ADVERTISEMENT

കൃഷി ഉദ്യോഗസ്ഥരെ ഫയലില്‍നിന്നു വയലിലേക്ക് ഇറക്കാനുള്ള ഉദ്യമത്തിലാണ് കൃഷിമന്ത്രി വി. എസ്. സുനിൽകുമാര്‍. കൃഷിയിടത്തില്‍ കര്‍ഷകനു വഴികാട്ടിയും സുഹൃത്തുമാകുന്നതില്‍നിന്നു കൃഷി ഉദ്യോഗസ്ഥരെ തടയുന്നതെന്ത്. തടസ്സങ്ങള്‍ എങ്ങനെ നീക്കാം– അന്വേഷണം

ഫയലുകളിൽ കിളയ്ക്കുകയും വയലുകളിൽ വിളവെടുപ്പിന്റെ കണക്ക് തേടുകയും ചെയ്യുന്ന സംവിധാനമെന്നു വിശേഷിപ്പിക്കാവുന്ന സ്ഥിതിയിലാണ് കേരളത്തിലെ കൃഷിവകുപ്പ്. പഞ്ചായത്തുകൾ തോറും നിയമിച്ചിരിക്കുന്ന കാർഷികവിദഗ്ധരെ കൃഷിയിടങ്ങളിൽ ഇറക്കാതെ വിളവ് മെച്ചപ്പെടില്ലെന്ന്  സംസ്ഥാന സർക്കാർ തിരിച്ചറിഞ്ഞുകഴിഞ്ഞു. വൈകിയ വേളയിലെങ്കിലും കൃഷി ഉദ്യോഗസ്ഥർക്ക് കൃഷിയിടങ്ങളിലിറങ്ങി തങ്ങൾ പഠിച്ചതൊക്കെ പ്രാവർത്തികമാക്കാനുമുള്ള സാഹചര്യം സൃഷ്ടിക്കാൻ അണിയിറയിൽ പദ്ധതി തയാറാവുകയാണ്. കൃഷിമന്ത്രി വി.എസ്. സുനിൽകുമാറിന്റെ സവിശേഷ താൽപര്യത്തിൽ നടപ്പാക്കുന്ന ഈ പരിഷ്കാരങ്ങൾ എങ്ങനെയാവണം? എന്തൊക്കെ പ്രതിബന്ധങ്ങളാവും ഫയലുകൾ നീക്കിവയ്ക്കാനൊരുങ്ങുന്ന കൃഷി ഉദ്യോഗസ്ഥർക്കു മുന്നിലുണ്ടാവുക? കാര്യക്ഷമത വർധിപ്പിക്കുന്നതിന് എന്തൊക്കെ വഴികളാണുള്ളത്. കൃഷിവകുപ്പിന്റെ വിവിധ തലങ്ങളിൽ പ്രവർത്തിച്ച മൂന്നു വിദഗ്ധർ പ്രതികരിക്കുന്നു.

സമഗ്രമാവണം മാറ്റങ്ങൾ: കെ.ജി. ഗിരീഷ്കുമാർ

കാലാവസ്ഥയും മണ്ണും ഭൂഗർഭജലശേഖരവും സാക്ഷരതയും വികേന്ദ്രീകൃത ഭരണസംവിധാനവും സഹകരണശൃം ഖലയുടെയും അനുബന്ധ ഏജൻസികളുടെയും സേവനവുമൊക്കെ  ഏറ്റവും മികവോടെയുള്ള നാടാണ് കേരളം. പക്ഷേ, ഏഴു പതിറ്റാണ്ടിലെ കണക്കുകൾ  നമുക്ക് വ്യക്തമാക്കിത്തരുന്നത് ഒരേ ഒരു കാര്യം മാത്രം– കാർഷികരംഗത്ത് കേരളം മുരടിക്കുകയാണ്. നെല്ല്, തെങ്ങ്, സുഗന്ധവിളകള്‍ തുടങ്ങി ഏതു വിളയുടെ കാര്യത്തിലും കൃഷിയിട വിസ്തൃതി, ഉൽപാദനക്ഷമത എന്നിവയിലൊക്കെ ഈ മുരടിപ്പ് ഏറെ നാളായി നിലനിൽക്കുന്നു. അതേസമയം ലോകമെമ്പാടും സാങ്കേതികവിദ്യയുടെ സഹായത്തോടെ കാർഷിക  ഉൽപാദനക്ഷമതയിലും ഗുണനിലവാരത്തിലും വലിയ മുന്നേറ്റം നടക്കുകയാണ്.  ജനസംഖ്യ വർധിക്കുകയും കൃഷിയിടലഭ്യത കുറയുകയും ചെയ്യുന്ന സാഹചര്യത്തിൽ മത്സരബുദ്ധിയോടെയാണ് മറ്റു രാജ്യങ്ങൾ കാർഷികരംഗത്ത് പ്രവർത്തിക്കുന്നത്– ചതുരശ്രമീറ്ററിനു 100 കിലോ പച്ചക്കറിപോലും  ഉൽപാദിപ്പിക്കാൻ കഴിയുന്ന രീതിയിൽ സാങ്കേതികവിദ്യ വളർന്നുകഴിഞ്ഞു. ഈ സാഹചര്യത്തിലാണ് ‘ഫയലില്‍ നിന്നു വയലിലേയ്ക്ക് കൃഷി ഉദ്യോഗസ്ഥർ’ എന്ന ആശയം ചർച്ച ചെയ്യപ്പെടുന്നത്.

കൃഷിവകുപ്പ് ഓഫിസർമാർ സർക്കാരിന്റെയും ത്രിതല പഞ്ചായത്തുകളുടെയും പദ്ധതികൾ സംബന്ധിച്ച ഫയൽ ജോലികൾക്കായി കൂടുതൽ സമയം വിനിയോഗിക്കേണ്ടിവരുന്നു എന്നത് യാഥാർഥ്യമാണ്. ഇതുമൂലം കാർഷിക സാങ്കേതികവിദ്യയിൽ ലോകമെമ്പാടുമുണ്ടാകുന്ന മാറ്റങ്ങൾ പഠിച്ച് ഇവിടുത്തെ കൃഷിക്കാരിലെത്തിക്കാൻ സാധി ക്കാതെ വരുന്നു.  പ്രഫഷനൽ വിദ്യാഭ്യാസം നേടിയ ഈ വിദഗ്ധരുടെ പ്രഫഷണലിസം  കൈമോശം വരികയും ചെയ്യുന്നു. പഠനകാലയളവിൽ മികവു തെളിയിച്ചവർപോലും സർവീസിൽ മുതിരുന്നതോടെ കാലാനുസൃതമായ സാങ്കേതിക മികവ് നേടാന്‍ മടിക്കുന്നു.  ഇതുമൂലം വിജഞാനവ്യാപനത്തിലുണ്ടാകുന്ന പോരായ്മകൾ  ഇവിടുത്തെ ഉൽപാദനക്ഷമതയ്ക്കും ഗുണനിലവാരത്തിനുമുണ്ടാക്കുന്ന തളർച്ച ചെറുതല്ല. സമഗ്രവും ആസൂത്രിതവുമായ വിളപരിപാലന പദ്ധതിയുടെ അടിസ്ഥാനത്തിൽ ഉൽപാദനം നടത്താൻ ഇവിടുത്തെ കൃഷിക്കാർക്ക് കഴിയുന്നില്ല. വരുന്നതുപോലെ കാണാം എന്ന മട്ടിലുള്ള ചൂതാട്ടമാണ് ഏറെപ്പേർക്കും കൃഷി. ഘടനാപരവും നിർവഹണപരവു മായ തലങ്ങളിൽ അഴിച്ചുപണിയുണ്ടായാലേ ഈ പ്രശ്നത്തിനു പരിഹാരമാകൂ. അതിനുതകുന്ന ചില ആശയങ്ങള്‍ അവതരിപ്പിക്കട്ടെ.

ദീർഘകാല വികസന പദ്ധതികൾ തയാറാക്കാൻ ബ്ലോക്ക് തലത്തിലുള്ള അസിസ്റ്റന്റ് ഡയറക്ടർമാർക്കു സാധിക്കണം. വിജ്ഞാനവ്യാപനപ്രവർത്തനങ്ങളുടെ വിഷയനിർണയം,  ഉത്തരവാദിത്ത ഗവേഷണത്തിൽ ശാസ്ത്രജ്ഞരുടെ സേവനം ഉറപ്പാക്കൽ, വിവിധ ഏജൻസികളുടെ ഏകോപനം എന്നിവയൊക്കെയാവണം ബ്ലോക്ക് തല പ്രവർത്തനങ്ങൾ. കാർഷികോൽപന്നങ്ങളുടെ വിപണനം സംബന്ധിച്ച കാര്യങ്ങൾ ജില്ലാതലത്തിൽ  ഏകോപിപ്പിക്കാനാകണം. അതത് ജില്ലയിലെ സ്വകാര്യസംരംഭകരുടെയും കുടുംബശ്രീ പോലുള്ള ഏജൻസികളുടെയും സഹകരണ, ധനകാര്യ സ്ഥാപനങ്ങളുടെയും സഹകരണത്തോടെ ഇ– കൊമേഴ്സ് സാങ്കേതിവിദ്യ പ്രയോജനപ്പെടുത്തി ഇത് നടപ്പാക്കാം.

കൃഷി ഓഫിസർ, അസിസ്റ്റന്റ് ഡയറക്ടർ എന്നീ തലങ്ങളിലുള്ളവർക്ക് പ്രാദേശിക ഭരണകൂടത്തിന്റെ കൃഷി സെക്രട്ടറി എന്ന നിലയിൽ വളരെയേറെ  പ്രവർത്തിക്കാനാകും. മുകളിൽനിന്ന് ഏൽപിക്കുന്ന പദ്ധതികളുടെ ലക്ഷ്യങ്ങൾ എങ്ങനെയും പൂർത്തീകരിക്കുകയാവരുത് അവരുടെ മുഖ്യ പ്രവർത്തനം.  പ്രാദേശിക കർഷകസമൂഹത്തിന്റെ ആവശ്യങ്ങളറിഞ്ഞ് സ്വകാര്യ–സഹകരണ–സന്നദ്ധ പ്രസ്ഥാനങ്ങളുമായി ചേർന്ന് വികസനപ്രവർത്തനങ്ങൾ ഏകോപി പ്പിക്കാനുള്ള സാഹചര്യവും സ്വാതന്ത്ര്യവുമാണ് അവർക്കു വേണ്ടത്. ഇക്കാര്യം സമഗ്രമായി നടപ്പാക്കിയാൽ ഇതുവഴി ഉദ്യോഗസ്ഥരുടെ ജോലിഭാരം വർധിപ്പിക്കാതെ തന്നെ വലിയ മാറ്റങ്ങൾ സൃഷ്ടിക്കാം.

ജോലിഭാരം കുറയ്ക്കാൻ വിവരസാങ്കേതികവിദ്യ വേണമെന്ന കാര്യത്തിൽ തർക്കമില്ല. കൃഷി ഓഫിസുകൾ കടലാസ് രഹിത ഓഫിസുകളാകുന്ന വിധത്തിൽ ഇ–ഫയലിങ് നടപ്പാക്കണം. കർഷകർക്ക് ഓൺലൈനായി വകുപ്പിന്റെ എല്ലാ സേവനങ്ങളും എത്തിക്കണം. ബ്ലോക്ക് ചെയിൻ, ബിഗ് ഡേറ്റ സാങ്കേതികവിദ്യകൾ വ്യാപകമാകുന്ന ഇക്കാലത്ത് കൃഷിക്കാരനെയും കൃഷിയിടങ്ങളെയും ഓൺലൈനായി  അറിയാനും വിവരങ്ങൾ ശേഖരിക്കാനും സാധി ക്കും. ഫീൽഡ് പരിശോധനകൾക്ക് വലിയ മനുഷ്യപ്രയത്നമൊന്നും വേണ്ടെന്നാവുകയാണ്. ഫലപ്രദമായ ഒരു മൊബൈൽ ആപ് ഉണ്ടെങ്കിൽ ഉദ്യോഗസ്ഥരുടെ ഫോൺ തന്നെ ഓഫിസാക്കി മാറ്റാം.

പണം വിതരണം ചെയ്യുന്ന ചുമതല കൃഷിശാസ്ത്രം പഠിച്ച സാങ്കേതിക വിദഗ്ധരിൽ നിന്നു മാറ്റണം. അതിനായി  ജില്ലാതലത്തിലോ സംസ്ഥാനതലത്തിലോ പേമെന്റ് പോർട്ടൽ ഒരുക്കണം.  വിവരങ്ങൾ പോർട്ടലിൽ അപ്‌ലോഡ് ചെയ്താൽ മാനദണ്ഡപ്രകാരം അർഹതയുള്ള തുക കൃഷിക്കാരുടെ അക്കൗണ്ടിലെത്തുന്ന രീതി വരണം. ഈ ഒറ്റ നടപടിയിലൂടെ മാത്രം കൃഷിഭവനുകളുടെ ജോലിഭാരം പത്തിലൊന്നായി കുറയും.

കൃഷിഭവൻ പ്രവർത്തനങ്ങൾ വാർഡുതല ഫാം സ്കൂളുകളിലേക്കു  വ്യാപിപ്പിക്കണം. ഓരോ  ഫാം സ്കൂളിലും 10 മാസ്റ്റർ കർഷകരും അവർക്കു കീഴിൽ  കൃഷിക്കാരുടെ ക്ലസ്റ്ററുകളും വേണം. പഞ്ചായത്തിലെ  മുഴുവൻ കൃഷിക്കാരുടെയും ശൃംഖലയായി ഇതിനെ വളർത്തണം. വിജ്ഞാനവ്യാപനത്തിനുള്ള ശക്തമായ സംവിധാനമായി ഫാം സ്കൂളുകൾ മാറും.  ആഴ്ച തോറും ഒന്നോ രണ്ടോ മണിക്കൂർ ഇവിടങ്ങളിൽ പരിശീലനം ക്രമീകരിച്ചാൽ നൂതന സാങ്കേതികവിദ്യകൾ കൃഷിക്കാർക്ക് ഫലപ്രദമായി കൈമാറാം. ക്ലസ്റ്റർ അടിസ്ഥാനത്തിൽ സമൂഹമാധ്യമ ഗ്രൂപ്പുക ളുണ്ടാക്കുന്നത് കാർഷികപ്രശ്നങ്ങൾ ചർച്ച ചെയ്യാനും കുറഞ്ഞ ചെലവിൽ പരിഹാരമെത്തിക്കാനും സഹായിക്കും

(ലേബർ ബാങ്ക് പോലുള്ള  പരിഷ്കാരങ്ങൾ നടപ്പാക്കി വിജയിപ്പിച്ച  കൃഷി ഓഫിസറാണ് കെ.ജി. ഗിരീഷ്കുമാർ)

സമ്പൂർണ കംപ്യൂർട്ടവൽക്കരണം വേണം: കെ. ഹാപ്പിമാത്യു

സർക്കാരിന്റെ ‘ഫയലിൽനിന്നു വയലിലേക്ക്’ എന്ന ആശയത്തെ കൃഷി ഉദ്യോഗസ്ഥർ സർവ്വാത്മനാ സ്വാഗതം ചെയ്യുന്നു. കാർഷികബിരുദമുള്ള ഉദ്യോഗസ്‌ഥരാണ് ഈ വകുപ്പിൽ ജോലി ചെയ്യുന്ന ബഹുഭൂരിപക്ഷവും. ബിരുദാനന്തര ബിരുദവും ഡോക്ടറേറ്റും വരെ ഉള്ളവരും  കുറവല്ല.  സങ്കേതികവിജ്ഞാനം കർഷകരിലേക്കു പകർന്നു നൽകുകയാണ് കൃഷി വകുപ്പിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളിൽ പ്രധാനം. എന്നാൽ ഓഫിസിലെ  ഒഴിവാക്കാനാവാത്ത ക്ലെറിക്കൽ ജോലികൾ, റിപ്പോർട്ടുകൾ, യോഗങ്ങൾ, വിവിധ കമ്മിറ്റികളിലെ കൺവീനർ സ്ഥാനം, ജനകീയാസുത്രണ പദ്ധതിപ്രവർത്തനങ്ങൾ, ഇവയൊക്കെ കഴിഞ്ഞ് വിജ്ഞാനവ്യാപനത്തിനു സമയം കിട്ടാറില്ല. 

വിളകളുടെ കീട, രോഗ, മൂലക അഭാവ പ്രശ്നങ്ങള്‍ക്കു പരിഹാരം, വിളപരിപാലനത്തിലെ ശാസ്ത്രീയമുറകൾ, സാങ്കേതികവിദ്യകള്‍, കാർഷികമേഖലയിലെ പുത്തൻ അറിവുകൾ ഇവ കര്‍ഷകര്‍ക്കു പകർന്നു നൽകിയാൽ മാത്രമേ കാർഷികമേഖലയിൽ ഉണർവും മുന്നേറ്റവും ഉണ്ടാക്കാൻ കഴിയുകയുള്ളൂ. അതിനാല്‍ ഫയലുകളിൽ കുരുങ്ങിക്കിടക്കുന്ന കൃഷി ഉദ്യോഗസ്ഥർക്ക് കൃഷിയിടങ്ങളിലേക്ക് ഇറങ്ങി പ്രവർത്തിക്കാനുള്ള  സാഹചര്യമൊരുക്കുന്നതു സ്വാഗതാർഹംതന്നെ.

കംപ്യൂട്ടർവൽക്കരണം ഏറെ മുന്‍പേ ആരംഭിച്ച വകുപ്പിൽ പ്രകൃതിക്ഷോഭ ആനുകൂല്യം, കർഷക പെൻഷൻ എന്നിങ്ങനെ ചുരുക്കം പദ്ധതികളിൽ മാത്രമാണ് പൂർണമായും കംപ്യുട്ടർവൽക്കരണമുണ്ടായിട്ടുള്ളത്. ഏറ്റവും താഴെത്തട്ടിലെ ഗ്രാമപഞ്ചായത്ത് തലത്തിലുള്ള  കൃഷിഭവനുകളിൽ സങ്കേതിക ഉദ്യോഗസ്ഥർ മാത്രമാണ് ഇപ്പോൾ ജോലി യിലുള്ളത്. കൃഷിഭവൻതലത്തിൽ  ഡേറ്റാ എൻട്രി ഉദ്യാഗസ്‌ഥരുടെ സേവനം ലഭ്യമാക്കുകയും, ഓഫിസ് നടപടി  പൂർണമായി കംപ്യൂട്ടർവൽക്കരിക്കുകയും ചെയ്യണം.  കൃഷിഓഫിസർമാർ ഉൾപ്പെടെയുള്ള സാങ്കേതികവിഭാഗം ഉദ്യോഗസ്ഥർക്ക് ഫീൽഡ്തല പ്രവർത്തനത്തിനും വിജ്ഞാനവ്യാപനത്തിനും കൂടുതൽ സമയം നൽകിയാൽ മാത്ര മേ ഫയലിൽനിന്നു വയലിലേക്ക് എന്ന ആശയം താഴെത്തട്ടിൽ പ്രവർത്തികമാകുകയുള്ളൂ. സാങ്കേതിക പരിജ്ഞാനമുള്ള കൃഷി ഉദ്യോഗസ്ഥർക്കു പഠിച്ച കാര്യങ്ങൾ പ്രവർത്തികമാക്കാൻ അവസരവും ലഭിക്കും.   കര്‍ഷകര്‍ സബ്സിഡികൾക്ക് ഉപരി  ആഗ്രഹിക്കുന്നതും അതുതന്നെ. 

കേരള കാർഷിക സർവകലാശാല,  കൃഷിവകുപ്പ്, കേന്ദ്രസർക്കാർ ഗവേഷണസ്ഥാപനങ്ങൾ, കമ്മോഡിറ്റി ബോർ ഡുകൾ എന്നിവയുടെ കൂട്ടായ ചർച്ചയുടെ അടിസ്ഥാനത്തിൽ കേരളത്തെ 5 കാർഷിക പാരിസ്ഥിതിക മേഖലക ളായും 23 കാർഷിക–പരിസ്ഥിതിക യുണിറ്റുകളുമായും തിരിച്ചാണ് സൂക്ഷ്മതല ശാസ്ത്രിയ കാർഷിക ഇടപെട ലുകൾ. കാർഷികവിജ്ഞാനവ്യാപന പ്രവർത്തനത്തിന് പ്രാധാന്യം നൽകുകയും അതിനുതകുന്ന രീതിയിൽ കൃഷി ഉദ്യോഗസ്ഥരുടെ സേവനം കൃഷിയിടങ്ങളിൽ കർഷകർക്ക് ലഭ്യമാക്കുകയും വേണം.  സംഘടന ദീർഘകാലമായി ആവശ്യപ്പെടുന്നതും ആഗ്രഹിക്കുന്നതും ഇതുതന്നെ. 

(കെ. ഹാപ്പിമാത്യു, കൃഷി അസിസ്റ്റന്റ് ഡയറക്ടർ, ഉഴവൂർ, കോട്ടയം, പ്രസിഡൻറ്, അസോസിയേഷൻ ഓഫ് അഗ്രികൾച്ചറൽ ഓഫിസേഴ്സ്, കേരള)

മനോഭാവം മാറണം: ജോർജ് കെ. മത്തായി

ഫയലിൽനിന്നു വയലിലേക്ക് കൃഷിഭവൻ ഉദ്യോഗസ്ഥരുടെ പ്രവർത്തനങ്ങൾ പറിച്ചുനടാനുള്ള കൃഷിമന്ത്രിയുടെ ശ്രമം സ്വാഗതാർഹവും കാലഘട്ടത്തിന്റെ ആവശ്യവുമാണ്. ആയിരത്തോളം കാർഷിക ബിരുദധാരികൾ കൃഷിയിടങ്ങളിൽ പ്രവർത്തനനിരതരായാൽ  വലിയ മാറ്റം വരുമെന്നു തീർച്ച. എന്നാൽ ഈ സ്വപ്നം യാഥാർഥ്യമാക്കുന്നതിനു വിഘാതമായ ചില മനോഭാവങ്ങളും സംവിധാനങ്ങളും ചൂണ്ടിക്കാണിച്ചേ മതിയാവൂ.

കൃഷിവകുപ്പിന്റെ അടിസ്ഥാന ഘടകമായ കൃഷിഭവനുകളിൽ  ഫീൽഡ്തല പ്രവർത്തനങ്ങളാണ് നടക്കേണ്ടതെന്ന പരിഗണന കൃഷിഡയറക്ടറേറ്റിലെയും സെക്രട്ടറിയേറ്റിലെയും  ഉദ്യോഗസ്ഥമേധാവികൾക്ക് തീരെയില്ല. സെക്രട്ടേറിയറ്റ് വകുപ്പായാണ് ഇപ്പോഴും കൃഷിവകുപ്പിനെ രേഖപ്പെടുത്തിയിരിക്കുന്നത്.  തന്മൂലം സെക്രട്ടേറിയറ്റിലേക്കും ഡയറക്ടറേറ്റിലേക്കും വേണ്ട റിപ്പോർട്ടുകൾ തയാറാക്കുന്നതിനുള്ള സംവിധാനം മാത്രമായി അവർ കൃഷിഭവനുകളെ കാണുന്നു. ഇതുമൂലം ഓരോ കൃഷി ഓഫിസും രാവിലെ പ്രവർത്തനം ആരംഭിക്കുന്നതുതന്നെ അന്നു തയാറാക്കേണ്ട മൂന്നോ നാലോ റിപ്പോർട്ടുകളെക്കുറിച്ചു മാത്രം ചിന്തിച്ചുകൊണ്ടാണ്. തലസ്ഥാനത്തുള്ള ഉന്നതർക്കാവട്ടെ ആവശ്യമുളളതും ഇല്ലാത്തതുമായ റിപ്പോർട്ടുകൾ ഔചിത്യമില്ലാതെ ആവശ്യപ്പെടാൻ ഒരു മടിയുമില്ല. ഒരിക്കൽ അയച്ച റിപ്പോർട്ട് കണ്ടില്ലെങ്കിൽ തെരയാൻപോലും മെനക്കെടാതെ വീണ്ടും ആവശ്യപ്പെടുന്ന മേധാവികളുടെ പ്രവർത്തനശൈലിയാണ് ആദ്യം മാറേണ്ടത്. ഇക്കാര്യത്തിൽ എന്തെങ്കിലും അമാന്തമുണ്ടായാൽ രൂക്ഷമായ പ്രതികരണവും പതിവാണ്.  അടുത്ത കാലത്തായി റിപ്പോർട്ടിനു പകരം ഗൂഗിൾ സ്പ്രെഡ് ഷീറ്റ് പൂരിപ്പിക്കുന്ന  സംവിധാനം വന്നിട്ടുണ്ട്. ഇതു കൃത്യമായി പൂരിപ്പിക്കുന്നതാവും ഉദ്യോഗസ്ഥന്റെ മികവായി പരിഗണിക്കുക. കൃഷിയിട സന്ദർശനത്തിന്റെ തിരക്കിൽ സ്പ്രെഡ് ഷീറ്റ് പൂരിപ്പിച്ച് അയയ്ക്കാൻ വൈകുന്നവർ ഉഴപ്പന്മാരും. കൃഷിയിടം കണ്ടില്ലെങ്കിലും സ്പ്രെഡ‍് ഷീറ്റ് അയച്ചാൽ മേലധികാരിക്കു സന്തോഷമാകും. ഇക്കൂട്ടരെ പ്രീണിപ്പിക്കാനുള്ള ശ്രമത്തിൽ കൃഷി ഓഫിസർക്ക് കൃഷിക്കാരെ മറക്കുകയേ നിവൃത്തിയുള്ളു. കൃഷിക്കാർക്കിടയിൽ പ്രവർത്തിക്കുന്ന കൃഷിഭവനുകൾക്കു വേണ്ടിയാവണം ഡയറക്ടറേറ്റ്, അല്ലാതെ ഡയറക്ടറേറ്റിനു വേണ്ടിയാവരുത് കൃഷിഭവനുകൾ. വെറ്ററിനറി വകുപ്പുപോലെ കൃഷിവകുപ്പിനെയും ഫീൽഡ‍് വകുപ്പായി മാറ്റിയാലേ ഇതു സാധ്യമാകൂ. 

ഫീൽഡ് പ്രവർത്തനങ്ങൾക്കു വേണ്ട അടിസ്ഥാനസൗകര്യമൊരുക്കുന്നതിനും ഇന്നത്തെ രീതി തടസ്സമാകുന്നു. സമാനമായ പ്രശ്നം കൃഷി വകുപ്പിന്റെ പദ്ധതികളിലുമുണ്ട്.  യാഥാർഥ്യവുമായി ബന്ധമില്ലാത്ത പദ്ധതികൾ യഥാർഥ കൃഷിക്കാരുമായി ഇടപഴകുന്ന കൃഷി ഓഫിസർമാർക്ക് സൃഷ്ടിക്കുന്ന പ്രയാസം ചില്ലറയല്ല.  കൃഷിവകുപ്പിന്റെ അനുബന്ധ സ്ഥാപനങ്ങളാ യ വിവിധ മിഷനുകളുടെയും  മറ്റും ഭാഗമായി ഒട്ടേറെ കരാർ ജീവനക്കാരുണ്ട്. ഇവർ തയാറാക്കുന്ന കണക്കുകൾക്കും റിപ്പോർട്ടുകൾക്കും കൃഷിഭവൻ ഉദ്യോഗസ്ഥർ പഴി കേൾക്കേണ്ടി വരാറുണ്ട്. ഇത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കണം. 

വിജ്ഞാനവ്യാപനത്തിനും ഭരണനിർവഹണത്തിനുമുള്ള രണ്ടു വിഭാഗങ്ങളായി കൃഷിവകുപ്പിനെ തിരിച്ചാലേ വകുപ്പിന്റെ പ്രവർത്തനം ലക്ഷ്യത്തിലെത്തുകയുള്ളൂ. ആനുകൂല്യ വിതരണങ്ങളും പദ്ധതി നടപ്പാക്കലുമൊക്കെ ഭരണ നിർവഹണ വിഭാഗത്തെ ഏൽപിക്കാം. മെച്ചപ്പെട്ട ഉൽപാദനക്ഷമത, കാർഷികോപാധികളുെട കാര്യക്ഷമമായ വിനി യോഗം, കൃഷിക്കാരുടെ വരുമാനം ഉറപ്പാക്കൽ എന്നിവയൊക്കെ വിജ്ഞാനവ്യാപനവിഭാഗത്തിന്റെ ഉത്തരവാദിത്ത വുമാക്കണം. ഒരു കാര്യം ഉറപ്പ്;  സ്പ്രെഡ് ഷീറ്റ് റിപ്പോർട്ട് രാജിൽനിന്നു ഗ്രാമതല ഓഫിസുകളെ മോചിപ്പിക്കാത്തി ടത്തോളം ഏതു പരിഷ്കാരവും നിരർഥകമാകും. ഒരു ‘ഫയൽ ടു വയൽ’ റിപ്പോർട്ട് കൂടി കൂടുതലായി അയയ്ക്കേണ്ടിവരുമെന്നു മാത്രം! അതിനിടയാകാതെ,  കൃഷി ഉദ്യോഗസ്ഥരും കാർഷിക സർവകലാശാല വിദഗ്ധരും കൃഷിക്കാരും തോളോടു തോൾ ചേർന്ന് കൃഷിമലയാളത്തെ പുനരുജ്ജീവിപ്പിക്കുമെന്ന് പ്രത്യാശിക്കാം.

(ജോർജ് കെ. മത്തായി, ജോയിന്റ് ഡയറക്ടർ ( റിട്ട.), കൃഷിവകുപ്പ്)

ഒരു കൃഷി ഓഫിസറുടെ വിലാപം

‘മാർച്ച് 8 മുതൽ മേയ്‌ 31 വരെ എന്റെ കൃഷിഭവൻ ഞാൻ ഒറ്റയ്ക്കാണ് മാനേജ് ചെയ്തത്. ആ സമയത്തു വിപണിയിലുണ്ടായ പ്രശ്നങ്ങളിൽ ഇടപെട്ടു. മാർച്ച് മാസം മുഴുവൻ ക്ലെയിമുകളും ഒറ്റയ്ക്ക് ഇരുന്നുണ്ടാക്കി നൽകി കർഷകരുടെ അക്കൗണ്ടിൽ  ആനുകൂല്യം എത്തിച്ചു.  ഇപ്പോൾ  ഓരോ ദിവസവും ഫീൽഡിൽ പോയി കര്‍ഷകര്‍ക്ക് ഉപദേശ, നിര്‍ദേശങ്ങള്‍ നല്‍കുന്നു. സുഭിക്ഷ കേരളം  പദ്ധതികളുടെ സ്ഥല സന്ദർശനം  നടത്തുന്നു.  എന്നാൽ  എന്താണ് സ്പ്രെഡ് ഷീറ്റ് ഫിൽ  ചെയ്യാത്തത് എന്നാണ് മേലാവില്‍നിന്നുള്ള ചോദ്യം. ഫീൽഡ് പ്രവർത്തനങ്ങൾക്ക് അംഗീകാരമില്ല. സമയത്തു റിപ്പോർട്ട്‌ അയയ്ക്കുന്നവർ പ്രകീർത്തിക്കപ്പെടുന്നു.’

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com