂർണമാകുന്നു. 2015-16 ൽ  കേരളത്തിൽ 7583000 കൃഷിയിടങ്ങളാണ് ഉണ്ടായിരുന്നത്. സംസ്ഥാനത്തിന്റെ പ്രതിശീർഷ ഭൂമിലഭ്യത കേവലം 0.18 ഹെക്ടർ മാത്രമാണ്. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളുടെ ഭൂവിനിയോഗരീതിയിൽ നിന്നു തികച്ചും വ്യത്യസ്തമാണ് കേരളത്തിലുള്ളത്. കാർഷിക കേരളം നേരിടുന്ന അടിസ്ഥാനപരമായ പ്രശ്നവും ഇതു തന്നെയാണ്. യഥാർത്ഥത്തിൽ കൃഷി നമ്മുടെ മുഖ്യവിഷയമാകുന്നില്ലായെന്നതാണ് ഇതിന്റെ പരിണത ഫലം.

കേരളം കൃഷി ചെയ്യുന്നതെന്ത്?

2018-19ൽ കേരളത്തിന്റെ ആകെ കൃഷി വിസ്തൃതിയുടെ 62.1 ശതമാനം നാണ്യവിളകളാണ് (റബർ, കശുമാവ്, കുരുമുളക്, തെങ്ങ്, ഏലം, തേയില, കാപ്പി) കയ്യടക്കിയത്. ഭക്ഷ്യവിളകൾ (നെല്ല്, കപ്പ, പയറുവർഗങ്ങൾ) കൃഷി ചെയ്യപ്പെട്ടത് 10.15 ശതമാനം സ്ഥലത്തു മാത്രമാണ്. മൊത്തം കൃഷി വിസ്തൃതിയുടെ 27.7 ശതമാനം റബ്ബർ, കാപ്പി, തേയില, ഏലം  എന്നീ വിളകളാണ്. ഏറ്റവും കൂടുതൽ സ്ഥലത്ത് (29.6 ശതമാനം) കൃഷി ചെയ്യപ്പെടുന്നത് തെങ്ങും, റബറുമാണ് ( 21.5 ശതമാനം). നമ്മുടെ മുഖ്യ ഭക്ഷ്യവിളയായ നെല്ല് കൃഷി വിസ്തൃതിയിൽ മൂന്നാം സ്ഥാനത്താണ് ( 7. 7 ശതമാനം). നെല്ലൊഴി കെയുള്ള ഭക്ഷ്യവിളകളുടെ ആകെ വിസ്തൃതി കുറഞ്ഞ 2018-19 കാലയളവിൽ നെൽകൃഷിയുടെ വിസ്തൃതി 4.7 ശതമാനം കൂടിയെന്നത് ശ്രദ്ധേയമാണ്. തെങ്ങ്, കവുങ്ങ്, തേയില, വാഴ ഒഴികെയുള്ള മറ്റു പ്രധാന വിളകളുടെ കൃഷിവിസ്തൃതി കുറഞ്ഞു വരുന്നു. 2017-18 നെ അപേക്ഷിച്ച് തെങ്ങുകൃഷിയിൽ 0 .06 ശതമാനവും തേയില കൃഷിയിൽ 20.8 ശതമാനവും വർധനയുണ്ടായി. റബർ, കാപ്പി എന്നിവ കൃഷി ചെയ്യപ്പെടുന്ന സ്ഥലത്തിന്റെ വിസ്തൃതി മാറ്റമില്ലാതെ തുടർന്നു. 2016-17 ലെ നബാർഡ് സർവേ പ്രകാരം രാജ്യത്തെ പ്രമുഖ കാർഷിക സംസ്ഥാനമായ പഞ്ചാബിലെ കർഷകന്റെ ശരാശരി മാസവരുമാനം 23,133 രൂപയും, കേരളത്തിൽ 16,927 രൂപയുമാണത്രേ. ഈ വരുമാനത്തിലേക്കെങ്കിലും എത്താൻ കേരള കർഷകനായത് നാണ്യവിളക്കൃഷിയുടെ പിൻബലത്താലാണ് എന്നു പറയാം. പോയ വർഷവുമായി താരതമ്യപ്പെടുത്തുമ്പോൾ മൃഗസംരക്ഷണ മേഖലയിലെ പ്രാധാന ഉൽപന്നങ്ങളായ പാൽ, ഇറച്ചി, മുട്ട എന്നിവയുടെ ഉൽപാദനത്തിൽ നേരിയ കുറവുണ്ടായിട്ടുണ്ട്. ഉൽപാദനം 456.99 ആയിരം മെട്രിക് ടൺ മാംസം, 25.49 ആയിരം മെട്രിക് ടൺ പാൽ, 229.17 കോടി മുട്ട എന്ന കണക്കിലായിരുന്നു. ഇന്ത്യയിലെ മത്സ്യബന്ധന സംസ്ഥാനങ്ങളിൽ 2017-18  ൽ കേരളത്തിന് പത്താം സ്ഥാനവും സമുദ്ര മത്സ്യബന്ധനത്തിൽ അഞ്ചാം സ്ഥാനവുമായിരുന്നു. 2018-19-ലെ കേരളത്തിന്റെ മൊത്തം മത്സ്യ ഉൽപാദനമായ 8.01 ലക്ഷം ടണ്ണിൽ,6.09 ലക്ഷം ടൺ സമുദ്രത്തിൽ നിന്നും 1.92 ലക്ഷം ടൺ ഉൾനാടൻ സ്രോതസുകളിൽ നിന്നുമായിരുന്നു. ദേശീയതലത്തിൽ ആകെ ഉൽപാദനത്തിന്റെ 68 ശതമാനവും ഉൾനാടൻ മേഖലയിൽ നിന്നാകുമ്പോൾ കേരളത്തിലത് 28 ശതമാനം മാത്രമാണ്.

കോവിഡ് തകർത്ത കാർഷികമേഖല

കോവിഡ്- 19 മഹാമാരിയും ലോക്ക്ഡൗണും  കേരളത്തിലെ കാർഷികമേഖലയ്ക്കേൽപ്പിച്ച ആഘാതം സംബന്ധിച്ച്  ദ്രുതഗതിയിലുള്ള ഒരു  വിലയിരുത്തൽ  സംസ്ഥാന ആസൂത്രണ ബോർഡ് നടത്തിയിരുന്നു. ബോർഡിന്റെ വിലയിരുത്തലനുസരിച്ച് തോട്ടവിളകൾ ഉൾപ്പെടെ കാർഷിക മേഖലയിലെ മൊത്തം നഷ്ടം  (2020 മാർച്ച് മുതൽ ഏപ്രിൽ വരെയുള്ള പരിശോധനാ കാലയളവിൽ) 1570.75 കോടി രൂപയും, വേതന നഷ്ടം മൂലം കർഷകത്തൊഴിലാളികൾക്ക് ഉണ്ടാകുന്ന നഷ്ടം ഏകദേശം 200.30 കോടി രൂപയുമാണ്. അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങൾ നാണ്യവിളകളെയാണ് കാര്യമായി ബാധിച്ചത്‌. 2020-ൽ ആഗോളവ്യാപാരത്തിലുണ്ടാകുമെന്ന് ലോക വാണിജ്യ സംഘടന പ്രവചിച്ചിരിക്കുന്ന 13-32 ശതമാനം കുറവ് കയറ്റുമതി അധിഷ്ഠിത തോട്ട, സുഗന്ധവ്യഞ്ജന വിളകൾക്ക് കനത്ത ആഘാതമുണ്ടാക്കും. ലോക്‌‍‍ഡൗൺ മൂലം മിക്ക കാർഷിക വിളകളുടെയും കന്നുകാലി ഉൽപന്നങ്ങളുടെയും മത്സ്യത്തിന്റെയും ആഭ്യന്തര വില കുത്തനെ ഇടിഞ്ഞു. ഉൽപ്പാദനത്തിൽ പ്രതിസന്ധി കുറവായിരുന്നെങ്കിലും ഡിമാൻഡ് കുറഞ്ഞതും വിതരണ ശൃംഖല തടസപ്പെട്ടതും കാര്യമായ നഷ്ടമുണ്ടാക്കി. ലോക്‌‍ഡൗണിന്റെ ഫലമായി തൊഴിലാളികളുടെ ലഭ്യതയിലുണ്ടായ കുറവ് ഉൽപാദന, സംസ്കരണ, വിതരണ രംഗങ്ങളെ ബാധിക്കുകയുണ്ടായി. കോവിഡ് ലോക്‌ഡൗൺ കാർഷിക മേഖലയിലെ പൊതുമേഖലാ സ്ഥാപനങ്ങൾക്ക് വലിയ നഷ്ടമുണ്ടാകുകയും ചെയ്തു. കോവിഡ് ലോക്‌ഡൗൺ ഓരോ കാർഷിക വിളകളെയും എങ്ങനെ ബാധിച്ചുവെന്ന വിശദമായ ദ്രുത അവലോകന റിപ്പോർട്ട് പ്ലാനിങ് ബോർഡ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

സർക്കാർ പദ്ധതികൾ‌

കോവിഡ്- 19 രോഗവ്യാപനം ഭാവിയിൽ സൃഷ്ടിച്ചേക്കാവുന്ന ഭക്ഷ്യപ്രതിസന്ധി മറികടക്കാൻ കേരള സർക്കാർ ‘സുഭിക്ഷ കേരളം’ പദ്ധതിയുമായി രംഗത്തെത്തിയപ്പോൾ, കേന്ദ്ര സർക്കാർ ‘ആത്മനിർഭർ’ പാക്കേജാണ് പ്രഖ്യാപിച്ചത്. 3000 കോടി രൂപയുടെ സുഭിക്ഷ കേരളം കർമ്മപദ്ധതി പഞ്ചായത്തടിസ്ഥാനത്തിലാണ് നടപ്പാക്കുന്നത്. കൃഷി, മൃഗസംരക്ഷണം, ഫിഷറീസ്, ക്ഷീരവികസനം, തദ്ദേശ സ്വയംഭരണം, സഹകരണം, ജലസേചനം, വ്യവസായം, പട്ടികജാതി-പട്ടികവർഗ്ഗക്ഷേമ വകുപ്പുകൾ ചേർന്നാണ് പദ്ധതി നടപ്പിലാക്കു ക. ഒരു ലക്ഷം ഹെക്ടർ തരിശുനിലത്തു കൃഷിയിറക്കുകയാണ് പ്രഥമ ലക്ഷ്യം. സ്വന്തം ഭൂമിയിലോ, പാട്ടഭൂമിയിലോ കൃഷി ചെയ്യാൻ സഹായമെത്തിക്കുന്നതിനൊപ്പം ഭൂമിയില്ലാത്തവർക്ക് കൃഷി ചെയ്യാൻ ഭൂമി കണ്ടെത്താനും സഹായം ലഭിക്കും. കാർഷിക മേഖലയ്ക്ക് 1.5 ലക്ഷം കോടി രൂപയുടെ പുനരുദ്ധാരണ പദ്ധതിയാണ് കേന്ദ്രം പ്രഖ്യാപിച്ചത്. ഉൽപാദനത്തേക്കാൾ ഉൽപാദനശേഷമുള്ള വിപണനത്തിന് ഊന്നൽ നൽകുന്നതുൾപ്പെടെയുള്ള പതിനൊന്നിന പരിപാടിയാണ് കേന്ദ്രത്തിൻ്റേത്. ഇന്ത്യയുടെ കാർഷിക രംഗത്തെ സമൂലം മാറ്റിമറിച്ചേക്കാവുന്ന കൃഷിയുമായി ബന്ധപ്പെട്ട മൂന്ന് ഓർഡിനൻസുകൾ കേന്ദ്രം വിജ്ഞാപനം ചെയ്തു കഴിഞ്ഞു. കാർഷികോൽപന്നങ്ങൾ കർഷകർക്ക് സ്വന്തം ഇഷ്ടപ്രകാരം എവിടെയും വിൽക്കാൻ സ്വാതന്ത്ര്യം നൽകുന്ന ഓർഡിനൻസ്, 1955. ലെ അവശ്യവസ്തുനിയമത്തിന്റെ ഭേദഗതി ഓർഡിനൻസ്, കരാർകൃഷി ഓർഡിനൻസ് എന്നീ നിയമനിർമ്മാണങ്ങളുടെ അലയൊലികൾ കേരളത്തിലുമുണ്ടാക്കും, പ്രത്യേകിച്ച് കരാർ കൃഷിയുടേത്. കാർഷിക വായ്പാരംഗത്തും കാര്യമായ ഇടപെടലുകൾ നടത്താനാണ് കേന്ദ്രത്തിന്റെ തീരുമാനം.

പുതിയ കാലം പുതിയ കൃഷി

കോവിഡ് വൈറസ് മനുഷ്യനെ പഠിപ്പിച്ച നിരവധി പാഠങ്ങളുണ്ട്. പ്രകൃതിയേക്കാൾ വലുതല്ല മനുഷ്യനെന്നത് അതിലൊന്നു മാത്രം. കോവിഡിനു ശേഷമുള്ള ലോകവും മനുഷ്യനും മാത്രമല്ല,  കൃഷിയും വ്യത്യസ്തമായിരിക്കുമെന്നുറപ്പ്. വലിയ ഭക്ഷ്യ പ്രതിസന്ധിയാണ് ലോകത്തെ കാത്തിരിക്കുന്നതെന്ന് ഐക്യരാഷ്ട്രസഭ പറയുന്നു. 13.5 കോടി ജനങ്ങളെയാണ് കോ വിഡ് മഹാമാരി നിലവിലുള്ള പട്ടിണിക്കാരോടൊപ്പം അധികം ചേർത്തത്. പാട്ടകൃഷി, കരാർകൃഷി, ഹരിതകൃഷി, കർഷക ഉൽപാദകസംഘങ്ങൾ, വിപണനത്തിലെ വോക്കൽ ഫോർ ലോക്കൽ ആശയം തുടങ്ങിയ അനേകം പുത്തൻ വഴികൾ കർഷകനു മുന്നിലുണ്ട്. കാലാകാലങ്ങളായി കാൽപനികമായി വാഴ്ത്തിപ്പാടപ്പെടുന്ന ദരിദ്രനും ദുർബലനുമായ കർഷകന്റെ ചിത്രം സൃഷ്ട പരതയുള്ള, നവീന സമ്പ്രദായങ്ങളെ പുൽകുന്ന കാർഷിക സംരഭകന്റേതായി മാറട്ടെ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA