ADVERTISEMENT

ഇന്ത്യയിൽ ഉപയോഗത്തിലുള്ള 27 രാസ കീടനാശിനികളുടെ ഉൽപാദനം, വിതരണം, ഉപയോഗം എന്നിവ പൂർണമായി നിരോധിക്കുന്നതു സംബന്ധിച്ച കരട് ഉത്തരവ് കേന്ദ്രസര്‍ക്കാര്‍ മേയ് 28നു പുറത്തിറക്കുകയുണ്ടായല്ലോ.   

മനുഷ്യരിലും മൃഗങ്ങളിലും ഇവ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന കാരണത്താലാണ് ഈ തീരുമാനം. മോണോക്രോട്ടോഫോസ് എന്ന കീടനാശിനി 112 രാജ്യങ്ങൾ നിരോധിച്ചു കഴിഞ്ഞു. മറ്റു ചിലത് പാരിസ്ഥിതിക, ആരോഗ്യപ്രശ്നങ്ങളുടെ പേരിൽ വിവിധ സംസ്ഥാന സർക്കാരുകള്‍ നിരോധിച്ചവയാണ്.  

സ്വാഭാവികമായും കീടനാശിനി ഉല്‍പാദക സംഘടനകൾ ഈ തീരുമാനത്തെ ചോദ്യം ചെയ്യുന്നു. ഈ കീ ടനാശിനികൾ നിരോധിക്കുന്നതുമൂലം കാർഷികോൽപാദനത്തിലുണ്ടായ വെല്ലുവിളികൾ, കയറ്റുമതിവഴി ലഭിക്കുന്ന 12000 കോടി രൂപയിലധികം വിദേശനാണ്യ നഷ്ടം എന്നിവയാണ് അവർ ഉയർത്തിക്കാണിക്കുന്നത്.  എല്ലാ വശങ്ങളും പരിഗണിച്ചുകൊണ്ടാണല്ലോ ഇവയ്ക്കു നേരത്തേ അനുവാദം നൽകിയത് എ ന്ന വാദവും അവർക്കുണ്ട്. എന്നാൽ മനുഷ്യരിലും പരിസ്ഥിതിയിലുമുണ്ടാക്കുന്ന ദൂരവ്യാപക ആഘാതങ്ങൾ കണക്കിലെടുത്തുകൊണ്ടാണ് 2015ൽ വിദഗ്ധ സമിതി നിരോധന ശുപാർശ നൽകിയതെന്നതു പ്രധാനമാണ്. കാർഷികോൽപന്ന കയറ്റുമതി രംഗത്തുള്ളവരും പരിസ്ഥിതി പ്രവർത്തകരുമടക്കം ഒട്ടേറെപ്പേർ നിരോധനത്തെ സ്വാഗതം ചെയ്യുന്നുണ്ട്.

ഹരിതവിപ്ലവഘട്ടത്തിൽ, രാസകീടനാശിനികൾ കാർഷികോൽപാദനത്തിലെ അവശ്യഘടകമെന്നു പ്രചരിപ്പിക്കപ്പെട്ടിരുന്നു. പൊതുമേഖലതന്നെയാണ് ആദ്യകാലത്ത് ഇവയുടെ വിപണനത്തിനും പ്രചാരണത്തിനും ചുക്കാൻ പിടിച്ചിരുന്നതും. ക്രമേണ വിതരണരംഗത്ത് സ്വകാര്യ സംരംഭകർ മേൽക്കോയ്മ നേടിയതോടെ കീടനാശിനിപ്രയോഗം  അശാസ്ത്രീയവും അപകടകരവുമായ രീതികളിലേക്കു  മാറി. ഭക്ഷ്യധാന്യങ്ങളിൽ കീടനാശിനി കലർന്നുണ്ടായ വിഷബാധയുമായി ബന്ധപ്പെട്ട് 1958ൽ കേരളത്തിലുണ്ടായ അപകടമാണ് ഇന്ത്യയിൽ ഈ രംഗത്തെ നിയമനിർമാണത്തിനു ഹേതുവായത്. പിൽക്കാലത്ത് കാസർകോട്ടെ എൻഡോസൾഫാൻ അനുബന്ധ പ്രശ്നങ്ങൾ അന്തർദേശീയ ശ്രദ്ധ പിടിച്ചു പറ്റിയതായി നമുക്കറിയാം. കാർഷികരംഗത്തെ രാസവസ്തുക്കളുടെയും രാസകീടനാശിനികളുടെയും പ്രയോഗം സംബന്ധിച്ച് ഉപഭോക്താക്കളുടെയിടയിൽ അവബോധം ഏറുകയാണ് എന്നാൽ രാസകീടനാശിനികളുടെ ഉപയോഗം സംബന്ധിച്ച പഠനങ്ങൾ നൽകുന്ന സൂചന ആശങ്കാജനകമാണ്.

സസ്യസംരക്ഷണ രാസവസ്തുക്കൾ പൊതുവേ കീടനാശിനികളെന്നാണ് അറിയപ്പെടുന്നതെങ്കിലും കീടങ്ങൾക്കെതിരെയുള്ളവ, കുമിൾപോലെയുള്ള സൂക്ഷ്മജീവികൾക്കെതിരെയുള്ളവ, കളകൾക്കെതിരെയു ള്ളവ എന്നിങ്ങനെ മൂന്നു തരമുണ്ട്. നമ്മുടെ നാട്ടിൽ ഉപയോഗിക്കുന്നതിലേറെയും കുമിൾനാശിനികളാണെന്നാണ് കണക്ക്. എന്നാൽ ചില വർഷങ്ങളിൽ കീടനാശിനി  ഉപയോഗം അധികമാകുന്നതും കാണാം. 2018–19ൽ മൊത്തം ഉപഭോഗത്തിന്റെ പകുതിയും (51 ശതമാനം) കീടനാശികളും 32 ശതമാനം കുമിൾ നാശിനികളും ശേഷം കളനാശിനികളുമാണ്.

തോട്ടങ്ങൾ, പുരയിടങ്ങൾ, ആരാധനാലയങ്ങൾ, പൊതുസ്ഥലങ്ങൾ എന്നിവിടങ്ങളിലെല്ലാം  കളനാശിനി പ്രയോഗം വ്യാപകമാണ്. തൊഴിലാളിക്ഷാമം, സാമ്പത്തികലാഭം, പ്രയോഗത്തിലുള്ള എളുപ്പം, പെട്ടെന്നു ള്ള ഫലപ്രാപ്തി എന്നിവ ഇതിനു പ്രേരണയാകുന്നു.  ഏറ്റവും വ്യാപകമായി ഉപയോഗിക്കുന്നത് ഗ്ലൈ ഫോസേറ്റ് എന്ന രാസവസ്തുവാണ്. മൊത്തം കളനാശിനിപ്രയോഗത്തിന്റെ 80 ശതമാനത്തോളം. ഈ കളനാശിനിയുമായി ബന്ധപ്പെട്ട് അമേരിക്കൻ കോടതിയിൽ വലിയ നിയമപോരാട്ടംതന്നെ നടന്നു. ജനങ്ങളുടെ ആരോഗ്യത്തിനു ഭീഷണിയാവുമെന്നതിനാൽ കേരള സർക്കാർ ഈ കളനാശിനി നിരോധിച്ചെങ്കിലും നിയമപ്രകാരം സംസ്ഥാനങ്ങളുടെ അധികാരങ്ങൾ ഇക്കാര്യത്തിൽ പിരിമിതമാണ്. അതുകൊണ്ടുതന്നെ നിരോധനം തുടരാനുമാകുന്നില്ല.

കീടനാശിനികളുടെ തിരഞ്ഞെടുപ്പ്, പ്രയോഗരീതി, കൈകാര്യം ചെയ്യൽ എന്നിവയിലുള്ള അശാസ്ത്രീയതയാണ് ഇന്നത്തെ ആശങ്കകൾക്കും പരിസ്ഥിതിനാശത്തിനും മുഖ്യഹേതു. ഏകദേശം 2000 കീടനാശിനി ചില്ലറ വിൽപനശാലകളാണ് നമ്മുടെ സംസ്ഥാനത്തുള്ളത്. ദേശീയതലത്തിലുള്ളതിന്റെ ഒരു ശതമാനം മാത്രം.  60 ശതമാനവും സ്വകാര്യസംരംഭകര്‍. 40 ശതമാനം സഹകരണരംഗവും. പൊതുമേഖല ഈ രംഗത്ത് ഇല്ലേയില്ല. ഇത് കീടനാശിനി ഉപയോഗരീതികളെ നേരിട്ട് ബാധിക്കുന്ന സംഗതിയാണ്. രോഗ, കീട നിയന്ത്രണത്തെപ്പറ്റി മിക്ക കർഷകരും ചർച്ച ചെയ്യുന്നത് ചില്ലറ വിൽപനക്കാരുമായിട്ടാണ്. മിക്ക വികസ്വര രാജ്യങ്ങളിലും സ്ഥിതി ഇതുതന്നെ.  സ്വകാര്യ കീടനാശിനി ഉൽപാദകർ തങ്ങളുടെ ഉൽപന്നം പരസ്യപ്പെടുത്താനും വിൽപന വർധിപ്പിക്കാനുമായി പല വിപണനതന്ത്രങ്ങളും ആവിഷ്കരിക്കുമല്ലോ?  അവയിലേക്ക് കർഷകർ ആകർഷിക്കപ്പെടുകയും അനാവശ്യ സന്ദർഭങ്ങളിൽപോലും കീടനാശിനിപ്രയോഗമ നടത്തുകയും ചെയ്യുന്നു. അതും അമിത തോതില്‍.

പഠനത്തിന്റെ ഭാഗമായി നടത്തിയ ഒരു സർവേയിൽ നിരോധിക്കപ്പെട്ട കീടനാശിനികളെപ്പറ്റി അറിവുണ്ടോ എന്ന ചോദ്യത്തിന് ഉണ്ട് എന്നായിരുന്നു ഭൂരിപക്ഷം വിൽപനക്കാരും ഉത്തരം നൽകിയത്. എന്നാൽ അവയുടെ പേരു പറയാനുള്ള ശ്രമത്തിൽ  മിക്കവരും പരാജയപ്പെട്ടു. കഴിഞ്ഞ വർഷം കേന്ദ്രസർക്കാർ ചില്ലറ വിൽപനശാലയിലെ വിൽപനക്കാർക്കായി പരിശീലന പരിപാടി ആരംഭിച്ചിട്ടുണ്ട്. ഇത് സ്വാഗതാർഹമെങ്കിലും പരിശീലനം ലഭിച്ചവർ തന്നെയാണോ വിൽപനക്കാരൻ എന്ന് ഉറപ്പാക്കാണ്ടതുണ്ട്. ചില്ലറ വിൽപനശാലകളിലെ സ്ഥിതിവിവര കണക്കുകളുടെ സൂക്ഷിപ്പ്, വിൽപന എന്നിവയൊന്നും തന്നെ നിയമം അനുശാസിക്കുന്ന രീതിയിൽ പ്രാവർത്തികമാക്കപ്പെടുന്നില്ല എന്ന സൂചനയും പഠനത്തിലൂടെ ലഭിച്ചു.

രാസകീടനാശിനി പ്രയോഗം ആവശ്യമാണോയെന്നും ആവശ്യമെങ്കിൽ ഏതു വേണമെന്നും തീരുമാനി ക്കപ്പെടുന്നത് മിക്കപ്പോഴും വിദഗ്ധരുടെ ഉപദേശപ്രകാരമല്ല. കീടനാശിനി ലായനിയുടെ ഗാഢത തളിക്കുന്ന സമയം, വിളയുടെ പ്രായം, തളിക്കുമ്പോൾ സ്വീകരിക്കേണ്ട പ്രതിരോധ മാർഗങ്ങൾ, കാലി ടിന്നുകൾ കളയുന്നത് എന്നിങ്ങനെ ഉപയോഗക്രമത്തിലെ പ്രധാന സംഗതികളൊന്നും തന്നെ മിക്കപ്പോഴും ശാസ്ത്രീയമായി പാലിക്കപ്പെടുന്നില്ലെന്ന് കാണാം.

ചില്ലറ വിൽപനശാലകളുടെ പ്രവർത്തന മേൽനോട്ടം ശക്തമാക്കുകയും വിൽപനക്കാർക്ക് കഴിയുന്നത്ര ശാസ്ത്രീയ അവബോധം ഉറപ്പാക്കുകയുമാണ് ഇക്കാര്യത്തിൽ ഉടനടി ചെയ്യാവുന്നത്. കാർഷിക രംഗത്തെ അതിന്റെ സമഗ്രതയിൽ കാണുന്നതിനും ഈ രംഗത്തെ മറ്റ് പങ്കാളികളുടെ (ചില്ലറ വിൽപനക്കാർ, കർഷകത്തൊഴിലാളികൾ, വിപണനശൃംഖലയിലുള്ളവർ) അറിവും നൈപുണ്യവും കാര്യക്ഷമതയും വർധിപ്പിക്കുകയും വേണം. രാസേതര വിളപരിപാലന മാർഗങ്ങൾ കൂടി ഉൾപ്പെടുത്തിക്കൊണ്ടുള്ളതാവണം ഇത്തരം പരിശീലനങ്ങൾ.

കീടനാശിനി പ്രയോഗം: കർമസേനയിലൂടെ

ഓരോ പഞ്ചായത്തിലും പ്രത്യേക പരിശീലനം ലഭിച്ച കാർഷിക കർമസേനകളുടെ സേവനം ഉറപ്പാക്കുക യാണ് ഇതിനു പരിഹാരം. അതതു പ്രദേശത്തെ കാർഷിക നില അടിസ്ഥാനമാക്കി കർമസേനകളുടെ എണ്ണം നിജപ്പെടുത്താം. സേനാംഗങ്ങളെ കീടനാശിനി പ്രയോഗം സംബന്ധിച്ച നിയമങ്ങൾ ശാസ്ത്രീയ അറിവുകൾ, ജൈവ കീടനാശി ഉത്പാദനം, ജൈവ കൃഷിരീതികൾ എന്നിവയിൽ പ്രാഥമിക അറിവ് ലഭിക്കുന്ന വിധം പരിശീലിപ്പിച്ച ശേഷം ലൈസൻസ് നൽകിയാൽ മതി. രാസകീടനാശിനി പ്രയോഗം ഇത്തരം ലൈസൻസ് ലഭിച്ചവർക്കു മാത്രമായി നിശ്ചയിക്കണം. ഏറ്റവും ആവശ്യമായ സന്ദർഭങ്ങളിൽ മാത്രം പരിശീലനം സിദ്ധിച്ച തൊഴിലാളികൾ ശാസ്ത്രീയ രാസകീടനാശിനി പ്രയോഗം നടത്തുന്ന നിലയിലേക്ക് നമ്മുടെ കാർഷികരംഗം വളരണം.  കീടനാശിനി ഉപയോഗവുമായി നേരിട്ട് ബന്ധമുള്ള പൊതുജനാരോഗ്യപ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്യാനും ക്രോഡീകരിക്കാനും പ്രസിദ്ധപ്പെടുത്താനുമുള്ള സംവിധാനം ശക്തിപ്പെടുത്തണം.  

കീടനാശിനിവിൽപനയ്ക്കുള്ള ലൈസൻസിങ് സംവിധാനത്തിൽ കർശനമായ മാർഗനിർദേശങ്ങൾ ഉണ്ടാ കേണ്ടതുമുണ്ട്. കാർഷിക, അനുബന്ധ മേഖലകളിൽ സാങ്കേതിക വിദ്യാഭ്യാസം ഉള്ളവർക്കു മാത്രമായി ലൈസൻസ് നിജപ്പെടുത്തണം. ചില്ലറ വിൽപനരംഗത്തും സാങ്കേതിക പരിജ്ഞാനം നിഷ്കർഷിക്കാം. അലോപ്പതി മരുന്നു വിപണനത്തിനുള്ള മാനദണ്ഡങ്ങൾ ഇക്കാര്യത്തിൽ വഴികാട്ടിയാക്കാം.

കാര്യക്ഷമമായ മേൽനോട്ടം

പരിസ്ഥിതി ആരോഗ്യവും മനുഷ്യാരോഗ്യവും തമ്മിലുള്ള നേർബന്ധം തിരിച്ചറിയപ്പെടുന്ന കാലഘട്ടത്തിലാണ് നാമിന്ന്. അതുകൊണ്ടുതന്നെ സുരക്ഷിതഭക്ഷണത്തിനുള്ള ആവശ്യം വർധിച്ചു വരികയാണ്.  അതിനാവശ്യമായ പശ്ചാത്തല സൗകര്യമൊരുക്കേണ്ടത് പ്രധാനം. അതിന്റെ ഭാഗമായി കീടനാശിനി വിൽപന–വിതരണ–ഉപയോഗ സംവിധാനങ്ങളും ഗുണപരമായ മെച്ചപ്പെടുത്തേണ്ടതുണ്ട്. വിതരണരംഗത്തു പൊതുമേഖലയുടെ സാന്നിധ്യം മേൽനോട്ട സംവിധാനങ്ങളിലൂടെ ശക്തിപ്പെടുത്തണം.

കളനാശിനി ഉപയോഗത്തിൽ നിയന്ത്രണം

മൊൺസാന്റോ എന്ന ബഹുരാഷ്ട്ര കമ്പനി ഗ്ലൈഫോസേറ്റ് അധിഷ്ഠിതമായ റൗണ്ട് അപ്പ് എന്ന കളനാശിനി പുറത്തിറക്കിയത് 1974ലാണ്. ലോകത്തിലെ ഏറ്റവും പ്രചാരമുള്ള ഈ കളനാശിനിയുടെ ഉപയോഗം മോൺസാന്റോയുടെ തന്നെ ജനിതകമാറ്റം വരുത്തിയ വിള ഇനങ്ങളുടെ വ്യാപനത്തോടെ കൂടുതൽ പ്രചാരം നേടി. 2018ൽ ബെയർ എന്ന ബഹുരാഷ്ട്ര കമ്പനി മൊൺസാന്റോ കമ്പനി ഏറ്റെടുത്തതോടെ റൗണ്ട് അപ്പ് ബെയറിന്റേതായി.

അതോടൊപ്പം റൗണ്ട് അപ്പ്  (ഗ്ലൈഫോസേറ്റ്) ഉപയോഗം കാൻസറിനു കാരണമായി എന്നുള്ള ന്യായത്തിൽ നഷ്ടപരിഹാരം ആവശ്യപ്പെട്ടുകൊണ്ട് ഒട്ടേറെ നിയമനടപടികൾ അമേരിക്കൻ കോടതികളിൽ ആരംഭിച്ചു. ഗ്ലൈഫോസേറ്റ് ഉപയോഗം നോൺ ഹോഡ്ജകിൻസ് ലിംഫോമ എന്ന കാൻസറിന്  കാരണമായേക്കാം എന്ന ഗവേഷണ ഫലം അടിസ്ഥാനമാക്കി വാദികൾക്കനുകൂലമായി വിധി പ്രസ്താവിക്കുകയും 95,000 കേസുകളിലായി ഏതാണ്ട് 10 ബില്യൺ അമേരിക്കൻ ഡോളർ നഷ്ടപരിഹാരത്തുകയായി കമ്പനിക്കു നീക്കിവയ്ക്കേണ്ടിയും വന്നു.

ഗ്ലൈഫോസേറ്റ് ഉപയോഗം നിയന്ത്രിക്കാനായി  ജൂലൈ എട്ടിന്  കേന്ദ്ര സർക്കാർ ഒരു വിജ്ഞാപനം പുറപ്പെടുവിച്ചു. അംഗീകൃത കീടനിയന്ത്രണ വിദഗ്ധര്‍ മാത്രമേ ഈ കളനാശിനി കൈകാര്യം ചെയ്യാവൂ എന്ന് അതിൽ നിഷ്കര്‍ഷിക്കുന്നു. നമ്മുടെ കാർഷികരംഗത്ത് അത്തരം അംഗീകൃത കീടനിയന്ത്രണ വിദഗ്ധര്‍ നിലവില്ല.

നിരോധിക്കുന്ന രാസവസ്തുക്കള്‍

  • കീടനാശിനികൾ: അസിഫേറ്റ്, ബെൻഫുറാകാർബ്, കാർബോഫുറാൻ, ക്ലോർഫൈറിപോസ്, ഡെൽറ്റാമെത്രിൻ, ഡൈക്കോഫോൾ, ഡൈമെത്തോയേറ്റ്, ഡിനോകാർപ്, മാലത്തയോൺ, മോണോക്രോട്ടോഫോസ്, ക്വിനാൽഫോസ്, മിതോമിൽ, തയോഡികാർബ്
  • കളനാശിനികൾ: അട്രാസിൻ, ബ്യൂട്ടാക്ലോർ, 2,4- ഡി. ഡൈയുറോൺ, ഓക്സിഫ്ലുവോർഫെൻ, പെൻഡിമെത്താലിൻ, സൾഫോസൾഫുറോൺ
  • കുമിൾനാശിനികൾ: കാപ്റ്റാൻ, കാർബെൻഡാസിം, മാങ്കോസെബ്, തയോഫനാറ്റ് ഇമിതൈൽ, തൈറാം,സിനബ്, സൈറാം 

കൂടുതൽ വിവരങ്ങൾക്ക് വിഡിയോ കാണുക

English summary: Why 27 Chemicals Banned in India?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com