‘ഇന്ത്യയിലെ കർഷകർ വിജയിക്കുന്നതുവരെ’ പ്രവർത്തിച്ച ഒരേയൊരു വർഗീസ് കുര്യൻ

HIGHLIGHTS
  • ജീവിതദർശനത്തിന്റെ സൗരഭ്യം: കൊച്ചുമകനുള്ള കത്ത്
  • കവിതകൾ: തുടക്കത്തിലും ഒടുക്കത്തിലും
varghese-kurien 5
SHARE

സമാനതകളില്ലാത്ത സാമൂഹിക സാമ്പത്തിക മാറ്റങ്ങൾ ഇന്ത്യയുടെ ഗ്രാമീണജീവിതത്തിൽ ക്ഷീരവിപ്ലവത്തിലൂടെ വരുത്തിയ ഡോ. വർഗീസ് കുര്യന്റെ വേർപാടിന് ഇന്നലെ ഒൻപതു വർഷം തികഞ്ഞു. 1921 നവംബർ 26ന് കോഴിക്കോടായിരുന്നു കുര്യന്റെ ജനനം. മദ്രാസ് ലയോള കോളേജിലെ ഭൗതികശാസ്ത്ര ബിരുദ പഠനത്തിനു ശേഷം, അമേരിക്കയിലെ മിഷിഗൺ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ ഉപരിപഠനം നടത്തി. ഇന്ത്യാ ഗവൺമെന്റിന്റെ സ്കോളർഷിപ്പ് സ്വീകരിച്ചിരുന്ന കുര്യനെ ഗുജറാത്തിലെ ആനന്ദ് എന്ന ഗ്രാമത്തിലെ ഡെയറി പ്ലാന്റിലാണ് സർക്കാർ പഠനാനന്തരം നിയമിച്ചത്. ഏറെ താമസിയാതെ സർക്കാർ ജോലിയിൽനിന്ന് വിടുതൽ നേടിയ കുര്യൻ ഒരിക്കലും പ്രതീക്ഷിക്കാത്തതും എന്നാൽ ജീവിതനിയോഗം പോലെ വന്നു ചേർന്നതുമായ പുത്തൻ ജീവിത പന്ഥാവിലൂടെയാണ് പിന്നീടുള്ള ജീവിതയാത്ര ചെയ്തത്.

ഇന്ന്, അമുൽ എന്ന പേരിൽ വളർന്നു പന്തലിച്ചു  പ്രസിദ്ധമായ കെയ്റ ജില്ലയിലെ ക്ഷീരകർഷക സഹകരണ സംഘത്തിന് നേതൃത്വം നൽകാനുള്ള ദൗത്യമായിരുന്നു അത്. പിന്നീട് ദേശീയ ക്ഷീര വികസനബോർഡിന്റെ ചെയർമാനെന്ന നിലയിൽ പ്രവർത്തിച്ചുകൊണ്ട് ഇന്ത്യയിലാകെ ക്ഷീരവിപ്ലവത്തിനു കാരണമായ ഓപ്പറേഷൻ ഫ്ലഡ് പദ്ധതിക്ക് ആത്മാവും ജീവനും നൽകി. പത്മവിഭൂഷൺ, മെഗ്സാസെ പുരസ്ക്കാരം, വേൾഡ് ഫുഡ് പ്രൈസ് തുടങ്ങിയ നിരവധി പുരസ്ക്കാരങ്ങളാൽ ആദരിക്കപ്പെട്ട കുര്യൻ ആനന്ദിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റൂറൽ മാനേജ്മെന്റ് സ്ഥാപകനും ചെയർമാനുമായിരുന്നു. ഗുജറാത്ത് കാർഷിക സർവകലാശാലയുടെ വൈസ് ചാൻസലർ പദവി ഉൾപ്പെടെയുള്ള ഉന്നതവും വൈവിധ്യമാർന്നതുമായ സ്ഥാനങ്ങൾ അദ്ദേഹം അലങ്കരിച്ചു. സഫലമായ യാത്രയ്ക്ക് 2012 സെപ്റ്റംബർ 9ന് അവസാനമായി. 1949 മേയ് 13ന് താൻ വിമുഖതയോടെ വന്നിറങ്ങിയ ആനന്ദിന്റെ മണ്ണിൽ സംതൃപ്തിയോടെ അന്ത്യവിശ്രമം കൊള്ളാൻ കഴിയുംവിധം തന്റെ ഓട്ടം പൂർത്തിയാക്കാൻ കുര്യനു സാധിച്ചു.

ആത്മകഥയിലെ  അമൂല്യ സന്ദേശം

‘I  too had a dream’ എന്ന ശീർഷകത്തിലാണ് വർഗീസ് കുര്യന്റെ ആത്മകഥ പുറത്തു വന്നിട്ടുള്ളത്. പത്രപ്രവർത്തകയായ ഗൗരി സാൽവി, വർഗീസ് കുര്യനുമായുള്ള നിരന്തര സംഭാഷണങ്ങളിലൂടെ തയാറാക്കിയ പുസ്തകമാണത്. ‘എനിക്കുമൊരു സ്വപ്നമുണ്ടായിരുന്നു’ എന്ന പേരിൽ അധ്യാപികയായ പ്രമീള ദേവി ഡിസി ബുക്സിനു വേണ്ടി കുര്യന്റെ ജീവചരിത്രം മലയാളത്തിലേക്കു വിവർത്തനം ചെയ്തിട്ടുണ്ട്. നിസഹായരും നിരാലംബരുമായിരുന്ന ലക്ഷക്കണക്കിനു ക്ഷീരകർഷകരെ സ്വയംപര്യാപ്തരും സ്വാഭിമാനികളുമാക്കി മാറ്റിയ വലിയ സാമൂഹികവിപ്ലവത്തിന്റെ ചരിത്രമാണ് വർഗീസ് കുര്യന്റെ ആത്മകഥയുടെ മുഖ്യ പ്രതിപാദ്യവിഷയം. 

പുസ്തകത്തിന് അവതാരികയെഴുതിയ രത്തൻ ടാറ്റ കുറിച്ചു വച്ചതു പോലെ, ഇന്ത്യയിലെ ഡെയറി വ്യവസായത്തെ രാജ്യത്തെ ഏറ്റവും വലിയ ഗ്രാമീണ തൊഴിൽദാന പദ്ധതിയാക്കി മാറ്റാൻ കഴിഞ്ഞതിനൊപ്പം, സമൂഹത്തിന്റെ എറ്റവും അടിത്തട്ടിൽവരെ ജനാധിപത്യവ്യവസ്ഥയെത്തിക്കുന്ന ശക്തമായ ഉപാധിയായിത്തീരാൻ അദ്ദേഹം സൃഷ്ടിച്ച സഹകരണ സംഘങ്ങൾക്ക് കഴിഞ്ഞു. അതുപോലെ തന്നെ സ്ത്രീ ശക്തികരണത്തിനുതകുന്ന സാമൂഹിക പരിവർത്തനവും ക്ഷീരവിപ്ലവത്തിന്റെ അനന്തരഫലമായി പരിണമിച്ചു. വർഗീസ് കുര്യനെപ്പോലെ  ഉദാത്തമായ ദർശനവും അർപ്പണബോധവും രാജ്യസ്നേഹവുമുള്ള ഒരായിരം ഡോക്ടർ കുര്യൻമാരുണ്ടായിരുന്നെങ്കിൽ ഇന്ന് നമ്മുടെ രാജ്യം ഏതു നിലയിലെത്തുമായിരുന്നു എന്നു സകൽപ്പിക്കാനേ നമുക്കു കഴിയൂ എന്നും രത്തൻ ടാറ്റ പറഞ്ഞുവച്ചിരിക്കുന്നു.

ജീവിതദർശനത്തിന്റെ സൗരഭ്യം: കൊച്ചുമകനുള്ള കത്ത്

വർഗീസ് കുര്യന്റെ ആത്മകഥയിലെ മുഖ്യഭാഗങ്ങൾ ഇന്ത്യയിലെ ക്ഷീരവിപ്ലവത്തിന്റെ  നാൾവഴികളിലൂടെയാണ് കടന്നു പോകുന്നതെങ്കിലും അവയുടെ ഇടവേളകളിൽ കടന്നുവരുന്നത് കുര്യന്റെ സമാനതകളില്ലാത്തെ സുവ്യക്തവും സുവിദിതവുമായ ജീവിതദർശനങ്ങളാണ്. ആത്മകഥയുടെ ആമുഖമായി നൽകിയിരിക്കുന്നത് വർഗീസ് കുര്യൻ തന്റെ കൊച്ചുമകനായ സിദ്ധാർഥിനെഴുതിയ ഒരു കത്താണ്. ജവഹർലാൽ നെഹ്റു ഇന്ദിരയ്ക്കയച്ച കത്തുകൾ പോലെ കൊച്ചുമകന് വല്യപ്പച്ഛൻ പൈതൃകമായി പകർന്നു നൽകുന്ന ലോക, ജീവിത ദർശനങ്ങളുടെ ലളിതവും വാൽസല്യം തുളുമ്പുന്നതുമായ  വാക്കുകളാണ് ഈ എഴുത്തിലുള്ളത്. 

നമ്മുടെ രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ചതിനു തൊട്ടുപിന്നാലെയുള്ള കാലത്ത് ഒദ്യോഗിക ജീവിതമാരംഭിച്ച തന്നെപ്പോലെയുള്ളവർ അക്കാലത്ത് ഏറ്റവും മഹത്തായ പ്രവൃത്തിയായി കരുതിയിരുന്നത് സ്വപ്നങ്ങളിലെ ഇന്ത്യയെ പണിതുയർത്തുന്നതിലേക്ക് ഏതെങ്കിലും തരത്തിലുള്ള സംഭാവനകൾ നൽകുന്നതായിരുന്നു. രാഷ്ട്രീയ സ്വാതന്ത്ര്യത്തിനൊപ്പം വിശപ്പിൽനിന്നും ദാരിദ്ര്യത്തിൽ നിന്നും മോചിതമായ ഇന്ത്യയെന്ന സ്വപ്നമായിരുന്നു തങ്ങളുടേത്. ഏതെങ്കിലുമൊരു ജീവിതരീതി തിരഞ്ഞെടുക്കുകയെന്നാൽ മറ്റെല്ലാ താൽപര്യങ്ങളും മാറ്റിവയ്ക്കുകയാണെന്നാണ് തങ്ങൾ എളിമയോടെ മനസിലാക്കിയിരുന്നത്. ജീവിതത്തിൽ കാത്തിരുന്നിരുന്ന വലിയ അവസരങ്ങൾ ഉപേക്ഷിച്ചുകൊണ്ട് ഗുജറാത്തിലെ ആനന്ദിൽ ജോലി ചെയ്യുന്നതിലൂടെ രാജ്യത്തിനും ജനങ്ങൾക്കും കൂടുതൽ അർഥപൂർണമായ സംഭാവന നൽകാൻ കഴിയുമെന്ന് ഉള്ളിന്റെയുള്ളിൽ തനിക്കു തോന്നിയതായി കുര്യൻ കൊച്ചുമകനെ ഓർമിപ്പിക്കുന്നു. 

ലഭിച്ച ചുമതലകൾ സമചിത്തതയോടെ നിർവഹിക്കാനുള്ള സംസ്ഥിരമായ കരുത്ത് തനിക്കു നൽകിയത് ഭാര്യയുടെ അതായത് സിദ്ധാർത്തിന്റെ മുത്തശ്ശിയുടെ പിന്തുണയായിരുന്നുവെന്ന് കുര്യൻ എഴുതുന്നു. ആനന്ദ് എന്ന് പിന്നോക്ക ഗ്രാമത്തിലെ പരിമിത സാഹചര്യങ്ങൾക്കൊണ്ട് തൃപ്തിപ്പെടാൻ അവർ സന്തോഷത്തോടെ തയാറെടുത്തിരുന്നു. രാജ്യത്തിനു താൻ നൽകിയ സംഭാവനകൾ കൂട്ടായ്മയുടെ ഫലമായിരുന്നുവെന്ന് കുര്യൻ സ്മരിക്കുന്നു. ചില സുപ്രധാന മൂല്യങ്ങളോട് പുലർത്തിയ നിരന്തരമായ കൂറാണ് വിജയങ്ങൾക്ക് അടിത്തറയായത്. സത്യസന്ധത, പ്രത്യേകിച്ച് തന്നോടുതന്നെയുള്ള സത്യസന്ധതയാണ് ഈ മൂല്യങ്ങളിലേറ്റവും വിലപ്പെട്ടതെന്നും കുര്യൻ കൊച്ചുമകനെ ഓർമിപ്പിക്കുന്നു. ജീവിതമെന്നത് ഒരു സൗഭാഗ്യമാണെന്നും അതു പാഴാക്കുന്നത് വലിയൊരപരാധമാണെന്നുമുള്ള ഓർമ്മപ്പെടുത്തലാണ് കുര്യൻ പിൻതലമുറയ്ക്കു പകർന്നു നൽകുന്നത്.

ഉത്തരവാദിത്വങ്ങൾ ഏറ്റെടുത്ത് പൊതുനന്മയ്ക്കായി പ്രവർത്തിക്കയെന്നതാണ് ജീവിതമെന്ന സൗഭാഗ്യമനുഭവിക്കുമ്പോൾ നന്മുടെ മുൻപിലുള്ള കടമ. പരാജയമെന്നാൽ വിജയിക്കാതിരിക്കലല്ലെന്ന് താൻ കണ്ടെത്തിയതുപോലെ തന്റെ കൊച്ചുമകനും  ഒരിക്കൽ തിരിച്ചറിയുമെന്ന് കത്തിൽ കുര്യൻ കുറിക്കുന്നുണ്ട്. പരാജയമെന്നാൽ പൊതുനന്മയ്ക്കായി നിങ്ങളുടെ കഴിവിന്റെ പരമാവധി പ്രവർത്തിക്കാതിരിക്കുകയും നിങ്ങളുടേതായ സംഭാവന നൽകാതിരിക്കുകയുമാണെന്നു കുര്യൻ തന്റെ കൊച്ചുമകനെ ഓർമ്മപ്പെടുത്തുമ്പോൾ അതെത്തുന്നുന്നത് നമ്മുടെ ഹൃദയങ്ങളിലേക്കു കൂടിയാണ്. 

നമുക്കുള്ളതിനേക്കുറിച്ച്  തല പുണ്ണാക്കുന്നതിനു പകരം നമുക്കള്ളതിനെ ഉൾക്കൊണ്ട് സ്നേഹിക്കാനുള്ള ഉപദേശമാണ് കുര്യൻ നൽകുന്നത്. 2005ൽ തന്റെ കൊച്ചുമകന് എഴുതിയതായി ആത്മകഥയുടെ ആമുഖത്തിൽ ചേർക്കപ്പെട്ടിരിക്കുന്ന ഈ കത്ത് ഇങ്ങനെയാണ് ഉപസംഹരിക്കപ്പെടുന്നത്.

‘നമുക്ക് സ്നേഹിക്കാനുള്ള ധീരതയുണ്ടെങ്കിൽ, മറ്റുള്ളവരുടെ സന്തോഷത്തിൽ പങ്കുചേരാനുള്ള കരുത്തുണ്ടെങ്കിൽ, എല്ലാവർക്കുമാവശ്യമുള്ളതെല്ലാം നമുക്കു ചുറ്റിലുമുണ്ടെന്ന വിവേകമുണ്ടെങ്കിൽ നമ്മുടേത് പൂർണ് ജീവിതമാണ്.’ കൊച്ചുമകനായി എഴുതിയതാണെങ്കിലും വർഗീസ് കുര്യന്റെ ജീവിത ദർശനം പ്രതിഫലിപ്പിക്കുന്നതാണ് കത്തിലെ ഓരോ വാക്കുകളും. കാലദേശഭേദമന്യേ രാജ്യ വികസനത്തിന്റെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവർക്കുള്ള വിലയേറിയ സന്ദേശവുമാണിത്.

കവിതകൾ: തുടക്കത്തിലും ഒടുക്കത്തിലും

ലോകത്തിനു മുൻപിൽ മാതൃകയായ മഹത്തായ കർഷക സഹകരണ പ്രസ്ഥാനത്തിനു വിജയകരമായ രൂപം  നൽകി, കർഷകജീവിതങ്ങൾക്ക് താങ്ങും തണലും നൽകിയ കുര്യന്റെ ആത്മകഥയുടെ തുടക്കത്തിലും ഒടുവിലുയുമായി ഉദ്ദരിച്ചിരിക്കുന്ന ഇംഗ്ലീഷ് കവി ആൽഫ്രഡ് ടെന്നിസന്റെ കവിതാ ശകലങ്ങൾ വർഗീസ് കുര്യന്റെ ജീവിതവും പ്രവർത്തനങ്ങളും എത്രമാത്രം  ഉന്നത ആദർശങ്ങളാലും ജീവിത ദർശനങ്ങളാലുമാണ് നയിക്കപ്പെട്ടിരുന്നത് എന്നതിന്റെ ഉത്തമ നിതാന്തങ്ങളാണ്.

ആത്മകഥയുടെ തുടക്കത്തിലെ കവിതാ ശകലം ഇങ്ങനെയാണ്.

‘Death closes all: but something ere the end,

Some work of noble note,may yet be done

....Come  my friends,

Tis not too late to seek a newer world.’

( മൃത്യുവെല്ലാമടയ്ക്കുന്നതിൻ മുൻപ്

നിശ്ചയം, പ്രിയ തോഴരേ ചെയ്ക നാം

അത്രയുൽകൃഷ്ടമാം വേല, പോരിക,

ഇപ്പോഴും വൈകിയിട്ടില്ല നൂതന 

വിശ്വമൊന്നു തിരഞ്ഞു പോയീടുവാൻ)

മരണശേഷം പ്രത്യേകമായ സ്ഥലമോ ചടങ്ങുകളോ തനിക്കാവശ്യമില്ലെന്നും തന്റെ മൃതശരീരം ആനന്ദിൽ തന്നെ സംസ്ക്കരിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് അവസാനിപ്പിക്കുന്ന ആത്മകഥയുടെ അവസാന ഭാഗത്തെ കവിതാശകലം ഇങ്ങനെയാണ്.

Sunset and evening star

And one clear call for me

And may there be no moaning at the bar

When I put out to sea

(സൂര്യാസ്തമയവും സായാഹ്നതാരവും

സുവ്യക്തമാണെനിക്കുള്ള നിമന്ത്രണം

ഇന്നു ഞാനാഴിയാത്രയ്ക്കായിറങ്ങവേ

പിന്നിലുയരയരാതിരിക്കട്ടെ രോദനം)

‘അതേ ഇന്ത്യയിലെ കർഷകർ വിജയിക്കുന്നതുവരെ’ എന്നതാണ് ആത്മകഥയിലെ അവസാനവാചകം.

(അവലംബം: വർഗീസ് കുര്യന്റെ മുകളിൽ പരാമർശിച്ചിട്ടുള്ള  ഇംഗ്ലീഷ്, മലയാളം ഭാഷയിലെ ആത്മകഥ)

english summary: Remembering Dr. Verghese Kurien on his death anniversary

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA