കൃഷി എന്ന അപകടകരമായ ജോലിയിൽ പരാജയപ്പെട്ട ആയിരങ്ങൾക്കിടയിലേക്ക് ഒരാൾ കൂടി

HIGHLIGHTS
  • വിളവെടുക്കാൻ ആകുമ്പോഴേക്കും പ്രകൃതിക്ഷോഭങ്ങൾ, മഹാമാരികൾ, വിലത്തകർച്ച
pineapple
SHARE

കോവിഡ്–19 മഹാമാരി കാർഷികമേഖലയിലെ തകർച്ചയ്ക്ക് ആക്കം കൂട്ടുകയാണ്. അതിൽത്തന്നെ ഏറ്റവും ദുരിതത്തിലായ കാർഷിക മേഖലയാണ് പൈനാപ്പിൾ കൃഷി. കോവിഡ് മൂലം കഴിഞ്ഞ ആറു മാസത്തെ വിലത്തകർച്ച കർഷകർക്കു വരുത്തിവച്ച നഷ്ടം ചെറുതല്ല. പലരും നിലനിൽപ്പിനായുള്ള നെട്ടോട്ടത്തിലാണ്. കടബാധ്യതയേത്തുടർന്ന് പൈനാപ്പിൾ കർഷകൻ ആത്മഹത്യ ചെയ്ത വാർത്ത കേരളത്തിലെ കർഷകസമൂഹത്തെ ഞെട്ടിച്ചിരിക്കുകയാണ്. വിപണിയില്ലാതെ, വിലയില്ലാതെ എത്ര നാൾ ഒരു കർഷകന് പിടിച്ചു നിൽക്കാൻ കഴിയും? കർഷകർ അനുഭവിക്കുന്ന ദുരിതങ്ങൾ വിവരിച്ച് വയനാട് സ്വദേശി ഇ.പി. ഫിലിപ്പ് കുട്ടി എന്ന കർഷകൻ പങ്കുവച്ച കുറിപ്പ് ചുവടെ...

കേരളത്തിലെ ആത്മഹത്യകളുടെ പട്ടികയിൽ ഇന്ന് ഇടംപിടിച്ചത് മൂവാറ്റുപുഴ ആയവന സ്വദേശിയായ കുഴുമ്പിൽ അനിൽ എന്ന 45 കാരനാണ്.

പൈനാപ്പിൾ കൃഷിയിലൂടെ ജീവിതം കരുപ്പിടിപ്പിച്ച ഈ യുവകർഷകൻ കഴിഞ്ഞ ആറു മാസക്കാലമായി അനുഭവിക്കുന്ന വിലത്തകർച്ചയുടെ മറ്റൊരു ഇരയായി...

അനിലിന്റെ മകൻ അഭിജിത്ത് അനിൽ എന്ന 21 വയസുകാരൻ തന്റെ ജീവിതാനുഭവങ്ങളും, കർഷക ആത്മഹത്യകളും എന്ന വിഷയത്തിൽ നടത്തിയിട്ടുള്ള ഒരു തുറന്നെഴുത്ത് 2020 ജൂൺ 15 ന് തന്റെ ഫെയ്സ്ബുക്ക് പേജിൽ കുറിച്ചിട്ടുണ്ട്. അനാഥനായ ആ മകന്റെ ഫേസ്ബുക്ക് പോസ്റ്റ് ഞാൻ അടിയിൽ കൊടുത്തിട്ടുണ്ട്. (വായിക്കണം)

മൂവാറ്റുപുഴ വാഴക്കുളം പ്രദേശങ്ങളിൽ ഏക്കറിന് 70,000 രൂപ വരെയാണ് ഒരു വർഷത്തേക്ക് പാട്ടം. പൈനാപ്പിളിന് ഭൂമി എടുക്കുന്നത് മൂന്നര വർഷത്തേക്കാണ് വർഷാവർഷം പാട്ടം നൽകണം. 2.5 ലക്ഷം രൂപ മുതൽ 3 ലക്ഷം രൂപ വരെയാണ് മുതൽമുടക്ക്. കിലോയ്ക്ക് 30 രൂപ വിലയും, 10000 കിലോ പൈനാപ്പിളും ഉണ്ടായെങ്കിൽ മാത്രമേ കൃഷി ലാഭകരം ആവൂ.

കഴിഞ്ഞ 6 മാസമായി പൈനാപ്പിളിന് ലഭിച്ച ഏറ്റവും കൂടിയ വില കിലോയ്ക്ക് 18 രൂപയാണ്. പലപ്പൊഴും 10 രൂപയിലും താഴ്ന്നുപോയി. കൂലിച്ചെലവും വലിയ തോതിൽ വർധിച്ചു.അന്യസംസ്ഥാന തൊഴിലാളികൾ 700 രൂപ നിരക്കിൽ എടുത്തിരുന്ന പണി ഇപ്പോൾ 1200 രൂപയിൽ അധികമായി. സർക്കാരിൻറെ സംഭരണവും ഒട്ടും ഫലം കണ്ടില്ല. ആയിരക്കണക്കിന് ഏക്കർ കൃഷി ചെയ്യുന്ന കേരളത്തിൽ 200 ടൺ സംഭരിച്ചതുകൊണ്ട് എന്തു പ്രയോജനം.

എറണാകുളത്തെയും സമീപത്തെയും ജില്ലകളിൽ ബാങ്കുകൾ പൈനാപ്പിൾ കൃഷി ചെയ്യുന്നതിന് ഏക്കറിന് ഒന്നര ലക്ഷത്തിലധികം രൂപ വീതം ഓവർ ഡ്രാഫ്റ്റ് ആയി നൽകാറുണ്ട്. 10 ശതമാനത്തിൽ താഴെ പലിശയ്ക്ക് ലഭിക്കുന്നതിനാൽ ഭൂരിഭാഗം കർഷകരും ഇത്തരം വായ്പകളെ ആശ്രയിക്കാറുണ്ട്.

പൈനാപ്പിൾ ഉപയോഗിച്ച് വർഷങ്ങളോളം കേടുകൂടാതെ സൂക്ഷിക്കാൻ പറ്റുന്ന ഒട്ടേറെ മൂല്യവർധിത ഉൽപന്നങ്ങൾ ഉണ്ടാക്കാനുള്ള സംവിധാനം സംസ്ഥാനത്തിൻറെ വിവിധഭാഗങ്ങളിൽ അനാഥമായി കിടക്കുകയാണ്. ബാങ്ക് വായ്പകളും, സ്വർണ പണയങ്ങളും ഉപയോഗിച്ച് മണ്ണിൽ ചോരനീരാക്കി കൃഷി ചെയ്യും. വിളവെടുക്കാൻ ആകുമ്പോഴേക്കും പ്രകൃതിക്ഷോഭങ്ങൾ, മഹാമാരികൾ, വിലത്തകർച്ച!!!

വിദ്യാഭ്യാസ ജീവിതം ഉപേക്ഷിച്ച് അച്ഛനെ സഹായിക്കാൻ കൃഷിയിലേക്ക് ഇറങ്ങുന്നതു വരെ, ഇന്ദ്രജിത്തിനും കർഷക ആത്മഹത്യകളോടും കാർഷിക മേഖലയിലെ പ്രശ്നങ്ങളോടും തികഞ്ഞ പരിഹാസം മാത്രമായിരുന്നു. കാർഷിക ജീവിതത്തിലെ അനുഭവത്തിൽനിന്ന് താൻ അനുഭവിച്ചറിഞ്ഞ യാഥാർഥ്യങ്ങൾ ഒരു മടിയും കൂടാതെ ആ 21കാരൻ ഫെയ്സ്ബുക്കിൽ കുറിച്ചിട്ട് 65 നാൾ പിന്നിടുമ്പോൾ... സ്വന്തം പിതാവ് ആത്മഹത്യ ചെയ്തു...

കടുത്ത മാനസിക സംഘർഷത്തിലാണ് കേരളത്തിലെ ആയിരക്കണക്കിന് പൈനാപ്പിൾ കർഷകർ...

കൃഷി എന്ന അപകടകരമായ ജോലിയിലെ, പ്രതിസന്ധികളിൽ പിടിച്ചുനിൽക്കാനാവാതെ, കെട്ടിത്തൂങ്ങിയും വിഷം കഴിച്ചും ജീവനൊടുക്കിയ, അനേകായിരങ്ങളുടെ പട്ടികയിൽ പ്രിയപ്പെട്ട അനിലും ഇടംപിടിച്ചു... അനാഥമായ ആ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA